ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൮ ഹാലാസ്യമാഹാത്മ്യം

സ്തുതികേട്ടു സന്തുഷ്ടനായ ബ്രഹ്മാവു് ഇന്ദ്രാദികളോടുവന്നതിനുള്ള കാരണം എന്തെന്നു ചോദിച്ചു.
ഇന്ദ്രാദികൾ ഭക്തിപൂർവം ഇങ്ങനെ പറഞ്ഞു:-
ഇയ്യിടെ അസുരന്മാരും ഞങ്ങളുമായി യുദ്ധം തുടങ്ങിയതിൽ എല്ലാ യുദ്ധങ്ങളും ഞങ്ങൾതന്നെ തോല്ക്കുന്നു. അതിനുള്ള കാരണമെന്തെന്നറിയാനായി വന്നതാണു്.

ബ്രഹ്മാവു് അതുകേട്ടു്, അല്ലയോ ഇന്ദ്രാദികളേ! നിങ്ങൾക്കു ഇപ്പോൾ ഗുരുഭൂതൻ ഇല്ല. അതുകൊണ്ടാണു് നിങ്ങൾ തോറ്റുപോകുന്നതു്. ഗുരുദ്രോഹികൾക്കു ഒരിക്കലും ഒരു കാര്യത്തിലും വിജയം ഉണ്ടാവുകയില്ല. വീര്യശൌര്യപരാക്രമാദി സകല ഗുണങ്ങളും കീർത്തിയും മറ്റും ​എല്ലാവർക്കും ഉണ്ടാകുന്നതു് ഗുരുസേവകൊണ്ടാണു്. നിങ്ങളുടെ ഗുരുഭൂതനായ ബൃഹസ്പതി നിങ്ങളുടെ മോശവിചാരംകൊണ്ടു് ഇപ്പോൾ അദൃശ്യനായിപ്പോയിരിക്കുന്നു. ഇനി നിങ്ങൾക്കു മറ്റൊരു ഗുരുഭൂതൻ വേണം. അല്ലാതെ യുദ്ധത്തിൽ വിജയം ലഭിക്കുകയില്ല. അതിന് നിങ്ങൾ ത്വഷ്ടാവിന്റെ പുത്രനും മൂന്നു തലയുള്ളവനും സർവവിദ്യാനിധിയും ആയ വിശ്വരൂപനെ ഗുരുവായ് വരിച്ചുകൊൾവിൻ! അവൻ ദാനവഭാഗിനേയൻ ആണല്ലോ എ​ന്നു നിങ്ങൾ ശങ്കിക്കേണ്ട. അവൻ ഉപദേശിക്കുന്ന പ്രകാരത്തൽ ഉള്ള സൽക്കർമ്മങ്ങളെ ചെയ്താൽ നിങ്ങൾക്ക് ശത്രുനാശവും ജയവും ഉണ്ടാകും എന്നു പറഞ്ഞു.

ഇന്ദ്രാദികൾ അപ്രകാരം ചെയ്യാമെന്നു സമ്മതിച്ചു് ബ്രഹ്മലോകത്തിൽ നിന്നും തിരിച്ചുപോയി വിശ്വരൂപനെ ചെന്നുകണ്ടു് വന്ദിച്ചു് ഗുരുവാക്കി വരിച്ചു് ദേവലോകത്തിൽ കൊണ്ടുപോയി. അദ്ദേഹത്തിന്റെ ഉപദേശപ്രകാരം വേണ്ടുന്ന സല്ക്കർമ്മങ്ങൾ എല്ലാം ചെയ്തുതുടങ്ങി. വിശ്വരൂപൻ ദേവേന്ദ്രനു വിജയപ്രദവും, വിശ്വവിശ്രുതവും ആയ 'ശിവകുവചം, എന്ന ദിവ്യമന്ത്രം ഉപദേശിച്ചുകൊടുത്തു. അതിന്റെ പ്രഭാവം കൊണ്ടു് ഇന്ദ്രൻ അന്നുമുതൽ വിജയിയായും തീർന്നു. വിശ്വരൂപൻ യാഗം ചെയ്തു് പ്രത്യക്ഷത്തിൽ ദേവന്മാർക്കും, അപ്രത്യക്ഷമായി സ്വപക്ഷക്കാരായ അസുരന്മാർക്കും ഹവിസ്സു നല്തിവന്നു. ജ്ഞാനദൃഷ്ടികൊണ്ടുനോക്കി ഈ വിവരം മനസ്സിലാക്കിയ ദേവേന്ദ്രൻ, കോപപ്രചോദിതനായിട്ടു് ചതിയനായ ഇവനെ ഇനിമേൽ‌ വച്ചേക്കാൻ പാടില്ലെന്നു നിശ്ചയിച്ചു് വജ്രം പ്രയോഗിച്ചു് വിശ്വരൂപന്റെ മൂന്നുശ്ശിരസ്സും മുറിച്ചു. അതിൽ സോമപാനം ചെയ്ത വാദനത്തോടുകൂടി ശിരസ്സു് കപിഞ്ജലപ്പക്ഷിയും, അന്നപാനം ചെയ്ത വദനത്തോടുകൂടിയ ശിരസ്സു തിത്തിരിപ്പക്ഷിയും, മധുപാനം ചെയ്ത വദനത്തോടുകൂടിയ ശിരസ്സു് ഊർക്കുയിലിന്റെ രൂപമായും ഭവിച്ചു് ആകാശത്തിൽ പറന്നുപോയി. വിശ്വരൂപവധംകൊണ്ടുണ്ടായ ബ്രഹ്മഹത്യാദോഷം അപ്പോൾമുതൽ ദേവേന്ദ്രനെ പീഡിക്കുവാനും തുടങ്ങി. ഒരുവർഷം കഴിഞ്ഞിട്ടും ആ പാപത്തിനു ശാന്തി കാണായ്ക്കയാൽ മറ്റുള്ള ദേവന്മാരും താപസന്മാരുമായി ആലോചി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/50&oldid=170730" എന്ന താളിൽനിന്ന് ശേഖരിച്ചത്