ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൩൨ ഹാലാസ്യമാഹാത്മ്യം.

ഈ വിവരം ആ വൈശ്യപ്രഭുവിന്റെ അതിവിക്രമികളായ ജ്ഞാതികൾ അറിഞ്ഞ് തക്ഷണം തന്നെ അവിടെ എത്തി ഭാഗിനേയനായ ദത്തുപുത്രനേയും ഭഗിനിയേയും അടിച്ചുവെളിക്കിറക്കി സർവസ്വവും അവർ കൈക്കലാക്കി എന്നുമാത്രമല്ല, അവർക്കു ഒരുനേരത്തെ ഭക്ഷണത്തിനുവേണ്ട വകപോലും കൊടുത്തതുമില്ല. അവർ തങ്ങൾക്കു ലഭിക്കുമെന്നു ആശിച്ചിരുന്ന കേദാരഗോരത്നകനകാദിവസ്തുക്കളിൽ യാതൊന്നും ലഭിക്കാതേയും, കേറിക്കിടക്കാൻ വീടോ കുടിക്കാൻ കഞ്ഞിയോ യാതൊന്നും ലഭിക്കാതയും ആയപ്പോൾ ആ മാതാവിനും കുട്ടിക്കും ഉണ്ടായ മനസ്താപവും വ്യസനവും എന്തൊരുമാതിരിയാണെന്നു ഊഹിച്ചാൽപോലും സഹിക്കാതവണ്ണം ഭയംകരമായിരുന്നു എന്നുള്ളതു പ്രത്യേകം പറയേണ്ടുന്ന ആവശ്യമില്ലല്ലോ. അത്യന്തം സാധുക്കളായ അവരെ സഹായിക്കുന്നതിനും ആരും തുനിഞ്ഞില്ല. ഇങ്ങനെ നിരാശ്രയരായിത്തീർന്ന അവർ, ഇനി നമുക്കു ദൈവംതന്നെ ആശ്രയമെന്നും വിചാരിച്ച് പരമശിവഭക്തിയോടുകൂടെ സുന്ദരേശാലയത്തിലേക്കായി യാത്രതിരിച്ചു.

അവർ കാലതാമസമെന്ന്യേ ഹാലാസ്യക്ഷേത്രത്തിൽ എത്തി. അനന്തരം മാതാവ് ഹേമപത്മനീതീർത്ഥത്തിൽ ഇറങ്ങി താനും സ്നാനംചെയ്ത് കുട്ടിയെ കുളിപ്പിച്ചു്, ഭസ്മംപൂശി ശുഭ്രവസ്ത്രവും ധരിപ്പിച്ച് സുന്ദരേശ്വരന്റെ തിരുമുമ്പിൽ കൊണ്ടുപോയി നിർത്തി കുട്ടിയോടു് സാഷ്ടാംഗപ്രണാമംചെയ്തു പഞ്ചാക്ഷരം ജപിക്കുന്നതിനു ഗുണദോഷിച്ചു. കുട്ടി അപ്രാകരം ചെയ്തു. അനന്തരം അവളും സാഷ്ടാംഗപ്രണാമം ചെയ്തുകൊണ്ടു്, അല്ലയോ ദേവ ദേവ! കൃപാരാശേ! ധർമ്മമാർഗ്ഗപ്രവർത്തക! ഞങ്ങളെ രക്ഷിക്കണേ! ഞങ്ങൾ അനന്യശരണരായി തീർന്നിരിക്കുകയാണേ എന്നിങ്ങനെ പ്രാർത്ഥിച്ചു. ഉടൻതന്നെ അവൾ മായനിദ്രയ്ക്കു വശംഗതയാവുകയും, ഉറക്കത്തിൽ അല്ലയോ സുന്ദരീ! നീ വ്യസനിക്കാതെ! നിന്റെ സന്താപത്തിനു ഞാൻ നിവൃത്തിയുണ്ടാക്കിത്തരാം. നീ ഇപ്പോൾത്തന്നെ കുമാരനോടുകൂടെ നിങ്ങളുടെ മന്ദിരത്തിൽ പോയി നിങ്ങളുടെ ജ്ഞാതികളുടെ കൈവശത്തിൽ ഇരിക്കുന്ന അടുക്കളയുടെ വാതിൽ ബന്ധിക്കമം. ഉടൻതന്നെ അവർ നിന്നെയും പിടിച്ചുകൊണ്ട് ന്യായസ്ഥാനത്തിൽ പോയി സങ്കടം ബോധിപ്പിക്കും. ഞാൻ അവിടെ പ്രത്യക്ഷനായി നിങ്ങളുടെ ഭാഗം പിടിച്ച് വ്യവഹരിച്ച് വസ്തുവകകൾ എല്ലാം അവരുടെ പക്കൽ നിന്നും ന്യായാങിപനെക്കൊണ്ടെടുപ്പിച്ചു നിങ്ങൾക്കു നൽകാം. എന്നിങ്ങനെ സുന്ദരേശ്വരൻ തന്നെ വന്നു പറഞ്ഞതായി അവൾ സ്വപ്നം കാണുകയും ചെയ്തു.

സ്വപ്നാനന്തരം ആ സ്ത്രീരത്നം ഉണർന്നു നാലു ദിക്കിലും നോക്കി; ആരേയും കാൺമാനില്ല. അവൾ സ്വപ്നവർത്തമാനത്തെ ഓർത്തു് വിസ്മിത ചിത്തയും പുളകാഞ്ചിതഗാത്രയും സാനന്ദജലലോചനയും ആയി. അതി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/310&oldid=170690" എന്ന താളിൽനിന്ന് ശേഖരിച്ചത്