ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൧൦ ഹാലാസ്യമാഹാത്മ്യം.

ഗ്രീഷ്മകാലത്തിലെ ആ അഗ്നികല്പാതപപീഡകൊണ്ട് പരിതപ്തന്മാരായി പിന്തിരിഞ്ഞ പാണ്ഡ്യസൈന്യങ്ങൾക്കു് കുടിക്കാൻ വെള്ളം കൊടുക്കുന്നതിനായി ഭക്തവത്സലനും ദയാലുവുമായ ഭഗവാൻ സുന്ദരേശ്വരൻ സ്വമായകൊണ്ട് യുദ്ധഭൂമിയിൽതന്നെ അതിവിസ്തീർണ്ണമായ ഒരു പാനീയശാലയും അതിന്റെ മദ്ധ്യത്തിൽ വേദമയങ്ങളായ സ്തംഭങ്ങളെക്കൊണ്ട് വിരാജമാനവും മഹോജ്വലതരവും ആയ ഒരു മഞ്ചവും ഉണ്ടാക്കി. പാദസരോരുഹങ്ങളിൽ ശിഞ്ജിതംകൊണ്ട് മഞ്ജുവായ മഞ്ജീരങ്ങളും കടിതടത്തിൽ വ്യാഘ്രചർമ്മവും, അണിഞ്ഞ് ഭസ്മരുദ്രാക്ഷമാലകൾകൊണ്ട് മനോഹരമായ കളേബരത്തോടും, ലാവണ്യസാഗരോൽഭൂതമായ പൂർണ്ണചന്ദ്രനുതുല്യമായ മുഖത്തോടും തപ്തകാഞ്ചനസംകാശമായ ജടാമണ്ഡലത്തോടും കൂടിയവനും കാന്തികൊണ്ട് കനകാദ്രിസന്നിഭനും കനകമയമായോഢ്യാണധാരിയുമായ ഒരു സന്യാസിയായി ആ മഞ്ചമദ്ധ്യത്തിൽ ഇരുന്നുംകൊണ്ട്, അവിടെ സമീപത്തിൽ താൻ മായകൊണ്ടു് നിർമ്മിച്ചിട്ടുള്ളതായ സുവർണ്ണകലശത്തിൽനിന്നും തന്റെ കപർദ്ദസ്ഥയായ ഗംഗാവാരിയെ ജലപാത്രകൊണ്ട് കോരി ധാരമുറിയാതെ ഒഴിച്ചുകൊടുത്തു. ഒരു കിണ്ടിയുെട വാലുവഴിയായി ഒഴിച്ചുകൊടുത്ത ജലം ആയിരം ജലപാത്രങ്ങളുടെ ജലദ്വാരം വഴിയായി ഒഴിച്ചുകൊടുക്കുന്നതുപോലെ സൈന്യങ്ങൾക്ക് പ്രയോജനീഭവിച്ചു. പാണ്ഡ്യസൈന്യങ്ങൾ തിക്കിക്കയറി പരമശിവൻ ഒഴിച്ചുകൊടുക്കുന്ന അമൃതസദൃശമായ പാനീയം പാനെചെയ്തു് ദാഹത്തേയും ക്ഷീണത്തേയും നശിപ്പിച്ചു എന്നുമാത്രമല്ല പാനീയപാനാനന്തരം മുതൽ അവർ എല്ലാവരും ഒന്നുപോലെ ഇതില്പരമില്ലാത്ത സ്ഥൈര്യത്തോടും ശൌര്യത്തോടും പരാക്രമത്തോടും കൂടിയവരായിത്തീരുകയും ചെയ്തു.

അനന്തരം പാണ്ഡ്യസൈന്യങ്ങൾ ഒന്നുപോലെ പുളച്ചുമദിച്ചാർത്തുഘോഷിച്ചുകൊണ്ട് ശത്രുസൈന്യങ്ങളെ തടുത്തുനിറുത്തി യുദ്ധംചെയ്തു. ദാഹംകൊണ്ടും വിശപ്പുകൊണ്ടും പരവശരായ സിംഹേന്ദ്രപാണ്ഡ്യന്റേയും, ചോളരാജാവിന്റേയും ഭടന്മാർ പാണ്ഡ്യസൈന്യങ്ങളോടു തടുത്തുനിന്നു യുദ്ധംചെയ്യുന്നതിന്നു അല്പംപോലും, ശക്തിയില്ലാതെ പലവഴിക്കുമായി പാലായനംചെയ്തു. ഒടുവിൽ യുദ്ധഭൂമിയിൽ സിംഹേന്ദ്രപാണ്ഡ്യനും ചോളരാജാവും മാത്രം ശേഷിച്ചു. യുദ്ധവീരന്മാരായ അവർ സൈന്യസഹായഹീനന്മാരും ക്ഷീണന്മാരും ആയിരുന്നിട്ടും യുദ്ധം അവസാനിപ്പിക്കാതെ പാണ്ഡ്യസൈന്യങ്ങളോടേറ്റു ഭയങ്കരസമരംചെയ്തു. അവസാനത്തിൽ ആ യുദ്ധവീരന്മാരെ രണ്ടുപേരെയും പാണ്ഡ്യസൈന്യങ്ങൾ ബന്ധനസ്ഥരാക്കി. യുദ്ധവും അവസാനിച്ചു. അനന്തരം ബന്ധനസ്ഥനാക്കിയ സിംഹേന്ദ്രപാണ്ഡ്യനേയും ചോളരാജാവിനേയും രാജേന്ദ്രപാണ്ഡ്യൻ ഭടന്മാരെക്കൊണ്ടു ചുമപ്പിച്ചു കൊണ്ടുപോയി ദ്വാദശാന്തപ്രഭുവും ഹാലാസ്യനാഥനുമായ സുന്ദരേശ്വരന്റെ തിരുമുമ്പിൽ വച്ചു് സാഷ്ടാംഗനമസ്കാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/288&oldid=170667" എന്ന താളിൽനിന്ന് ശേഖരിച്ചത്