ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൬ ഹാലാസ്യമാഹാത്മ്യം


സ്വർണ്ണത്താമരകളെക്കൊണ്ടു് പരിപൂർണ്ണമായിക്കണ്ടപ്പോൾ ദേവേന്ദ്രനു് അതിരില്ലാത്ത സന്തോഷം ഉണ്ടാവുകയും ശിവതീർത്ഥത്തിനു് ഹേമപത്മിനി എന്ന് പേരിടുകയും ചെയ്തുംവച്ചു് തടാകത്തിൽ ഇറങ്ങി പരമേശ്വരനെ പൂജിക്കുന്നതിന് വേണ്ട താമരപ്പൂക്കളേയും പറിച്ചുംകൊണ്ടു് സുന്ദരേശ്വരലിംഗ സന്നിദാനത്തിൽ ചെന്നപ്പോൾ പൂജാദ്രവ്യങ്ങളെ കൊണ്ടുവരാനായി ദേവലോകത്തിൽ പോയിരുന്ന ദേവന്മാരും പൂജയ്ക്കുവേണ്ടുന്ന സംഭാരങ്ങളുമായിവന്നു. അതിന്റെ ശേഷം ദേവേന്ദ്രൻ എല്ലാ വിധികളും അറിയാവുന്ന വാചസ്പതിയെക്കൊണ്ടും ദേവന്മാരെക്കൊണ്ടും ദിവ്യന്മാരായ മുനികളെക്കൊണ്ടും ജ്ഞാനശക്തിമയമായ ശിവലിംഗത്തിൽ വിശ്വകർമ്മാവുണ്ടാക്കിയ ക്രിയാശക്തിരൂപമായ പീഠത്തെ വിധിപ്രകാരം ചേർപ്പിക്കുകയും ആ മഹാലിംഗത്തിന്റെ സന്നിധിയിങ്കൽതന്നെ ദേവിയുടേയും പരിവാരങ്ങളുടേയും ബിംബങ്ങളെ പ്രദിഷ്ഠിക്കുകയും ചെയ്ത. അനന്തരം മുനിപുംഗന്മാർ ശ്രുതിപ്രോക്തങ്ങളായ രുദ്രസൂക്തങ്ങളെ ഭക്തിയോടുകൂടെ അത്യുച്ചത്തിൽ ചൊല്ലി സ്തുതിക്കുകയും ഗന്ധർവന്മാർ ഗാനം ചെയ്യുകയും അപ്സരസ്ത്രീകൾ വാദ്യഘോഷത്തോടെ ആടുകയും ചെയ്യവെ ദേവേന്ദ്രൻ‌, പഞ്ചഗവ്യം പഞ്ചാമൃതം ശുദ്ധജലം ഇവകൾ കൊ​ണ്ട് മഹാലിംഗത്തെ അഭിഷേകം ചെയ്കയും ദിവ്യങ്ങളായ വസ്ത്രാഭരണങ്ങളും കുസുമങ്ങളും ചാർത്തി സുവർണ്ണപത്മങ്ങൾ, പാരിജാതപുഷ്പങ്ങൾ, ധൂപദീപങ്ങൾ, നൈവേദ്യസാധനങ്ങൾ, താംബൂലം ഇവകൾകൊണ്ടു് ഭക്തിയോടുകൂടെ പൂജിക്കുകയും അനവധി പ്രാവശ്യം പ്രദക്ഷി​ണനമസ്കാരം ചെയ്യുകയും ‌ചെയ്തുംവച്ചു് എഴുനേറ്റുനോക്കിയപ്പോൾ ശിവലിംഗം വളരെ സൌന്ദര്യമുള്ളതായിക്കാണുകയാൽ, ശിവലിംഗത്തിൽ സാന്നിധ്യംചെയ്യുന്ന ദേവന്റെ നാമധേയം സുന്ദരേശ്വരൻ എന്നാണെന്നു അദ്ദേഹം പറഞ്ഞു. വീണ്ടും നോക്കിയപ്പോൾ ബാലാദിത്യനെപ്പോലെയുള്ള പ്രകാശത്തോടും പേരിനു തുല്യമായ ദിവ്യസൌന്ദര്യത്തോടും മഴുവ് , മാൻ, വരദം, അഭയം ഇവകളെ ധരിച്ചിട്ടുള്ള പാണികളോടും ഗംഗാനദി, ചന്ദ്രക്കല ഇവകളാൽ പരിശോഭിതമായ കിരീടത്തോടും, മുത്തുമാല, കുണ്ഡലം, തോൾവളകടകം, മുതലായ ആഭരണങ്ങളോടും കൂടിയവനും തൃനേത്രധാരിയും സുസ്മിതവദനനും ദിവ്യാംബരദാരിയും ദിവ്യപുഷ്പഗന്ധാലംകൃതനും കരുണാവരുണാലയനും ആയ സോമനുന്ദരമൂർത്തിയെ സൌന്ദര്യശാലിനിയായ ഭഗവതിയോടുകൂടെ ആ മഹാലിംഗത്തിൽ കാണായിവന്നു. വാമാംഗസംസ്ഥയായ ഭഗവതിയുമൊന്നിച്ച് സുന്ദരരൂപിയായിപ്രത്യക്ഷനായ ഭഗവാനെക്കണ്ട് ആനന്ദപരവശനായ ദേവേന്ദ്രൻ ഭക്തിപൂർവം ഇങ്ങനെ സ്തുതിച്ചു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/58&oldid=170738" എന്ന താളിൽനിന്ന് ശേഖരിച്ചത്