ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആറാം അദ്ധ്യായം - ഒന്നാംലില. ൩൯

മമായ ഈ മൂലലിംഗത്തെ ദിവസംപ്രതിയും പൂജിച്ചാൽ കൊള്ളാമെന്നു ഞാൻ ആഗ്രഹിക്കുന്നു. നിന്തിരുവടി അതിനു അനുവാദം തരണമെന്നപേക്ഷിച്ചപ്പോൾ ഭഗവാൻ ഇങ്ങനെ മറുപടി പറഞ്ഞു:..... അല്ലയോ വാസവ! ഋതുക്കളിൽ വസന്തഋതുവും, മാസങ്ങളിൽ മേടമാസവും, തിഥികളിൽ പൗർണ്ണിമയും, നക്ഷത്രങ്ങളിൽ ചിത്തിരയും വളരെ ഉത്തമമായതാണു. ഇതുകൾ എല്ലാം ഒത്തുവന്ന ഇന്നേ ദിവസം നീ എന്നെ പൂജിച്ചതുകൊണ്ടു, ഞാൻ ഏറ്റവും തൃപ്തനായിരിക്കുന്നു. അതുകൊണ്ടു മേലും ഇങ്ങനെവരുന്ന പുണ്യവാസരങ്ങളിൽ ദേവന്മാരോടുകൂടെ ഭഗവാൻ ഇവിടെ വന്ന് ഹേമപത്മിനിയിൽ സ്നാനംചെയ്തു, മഹാലിംഗസ്വരൂപിയായ എന്നെ സുവർണ്ണപത്മങ്ങൾകൊണ്ടു പൂജിച്ച് ജപഹോമതർപ്പണങ്ങളും, ലിംഗദർശനവും, ദാനവും ചെയ്താൽ മതിയാവുന്നതാണു. ഇവിടെവച്ചു യഥാശക്തി ചെയ്യുന്ന ദാനത്തിനു അന്യസ്ഥലങ്ങളിൽവച്ചു ചെയ്യുന്നതിൽനിന്നു ലക്ഷോപിലക്ഷം മടങ്ങു ഫലം അധികം കിട്ടുന്നതാണ്. അതുകൊണ്ടു എല്ലാവരും ഇവിടെ വന്നു, യഥാശക്തി ദാനജപാദികളും സ്നാനവും ചെയ്യേണ്ടതു അത്യാവശ്യമാകുന്നു. അപ്രകാരം ചെയ്യുന്നവരുടെ സർവപാപങ്ങളും ശമിക്കുമെന്നു മാത്രമല്ല അവർക്കു ദിവ്യൈശ്വര്യങ്ങൾ ലഭിയ്ക്കുകയും, പൂർവാധികം യശസ്സും, വീര്യവും, പ്രഭാവവും, ഓജസ്സും, തേജസ്സും സിദ്ധിക്കുകയും ശത്രുഭയം തീരുകയും ചെയ്യുന്നതാണു. അല്ലയോ ദേവേന്ദ്ര! ഇനി നീ ദേവലോകത്തേയ്ക്കു സർവ്വദേവന്മാരോടുംകൂടെ മടങ്ങിപ്പോയി സർവ്വത്രവിജയിയായി മഹാഭോഗങ്ങളെ ഭുജിച്ചു സന്തോഷചിത്തനായി വസിച്ചുകൊള്ളുക. അവസാനത്തിൽ അതിദുർല്ലഭമായ എന്റെ സായൂജ്യപദവി നിനക്കു ലഭിക്കുന്നതാണു. നീ എന്നെ സ്തുതിച്ചുചൊല്ലിയ സ്തോത്രങ്ങളെ പഠിക്കുന്നവർ ആരുതന്നെ ആയിരുന്നാലും അവർക്കു ഞാൻ നാലു പുരുഷാർത്ഥങ്ങളെയും തീർച്ചയായും കൊടുക്കും.

ഭഗവാനായ സുന്ദരേശ്വരൻ ദേവേന്ദ്രനു ഇപ്രകാരം വരവും കൊടുത്തും വച്ച് തന്റെ മൂലലിംഗത്തിൽ തിരോധാനം ചെയ്തു. വരപ്രസാദവും പാപമോചനവുംകൊണ്ടു; തൃപ്തനായ ദേവേന്ദ്രൻ വീണ്ടും മൂലലിംഗത്തിനു പ്രദക്ഷിണം വയ്ക്കുകയും, ഭക്തിപൂർവം സ്തുതിച്ചു നമസ്കരിക്കുകയും ചെയ്തിട്ടു ഹാലാസ്യനാഥനായ സുന്ദരേശ്വരനെ ഹൃല്പുണ്ഡരീകമദ്ധ്യത്തിൽ ധ്യാനിച്ചിരുന്നിട്ടു നൂറ്റിഎട്ടു ഉരു പഞ്ചാക്ഷരമന്ത്രം ജപിച്ചു. അനന്തരം അല്ലയോ ഭഗവാനെ! ശങ്കര! ശംഭോ! ദേവദേവേശ! സോമസുന്ദര! ഞാൻ ചെയ്തിട്ടുള്ള സകലതെറ്റുകളും ക്ഷമിച്ചു നിന്തിരുവടി അടിയനെ സദാനേരവും രക്ഷിച്ചു കൊള്ളേണമേ! എന്നിങ്ങനെ അപേക്ഷിച്ചിട്ടു ഗുരുഭ്രതനായ ബൃഹസ്പതിയേയും, വന്ദിച്ചു പൂജയെ അവസാനിപ്പിച്ചു ദേവന്മാരോടൊന്നിച്ചു ദേവലോകത്തേക്കു മടങ്ങിപ്പോയി. അന്നുമുതൽ ആണ്ടുതോറും മേടമാസത്തിലെ ചിത്തിരനാളിൽ ഇന്ദ്രൻവന്നു ഹാലാസ്യത്തിലെ മൂലലിംഗത്തെ പൂജിക്കുന്ന പതിവുമുണ്ടു. മേല്പറഞ്ഞ പുണ്യദിവസത്തിൽ ഹാലാസ്യത്തിൽ പോയി സുന്ദ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/61&oldid=170741" എന്ന താളിൽനിന്ന് ശേഖരിച്ചത്