ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


49. കായത്തിലുള്ള പരാശക്തിയെ
കാലാത്തെ കണ്ടു കണ്ടാനന്ദിപ്പോൻ
നായരായാലെന്തു, തീയ്യനായാലെന്തു,
മായമല്ലെൻ ഗുരു യോഗപ്പെണ്ണെ!- ഒര-
മേയനാണദ്ദേഹം ജ്ഞാനപ്പെണ്ണെ!

50. ആട്ടാതെ ലോകത്തെയന്തികത്തിൽ
കൂട്ടിയണച്ചുപദേശിക്കുന്നോൻ
ഒരു വിപ്രനായാലും ചണ്ഡാളനായാലും
ഗുരുവാണെനിക്കവൻ യോഗപ്പെണ്ണെ!- ലോക
ഗുരുവായതുമവൻ ജ്ഞാനപ്പെണ്ണെ!

51. ഹീനരെന്നോതി സമസൃഷ്ടിയിൽ
മാനസഖേദമുളവാക്കാത്തോൻ
ഒരു വിപ്രനായാലും ചണ്ഡാളനായാലും
ഗുരുവാണെനിക്കവൻ യോഗപ്പെണ്ണെ!- ലോക
ഗുരുവായതുമവൻ ജ്ഞാനപ്പെണ്ണെ!

52. ഇപ്പറഞ്ഞുള്ള പെരുമ്പറയൻ
മുപ്പുരവൈരിയാണെന്നറിഞ്ഞു
തല്പദം വന്ദിച്ചു ശങ്കരാചാര്യരും-
മാപ്പപേക്ഷിച്ചല്ലൊ യോഗപ്പെണ്ണെ!- ലോക
മൂപ്പരോടന്നേരം ജ്ഞാനപ്പെണ്ണെ!

53. തണ്ടലർസായകവൈരിയുമായ്
കണ്ടതുനാൾമുതൽസ്വാമിപാദം
തീണ്ടലജ്ഞാനമെന്നോതീട്ടുമാളുകൾ
ഉണ്ടൊനിറുത്തുന്നു യോഗപ്പെണ്ണെ!- എന്തു
കുണ്ടാമണ്ടിയിതു ജ്ഞാനപ്പെണ്ണെ!

54. മല്ലായുധാരിക്കുമാചാര്യർക്കും
സല്ലാപമുണ്ടായ വാസ്തവത്തെ
എല്ലരും കാണുവാനാചാര്യ സ്വാമികൾ
ചൊല്ലിയതാണിതു യോഗപ്പെണ്ണെ!- എന്റെ
ചൊല്ലാണെന്നോർക്കല്ലെ ജ്ഞാനപ്പെണ്ണെ!

"https://ml.wikisource.org/w/index.php?title=താൾ:Jathikkummi.pdf/11&oldid=161443" എന്ന താളിൽനിന്ന് ശേഖരിച്ചത്