ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഇവ ഓരോന്നിൽ വിവരിച്ചിരിക്കുന്ന സംഗതികളെ ചുരുക്കി പറയാം.

സാല്യം എന്ന വാക്കിൻറ അർഥംകൊണ്ടുതെന്ന ആയുധപ്രയോഗമാണ് ഇതിൽ വിവരിക്കുന്നത് എന്ന് അറിയാം. ശസ്ത്രക്രിയയെ പറ്റിയാണ് ഇതിൽപറയുന്നത്. മനുഷ്യശരീരത്തിൽ സംഗതിവശാൽ ഏറ്റതോ ഏല്പിക്കപ്പെട്ടതോ ആയ പുല്ല്, കല്ല്, മരം, ലോഹം, അസ്തി മുതലായ ബാഹ്യവസ്തുക്കളെ വലിച്ചെടുപ്പാനുള്ള വഴികളും അതുനിമിത്തം ഉണ്ടാവുന്ന എരിച്ചിൽ മുതലായ ഉപദ്രവങ്ങളുടെ ചികിത്സയും ഗർഭത്തിൽ തന്നെ ഇരുന്നു ചത്തു പോകുന്ന കുട്ടികളെ പുറത്തെടുപ്പാനുമള്ള മാർഗ്ഗങ്ങളും കുരു മുതലായവ കീറേണ്ടും ക്രമങ്ങളും മറ്റും ശസ്ത്രക്രിയകളും അതിന്ന് ഉപയോഗിക്കുന്ന ആയുധങ്ങളെ പറ്റിയും ഇതിൽ വിവരിച്ചിട്ടുണ്ട്. രണ്ടാമതായി പറഞ്ഞ സാലക്യവും ശസ്ത്രക്രിയാവിഷയംതന്നെ. കണ്ണ്, മൂക്ക്, ചെവി മുതലായി കഴുത്തിന്നു മേല്പോട്ടുള്ള ബാഹേന്ദ്രിയരോഗങ്ങളെയും ചികിത്സയേയും പറ്റിയാണ് അതിൽ പറയുന്നത്. കണ്ണു കീറുന്നതിന്നും മറ്റും ഉപയോഗിക്കുന്ന ലോഹങ്ങളായ ആയുധങ്ങളുടെ സമ്പ്രദായത്തിൽ നിന്നാണ് ഈ പേരുണ്ടായത്. പനി, ക്ഷയം, കുഷ്ടം മുതലായി ദേഹമാസകലം ബാധിക്കുന്ന രോഗങ്ങളെയും ചികിത്സയേയുംപറ്റി കായചികിത്സയിൽ പറയുന്നു. രാക്ഷസന്മാർ , ഗന്ധർവ്വന്മാർ, യക്ഷർ, ദേവതകൾ, മുതലായവരുടെ കോപങ്ങൾകൊണ്ടുണ്ടാകുന്ന ബാധകളും മറ്റും നാലാമതായി പറഞ്ഞ ഭൂതവിദ്യയിൽ വിവരിച്ചിരിക്കുന്നു. ഗ്രീസ്, അറേബിയം, യുറോപ്പ്, ഈ രാജ്യങ്ങളിലെ വിദ്യാലയങ്ങളിൽ ഈ വിദ്യ ഒരു സാരമായ വിഷയമായിരുന്നു. അടുത്തകാലംവരെ ഇതിനു നടപ്പും ഉണ്ടായിരുന്നു എന്നു ബർട്ടൻറ പുസ്തകം നോക്കിയാൽ അറിയാവുന്നതും ആണ് ( Burton's Anatomy of Malancholy). എന്നാൽ പരിഷ്കാരവർദ്ധനയോടുകൂടി ഇതിന്നു പ്രചാരം കുറവായിട്ടാണ് വരുന്നത്. ബാലരോഗങ്ങൾ, ഈറ്റസന്നി മുതലായവ കൊമാരഭൃത്യം എന്ന അഞ്ചാം ഭാഗത്തിൽ പ്രസ്താവിച്ചിട്ടുണ്ട്. ആറാം ഭാഗത്തിലെ വിഷയം വിഷങ്ങളും പരിഹാരങ്ങളും ആകുന്നു. ശക്തി, ബുദ്ധി, ആയുസ്സ് ഇവകളെ വർദ്ധിപ്പിക്കുന്ന രാസായനങ്ങളുടെ വിവരണം ഏഴാം ഭാഗത്തിലുണ്ട്. പ്രജയും ശക്തിയും വർദ്ധിപ്പിക്കാനുള്ള ഉപായങ്ങളാണ്










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/26&oldid=168947" എന്ന താളിൽനിന്ന് ശേഖരിച്ചത്