ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പുരുഷന്റെ ഗൃഹത്തിൽ വെച്ച് അവരുടെ മാതാവോ പെണ്ണിന്റെ വീട്ടിൽവെച്ച് അവളുടെ അമ്മയോ മധുരം കൊടുത്താൽ അവൾ അനുജന്മാരുടെ ഭാര്യയുമായി. ഈ നടപ്പിൽ വല്ല അസൌകര്യവും നേരിട്ടാൽ അവരിൽ ആരെങ്കിലും വേറെ പെണ്ണിനെ കെട്ടും. അവളെ കെട്ടിയവർ തനിച്ചു വെച്ചുകൊണ്ടിരിക്കുകയോ മറ്റുള്ളവരുടെയും ഭാര്യയാവാൻ അനുവദിക്കുകയോ രണ്ടും ചെയ്തവരുണ്ട്.

ഗർഭകാലത്തു ഈഴുവത്തികൾ ഭക്ഷണകാര്യത്തിൽ പ്രത്യേകനിയമങ്ങൾ ഒന്നും അനുഷ്ഠിക്കാറില്ല. എന്നാൽ ഗുരുത്വമേറിയതും ചൂടുള്ളതും ആയ ഭക്ഷണദ്രവ്യങ്ങൾ അവർ വർജ്ജിയ്ക്കാറുണ്ട്. അഞ്ചാം മാസത്തിലോ ഒമ്പതാം മാസത്തിലോ അവർക്കു 'പുളികുടിയും'പതിവുള്ളതാണ്. അതിനു നിശ്ചയിച്ച ദിവസത്തിന്റെ തലേദിവസം പുളിയുടെ ചെറിയകൊമ്പുകൾ കൊണ്ടുവന്നു വീടിന്റെ വാതില്ക്കു നേരെ കുഴിച്ചിട്ടു ചുറ്റും ഒരു ചരടുകെട്ടും. ഗർഭിണി അതിന്റെ പടിഞ്ഞാറു ഭാഗത്തു കിഴക്കോട്ടു മുഖമായി നിൽക്കണമെന്നും ഏഴു പ്രദക്ഷിണം വെയ്ക്കണമെന്നും നിർബ്ബന്ധമുണ്ട്. ബാധകൾ ഒഴിയുന്നതിനു കാലംതുള്ളൽ എന്ന ഒരു ക്രിയയും അന്ന് രാത്രി കഴിയ്ക്ക പതിവാണ്. പുളിനീരു ഭർത്താവാണ് വായിൽ ഒഴിച്ചു കൊടുക്കേണ്ടത്. പുളികുടി കഴിഞ്ഞാൽ കെട്ടിയവന്റെ ദീക്ഷ അവസാനിപ്പിക്കാം.

അഞ്ചാം മാസത്തിൽ 'നെയ്യാട്ടം' എന്ന ഒരു ക്രിയയും അവരുടെ ഇടയിൽ നടപ്പുണ്ട്. ചാമുണ്ണി എന്ന ഉഗ്രമൂർത്തിയുടെ ബിംബം മഞ്ഞളും കരിയും അരിമാവും കൂട്ടി ഉണ്ടാക്കി ഇലകളെകൊണ്ടു തീർത്ത ഒരു ചെറിയ പുരക്കു നേരെ പ്രതിഷ്ഠിക്കും. കുട്ടിച്ചാത്തൻ മുതലായവരുടെ പ്രതിനിധികളായി പതിനെട്ടിൻ കുറയാതെ വേലന്മാർ ഓരോരിയ്ക്കൽ ഈരണ്ടു പേർ കൂടി പ്രതിഷ്ഠയുടെ മുമ്പിൽ നിന്നു തുള്ളിയും ചാടിയും തമ്മിൽ കെട്ടിമറിഞ്ഞും കലികേറുന്നതു വരെ പലവിധത്തിൽ അവർ ദേഹായാസം ചെയ്യുന്നു. ആടു കോഴി മുതലായ പല ജീവജന്തുക്കളേയും അവർക്കു ബലിയായി കൊടുക്കാറുണ്ട്. ഇര കണ്ട പുലിയെപ്പോലെ നേരിട്ടുചാടി അവയെ കൊന്നു തിന്നുകയും അവർ ചെയ്യും . അര മണിക്കൂറ് ഇങ്ങിനെ കഴിഞ്ഞാൽ മൂർത്തി പ്രസാദിച്ചു കല്പിയ്ക്കയായി.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/42&oldid=168965" എന്ന താളിൽനിന്ന് ശേഖരിച്ചത്