ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

തകാമണീയോടു ചോദിച്ചപ്പോൾ അന്യായമാക്കി തടവിൽ കിടക്കുന്ന സങ്കടംകൊണ്ടു ചെറുനാരങ്ങനീരിൽ പേന മുക്കി ഇങ്ങിനെ വെറുതെ എഴുതിയതാണെന്നും ഇൻസ്പേക്ടർ വായിച്ചപോലെ ആർക്കെങ്കിലും ഇത് വായിക്കാൻ കഴിഞ്ഞുവെങ്കിൽ തന്റെ മനസിലെ സങ്കടം അറിഞ്ഞുകൊള്ളട്ടെ എന്നും തനിയ്ക് എന്തോ കള്ളവേലയുണ്ടെന്നു വിചാരിച്ച് അതിനെ കണ്ടുപിടിയ്ക്കാൻ കാത്തു നിൽക്കുന്നവർക്ക് ഒന്നും കിട്ടിയില്ലെന്നു വരേണ്ടാഎന്നും ഇത് എടുത്തുകൊണ്ടുപോയി കുറുക്കന് ആമയെ കിട്ടിയപോലെ വെച്ചുകൊണ്ടിരിയ്ക്കട്ടെ എന്നും ഒക്കെ വിചാരിച്ചു പ്രയോഗിച്ചതാണന്നു പറഞ്ഞു.

ഇതു കേട്ടപ്പോൾ തകാമണിയെ സംബന്ധിച്ച് മറ്റുള്ളവരുടെ മൊഴികൊണ്ട് സഭാപതിപിള്ളയ്ക്കുണ്ടായ സംശയം എല്ലാം തീർന്നു. തന്റെ സ്നേഹിതന്റെ മകളേപ്പിടിച്ചു ബന്തൊവസ്തിൽ വെയ്ക്കേണ്ട സങ്കടമായ മുറ ഇനിമേൽ ഇല്ലെന്നു വിചാരിച്ചു സന്തോഷിയ്ക്കുകയും ചെയ്തു.

ഇതിന്നുശേഷം ഉദയമാർത്താണ്ഡന്റെ തകിടും കൂടും പോയതിനെപ്പററി അന്വേഷണം തുടങ്ങി. അതിന്റെ ഉള്ളിൽ എന്താണെന്ന് ആർക്കും നിശ്ചയമില്ല. മരിയ്ക്കന്നതിന്നു രണ്ടുദിവസം മുമ്പെ ജഗന്മോഹിനിയ്ക്കു താൻ മരിക്കുമ്പോൾ ഓർമപ്പെടുത്തിയാൽ ഒരുപദേശം കൊടുക്കാമെന്നു പറഞ്ഞിട്ടുണ്ടെന്നും അതിന്നു സാധിച്ചിട്ടില്ലെങ്കിൽ ആ തകിടും കൂടും കൈവശപ്പെടുത്തി അതിനേ കേടുവരുത്താതെ ഒരു തലയ്ക്കൽ പൊളിച്ച് അതിന്റെ ഉള്ളിലുള്ളതു ഗൂഢമായി മനസ്സിലാക്കേണമെന്നും ജഗന്മോഹിനി മരിയ്ക്കാറാകുമ്പോൾ ഇഷ്ടമുള്ളവർക്ക് ഇപ്രകാരം പറഞ്ഞുകൊടുക്കുന്നതല്ലാതെ അതിനുമുമ്പിൽ പറഞ്ഞുകൊടുക്കില്ലെന്നു സത്യം ചെയ്യിപ്പിച്ചിട്ടുണ്ടെന്നും ജഗന്മോഹിനി പറഞ്ഞു.

ഇതെല്ലാം കേട്ടപ്പോൾ ഇൻസ്പേക്ടരുടെ മുഖത്ത് ഗൌരവംകൂടി മൗനം മൂത്തു. ഇതിനെ മോഷ്ടിച്ചിട്ടുള്ളവർ കഷ്ടിച്ച് ഒരിഞ്ചു നീളവും ഒരു കടലാസുപെൻസിലിന്റെ വണ്ണവുമുള്ള ആ സാധനത്തിന്റെ സ്വർണ്ണത്തിനെ മോഹിച്ചിട്ടല്ലെന്നു പ്രത്യക്ഷമായി കാണുന്നതുകൊണ്ട് ആ തകിടം കൂടും ഉദയമാർത്താണ്ഡന്റെ മരണവുമായി സംബന്ധമുണ്ടാകും ഏന്ന് ഇൻസ്പേക്ടർക്കും തോന്നി.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/55&oldid=168979" എന്ന താളിൽനിന്ന് ശേഖരിച്ചത്