ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൪൮ ഹാലാസ്യമാഹാത്മ്യം

അത്ഭുതപ്പെട്ടു. അനന്തരം അവർ ഹേമപത്മിനിയിൽ ഇറങ്ങി സ്നാനംചെയ്തു സോമസുന്ദരനെ നമസ്കരിച്ചു പുറത്തിറങ്ങി നാലുവശത്തുംനോക്കി പുരം നിർമ്മിക്കേണ്ടതെവിടെയെന്നു ആലോചിച്ചുകൊണ്ടുനില്ക്കുമ്പോൾ തലേദിവസംരാത്രിയിൽ രാജാവിന്റെ മുമ്പിൽ പ്രത്യക്ഷമായ സിദ്ധൻ അവിടേയും പ്രത്യക്ഷമായി പുരത്തിനുള്ള സ്ഥലം കാണിച്ചുകൊടുത്തുംവച്ചു അന്തർദ്ദാനംചെയ്തു. ഉടനെ രാജാവു മന്ത്രിമാരോടു, ഈ സിദ്ധൻ ആയിരുന്നു ഇന്നലെ സ്വപ്നത്തിൽ പ്രത്യക്ഷനായി ഇവിടെ ഒരുപുരം നിർമ്മിയ്ക്കണമെന്നാജ്ഞാപിച്ചതെന്നുപറഞ്ഞു. മന്ത്രിമാർ അതുകേട്ടു ബ്രഹ്മാവിഷ്ണുമഹേന്ദ്രാദികൾക്കുപോലും അദൃശ്യനായഭഗവാനെ അങ്ങേക്കുപ്രത്യക്ഷത്തിൽ കാണുന്നതിനുസംഗതിയായതുവിചാരിക്കുമ്പോൾ അവിടുത്തെ ഭാഗ്യം അനിതരസാധാരണമെന്നു മാത്രമല്ല മേല്ക്കുമേൽ നമുക്കു അഭിവൃദ്ധിയുണ്ടാകുമെന്നും തീർച്ചയാക്കേണ്ടിയിരിക്കുന്നു. ഇനി ഒട്ടും താമസിക്കാതെതന്നെ ഇവിടെ ഒരു പുരം ഉണ്ടാക്കണം. അതു ഭൂലോകവാസികൾക്കെല്ലാം ഒരുവലിയ ഭാഗ്യകാരണമായിത്തീരും, ഗണങ്ങളാലും ദന്തികളാലും സിംഹങ്ങളാലും വിരാജിതമായിരിക്കുന്ന വിമാനവും, ഗോപുരങ്ങളും പ്രാകാരങ്ങളുമെല്ലാം യഥാസ്ഥാനത്തിൽ യാതൊരുദോഷവും കൂടാതെയാണ് നിൽക്കുന്നതെങ്കിലും ഇവയെല്ലാം നമുക്കൊന്നുകൂടി ഭംഗിപിടിപ്പിക്കണം.

സചിവപ്രധാനിമാരുടെ അഭിപ്രായത്തെ കുലശേഖരപാണ്ഡ്യരാജാവും സമ്മതിച്ചു. അനന്തരം ഭൃത്യന്മാരെക്കൊണ്ട് ആ വനത്തിൽ ഉണ്ടായിരുന്ന വലിയവലിയ വൃക്ഷങ്ങൾ എല്ലാം മുറിപ്പിച്ച് കാടുതെളിക്കുകയും, നിമ്നോന്നതമായിക്കിടന്ന ഭൂമിയെ ഇടിച്ചുനിരത്തി സ്ഥലം നിരപ്പുള്ളതാക്കിത്തീർക്കുകയുംചെയ്തു. അതില്പിന്നെ പുരംനിർമ്മിക്കുവാൻ തുടങ്ങി. അത്യുന്നതങ്ങളായ ഗോപുരങ്ങളും മതില്ക്കെട്ടുകളും സുവർണ്ണമയങ്ങളായ താഴികക്കുടങ്ങളും മറ്റുംകൊണ്ടുശോഭിക്കുന്നതും വലിയ വാതലുകളോടുകൂടിയതുമായ അനവധിമന്ദിരശ്രേണികളും തോരണസ്തംഭങ്ങളും ഫുല്ലങ്ങളായ അരവിന്ദങ്ങളുടേയും കൽഹാരകുസുമങ്ങളുടേയും മധുവുതേടിപ്പറക്കുന്ന വണ്ടിൻ കൂട്ടങ്ങളെക്കൊണ്ടു ശോഭായമാനമായ തടാകങ്ങളും, തെങ്ങ്, മാവ്, പ്ലാവ്, കമുക്, താളിമാതളം, നാരകം മുതലായ ഫലവൃക്ഷങ്ങളും വില്വാദികളായ അനവധി മറ്റുവൃക്ഷങ്ങളും, അനവധി പുഷ്പവല്ലികളും നിറഞ്ഞ തോട്ടങ്ങളും നാനാജാതിക്കാർക്കു താമസിക്കാനായി യഥോചിതസ്ഥാനങ്ങളിൽ അനവധി മന്ദിരവീഥികളും ആപണവീധികളും ജനോപയോകകരങ്ങളായ മറ്റനവധി സ്ഥാപനങ്ങളും അതിനുചുറ്റും നിർമ്മിച്ചു. ക്ഷേത്രങ്ങൾ, വേദപാരായണമണ്ഡപങ്ങൾ-ജപമണ്ഡപങ്ങൾ, നമസ്കാരമണ്ഡപങ്ങൾ, ഉത്സവമണ്ഡപങ്ങൾ, യാഗമണ്ഡപങ്ങൾ, മഠപ്പള്ളികൾ, ദേവതാസ്ഥാനങ്ങൾ, വലതുവശത്തായി ഭഗവതി ക്ഷേത്രം മുതലായ അനവധി ആലയങ്ങളെ മതില്ക്കകത്തും ഉണ്ടാക്കി. കുതിരപ്പന്തി, ആനപ്പന്തി, രഥവീഥി, ഉത്സവവീഥി, രാജനിലയനങ്ങൾ, അത്യുന്നതങ്ങളായ മാളികകൾ, സഭാമന്ദിരങ്ങൾ,










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/70&oldid=170750" എന്ന താളിൽനിന്ന് ശേഖരിച്ചത്