ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ല്ലാമാണ്? ഓരോന്നിന്റെയും സ്വരൂപം ഏതുപ്രകാരമിരിക്കുന്നു? എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്കു ശരിയായ ഉത്തരം പറയാൻ കഴിയാത്തവിധം അവയുടെ സംഖ്യ അത്ര വലുതായിരിക്കുന്നു. എന്നു തന്നെയുമല്ല, പടുതരമതികളായ വിദ്വാന്മാരുടെ നവനവസംരഭംങ്ങൾ കൊണ്ട് ശാസ്ത്രങ്ങളുടെ എണ്ണം പ്രതിദിനം വർദ്ധിച്ചു കൊണ്ടിരിക്കുന്നു. പ്രകൃതി തന്ത്രം, രസതന്ത്രം, വസ്തുസ്വരൂപചരിതം ഗണിതശാസ്ത്രം, ശിൽപശാസ്ത്രം, അർത്ഥശാസ്ത്രം, ഭൂഗോളശാസ്ത്രം, ഭൂതത്വശാസ്ത്രം, വനസ്പതിശാസ്ത്രം, പ്രാണിശാസ്ത്രം, കൃഷിശാസ്ത്രം, ആരോഗ്യശാസ്ത്രം, വൈദ്യശാസ്ത്രം, ഭാഷാശാസ്ത്രം, ന്യായശാസ്ത്രം, മനസ്തത്വശാസ്ത്രം, ധർമ്മതത്വസ്വരൂപം എന്നിവ ഇപ്പോൾ സുപ്രഥിതങ്ങളായി ലബ്ധപ്രധിഷ്ഠങ്ങളായിരിക്കുന്ന ശാസ്ത്രങ്ങളിൽ ചിലതുമാത്രമാകുന്നു. ഈ ശാസ്ത്രങ്ങളെയെല്ലാം ശരിയായി പരിശീലിച്ച് അവയുടെ സ്വരൂപജ്ഞാനം സമ്പാദിക്കുന്നതിനു മനുഷ്യന്റെ ചുരുങ്ങിയ ജീവിതകാലം മതിയാകുന്നില്ല. ആകയാൽ അനന്തപാരംകിലവേദിതവ്യം അല്പശ്ചകാലോബഹവശ്ചവിഘ്നാ: യത്സാരഭൂതംതദചാദദിത ഹംസോയഥാക്ഷീരമിവാംബുമദ്ധ്യാൽ അസാരമല്പസാരംച സാരംസാരതരംത്യജേൽ ഭജേൽസാരതമംശാസ്ത്രം എന്നു പറഞ്ഞിട്ടുള്ളതുപോലെ ഏറ്റവും സാരമായതിനെ മാത്രം ഗ്രഹിക്കുന്നതിനു നാം ശ്രമിക്കേണ്ടതുണ്ട്. ഇവിടെ സാരതമമായ ശാസ്ത്രം ഏതാണെന്നുള്ള വിചാരം ആവശ്യമായിത്തീരുന്നു. യാതൊരു ശാസ്ത്രത്തിന്റെ പരിശീലനം കൊണ്ടു ലൌകീകമായും ആത്മീയമായും പ്രവർത്തിക്കുന്ന മാനുഷശക്തികൾ വേണ്ട വിധം പരിപുഷ്ടങ്ങളായിത്തീരുന്നുവോ ആ ശാസ്ത്രത്തെയാകുന്നു സാരതമമായി ഗണിക്കേണ്ടത്. യാതൊരു ശാസ്ത്രം മനുഷ്യന്റെ ലൌകികമായ ഉൽകർഷത്തിന്നു പരമോപകാരമായിത്തീരുന്നതിന്നു പുറമെ ജഗന്നിർമ്മാണകൌശലാതിശയനായിരിക്കുന്ന പരബ്രത്തിന്റെ സർവ്വജ്ഞത്വം സർവ്വശക്തിത്വം ആദിയായ മാഹാത്മ്യത്തെ കൂടി സുവിശദമായി പ്രകടിപ്പിക്കുന്നുവോ ആ ശാസ്ത്രം തന്നെയാകുന്നു സാരതമമായിട്ടുള്ളത്. ഇങ്ങനെ നോക്കുമ്പോൾ പ്രകൃതി തന്ത്രം എന്ന ഭൌതികശാസ്ത്രത്തിന്ന് ഇതരശാസ്ത്രങ്ങളെ അപേക്ഷിച്ചുള്ള ശ്രേഷ്ഠത്വം സ്പഷ്ടമാകുന്നതാണ്.

ഈ ശാസ്ത്രമാകട്ടെ പ്രകൃതിമണ്ഡലത്തിൽ കാണപ്പെടുന്ന ശക്തിവിശേഷങ്ങളുടെയും പ്രകൃതി വസ്തുനിഷ്ഠങ്ങളായ ധർമ്മങ്ങളുടെയും ആ വക വസ്തുക്കൾക്കുള്ള പരസ്പരസംബന്ധങ്ങളുടെയും വർണ്ണനമാകുന്നു. ആകാശചാരികളായ ഗ്രഹങ്ങളുടെ പരസ്പരാകർഷണനിയമങ്ങൾ, അഗ്നിജലതേജോവായുനിഷ്ഠങ്ങളായ ധർമ്മങ്ങൾ, ദശാഭേദാനുസൃതങ്ങളായ കാർയ്യഭേദങ്ങൾ, ലോകത്തിൽക്കാണപ്പെടുന്ന നാനാവിധ വർണ്ണങ്ങളുടെ സ്വരൂപങ്ങൾ, ശബ്ദവിശേഷണങ്ങളുടെ ലക്ഷണങ്ങൾ, വിദ്യുച്ഛക്തി, അയസ്താന്തശക്തി ആദിയായി ശക്തിഭേദങ്ങളുടെ സ്വഭാവവിശേഷങ്ങ, ആവക ശക്തികളിൽ പ്രവർത്തിച്ചുകാണുന്ന നിയമങ്ങൾ, ഇടി, മിന്നൽ, മഴ, മഞ്ഞു മുതലായവയുടെ ഉൽപാദഹേതുക്കൾ എന്നിങ്ങനെയുള്ള വിവിധ വിഷയങ്ങൾ ഈ ശാസ്ത്രത്തിൽ വർണ്ണിക്കപ്പെടുന്നവയാകുന്നു. ചുരു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_Book-5_1912.pdf/267&oldid=164526" എന്ന താളിൽനിന്ന് ശേഖരിച്ചത്