ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩ ആം അദ്ധ്യായം_തീർത്ഥമാഹാത്മ്യം ൧൭


കൃതകൃത്യൻ. അല്ലയോ ഭൂതഗണങ്ങളെ! ഇതു തീർച്ചയായും സത്യമാണു്. ഇതിലെ തീർത്ഥജലംകൊണ്ടു് ശിവലിംഗം അഭിഷേകം ചെയ്യുന്നവൻ ആ ജന്മം കൊണ്ടുതന്നെ തീർച്ചയായും മുക്തനാകും. നിങ്ങൾ ഈ തീർത്ഥജലത്തിൽ മുഴുകി ലിംഗാഭിഷേകം നടത്തുവിൻ. ഭഗവാനായ സുന്ദരേശ്വരൻ ഇപ്രകാരം പറഞ്ഞിട്ടു് ശിവഗണങ്ങളോടുകൂടെ ശിവതീർത്ഥത്തിൽ സ്നാനം ചെയ്തു. അനന്തരം പരമേശ്വരൻ സ്വയംഭുവായ ലിംഗത്തിൽ അപ്പോൾത്തന്നെ അന്തർദ്ദാനം ചെയ്തു. ശിവഗണങ്ങളും സ്നാനാനന്തരം ലിംഗാഭിഷേകം നടത്തി കാമിതങ്ങൾ എല്ലാം സാധിച്ചു. ഇങ്ങനെയാണു ദേവേന്ദ്രന്റെ ബ്രഹ്മഹത്യാപാപത്തെ നശിപ്പിച്ചനാൾമുതൽ ഹേമപത്മിനീതീർത്ഥമെന്ന അഭിനവ നാമധേയത്തോടുകൂടിയതായി ഭാവിച്ച

ശിവതീർത്ഥത്തിന്റെ ഉത്ഭവം. അല്ലയോ മുനിമാരെ! ഇനി അതിന്റെ മാഹാത്മ്യത്തെപ്പറ്റിയും ചുരുക്കമായി നിങ്ങളോടു പറയാം. അതിന്റെ മഹത്വശ്രവണം പോലും പാപഹരമാ​ണ്. ശിവതീർത്ഥത്തെ ദർശിക്കുന്നവർക്കു ശിവലോകപ്രാപ്തിയുണ്ടാകുമെന്നുള്ളതിനു് യാതൊരു സംശയവും ഇല്ല. ഭക്തിയോടുകൂടെ വിധിപ്രകാരം അതിൽ സ്നാനംചെയ്താൽ ഉണ്ടാകുന്ന ഫലമോ പിന്നെ പറയാനൊന്നും ഇല്ലല്ലോ. ഒരുതവ​ണ അതിൽ സ്നാനം ചെയ്താൽ എല്ലാ പാപവും നശിച്ചുപോകുമെന്നു മാത്രമല്ല, സകല തീർത്ഥങ്ങളിലും സ്നാനം ചെയ്ത ഫലവും ഉണ്ടാകും. ശരീരത്തെ മണ്ണുകൊണ്ടുശുദ്ധിയാക്കി വരുണസുക്തമന്ത്രജപത്തോടുകൂടെ അതിൽ സ്നാനം ചെയ്താൽ മഹാദാനപൂർവം സകല തീർത്ഥങ്ങളിലും സ്നാനം ചെയ്താലും ഉണ്ടാകാത്ത അനന്തരഫലങ്ങൾ കിട്ടും. തീയിൽ അറിയാതെ തൊട്ടാലും അതു ദഹിപ്പിക്കുന്നതുപോലെ ഇതിൽ പുണ്യതീർത്ഥമെന്നുള്ള വിചാരത്തോടുകൂടി അല്ലാതെതന്നെയും ഒരുത്തൻ സ്നാനം ചെയ്താൽ അവന്റെ എല്ലാ പാപങ്ങളും അപ്പോൾതന്നെ ദഹിച്ചുപോകും. അധികം വിസ്തരിക്കണമെന്നില്ല; ഈ പുണ്യതീർത്ഥത്തിൽ നിത്യതഃ സ്നാനം ചെയ്യുന്നവൻ തീർച്ചയായും ജീവന്മുക്തൻതന്നെ. അതിന് യാതൊരു സംശയവും ഇല്ല. വരുണമന്ത്രം ചൊല്ലി ഗംഗാനദികളിൽ സ്നാനം ചെയ്യുന്ന വരു​ണസ്നാനത്തിലും, സർവാംഗം ഭസ്മംപൂശുന്ന ആഗ്നേയസ്നാനത്തിലും, മന്ത്രദ്ധ്യാനമാകുന്ന മന്ത്രസ്നാനത്തിലും ഗോധൂളിയേൽക്കുന്ന മാരുതസ്നാനത്തിലും, ആതപത്തോടുകൂടിയ മഴനനയുന്ന മഹേന്ദ്രസ്നാനത്തിലും ശിവതീർത്ഥസ്നാനം ശ്രേഷ്ഠമായിട്ടുള്ളതാണ്. അതിൽ സ്നാനം ചെയ്യുന്നവൻ സുന്ദരേശ്വരന്റെ ലിംഗദർശനംകൂടി ചെയ്താൽ ഉണ്ടാകുന്ന ഫലം അവാച്യമത്രേ. ശ്രദ്ധാപൂർവമല്ലാതെ ‌സ്നാനം ചെയ്താൽപോലും സ്വർഗ്ഗലോകത്തിൽ പോയി സിദ്ധചാരണന്മാരോടൊന്നിച്ചു വസിക്കാമെന്നുള്ളപ്പോൾ ശ്രദ്ധാപൂർവം സ്നാനംചെയ്തു ദേവതാതർപ്പ​ണം ചെയ്യുന്ന ഒരുത്തുനുണ്ടാകുന്ന ഫലം ഇന്നതെന്നു വിചാരിക്കാൻ ആരേക്കൊണ്ടു കഴിയും. അവനു വിധിപ്രകാരമുള്ള എല്ലാ യാഗങ്ങളും ചെയ്ത ഫലംതന്നെ

കിട്ടും. ഇതിൽ സ്നാനംചെയ്ത് ഇതിന്റെ തീരത്തിൽവച്ചു് സ്വർണ്ണാദിവസ്തുക്കൾ ദാനം ചെയ്താൽ കിട്ടുന്ന ഫലത്തിനു ഒരു അവസാനവും ഇല്ല. എന്നുവേ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/39&oldid=170709" എന്ന താളിൽനിന്ന് ശേഖരിച്ചത്