ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സ.പി - വല്ല നിധിയും ഇവിടെ ഉള്ളതായിട്ടു കേൾവിയുണ്ടൊ? മ.രാ - കേട്ടിട്ടില്ല. പക്ഷെ ഇല്ലെന്നു വിചാരിക്കാനും പാടില്ല. സ.പി - ആ തകിടും കൂടും അങ്ങിനെ വല്ല അറിവും കൊടുക്കുന്നതായിരിക്കാമെന്ന് എനിക്കു തോന്നുന്നു. എന്താ അങ്ങടെ അഭിപ്രായം? മ.രാ - ഇങ്ങിനെയുള്ള കാർയ്യത്തിൽ എന്നെപ്പോലെ ഉള്ളവരുടെ അഭിപ്രായം കാശിനു വിലയില്ല. നിങ്ങളുടെ ഊഹങ്ങൾ പിഴച്ചു കണ്ടിട്ടുമില്ല. സ.പി - അഭിപ്രായത്തിന്നു വിലയുണ്ടൊ ഇല്ലയൊ എന്നു മറ്റുള്ളവരല്ലെ തീർച്ചയാക്കേണ്ട്? അതിനെപ്പറ്റി നിങ്ങൾ വല്ലതും ആലോചിച്ചിട്ടുണ്ടെങ്കിൽ അതെന്തെന്നറിവാൻ ആഗ്രഹമുണ്ട്. മ.ര – തകിടും കൂടും എന്തിന്നുള്ളതായിരിക്കുമെന്നു ഞാൻ ആലോചിച്ചില്ല. നിങ്ങൾ പറഞ്ഞേടംകൊണ്ടു നിങ്ങടെ ഊഹം ശരിയായിരിക്കുമെന്നു തോന്നുന്നു. സ.പി - ഇവിടെ ചിലവു കഴിച്ചു കൊല്ലത്തിൽ എന്താദായമുണ്ടെന്നറിയാമോ? മ.രാ - നിശ്ചയമില്ല. സ.പി - സുമാറായിട്ടറിഞ്ഞാൽ മതി. മ.രാ - കണക്കു നോക്കിയാൽ തിട്ടമായിട്ടുതന്നെ അറിയാമല്ലോ. സ.പി - കണക്കു ആരുടെ കൈവശത്തിലാണെന്നറിയാമോ? മ.രാ - താക്കോലുകളെല്ലാം ജഗന്മോഹിനി അമ്മാൾ കൊണ്ടു പോയിരിക്കുന്നു. ഈ സംഭാഷണത്തിനു ശേഷം രണ്ടു പേരും മിണ്ടാതെ കിടന്നു. നേരംപുലർന്നപ്പോൾ രണ്ടാളും താഴത്തിറങ്ങി. ജഗന്മോഹിനി അമ്മാളെ വിട്ടയക്കാൻ ഒരാളെ സ്റ്റേഷനിലേക്കയച്ചു. അതിന്നു ശേഷം രണ്ടാളും കൂടി തേക്കിൻകാട്ടിലേക്കുചെന്ന് തലേ ദിവസം അടയാളംവെച്ച ദിക്കിൽനിന്നും കാലടികളെ പിന്തുടർന്നു തുടങ്ങി. പത്തുപതിനഞ്ചടി തെക്കോട്ടുപോയപ്പോൾ അവിടെ വെച്ച്, പിരിഞ്ഞ പോലെ ഒരുത്തന്റെ കാലടികൾ കിഴക്കോട്ടു പോയതായി കണ്ടു.

സ.പി - ഞാൻ എടുത്തു കയ്യന്റെ പിന്നാലെ പോയിട്ടു വരട്ടെ. അങ്ങ് വലത്തു കയ്യനെ കാത്തുനില്ക്കും.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/124&oldid=168880" എന്ന താളിൽനിന്ന് ശേഖരിച്ചത്