ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആറാം അദ്ധ്യായം_ഒന്നാം ലീല ൨൫



തുപോലെ വൃതഹത്യയും ‌ഉടനടിനശിച്ചു. വൃത്രഹത്യാപാപനാശം കൊണ്ട് സന്തുഷ്ടനായ ദേവേന്ദ്രൻ വിശ്വകർമ്മാവിനോട് ലിംഗരക്ഷക്കയി അതിവേഗത്തിൽ ഒരു അത്ഭുതദിവ്യവിമാനം ഉണ്ടാക്കിക്കൊണ്ടുവരുന്നതിനും ദേവന്മാരോട് ശിവലിംഗപൂജയ്ക്കുവേണ്ട പുഷ്പങ്ങൾ കൊണ്ടുവരുന്നതിനും കല്പിച്ചിട്ട് തന്റെ കൈകൾകൊണ്ടുതന്നെ ലിംഗത്തിനു ചുറ്റുമുണ്ടായിരുന്ന പുല്ലുകളും ചെടികളുമെല്ലാം പറിച്ചുകളഞ്ഞു് ആ സ്ഥലം കണ്ണാടിപോലെ മിനുസമാക്കി. അനന്തരം ജാജ്വല്യമാനമായി പ്രകാശിക്കുന്ന ആ സ്വയംഭൂലിംഗത്തിനു അദ്ദേഹത്തിന്റെ കുടയെടുത്തുപിടിക്കാൻ തുടങ്ങിയപ്പോൾ‌ രണ്ടാമത്തെ മഹാമേരുവോ എ​ന്നു ആരും സംശയിച്ചുപോകുന്നതും സർവദേവന്മാരാലും അതിഷ്ടിതമായതും അഷ്ടദിക്കുകളിലുംകൂടി എട്ടുഗജങ്ങളാലും അതിന്നുമേൽ മുപ്പത്തിരണ്ടു സിംഹങ്ങളാലും അറുപത്തിനാലു ദേവഗണങ്ങളാലും ധരിക്കപ്പെടുന്നതായും വിവിധരത്നങ്ങൾ ചേർത്തു വിചിത്രമായി നിർമ്മിക്കപ്പെട്ടതും ഉതിച്ചുയരുന്ന സൂര്യനേക്കാളും പ്രഭയോടുകൂടിയതും ഹേമകുംഭവിരാജിതമായതും വൃഷാഭാങ്കിതമായ ധ്വജത്താൽ പരിശോഭിതമായതും കൊടിക്കൂറകളും കിങ്കിണിക്കൂട്ടങ്ങളും മുത്തുമാലകളും മറ്റുംകൊണ്ട് മനോമോഹമാംവണ്ണം വിതാനിക്കപ്പെട്ടതും ദിവ്യങ്ങളായ ഛത്രചാമരങ്ങളാൽ അലംകൃതമായതും ആയ ഒരു ഉത്തമവിമാനത്തെ വിശ്വകർമ്മാവ് കൊണ്ടുവന്നു. ദേവേന്ദ്രൻ ദിവ്യമായ ആ വിമാനംകണ്ട് അത്യന്തം അത്ഭുതപരവശനായി. അനന്തരം നല്ലതായ ഒരു മുഹൂർത്തത്തിൽ വിമാനം അവിടെ പ്രതിഷ്ഠിച്ചു. അതിന്റെശേഷം ദേവേന്ദ്രൻ വിശ്വകർമ്മാവിനോട് ക്ഷേത്രമുണ്ടാക്കാൻ കല്പിച്ചു. വിശ്വകർമ്മാവ് അദ്ദേഹത്ത്ന്റെ തപശ്ശക്തികൊണ്ട്, അഞ്ചുമതിൽക്കെട്ടുകളോടും അനവധി മണ്ഡപങ്ങളോടും, ഗോപുരങ്ങളോടും കൂടിയതായ ഒരു മഹാക്ഷേത്രം ഉണ്ടാക്കി. ദേവിക്കും ദിവ്യമായ ഒരു പ്രസാദം നിർമ്മിച്ചു. പരിവാരങ്ങൾക്കും വിവിധങ്ങളായ ആലയങ്ങളും അതിലെല്ലാം പ്രതിമകളും​ ഉണ്ടാക്കി. തീർത്ഥത്തിനു നാലുവശവും കല്പടകളുംകെട്ടി. ഇതെല്ലാം കാണുന്തോറും ദേവേന്ദ്രനു ഭക്തിയും ഉത്സാഹവും വർദ്ധിച്ചു. ഈ അവസരത്തിൻ പൂവിറുക്കാർ പോയിരുന്ന ദേവന്മാർ വന്നു പൂവില്ലെന്നു പറഞ്ഞു. ദേവേന്ദ്രൻ അവരോട് എന്നാൽ നിങ്ങൾ ദേവലോകത്തുപോയി പുഷ്പങ്ങൾ,. സുഗന്ധദ്രവ്യങ്ങൾ അക്ഷതങ്ങൾ, പൊന്നുകൊണ്ടുള്ള പൂജാപാത്രങ്ങൾ, ദിവ്യാംബരങ്ങൾ, ആഭരണങ്ങൾ മുതലായി ശിവപൂജയ്ക്കുവേണ്ടുന്ന സകല സാധനങ്ങളും കൊണ്ടുവരുവിൻ എന്നും പറഞ്ഞു അനവധി ദേവന്മാരെ അയച്ചു. അനന്തരം ഇന്ദ്രൻ അവിടെയുള്ള അതിഗഹനങ്ങളായ വനങ്ങളിൽപോലും തന്റെ ആയിരം കണ്ണുകൊണ്ടും പുഷ്പങ്ങളെ തേടിയതിലും കിട്ടാഞ്ഞു് ഇഛാഭംഗത്തോടുകൂടെ തിരിച്ചു തീർത്ഥതീരത്തിൽ വന്നപ്പോൾ ഭക്തവത്സലനും കരുണാനിധിയുമായ പരമേശഅവരൻ, ദേവേന്ദ്രൻ ഒരു യഥാർത്ഥഭക്തൻ എന്നും അദ്ദേഹത്തിനു തന്നെ പൂജിക്കുന്നതിൽ വളരെ താല്പര്യമുണ്ടെന്നും മനസ്സിലാക്കി ആ തീർത്ഥക്കുളത്തിൽ അനവധി സ്വർണ്ണത്താമരകളെ നിർമ്മിച്ചു. ശിവതീർത്ഥം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/57&oldid=170737" എന്ന താളിൽനിന്ന് ശേഖരിച്ചത്