ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആറാം അദ്ധ്യായം_ഒന്നാം ലീല ൩൧


നുവേണ്ടി ഉപേക്ഷിക്കുന്നതു വളരെ നല്ലതാണെന്നും നിശ്ചയിച്ചു് ബ്രഹ്മദ്വാരം ഭേദിച്ച് ശിവസാരൂപ്യം കൈകൊണ്ടു് വിമാനത്തിൽ കയറി പരലോകത്തേക്കു പോവുകയും സ്ഥൂലശരീരം ദേവകാര്യത്തിനായി ഉപേക്ഷിക്കുകയും ചെയ്തു.

ഇന്ദ്രാദികൾ ഉടൻതന്നെ ദധീചിമഹർഷിയുടെ ശരീരമദ്ധ്യസ്ഥിതമായ വീണാദണ്ഡം എന്ന അസ്ഥിയെടുത്തു വിശ്വകർമ്മാവിന്റെ കൈയ്യിൽ കൊടുത്തു വജ്രായുധം ഉണ്ടാക്കാൻ പറഞ്ഞു. വിശ്വകർമ്മാവും അതുകൊണ്ട് വളരെ ഫലപ്രദമായ ഒരു വജ്രം നിർമ്മിച്ചു ദേവേന്ദ്രനു കൊടുത്തു. ദേവേന്ദ്രൻ പുതിയ വജ്രായുധപാണിയായി ഐരാവതത്തിന്റെ പുറത്തു കയറിച്ചെന്ന് വൃത്രാസുരനെ പോരിനു വിളിച്ചു. മദോന്മത്തനായ വൃത്രാസുരൻ അതുകേട്ടു ചാടിപ്പുറപ്പെട്ടു ചെന്നപ്പോൾ ഇന്ദ്രന്റെ കയ്യിൽ പുതിയ വജ്രായുധം ഇരുന്നുജ്ജ്വലിക്കുന്നതുകണ്ടു് കാര്യം മനസ്സിലാക്കി യുദ്ധാങ്കണത്തിൽ നിന്നും ഓടിപ്പോയി കടലിൽ ഒളിച്ചുകളഞ്ഞു. ഇന്ദ്രാദികൾ ഉടൻതന്നെ ബ്രഹ്മലോകത്തിൽ പോയി പിതാമഹനോടു കാര്യം പറ‌ഞ്ഞു. അദ്ദേഹം അതുകേട്ടു് നിങ്ങൾ പോയി അഗസ്ത്യനോടു കാര്യം പറവിൻ. അദ്ദേഹം സമുദ്രജലം കുടിച്ചുവറ്റിച്ചുതരും" എന്നും പറഞ്ഞു ദേവന്മാരെ നമ്മുടെ അടുക്കലേക്കു പറഞ്ഞയച്ചു. ‌അവർ വന്നു വൃത്രാസുരവധത്തിനായി സമുദ്രജലം കുടിച്ചുവറ്റിച്ചുകൊടുക്കണമെന്നു എന്നോടപേക്ഷിച്ചു. ഞാൻ ഹാലാസ്യനാഥനായ സുന്ദരേശനെ ഭക്തിപൂർവം സ്മരിച്ചുംകൊണ്ടു കടലിൽ ഉള്ള വെള്ളം എല്ലാം കൂടി വലത്തെ ഉള്ളംകയ്യിൽ ആക്കി പാനംചെയ്തു. ഉടനെ സമുദ്രമധ്യത്തിൽ ഉള്ള ഒരു വിസ്തൃതമായ പർവതത്തിങ്കൽ പത്മാസനസ്ഥനായി, ഇന്ദിയങ്ങളും അടക്കി കല്ലുപോലെ നിശ്ചലനായി പരബ്രഹ്മത്തിൽ മനസ്സും ലയിപ്പിച്ച് യോഗനിഷ്ഠയിൽ ഇരിക്കുന്ന വൃത്രാസുരനെ ദേവേന്ദ്രൻ കണ്ടു അതിതീക്ഷ്ണശക്തിയോടു കൂടിയതായ തന്റെ പുതിയ വജ്രായുധം പ്രയോഗിച്ചു അവന്റെ തലയറുത്തു കൊന്നു. അപ്പോൾ തുടങ്ങി വൃത്രാസുരവധം കൊണ്ടുണ്ടായതും അതിഭയംകരവും ആയ ബ്രഹ്മഹത്യാപാപംഛായാരൂപിണിയായിവന്നു മുസലായുധം കൊണ്ടു ദേവേന്ദ്രനെ താഡിക്കാൻ ആരംഭിച്ചു. ദേവേന്ദ്രൻ നോക്കുന്ന ദിക്കിലെല്ലാം ഛായാരൂപിണിയായ ബ്രഹ്മഹത്യയെ അല്ലാതെ കാണ്മാനില്ലാതെ ആയി. ദേവേന്ദ്രൻ തൽക്ഷണംതന്നെ അവിടെനിന്നും ഭയന്നോടി രുദ്രലോകത്തിൽപോയി താമരത്തണ്ടിന്റെ നാളത്തിനകത്തു പ്രവേശിച്ചു ഗുരുധ്യാനത്തോടുകൂടെ ഒരു താമരനൂലിൽ അനേകായിരം വർഷം ഒളിച്ചിരുന്നു. അക്കാലത്തായിരുന്നു ചന്ദ്രവംശജാതനായ നഹുഷൻ ദേവലോകം ഭരിച്ചതും ഗർവിഷ്ടനായ അവൻ എന്നെ അപമാനിച്ചതുമൂലം ഞാൻ അവനെ ശപിച്ചു സർപ്പമാക്കി ഭൂമിയിലേക്കു തള്ളിയയച്ചതും.

വളരെക്കാലമായിട്ടെ താമരത്തണ്ടിനകത്തു ബ്രഹ്മഹത്യയെ ഭയന്നും ഗുരുഭൂതനായ ബൃഹസ്പതിയെ നിഷ്കളങ്കഭക്തിയോടുകൂടെ ധ്യാനിച്ചും, അന










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/53&oldid=170733" എന്ന താളിൽനിന്ന് ശേഖരിച്ചത്