ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മനുഷ്യന്റെ പ്രവൃത്തികളെ നിർണയിക്കുന്നതിന്നു എന്നു പറയാം. ശീലം അല്ലെങ്കിൽ സ്വഭാവം എന്നതു നിശ്ചിതമായാൽ ഒരു മനുഷ്യന്റെ പ്രവൃത്തികൾ ഒരു രീതിയെ അനുസരിച്ചിരിക്കുന്നു. സ്വാതന്ത്ര്യവാദി ഇതിനെ നിഷേധിക്കുന്നില്ല. പുറമേയുള്ള അവസ്ഥകൾ ഏതുവിതമായാലും, അവയ്ക്കു കീഴടങ്ങുകയോ, അവയെ ജയിക്കയോ ചെയ്യുന്നതു മനുഷ്യന്റെ ആത്മശക്തിയാകുന്നു. തന്റെ സ്വഭാവം തന്റെ നടത്തയെ നിശ്ചയിക്കുന്നതുകൊണ്ടു മനുഷ്യൻ സ്വതന്ത്രനാകുന്നു എന്നാണു സ്വതന്ത്ര്യവാദി പറയുന്നത്. ഞാൻ അനുസരിക്കുന്ന നിയമങ്ങൾ എന്റെ നിയമങ്ങളാണ്. അവ എന്റെ നിയമങ്ങളാണെന്നു ഞാൻ അറിയുകയും ചെയ്യുന്നു. ആ സ്ഥിതിക്കു ഞാൻ അടിമയാണെന്നു പറയുന്നതെങ്ങിനെ? ഈ വാസ്തവത്തെ പ്രധാനതത്വജ്ഞാനികളിലാരും നിഷേധിക്കുന്നുണ്ടെന്നു തോന്നുന്നില്ല.

മനുഷ്യന്റെ സ്വഭാവം പാരമ്പര്യത്താലും അതിന്റെ വികാസം പരിസ്ഥിതികളാലും വളരെ ബാധിക്കപ്പെടുന്നുവെന്നുള്ളതു നിസ്തർക്കമാണ്. മഹാ സ്വാതന്ത്ര്യവാദിയായ കാർളൈയിൽ പോലും ഇതു സമ്മതിക്കുന്നു. എന്നാൽ എല്ലാവരും അവരവരുടെ പാരമ്പര്യസ്വത്തായ സ്വഭാവത്തെ കഴിയുന്നതും നല്ലവണ്ണം ഉപയോഗിക്കാൻ കടപ്പെട്ടിരിക്കുന്നു. സ്വഭാവത്തിൽ അധഃപതനവും ഉൽഗമനവും വരാം.

മനുഷ്യൻ ഒരു ആത്മായതുകൊണ്ട് അവനു സ്വാതന്ത്ര്യമുണ്ട്. ഒരു മനുഷ്യന്റെ പതിവായ സ്വഭാവത്തിൽ നിന്നാണ് ഒരു പ്രവൃത്തി ഉത്ഭവിക്കുന്നത് എങ്കിൽ അതു സ്വതന്ത്രമാകുന്നു. ചില അവസരങ്ങളിൽ നാം ആവേഗം കൊണ്ടു പ്രവർത്തിക്കുന്നു. അപ്പോൾ നാം സ്വതന്ത്രന്മാരല്ല. എങ്കിലും നാം നമ്മുടെ പ്രവൃത്തിയുടെ ഫലത്തിന് ഉത്തരവാദികളാണ്. എന്തുകൊണ്ടെന്നാൽ ആവേഗംകൊണ്ടു മതിനറന്നു പ്രവർത്തിക്കാതിരിക്കത്തക്കവണ്ണം ശീലിക്കുന്നതു നമ്മുടെ കടമയാകുന്നു. ഒരു മനുഷ്യനുള്ള സ്വാതന്ത്ര്യത്തിനും മറ്റൊരാൾക്കുള്ളതിനും തമ്മിൽ വളരെ വ്യത്യാസം വരാം. സ്വാതന്ത്ര്യം ആത്മശക്തിയെ അനുസരിച്ചിരിക്കുന്നു. മൃഗങ്ങളുടെ സ്വാതന്ത്ര്യം മനുഷ്യരുടെ സ്വാതന്ത്ര്യത്തേക്കാൾ വളരെ താണതരത്തിലുള്ളതാണ്. സ്വാതന്ത്ര്യത്തിൽ ഏറ്റക്കുറവുകൾ ഉണ്ട്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/37&oldid=168959" എന്ന താളിൽനിന്ന് ശേഖരിച്ചത്