ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഒരു കെട്ടിടത്തിൽ ചെയ്തിട്ടുള്ള മരപ്പണി എന്നു പറയുമ്പോൾ അതിൽ തൂണ്, കട്ട്ള, ജനല്, കതവ്, സാക്ഷ, തുലാം, എടയിടുക്ക്, കഴി,തട്ടുപലക,ഉത്തരം, കഴുക്കോൽ, പട്ടിക, വാമട, തുവാൽപലക,മോന്താഴം എന്നിങ്ങിനെ പല പണിത്തരങ്ങളും ഉൾപ്പെടുന്നതായിട്ടറിയുന്നുണ്ട്. അവയിൽ ഓരോ എനത്തിൽതന്നെ പലതരമുണ്ട്. ഉരുണ്ട തൂണ്, ചതുരതൂണ്, പട്ടത്തൂണ് എന്നിങ്ങനെ തൂണു തന്നെ പലതരം; ജനല് എന്ന ഇനത്തിൽ ഒറ്റക്കതവായിട്ടുള്ളത്, നടുത്തണ്ടുള്ളത്, നടുത്തണ്ടില്ലാത്തത് എന്ന വകഭേദങ്ങൾ; കതവ് ചട്ട കൂട്ടിയത് ഒരുവക; ചട്ട കൂട്ടാത്തത് ഒരു വക. ഒത്തരം എന്ന എനത്തിൽ മണ്ണുത്തരം, ചിറ്റുത്തരം, വാരുത്തരം എന്ന ഭേദങ്ങൾ. കഴുക്കോൽ എന്ന പണിത്തരത്തിൽ നെടിയത്, കോടി, ചേതിര തുടങ്ങിയ ഭേദങ്ങൾ; ഇപ്രകാരം അനേകം ഉൾപ്പിരിവോടുകൂടിയ ഓരോ പണിത്തരത്തിന്റെ ഓരോ ഭാഗങ്ങൾക്കും പ്രത്യേകം പേരുകളുണ്ട്. തൂണിന്റെ അടിയ്ക്ക് ഓമ എന്നും മേൽഭാഗത്തിന്നു പോതിര എന്നും പറയുന്നു. കട്ട്ളയുടേതിനാകട്ടെ ചേറ്റുപടി,കുറുമ്പടി,കട്ടിലക്കാലുകൾ. ഇങ്ങിനെ സകല എനങ്ങളുടേയും അംശങ്ങൾക്കും പ്രത്യേകം പേരുകൾ കാണുന്നതാണ്. അതുപോലെതന്നെ ഒരു കെട്ടിടത്തിന്നകത്തുപയോഗപ്പെടുത്തുന്ന പദാർത്ഥങ്ങളും പലമാതിരിയായിരിക്കുന്നു എന്നു കാണാം. കസേരി തന്നെ ചാരുകസേരി, കയ്യില്ലാത്ത കസേരി, കയ്യുള്ള കസേരി എന്ന പലവിഠമായിരിക്കുന്നു. മേശത്തരത്തിൽ ചതുരന്മേശ, വട്ടമേശ, ചാഞ്ഞമേശ എന്ന വകഭേദങ്ങൾ. പെട്ടത്തരത്തിൽ എഴുത്തുപെട്ടി, ഉടുപ്പുപെട്ടി, അരിപ്പെട്ടി എന്നുള്ള തരഭേദങ്ങൾ. പിന്നെ മരിക എന്ന എനത്തിൽ പാത്തിമരിക, വട്ടമരിക, വാലുമരിക എന്ന വകഭേദങ്ങൾ. അധികം വിസ്തരിച്ചിട്ടു കാര്യമില്ലല്ലോ. മരംകൊണ്ടുള്ള പണിത്തരങ്ങളുടെ മുൻചെയ്തപ്രകാരമുള്ള സാമാന്യവിഭാഗങ്ങളിൽ തന്നെ അനേകം അവാന്തരവിഭാഗങ്ങളും അവയിൽ ഓരോന്നിലും അസംഖ്യം തരഭേദങ്ങളും അവയ്ക്കെല്ലാറ്റിന്നും പ്രത്യേകം പേരുകളും ഉണ്ട് എന്നുള്ളത് മേൽ കാണിച്ച ഉദാഹരണങ്ങൾ കൊണ്ടു തന്നെ വ്യക്തമായിരിക്കുന്നു. ആ വക ശബ്ദങ്ങളിൽ അധികഭാഗവും ആശാരിമാരുടെ ഇടയിൽ മാത്രമേ നടപ്പുള്ളതായി കാണുന്നുള്ളൂ. ഇങ്ങിനെ മലയാളികളുടെ ഇടയിൽ ഇപ്പോൾ ചെയ്തുവരുന്ന പലപ്രകാരത്തിലുമുള്ള തൊഴിലുകളിൽ ഓരോന്നിനേയും സംബന്ധിച്ചു അതാതു തൊഴിലുകാർ ഉപയോഗിച്ചുവരുന്ന ശബ്ദസമൂഹങ്ങളെപ്പറ്റി വിചാരിച്ചുനോക്കുന്നതായാൽ അവയുടെ ആസകലമുള്ള ഒരു കണക്കെടുക്കുവാൻ തീരെ അസാദ്ധ്യമെന്ന നിലയിൽ അപാരമായിട്ടാണ് അവയുടെ കിടപ്പ് എന്നു നമുക്കനുഭവപ്പെടുന്നതാണ്. കെ..എം

(തുടരും)










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/201&oldid=165606" എന്ന താളിൽനിന്ന് ശേഖരിച്ചത്