ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
73

ശാഖയുടെ ഒരു സ്വതന്ത്രശാഖയാണെന്നും ചെന്തമിഴിന്റെ ഉപശാഖയല്ലെന്നും മുമ്പുതന്നെ തെളിയിച്ചിട്ടുള്ളതിനാൽ ഈ ര​​ണ്ടാമത്തെ അഭിപ്രായം സ്വീകാൎയ്യമല്ലെന്നു വേറെ പറയേണ്ടതില്ലല്ലൊ. കൊല്ലവൎഷാരംഭം മുതൽ കൊല്ലം ഏഴാംശതകം വരെയാണ് മലയാളഭാഷയിൽ ചെന്തമിഴിന്റെകലൎപ്പ് അധികംവന്നിട്ടുള്ളതെന്നും കൊല്ലം ഏഴാം ശതകത്തിന്നുശേഷമാണ് സംസ്കൃതത്തിന്റെ ആക്രമണം അധികമുണ്ടായിട്ടുള്ളതെന്നും പറയുന്ന ആദ്യത്തെ അഭിപ്രായവും സ്വീകാൎയ്യമായിരിക്കുന്നില്ല. എന്തുകൊണ്ടെന്നാൽ, ക്രിസ്തുവൎഷാരംഭത്തിന്നു വളരെക്കാലംമുമ്പു കഴിഞ്ഞിട്ടുള്ള ചെന്തമിൾ പരിഷ്ക്കാരകാലംമുതൽ എകദേശം കൊല്ലവൎഷാരംഭത്തിന്നുമുമ്പ് അഞ്ചാംശതകംവരെയും കേരളത്തിലെയുംവിദ്യാഭ്യാസഭാഷ പ്രധാനമായി ചെന്തമിഴായിരുന്നുവെന്നു മുമ്പുതന്നെ ഇവിടെപ്രസ്താവിച്ചിട്ടുണ്ട്. ഒരു ഭാഷയിൽ ഭാഷാന്തരശബ്ദങ്ങൾ കലരുന്നത് പ്രധാനമായി ആഭാഷാന്തരത്തിൽ വിദ്യാഭ്യാസം പ്രചരിച്ചുംകൊണ്ടിരിക്കുന്ന വഴിക്കാണെന്ന സംഗതി ഇപ്പോഴത്തെ ഇംഗ്ലീഷു വിദ്യാഭ്യാസം മലയാളസംഭാഷണത്തിൽ വരുത്തിക്കൂട്ടിയ വികൃതികൾ നോക്കിയാൽത്തന്നെ നല്ലവണ്ണം തെളിയുന്നതാണല്ലൊ. അതിനാൽ കൊല്ലവൎഷാരംഭത്തിന്ന് എത്രയോ മുമ്പുതന്നെ ചെന്തമിഴിന്റെ കലൎപ്പ് മലയാളഭാഷക്കു സിദ്ധിച്ചിട്ടുണ്ടെന്നുള്ളത് നിൎവിവാദമാണ്. നേരെ മറിച്ച് കേരളത്തിൽ മീമാംസകമതത്തിന്റെ പ്രചാരാധിക്യവും ബുദ്ധമതത്തിന്റെ ക്ഷയവും സംഭവിച്ച വഴിക്ക് വിദ്യാഭ്യാസം പ്രധാനമായി സംസ്കൃതഭാഷയിലായിത്തീൎന്ന ക്രിസ്തു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/76&oldid=210431" എന്ന താളിൽനിന്ന് ശേഖരിച്ചത്