ത്തു. അവർ വീടുകെട്ടി പാൎക്കാൻ ആവശ്യമുള്ള തടികളും മുളകളും ദേവസ്വം വനത്തിൽ നിന്നും ഇഷ്ടംപോലെ മുറിച്ചെടുത്തു കൊള്ളുന്നതിനും അണ്ണാവി അനുവദിച്ചു. വീടുകൾ കെട്ടി ഉണ്ടാക്കുന്ന ജോലി ആശാരിമാരുടേയോ, അറപ്പുകാരുടേയോ സഹായമൊന്നും കൂടാതെ അവർ തന്നെ ചെയ്യുന്നതിനും ആവശ്യമുള്ള ആയുധങ്ങൾ വാങ്ങിച്ചുകൊടുത്തു വേണ്ട പരിശീലനവും രാഘവൻതന്നെ അവൎക്കു നൽകി.
രാഘവന്റെ അടുത്തശ്രമം രാമപുരത്തെ പൗരന്മാരുടെ വിദ്യാഭിവൃദ്ധിക്കായിരുന്നു. ഒന്നു രണ്ടു ഗ്രാൻറു പള്ളിക്കൂടങ്ങളും മൂന്നുനാലു കുടിപ്പള്ളിക്കൂടങ്ങളും ആ പ്രദേശത്തു ഉണ്ടായിരുന്നു. എങ്കിലും സ്വഭാഷയിൽ പോലും അക്ഷരാഭ്യാസത്തിനുപരിയായ വിദ്യാഭ്യാസ ത്തിനു അഞ്ചാറു മൈൽ അകലെയുള്ള സൎക്കാർസ്കൂൾ മാത്രമേ ഉണ്ടായിരുന്നു. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനു ഒരു മിഡിൽ സ്കൂൾ പോലും, എത്ര കഷ്ടപ്പെട്ടാലും അന്നന്നു കുട്ടികൾക്കു പോയി പഠിച്ചു വരത്തക്ക വണ്ണം ഉണ്ടായിരുന്നില്ല. സമ്പന്നന്മാരുടെ കുട്ടികൾക്കല്ലാതെ ദൂരദേശങ്ങളിൽ പോയി താമസിച്ചു പഠിക്കുവാൻ സാധിക്കുന്നതല്ലല്ലോ. അതിനാൽ രാമപുരത്തുതന്നെ ഒരു ഇംഗ്ലീഷ് മിഡിൽ സ്കൂളും മലയാളം മിഡിൽ സ്കൂളും ദേവസ്വം ചിലവിൽ സ്ഥാപിച്ചു നടത്തുവാൻ രാഘവൻ തീർച്ചപ്പെടുത്തി. അതിന്നായി ക്ഷേത്രത്തിൽ നിന്നും അല്പം അകലെ രണ്ടു പാഠശാലകൾക്കുമായി രണ്ടു വലിയ കെട്ടിടങ്ങൾ നിർമ്മിക്കുകയും അവയ്ക്കു വേണ്ട വിദ്യാഭ്യാസോപകരണങ്ങൾ ശേഖരിക്കുകയും ചെയ്തു.
ഈ സ്കൂളുകളുടെ ഉൽഘാടനകൎമ്മം അത്യാഡംബരപൂൎവം തന്നെ നടന്നു. മന്ത്രിതന്നെയാണു ഉൽഘാടന