ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
പൂർവ്വപീഠിക


ല്ലയോ മഹാജനങ്ങളെ! എന്റെ ഈ ഉപക്രമം ക്രിസ്തുമതത്തിന്റെ തത്വത്തെ ഏഴകളായിരിക്കുന്ന ജനങ്ങളുടെ ഹൃദയത്തിൽ ധരിപ്പിക്കുന്നതിനാകുന്നു. ക്രിസ്തുമതസ്ഥന്മാരായ പാതിരിമാർ മുതലായ ഓരോരോ കുക്ഷിംഭരികൾ നമ്മുടെ ഹിന്ദുമതത്തേയും ഈശ്വരനേയും ശ്രുതി, സ്മൃതി മുതലായ ആപ്തവാക്യങ്ങളേയും ന്യായം കൂടാതെ ദു‌ഷിച്ചും അജ്ഞാനകുഠാരം, ത്രിമൂർത്തിലക്ഷണം, കുരുട്ടുവഴി, മറുജന്മം, സൽഗുരുലാഭം, സത്യജ്ഞാനോദയം, സമയപരീക്ഷ, ശാസ്ത്രം, 'പുല്ലേലി കുംചു' മുതലായ ദൂ‌ഷണപുസ്തകങ്ങളെ അച്ചടിപ്പിച്ച് പ്രസിദ്ധംചെയ്തുകൊണ്ട് സാധുക്കളും അജ്ഞന്മാരുമായ പുലയർ ചാന്നാർ പറയർ മുതലായ ഹിന്ദുക്കളുടെ മനസ്സിനെ തൊപ്പി, കുപ്പായം മുതലായതുകളെ കൊടുത്തു മയക്കി ഭേദിപ്പിച്ച് സ്വമതമാർഗ്ഗത്തിൽ ഏർപ്പെടുത്തി നരകത്തിനുപാത്രീഭവിപ്പിക്കുന്നതിനെ നാം കണ്ടും കേട്ടുമിരുന്നുകൊണ്ട് ഈ മഹാപാതകത്തിനെ തടയാൻ യാതൊരു കഴിവും സമ്പാദിക്കാതെ അടങ്ങിയിരുന്നത് അല്പവും ഉചിതമല്ലെന്ന് മാത്രമല്ല, ഈ ഉദാസീനതയിൽവെച്ച് ഹിന്ദുക്കളിൽ ഇതുവരെ അഞ്ചിലൊരു ഭാഗത്തോളം ജനങ്ങൾ ഈ അപകടത്തിലകപെട്ടുപോകുന്നതിനും, മേലും ഈ കഷ്ടത പ്രചാരപ്പെടുത്തുന്നതിനും അതുനിമിത്തം നമുക്കും നമ്മുടെ സന്തതികൾക്കും ഐഹികാമുത്രികങ്ങളായ അനേകഫലങ്ങൾക്ക് തടസ്ഥം സംഭവിക്കുന്നതിനും സംഗതിയായി തീർന്നിരിക്കുന്നു. ഈ സ്ഥിതിക്ക് നമ്മുടെ ഹിന്ദുക്കളിലുള്ള പണ്ഡിതന്മാർ എല്ലാപേരും സ്വകാര്യത്തിൽത്തന്നെ വ്യഗ്രിച്ച് കാലക്ഷേപം ചെയ്യാതെ അനിർവ്വാച്യമഹിമയുടെയും അത്യന്തപുണ്യത്തിന്റേയും ശൃംഗാടകമായിരിക്കുന്ന ഈ പരോപകാരത്തിൽക്കൂടി സ്വല്പം ദൃഷ്ടിവച്ചിരുന്നുവെങ്കിൽ ഈ ജനോപദ്രവം എത്രയോ എളുപ്പത്തിൽ ദൂരീഭവിക്കുന്നതിനും അതുനിമിത്തം അനേകജീവന്മാർ ഈലോകപരലോകങ്ങളിൽ സുഖിക്കുന്നതിനും സംഗതിയാകുമെന്നുള്ളത് ഞാൻ പറയണമെന്നില്ലല്ലൊ. ഭോ! ഭോ! മഹാന്മാരെ, ഇതിനേക്കാൾ മഹത്തരമായി വേറെ യാതൊരുപുണ്യവുമില്ലെന്നാണ് എന്റെ ഉത്തമവിശ്വാസം. എന്തെന്നാൽ വ്രതം, ദാനം, ജപം, യജനം, അദ്ധ്യയനം മുതലായ പുണ്യങ്ങൾ താന്താങ്ങളുടെ സുഖത്തിനുമാത്രമെന്നല്ലാതെ അന്യന്മാർക്ക് അത്രതന്നെ ഫലപ്രദമാണെന്ന് വിചാരിക്കുന്നുണ്ടോ? "അങ്ങനെയല്ലാ" ഈ പുണ്യം തനിക്കും തന്റെസന്താ

"https://ml.wikisource.org/w/index.php?title=താൾ:Kristumata_Nirupanam.djvu/2&oldid=162541" എന്ന താളിൽനിന്ന് ശേഖരിച്ചത്