ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഒമ്പതാം അദ്ധ്യായം__നാലാംലീല ൫൫

യനാരംഭസംക്രമമാകുന്ന പുണ്യകാലത്തിൽ അവൾ ഹാലാസ്യത്തിൽ എത്തി. പുരുഷന്മാരാൽപോലും ദുഷ്കരവും ഒരുവർഷംകൊണ്ടു കാലംകൂചുന്നതുമായ ഒരു വ്രതം എടുത്തു വിദ്യാവതിദിവസംപ്രതിയും കാലത്തെ ഹേമപത്മിനിയിൽകുളിച്ചു വിഘ്നേശ്വരനെ പൂജിച്ചു ദേവിയേയും ദേവനേയും വന്ദിച്ചു ഭക്തിപൂർവം തപസ്സിദ്ധിയേയും പ്രാർത്ഥിച്ചു ദേവിയുടെ സന്നിധിയിൽചെന്നു ശ്യാമളയായും, പത്മദളംപോലെ കോമളയായ നേത്രയുഗങ്ങളോടുകൂടിയതായും, മകരന്ദമൊഴുകുന്നതും, വികസിച്ചതും ആയ കൽഹാരപുഷ്പങ്ങളെ ധരിച്ചിട്ടുള്ള ഭൂജദ്വയങ്ങളോടുകൂടിയതായും, രക്തവസ്ത്രാംബം ഗന്ധമാല്യാലംകൃതമായും ഉള്ള മീനാക്ഷീവിഗ്രഹത്തെ മനസ്സിൽ ധ്യാനിച്ചുകൊണ്ടു നൂറ്റി എട്ടുകുടം നിറയ തീർത്ഥജലംകോരി ബിംബാഭിഷേകംചെയ്തു, ദിവ്യവസ്ത്രാഭരണങ്ങളും സുഗന്ധദ്രവ്യങ്ങളും ആയിരത്തെട്ടു താമരപ്പൂക്കൾകൊണ്ടു കെട്ടിയുണ്ടാക്കിയ മാലയും ചാർത്തി ഭഗവതിയെ പൂജിച്ചു ഒരുനേരംമാത്രം ഭക്ഷണവും കഴിച്ചുംകൊണ്ടു ആദ്യത്തെ മാസം കഴിച്ചുകൂട്ടി. രണ്ടാം മാസം രാത്രിയിൽ മാത്രം ഭക്ഷിച്ചും, മൂന്നാംമാസത്തിൽ യാചിച്ചുകിട്ടിയതിനെ മാത്രം ഭക്ഷിച്ചും, നാലാമത്തെ മാസത്തിൽ ഫലമൂലങ്ങൾ മാത്രം ഭക്ഷിച്ചും, അഞ്ചാമത്തെ മാസത്തിൽ തിലപിഷ്ടം ഭക്ഷിച്ചും, ആറാം മാസത്തിൽ ചന്ദ്രായണവ്രതമെടുത്തും, ഏഴാമത്തെ മാസം പഞ്ചഗവ്യാശനംകൊണ്ടും, എട്ടാമത്തെ മാസത്തിൽ വെള്ളം മാത്രം കുടിച്ചും, ഒമ്പതാമത്തെ മാസത്തിൽ പയോവ്രതം അനുഷ്ഠിച്ചും, പത്താമത്തെ മാസത്തിൽ ദർപ്പയുടെ അറ്റത്തുപറ്റിയ വെള്ളത്തുള്ളികളെപ്പാനംചെയ്തും, പതിനൊന്നാം മാസത്തിൽ വായുഭക്ഷണംചെയ്തും, പന്ത്രണ്ടാമത്തെ മാസത്തിൽ യാതൊന്നും ഭക്ഷിക്കാതെയും കഴിച്ചുകൂട്ടി. ഇങ്ങനെ കഠിനവ്രതം എടുത്ത് പന്ത്രണ്ടുമാസവും നയിച്ചു പതിമൂന്നാം മാസം പുറന്നദിവസവും കാലത്തെ വിദ്യാവതി പതിവുപോലെ ഹേമപത്മിനിയിൽ കുളിച്ചു നിത്യകർമ്മങ്ങളുമെല്ലാം ചെയ്തു ഭഗവതിയുടെ സന്നിധാനത്തിൽ ചെന്നപ്പോൾ മീനാക്ഷീഭഗവതി ശ്യാമളയും, കൽഹാരകുസുമാലംകൃതപാണിയും, മന്ദഹാസസാഞ്ചിതസുന്ദരമുഖിയും, ദിവ്യവസ്ത്രാഭരണവിഭൂഷിതയും ആയ മൂന്നു വയസ്സുപ്രായമുള്ള ഒരു കുട്ടിയുടെ രൂപത്തിൽ പ്രത്യക്ഷമായി വിദ്യാവതിയോടു നിനക്കെന്തൊരുവരം വേണമെന്നു ചോദിച്ചു.

നത്രാനന്ദകരമായ ഭഗവതീരൂപം കാണുന്നതിനുണ്ടായ ഭാഗ്യം കൊണ്ടു അതിരില്ലാത്ത സന്തോഷത്തിൽ മുഴുകിപ്പോയ വിദ്യാവതി കന്യകയായ ഭഗവതിയെ സാഷ്ടാംഗമായി പ്രണമിച്ചിട്ടു ഭക്തിപൂർവം ഇങ്ങനെ സ്തുതിച്ചു.

യാദേവിജഗതാംകർത്ത്രീ ശങ്കരസ്യാപിശങ്കരീ
നമസ്തസ്യൈസുമീനാക്ഷ്യേ ദേവ്യൈമംഗളമൂർത്തയേ ൧

സകൃതാരാധ്യയാംസർവമഭീഷ്ടം ലഭതേജനഃ

നമസ്തസ്യൈസുമീനാക്ഷ്യൈ ദേവ്യൈമംഗളമൂർത്തയേ ൨










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/77&oldid=170757" എന്ന താളിൽനിന്ന് ശേഖരിച്ചത്