ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

തമിഴരുടെ പാട്ടും ഹിന്തുസ്ഥാനിപ്പാട്ടും ഇംഗ്ലീഷുപാട്ടും എല്ലാം അവയിലെ വാക്കിന്റെ അർത്ഥമോ വാക്കുപോലുമോ മനസ്സിലാവാതെതന്നെ എളുപ്പത്തിൽ തിരിച്ചറിവാൻ നമുക്കു കഴിയുന്നതുമു​ണ്ട്. അതുകൊണ്ട് മനു‍ഷ്യസമുദായത്തിന്റെ പരിതസ്ഥിതിക്കും ജീവിതക്രമത്തിനുമുള്ള വകഭേദം ആ സമുദായത്തെസ്സംബന്ധിച്ചുള്ള സകലസംഗതികളിലും ചില സ്വഭാവവിശേ‍ഷങ്ങളുണ്ടാക്കുന്നുണ്ടെന്നുള്ളതു നിർവ്വിവാദമാണ്. മലയാളികളുടെ ആവക സ്വഭാവവിശേഷമനുസരിച്ചു മലയാളഭാഷക്കും ചില പ്രത്യേകസ്വഭാവങ്ങളു​ണ്ടായിട്ടുണ്ട്. വളരെ ചുരുങ്ങിയ രീതിയിലും എന്നാൽ നല്ല വൃത്തിയോടുകൂടിയും ജീവിതം കഴിച്ചുകൂട്ടുന്നതാണ് അടുത്തകാലംവരെയും മലയാളികൾക്കു പൊതുവായു​ണ്ടായിരുന്ന സമ്പ്രദായം. ഒരു പുളിശ്ശേരിയും ഉപ്പിലിട്ടതും മെഴുക്കുപുരട്ടിയും വൃത്തിയുള്ള ചോറും മോരും ഉണ്ടായാൽ എത്രവലിയ മലയാളപ്രഭുവിന്റെയും ഭക്ഷണത്തിന്റെ വട്ടം സുഭിക്ഷമായി. നാലരമുഴം നീളവും രണ്ടേമുക്കാൽ വീതിയും ഉളള ഒരു മുണ്ടും ചെറിയ ഒരു തോർത്തും ഉണ്ടായാൽ ഉടുപ്പിന്റെ മോടിയും സമ്പൂർണ്ണമായി. മലയാളസ്ത്രീകളുടെ വസ്ത്രാഭരണങ്ങളും മറ്റുനാ‍‍ട്ടുകാരു‍‍ടേതിനോടു തട്ടിച്ചുനോക്കുമ്പോൾ എത്രയോ വളരെച്ചുരുങ്ങിയതായിട്ടാണിരുന്നിരുന്നത്. ഇങ്ങനെ കഴിയുന്നിടത്തോളം ചുരുക്കി വൃത്തിയായി കാർയ്യം നിർവ്വഹിക്കുക എന്ന സ്വഭാവം മലയാളഭാഷയിലും നല്ലവണ്ണം വ്യാപിച്ചിട്ടുണ്ട്. വാക്കുകൾ, പ്രത്യയങ്ങൾ, സമാസങ്ങൾ മുതലായ ഭാഷാംശങ്ങളിലെല്ലാം എ

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/6&oldid=153854" എന്ന താളിൽനിന്ന് ശേഖരിച്ചത്