ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഇൻസ്പെക്ടർ-(ഹേഡിനോട്)തകാമണിയെ വിസ്തരിക്കുന്നില്ലെ? ഹേഡ്-ഉവ്വ്. ശവത്തിനെ ആസ്പത്രിക്കയക്കാൻ സമയം അതിക്രമിക്കുന്നതുകൊണ്ട് അതു കഴിഞ്ഞിട്ടാവാമെന്നു വിചാരിച്ച് തല്ക്കാലം നിർത്തിവെച്ചതാണ്. ഇൻസ്പെക്ടർ-എന്നാൽ അത് വേഗം ചെയ്യൂ. അപ്പോഴെക്ക് ഞാൻ തന്നെ നേരിട്ട് ചോദിച്ച് കഥ മുഴുവൻ മനസ്സിലാക്കാം.

എന്ന് പറഞ്ഞ് ഇൻസ്പെക്ടർ ജഗന്മോഹിനിയെ വിളിച്ച് ഉണ്ടായതെല്ലാം ഒരിക്കൽകൂടി പറയണമെന്ന് ആവശ്യപ്പെട്ടു. ഉദയമാർത്താണ്ഡൻ ചിരിച്ച മുഴക്കം കേട്ട് ജഗന്മോഹിനി അറയിലേക്ക് വന്നപ്പോൾ ക്ഷുരകൻ മാറിനിന്ന മാതിരി ജഗന്മോഹിനിയെക്കൊണ്ട് അഭിനയിപ്പിച്ച് മനസ്സിലാക്കി. അപ്പോൾ നിന്ന മാതിരി ക്ഷുരകനോടും നില്ക്കാൻ പറഞ്ഞു. ക്ഷുരകൻ നിന്ന് കാണിച്ചതിൽ താടിയിൽ കയ്യ് കൊടുത്തത് കാണിച്ചില്ല. അങ്ങിനെ നിന്നുവൊ എന്നു ചോദിച്ചപ്പോൾ അതിന്റെ ഓർമ്മയില്ലെന്നു പറഞ്ഞു. ഇതിനെല്ലാം നോട്ടു കുറിച്ച് ചുമരിൽ വെടിയുടെ വല്ല അടയാളവും ഉണ്ടൊ എന്നു നോക്കി. ഒന്നും കാണായ്കയാൽ അദ്ദേഹം താഴത്തിറങ്ങി കെട്ടിടം കിഴക്കെ മതിൽ വരെ പലേടത്തും കുനിഞ്ഞു പരിശോധിച്ചു നോക്കി. ചില തോൽക്കഷണങ്ങളും കടലാസു കഷണങ്ങളും പെറുക്കി എടുത്ത് വായിച്ചു നോക്കി. മുകളിലോട്ട് മണിരാമനെ നോക്കി വലിയ ഏറുപടക്കമാണെന്നു പറഞ്ഞു. ഇൻസ്പെക്ടർ ആവഴിക്കെ മതിൽ ചാടിക്കടന്ന് അരമനയുടെ കിഴക്കെ വളപ്പിൽ ഒരു വൃക്ഷത്തിന്റെ ചുവട്ടിൽ കുനിഞ്ഞു നോക്കുന്നതും ചില കാലടികളുടെ അളവും മറ്റും എടുക്കുന്നതും ആ അടികളെ മരത്തിന്റെ തൂപ്പോടിച്ച് മൂടിവെക്കുന്നതും കണ്ടു. അതിനു ശേഷം ആ വഴിക്കേ തെക്കോട്ടു ചെന്ന് അരമനയുടെ തെക്കു ഭാഗത്തുള്ള തേക്കിൻ കാട്ടിൽ കടന്നു. സന്ധ്യ മയങ്ങിയതിനാൽ താൻ പരിശോധിച്ചതിന്റെ അതൃത്തിയിൽ ഒരടയാളവും വെച്ച് അരമനയിലേക്കു തന്നെ തിരിച്ചു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/53&oldid=168977" എന്ന താളിൽനിന്ന് ശേഖരിച്ചത്