കുന്തീദേവി ഒരേൎപ്പാടു ചെയ്തു - ആകെ ഭിക്ഷ കിട്ടുന്നതിൽ നേർ പകുതി ഭീമസേനനു കൊടുക്കും; മറ്റേപ്പകുതി അഞ്ചു പങ്കാക്കി അമ്മയും നാലു മക്കളും എടുക്കും. അവർക്കതു മതിയാകും. ഭീമനു ആ പകുതി മതിയാവുകയുമില്ല. അങ്ങനെ കഴിഞ്ഞു, കുറച്ചു ദിവസം.
ആ രാജ്യം ഭരിച്ചിരുന്നതു് ബകനെന്ന
രാക്ഷസനാണ്. ആ രാജാവിനെക്കൊണ്ട് നാട്ടുകാൎക്കു് വേറെ വലിയ ബുദ്ധിമുട്ടൊന്നുമില്ലായിരുന്നു. നികുതി കൊടുക്കേണ്ട ; സേവിക്കാൻ
പോകേണ്ട; അവനവന്റെ പാടുനോക്കി നടക്കാം.
ഒന്നുമാത്രമേ വേണ്ടു : ആ രാജ്യത്ത് ആയിരത്തിലേറെ കുടുംബങ്ങളുള്ളതിൽ ഓരോ കുടുംബക്കാർ
ഓരോ ദിവസം രാജാവിനു് ഒരൂണു കൊടുക്കണം.
ഊണിന്റെ വട്ടം കേൾക്കണോ ? ഒരു വണ്ടി
നിറയെ ചോറും കറികളും, ആ വണ്ടി വലിക്കുന്ന രണ്ടു പോത്തും, ആ വണ്ടി തെളിച്ചുകൊണ്ടു
ചെല്ലുന്ന ഒരാളും! മനുഷ്യന്റെ പച്ചയിറച്ചിയില്ലാത്ത ഊണ് ബകന് ഇഷ്ടമല്ല. അതു
കൊണ്ടു വല്ല കുടുംബക്കാരും ആളെ അയച്ചു
കൊടുത്തില്ലെങ്കിൽ അവരെ മുഴുവൻ ആ രാജാവു്
അന്നു തിന്നുകളയും.
പിറേറ ദിവസം ബകന്നു ചോറുകൊടുക്കണ്ടതു്, പാണ്ഡവന്മാർ ചെന്നു താമസിക്കുന്ന ആ
ബ്രാഹ്മണകുടുംബമാണ്. അവിടെ ഒരച്ഛനും
അമ്മയും മുതിൎന്ന ഒരു മകളും ഒരു കൊച്ചുമകനും
മാത്രമേ ഉള്ളൂ.
ഇവരിൽ ആരുപോകണം ?