ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൬ ഹാലാസ്യമാഹാത്മ്യം

ഭൂതഗണങ്ങളുട മേൽപ്രകാരമുള്ള അപേക്ഷകൾ കേട്ടു പരമസന്തുഷ്ടനായ ഭഗവാൻ ഉടൻതന്നെ ആ ലിംഗത്തിനടുക്കൽ തെക്കുകിഴക്കേദിക്കിലായി തൃക്കയ്യിൽ ഇരുന്ന ശൂലമെടുത്തു ഒരു തടാകം കുത്തിക്കുഴിച്ചു തൽക്ഷണംതന്നെ ബ്രഹ്മാണ്ഡത്തിന്റെ അധോഭാഗം പിളർന്നു ശുദ്ധജലം കണക്കില്ലാതെ പൊങ്ങി ശൂലം കൊണ്ടു കുത്തിക്കുഴിച്ച തീർതഥതടാകം കവിഞ്ഞു പ്രവഹിക്കാൻ തുടങ്ങി. ഉടൻതന്നെ ഭഗവാൻ ജലപ്രവാഹം തൃക്കൈകൊണ്ടു തലോടി കരകവിയാതെയാക്കി. അനന്തരം തന്റെ ശിരസ്സിൽ വഹിച്ചിരിക്കുന്ന ഗംഗാജലംകൂടി അതിൽ ചേർത്തു കൂടുതൽ ശുദ്ധിയുണ്ടാക്കി. ഒടുവിൽ ഭൂതഗണങ്ങളോടു ഇങ്ങനെ പറഞ്ഞു :- അല്ലയോ വിശ്വസ്ഥന്മാരായ സേവകന്മാരെ! ഇതിനു തുല്യമായി മറ്റൊരു തീർത്ഥവും ഇല്ല. ഈതീർത്ഥം ശിവനായ ഞാൻ നിർമ്മിച്ചതുകൊണ്ടും സകല ശിവദം ആകയാലും, നാമം കൊണ്ടും ഇതു് ശിവതീർത്ഥം തന്നെ. കൂടാതെ നിങ്ങൾക്കുവേണ്ടി എല്ലാ തീർത്ഥങ്ങൾക്കും മുമ്പേ ഉണ്ടാക്കിയതിനാൽ ആദിതീർത്ഥം എന്നും ഇനി ഉണ്ടാകുന്ന എല്ലാ തീർത്ഥങ്ങളിൽവച്ചും ഇതിനു ശ്രേഷ്ഠത കൂടുതലാകയാൽ പരമതീർത്ഥം എന്നും, ദർശിക്കുന്നവരുടെ സകലപാപങ്ങളേയും നശിപ്പിക്കാൻ ഈ തീർത്ഥത്തിനു് ശക്തിയുള്ളതുകൊണ്ട് പാപനാശനതീർത്ഥം എന്നും, സർവ്വതീർത്ഥങ്ങളിലുംവച്ചു് മഹത്വം കൂടുതലാകയാൽ മഹാതീർത്ഥം എന്നും, എന്റെ ശിരസ്സിൽ ധരിച്ചിരിക്കുന്ന ഗംഗയുമായി ഇതിനു യോഗമുണ്ടായിട്ടുള്ളതുകൊണ്ട് ശിവഗംഗാ എന്നും, ഈ തീർത്ഥത്തിൽ സ്നാനം ചെയ്താൽ ആർക്കും ജ്ഞാനമുണ്ടാകുമെന്നുള്ളതിനാൽ ജ്ഞാനതീർത്ഥം എന്നും, മുക്തി സിദ്ധിക്കുമെന്നുള്ളതിനാൽ മുക്തിതീർത്ഥം എന്നും, സർവ്വധർമ്മങ്ങളും നൽകുന്നതുകൊണ്ടു് സർവധർമദതീർത്ഥം എന്നും, സർവ സുഖങ്ങൾക്കും കാരണമാകയാൽ സുഖകാരണതീർത്ഥം എന്നും, ശൂലംകൊണ്ടു കുത്തിക്കുഴിച്ചതാകയാൽ, ശൂലാഖാതതീർത്ഥം എന്നും സർവകാമങ്ങളും നൽകുന്ന ഒന്നായതുകൊണ്ടു് സർവകാമദതീർത്ഥം എ​ന്നും, ദീർഘായുസ്സിനെ നൽകുന്നതായതുകൊണ്ടും ദീർഘായുഷ്കരതീർത്ഥം എന്നും എല്ലാ തീർത്ഥങ്ങളിൽവച്ചു ഉത്തമമായതിനാൽ ഉത്തമതീർത്ഥം എന്നും മറ്റും ഓരോരോ കാരണങ്ങൾകൊണ്ടു് ഈ തീർത്ഥത്തിനു പല പേരുകളും ഉണ്ട്, വിശേഷിച്ചും ബ്രഹ്മഹത്യാപീഡിതനായി ലോകമെങ്ങും അലഞ്ഞുനടന്നതിൽപിന്നെ ദേവേന്ദ്രൻ ഈ തീർത്ഥത്തിൽവന്നു സ്നാനം ചെയ്തു് ബ്രഹ്മഹത്യാപാപത്തെ ശമിപ്പിക്കുമ്പോൾ മുതൽ ഈ തീർത്ഥത്തിനു ഹേമപത്മിനീതീർത്ഥമെന്ന അതിപ്രസിദ്ധമായ ഒരു പേരുകൂടി ഉണ്ടാകും. ഈ തീർത്ഥത്തിന്റെ മാഹാത്മ്യത്തെപ്പറ്റി അധികമൊന്നും പറയാൻ ഇല്ല.

ഈ പാവനമായ തീർത്ഥജലത്തിൽ ഏതൊരുത്തൻ സ്നാനം ചെയ്ത് ദേവതാതർപ്പണവും യഥാശക്തി ദാനവും നടത്തി, പഞ്ചാക്ഷരം ജപിച്ച് ഭക്തിപൂർവ്വം എന്നെ വന്നു് സ്ത്രോത്രങ്ങൾകൊണ്ടു സേവിക്കുന്നുവോ അവനു നിശ്ചയമായും മനുഷ്യജന്മം കിട്ടിയതിന്റെ ഫലം പൂർത്തിയാകും. അവനത്രെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/38&oldid=170704" എന്ന താളിൽനിന്ന് ശേഖരിച്ചത്