ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


109. കുറത്തിയെ വേട്ടില്ലേ സുബ്രഹ്മണ്യൻ
കുറവെന്താണതുകൊണ്ടു ചൊല്ലീടുവിൻ,
നിറഞ്ഞ പരാശക്തി തന്നംശഭൂതങ്ങൾ
കുറവനും വിപ്രനും യോഗപ്പെണ്ണേ !- ആർക്കും
കുറവില്ലെന്നറിയേണം ജ്ഞാനപ്പെണ്ണേ!

110. ഒട്ടു പേരുണ്ടല്ലോ പഞ്ചഭൂത-
ക്കെട്ടിടമൊക്കെയശുദ്ധമാക്കാൻ;
തൊട്ടുകൂടാ മഹാ പാപികളാണവർ
ആട്ടിയകറ്റുക യോഗപ്പെണ്ണേ !- ഗുണം
കിട്ടുമെന്നാലുടൻ ജ്ഞാനപ്പെണ്ണേ!

111. കാമപ്പറയൻ കരിമ്പറയൻ
ക്ഷേമത്തരുവിന്നിടിവാളും,
ആ മഹാ പാപിയെയോടിച്ചകറ്റുന്നോ-
രീമഹീവാനവർ യോഗപ്പെണ്ണേ !- പിന്നെ
ആമയമില്ലല്ലോ ജ്ഞാനപ്പെണ്ണേ!

112. ക്രോധപ്പറയൻ കൊടുമ്പറയൻ
ബോധവിളക്കിൻ കൊടുങ്കാറ്റ്
മേധാവികളാ ശ്വപചനെ വേഗത്തിൽ
രോധിച്ചു നിർത്തണം യോഗപ്പെണ്ണേ !- എന്നാൽ
ബാധകമില്ലല്ലോ ജ്ഞാനപ്പെണ്ണേ!

113. ഓടിക്ക ലോഭപ്പറയനേയും
ചാടിക്കതോടും തുറകളിലും
തേടിക്കൊൾകീശ്വര പാദങ്ങളെപ്പോഴും
കൂടിക്കൊൾകാനന്ദം യോഗപ്പെണ്ണേ -മന്ദം
വാടിക്കുഴങ്ങേണ്ട ജ്ഞാനപ്പെണ്ണേ!

114. മോഹപ്പുലയനെ കണ്ണിൽ കണ്ടാൽ
ഹാഹാരവം പൊടി പാറ്റിക്കൊൾക
മോഹം മുഴുത്തു സമസൃഷ്ടിയെത്തെല്ലും
ദ്രോഹിച്ചു പോകല്ലെ യോഗപ്പെണ്ണേ !- എല്ലാ
ദേഹങ്ങളും ശരി ജ്ഞാനപ്പെണ്ണേ!

"https://ml.wikisource.org/w/index.php?title=താൾ:Jathikkummi.pdf/21&oldid=161454" എന്ന താളിൽനിന്ന് ശേഖരിച്ചത്