ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൦൮ ഹാലാസ്യമാഹാത്മ്യം.

ഭയങ്ങളോടുകൂടെ ഹാലാസ്യക്ഷേത്രത്തിൽ ഓടിപ്പോയി. പാദപങ്കജസേവകന്മാരുടെ നിത്യദുഃഖങ്ങളെ ഇല്ലാതാക്കി സർവാഭീഷ്ടങ്ങളേയും നൽകുന്നവനും നിഖിലലോകൈകനാഥനും ദയാനിധിയും നിപാടവിനായകനും ആയ സുന്ദരേശ്വരനെ പ്രദക്ഷിണനമസ്കാരസ്തോത്രങ്ങൾകൊണ്ടും, അശേഷാർത്ഥപ്രദായകം ആയ പഞ്ചാക്ഷരമന്ത്രംകൊണ്ടും പ്രസാദിപ്പിച്ചശേഷം അഞ്ജലിബദ്ധനായി നിന്നുകൊണ്ടിപ്രകാരം പ്രാർത്ഥിച്ചു:-

അല്ലയോ! സർവജ്ഞനും സർവഗനും, ഭക്തന്മാരിൽ അത്യന്തം കൃപയോടുകൂടിയവനും ആയ പരമേശ്വര! അമിതബലശാലിയായ എന്റെ അനുജൻ, എനിക്കു വിവാഹം കഴിച്ചുതരാൻ നിഷ്ചയിച്ച കന്യകയെ അധർമ്മമായി വിവാഹം കഴിച്ചെടുത്തുകളഞ്ഞതുമല്ലാതെ നിസ്സഹായനും ബലഹീനനും ആയ എന്നോടിതാ എണ്ണുംകണക്കും ഇല്ലാത്ത ചതുരംഗസൈന്യസമേതം ചേരഭൂപാലസഹായിയായി യുദ്ധത്തിനു വന്നിരിക്കുന്നു. എന്നെക്കൊണ്ട് മാത്രനേരംപോലും എതിർത്തുനിൽക്കാൻ ഒക്കുന്നതല്ല. എനിക്കു സഹായിക്കാൻ ഭക്തവത്സലനായ നിന്തിരുവടിയല്ലാതെ മറ്റാരും ഇല്ലതാനും. അശരണന്മാരായ ഭക്തന്മാരെ രക്ഷിക്കുന്നതിൽ പ്രത്യേകതാല്പര്യത്തോടുകൂടിയ അങ്ങ് അടിയനെ ഇപ്പോൾ രക്ഷിച്ചില്ലെങ്കിൽ അടിയന്റെ സർവസ്വവും ഇപ്പോൾ അനുജൻ അപഹരിച്ചുകളയും; അല്ലയോ ഭക്തവത്സല! ഭഗവാനെ! നിന്തിരുവടിയുടെ കരുണാവൈഭവംകൊണ്ട് ബലഹീനനായ ഞാൻ അപാരബലശാലിയായ അനുജനോടേറ്റാൽ പരാജിതനാകരുതേ! എന്നെ സഹായിക്കേണമേ! രക്ഷിക്കേണമേ! അല്ലയോ വിശ്വൈകനാഥ! അങ്ങല്ലാതെ അടിയനാരും സഹായമില്ല.

ഭക്തശിരോമണിയായ രാജേന്ദ്രപാണ്ഡ്യന്റെ ദയനീയവും ഭക്തിമസൃണവും ആയ ഈ അപേക്ഷകൾക്ക് പ്രത്യുത്തരമായി ആകാശത്തിൽനിന്നും അല്ലയോ രാജേന്ദ്രപാണ്ഡ്യ! നീ വ്യസനിക്കാതെ! നിന്നെ ഞാൻ രക്ഷിച്ചുകൊള്ളാം. ഞാൻ ഭക്താർത്തഭഞ്ജനൻ ആണെന്നു നീ എപ്പോഴും വിശ്വസിച്ചകൊണ്ടാലും. ഒട്ടു മടിക്കേണ്ട! രാവിലേതന്നെ യുദ്ധസന്നദ്ധനായി ശത്രുസൈന്യങ്ങളെ തടുത്തു യുദ്ധംചെയ്‌വാൻ ആരംഭിച്ചുകൊള്ളുക. ഞാൻ പുറകേ ഉണ്ടു്.

ദയാലുവായ സുന്ദരേശ്വരന്റെ മേൽപ്രകാരമുള്ള അശരീരിവാക്കുകേട്ടപ്പോൾ രാജേന്ദ്രപാണ്ഡ്യന്റെ ഭയവും സംശയവും അസ്തമിക്കുകയും അദ്ദേഹത്തിന് ഇതില്പരമില്ലാത്ത സന്തോഷവും ഉത്സാഹവും ഉദിക്കുകയും ചെയ്തു. അനന്തരം അദ്ദേഹം കൊട്ടാരത്തിൽപ്പോയി പിറ്റേദിവസം രാവിലെ യുദ്ധത്തിനു പേകുന്നതിന് വേണ്ടുന്ന ഏർപ്പാടുകൾ എല്ലാം ചെയ്തതിന്റെശേഷം സുന്ദരേശ്വരസ്മരണയോടുകൂടി നിദ്രയ്ക്കാരംഭിച്ചു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/286&oldid=170665" എന്ന താളിൽനിന്ന് ശേഖരിച്ചത്