ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
49


‍ചെല്ലുന്തോറും ആ അന്യഭാഷയിലെ ‌ശബ്ദരൂപങ്ങളെ കുറേശ്ശകുറേശ്ശയായി സ്വീകരിക്കയും സ്വന്തം ശബ്ദരൂപങ്ങളെ അതിന്നനു‍സരിച്ച് ഉപേക്ഷിക്കയും ചെയ്തുകൊണ്ടാണ് ‌ജനങ്ങളുടെ വ്യവഹാരം നിൎവ്വഹിച്ചു പോരുന്നത്. അങ്ങനെ അടുപ്പം അധികമാകുന്തോറും ആ അന്യഭാഷയുടെ അംശങ്ങൾ അധികമായും സ്വന്തം അംശങ്ങൾ ചുരുങ്ങിയും വരുന്ന വിധത്തിൽ കലൎന്നു ഒടുവിൽ ലയിക്കയും പിന്നെ ആ അന്യഭാഷമാത്രമായിത്തീരുകയും ചെയ്യുന്നു. മലയാളത്തിന്റെ തെക്കെ അറ്റത്ത് ചെന്തമിൾ രാജ്യത്തോടടുത്ത പ്രദേശങ്ങളിലുളള ഭാ‍ഷയിൽ ചെന്തമിൾ ശബ്ദങ്ങളും വടക്കേ അറ്റത്തു തുളുനാട്ടിനോടടുത്ത പ്രദേശത്തെ ഭാഷയിൽ ആ തുളുഭാ‍ഷയിലെ ശബ്ദങ്ങളും ധാരാളം കലൎന്നിരിക്കുന്നത് അനുഭവസിദ്ധമാണല്ലൊ. അപ്രകാരം രണ്ടു ഭാഷകളും കലൎന്ന പ്രദേശത്തെ ജനങ്ങൾക്കു പ്രായേണ രണ്ടുഭാഷയും അറിയാവുന്നതുമായിരിക്കും. അതു തന്നെയാണ് മധ്യമലയാളത്തിലെ ഒരു നാടന് ചെന്തമിൾ ഭാഷയിൽ പറയുമ്പോൾ തീരെ മനസ്സിലാകാതിരിക്കുന്നതിനും തെക്കേ അറ്റത്തുളള ഒരു മലയാളിക്ക് അത് മനസ്സിലാകുന്നതിനും കാരണം. ഈ വിധത്തിൽ ദേശഭേദം വഴിയായി ഒന്നോടൊന്നു കലൎന്നു ചേൎന്നുവന്നുകൂടുന്ന ഭാ‍‍ഷാഭേദത്തിൽ ഒരു ഭാഷയുടെ അംശങ്ങൾ അധികമായും മറ്റതിന്റെ അംശങ്ങൾ ചുരുങ്ങിയും ഇരിക്കുന്ന പ്രദേശത്തുണ്ടായ കവിതകളും പ്രായേണ അതിന്നനുസരിച്ചേ ഇരിക്കുവാൻ തരമുളളൂ. മുമ്പു വിവരിച്ചിട്ടുളളപ്രകാരം ഓരോഭാഷയുടേയും ബലവും വ്യാപ്തിയും വൎദ്ധിപ്പാനുണ്ടാകുന്ന കാരണങ്ങളുടെ താരതമ്യവും

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/52&oldid=205714" എന്ന താളിൽനിന്ന് ശേഖരിച്ചത്