ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൪൨ മംഗളോദയം പുസ്തകം

ഒരു വാക്യാർത്ഥം മനസ്സിലാവാതെയിരിക്കുന്നതിനെക്കാൾ വളരെ ഭേദം ഒരുശബ്ദത്തിന്റെ മാത്രം അർത്ഥം മനസ്സിലാവായ്കയാണെന്ന് പറയേണ്ടതില്ലല്ലൊ.വാക്യാർത്ഥം മനസ്സിലാവാൻ ക്ലേശിക്കുന്നതിനേക്കാൾ പദാർത്ഥം മനസ്സിലാവാനുള്ള ക്ലേശം ലഘുവായിരിക്കുന്നതാണെന്നു പറയേണ്ടതില്ലല്ലൊ.പിന്നെ,പദ്യരചനയിൽ അനുവദിച്ചിച്ചുള്ളവയാണെങ്കിലും ഗദ്യരചനയിൽ വരുമ്പോൾ യോജിപ്പില്ലാതെയായിത്തീരുന്ന ചില പ്രയോഗങ്ങളുണ്ട്.അവയെ വർജ്ജിക്കേണ്ടതുതന്നെയാകുന്നു.

ഇനി കർമ്മണിപ്രയോഗത്തെപ്പറ്റിയാണ് നിറഞ്ഞോന്നു നിരൂപിക്കാനുള്ളത്.മലയാളഗദ്യമെഴുത്തിൽ ആ പ്രയോഗമിഷ്ടമില്ലാത്ത വിദ്വാന്മാർ അധികമുണ്ട്. എങ്കിലും അതു തീരെ അനാവശ്യമെന്ന് അവരാരും വാദിക്കുമെന്നു തോന്നുന്നില്ല.പണ്ടത്തെ മലയാളഗദ്യങ്ങളിൽ ആ പ്രയോഗം കുറവാണ് എന്നതു വാസ്തവംതന്നെ.ഇപ്പോഴത്തെ ഉത്തമരീതിയിലുള്ള സംഭാഷണത്തിലും കുറവാണ് എന്നതും സമ്മതിക്കുവാനൊരുക്കമാണ്.പക്ഷെ ആ കാരണങ്ങളെക്കൊണ്ട് ഇപ്പോഴത്തെ ഗദ്യരചനാരീതിയിലും അതനാവശ്യമാണെന്നു എന്നാണു സംശയം.ഈ വിഷയത്തെ തുടരുന്നതിന്നുമുമ്പായി ഇവിടെ ഒരു സംഗതി പറവാനുണ്ട്.അതിനെ മനസ്സിരുത്താതെ വിട്ടുകളയുവാൻ പാടില്ല. വളരെ പുഷ്ടിയെ പ്രാപിക്കാത്ത ഒരു ഭാഷയിൽ അതിസൂഷ്മങ്ങളായ ഓരോ അഭിപ്രയങ്ങളെ ഗദ്യമെഴുത്തുകാർ എത്രത്തോളം പ്രകാശിപ്പിക്കുവാനുത്സാഹിക്കുന്നുവോ അത്രത്തോളം ആ ഭാഷയിലുള്ള പദങ്ങളുടെയും വിവിധപ്രയോഗങ്ങളുടെയും ദാരിദ്യത്തെ അവർക്കനുഭവിപ്പാനിടവരുന്നുവെന്നും,തൽപരിഹാരമായി അവർ കഴിയുന്നതും പുതിയതായ ഓരോ പ്രയോഗങ്ങളെ ആ ഭാഷയിൽ നടപ്പാക്കുവാൻ ശ്രമം ചെയ്യുന്നുവെന്നുമുള്ള കാർയ്യത്തിൽ ആർക്കും ഒരു വാദവുമുണ്ടാവാൻ പാടുള്ളതല്ല.എന്തെന്നാൽ അങ്ങിനെയല്ലാതെ ഏതൊരുഭാഷയും പുഷ്ടിയെ പ്രാപിക്കുന്നതല്ല എന്ന് എല്ലാവരും സമ്മതിക്കുന്നതാണ്.മുമ്പില്ലാത്ത അനേകം പുതിയഅഭിപ്രായങ്ങളെ മലയാളഭാഷയിൽ കൊണ്ടുവരുവാൻ ഗദ്യമെഴുത്തുകാർ ഇപ്പോൾ ഉത്സാഹിക്കുന്നുണ്ട് എന്നുള്ളതും പരക്കെ സമ്മതമാകുന്നു.അതിനാൽ മുമ്പു നടപ്പില്ല എന്ന കാരണത്താൽ ഇപ്പോഴത്തെ ഗദ്യമെഴുത്തിൽ കർമ്മണിപ്രയോഗം അനാവശ്യമാണ് എന്ന യുക്തി നിലനില്ക്കുന്നതല്ല.എന്നാൽ അതുകൊണ്ടു ആ പ്രയോഗം മലയാളത്തിൽ വളരെ ഭംഗിയുള്ളതാണെന്നു ഞങ്ങൾ സധിക്കുന്നില്ല.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/54&oldid=165499" എന്ന താളിൽനിന്ന് ശേഖരിച്ചത്