തിരഞ്ഞെടുത്ത ഹദീസുകൾ/തഹജ്ജുദ്‌ നമസ്കാരം

തഹജ്ജുദ് തിരുത്തുക

രാത്രി ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ് ദീർഘനേരം അല്ലാഹുവോട് ഏകാന്തതയോടെ പ്രാർഥിക്കുന്ന നമസ്കാരമാണ് തഹജ്ജുദ് നമസ്കാരം. പ്രവാചകന് ഈ നമസ്കാരം നിർബന്ധമായിരുന്നു. മുസ്ലിംകളെ സംബന്ധിച്ച വളരെ പ്രാധാന്യത്തോടെ നിർവ്വഹിക്കാവുന്ന പ്രധാനപ്പെട്ട സുന്നത്ത്(ഐച്ഛികം)നമസ്കാരമാണിത്. റമദാൻ മാസത്തിൽ താറാവീഹ് എന്ന പേരിൽ സംഘടിതമായും ഇത് നിർവ്വഹിച്ചു പോരുന്നു.

1) ആയിശ(റ) നിവേദനം: തിരുമേനി(സ) രാത്രി അവരുടെ മുറിയിൽ വെച്ചാണ് നമസ്കരിക്കാറുണ്ടായിരുന്നത്. ആ മുറിയുടെ ചുമരാവട്ടെ ഉയരം കുറഞ്ഞതായിരുന്നു. അന്നേരം ജനങ്ങൾ നബി(സ)യെ കണ്ടു. അപ്പോൾ തിരുമേനി(സ)യെ തുടർന്ന് കൊണ്ട് അവരും നമസ്കരിക്കാൻ തുടങ്ങി. അങ്ങനെ പ്രഭാതമായി. അപ്പോൾ അവരന്യോന്യം അതിനെക്കുറിച്ച് സംസാരിച്ചു. തിരുമേനി(സ) രണ്ടാമത്തെ രാത്രിയും നമസ്കരിക്കാൻ നിന്നു. അന്നേരവും കുറച്ചാളുകൾ തിരുമേനി(സ)യെ തുടർന്നു നമസ്കരിക്കാൻ നിന്നു. അങ്ങിനെ രണ്ടോ മൂന്നോ രാത്രി അവരപ്രകാരം ചെയ്തു. പിന്നത്തെ ദിവസം വന്നപ്പോൾ തിരുമേനി(സ) മുറിയിലടങ്ങിയിരുന്നു. പുറത്തേക്ക് വന്നില്ല. പ്രഭാതമായപ്പോൾ ജനങ്ങൾ അതിനെക്കുറിച്ച് സംസാരിച്ചു. അപ്പോൾ തിരുമേനി(സ) അരുളി: രാത്രി നമസ്കാരം നിങ്ങൾക്ക് നിർബന്ധമാക്കപ്പെടുമെന്ന് (അപ്രകാരം തെറ്റിദ്ധരിക്കപ്പെടുമെന്ന്) ഞാൻ ഭയപ്പെട്ടു. (ബുഖാരി. 1. 11. 696)

2) ഇബ്നു ഉമർ(റ) നിവേദനം: നബി(സ) അരുളി: രാത്രി നമസ്കാരം ഈ രണ്ടു റക്അത്തു വീതമാണ്. നീ അവസാനിപ്പിക്കുവാൻ ഉദ്ദേശിച്ചാൽ ഒരു റക്അത്തു നമസ്കരിച്ച് നീ നമസ്കരിച്ചതിനെ വിത്റാക്കുക. ഖാസിം പറയുന്നു. എനിക്ക് പ്രായപൂർത്തിയായ ശേഷം ജനങ്ങൾ മൂന്ന് റക്അത്തു കൊണ്ട് വിത്റാക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. രണ്ട് രീതിയും വിശാലമാണ്. ഒന്നിനും കുഴപ്പമില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. (ബുഖാരി. 2. 16. 107)

3) ആയിശ(റ) നിവേദനം: തിരുമേനി(സ) രാത്രിയിൽ പതിനൊന്ന് റക്അത്താണ് നമസ്കരിച്ചിരുന്നത്. അതായിരുന്നു അവിടുത്തെ രാത്രി നമസ്കാരം. നിങ്ങളിൽ ഒരാൾ ഖുർആനിലെ 50 സൂക്തങ്ങൾ ഓതാൻ എടുക്കുന്ന സമയം ആ നമസ്കാരത്തിൽ നബി(സ) ഒരു സുജൂദിന് എടുക്കാറുണ്ടായിരുന്നു. ശേഷം സുബ്ഹ് നമസ്കാരത്തിന് മുമ്പ് നബി(സ) രണ്ടു റക്അത്തു നമസ്കരിക്കും. പിന്നീട് തന്റെ വലതു വശത്തേക്ക് ചരിഞ്ഞു കിടക്കും. നമസ്കാരത്തിന് വിളിക്കുന്നവൻ (ഇഖാമത്ത് കൊടുക്കുന്നവൻ) നബി(സ)യുടെ അടുത്തു വരുന്നതുവരെ ആ നിലക്ക് കിടക്കും. (ബുഖാരി. 2. 16. 108)

4) ഇബ്നു ഉമർ(റ) നിവേദനം: നബി(സ) രാത്രി നമസ്കാരം തന്റെ ഒട്ടകപ്പുറത്ത് ഇരുന്നുകൊണ്ട് അത് എവിടേക്കാണോ അഭിമുഖീകരിച്ചത് അവിടേക്ക് തിരിഞ്ഞുകൊണ്ട് നമസ്കരിക്കാറുണ്ട്. അവിടുന്ന് ആംഗ്യം കാണിക്കും. ഒട്ടകപ്പുറത്തുവെച്ച് തന്നെ വിത്ത്റാക്കുകയും ചെയ്യും. നിർബ്ബന്ധ നമസ്കാരം ഒഴികെ. (ബുഖാരി. 2. 16. 114)

5) മസ്റൂഖ്(റ) പറയുന്നു: ആയിശ(റ) യോട് രാത്രി നമസ്കാരം എത്രയായിരുന്നുവെന്ന് ഞാൻ ചോദിച്ചു. അപ്പോൾ അവർ പറഞ്ഞു 7, 9, 11 എന്നീ ക്രമത്തിൽ സുബ്ഹിന്റെ രണ്ട് റക്അത്ത് പുറമെ. (ബുഖാരി. 2. 21. 240)

6) അബൂസലമ(റ) നിവേദനം: റമളാൻ മാസത്തിലെ നബി(സ)യുടെ രാത്രി നമസ്കാരം എങ്ങിനെയായിരുന്നുവെന്ന് ഞാൻ ആയിശ(റ) യോട് ചോദിച്ചു. അപ്പോൾ അവർ പറഞ്ഞു. നബി(സ) റമളാനിലും റമളാനല്ലാത്ത കാലത്തും പതിനൊന്ന് റക്അത്തിലധികം നമസ്കരിച്ചിട്ടില്ല. ആദ്യം നബി(സ) നാല് റക്അത്ത് നമസ്കരിക്കും. അതിന്റെ നന്മയേയും ദൈർഘ്യത്തേയും കുറിച്ച് നീ ചോദിക്കേണ്ടതില്ല. വീണ്ടും നാല് റക്അത്തു നമസ്ക്കരിക്കും. അതിന്റെ നന്മയേയും ദൈർഘ്യത്തേയും കുറിച്ച് ചോദിക്കേണ്ടതില്ല. പിന്നെ മൂന്ന് റക്അത്ത് നമസ്ക്കരിക്കും. ആയിശ(റ) പറഞ്ഞു: ഞാൻ ചോദിച്ചു. അല്ലാഹുവിന്റെ ദൂതരേ! വിത്ത്റാക്കുന്നതിന്റെ മുമ്പ് അവിടുന്നു ഉറങ്ങുകയാണോ? നബി(സ) അരുളി: ആയിശാ! എന്റെ രണ്ടു കണ്ണുകളാണ് ഉറങ്ങുന്നത്. എന്റെ മനസ്സിനെ ഉറക്കം ബാധിക്കുന്നില്ല. (ബുഖാരി. 2. 21. 248)

7) അബ്ദുല്ല(റ) നിവേദനം: നബി(സ) എന്നോട് അരുളി: അബ്ദുല്ലാ! നീ ഒരു മനുഷ്യനെപ്പോലെയാവരുത്. അവൻ രാത്രിയിൽ എഴുന്നേൽക്കും. അങ്ങനെ രാത്രി നമസ്കാരം ഉപേക്ഷിക്കും. (ബുഖാരി. 2. 21. 252)

3) ആയിശ(റ) നിവേദനം: നബി(സ) രാത്രിയിൽ പതിനൊന്ന് റക്അത്താണ് നമസ്കരിക്കാറുണ്ടായിരുന്നത്. അതായിരുന്നു അവിടുത്തെ രാത്രി നമസ്കാരം. സുജൂദിൽ നിന്ന് തലയുയർത്തുന്നതിന് മുമ്പായി നിങ്ങളിൽ ഒരാൾ അമ്പതു ആയത്തു ഓതുന്ന സമയം വരെ നബി(സ) സുജൂദ് ചെയ്യും. സുബ്ഹി നമസ്കാരത്തിന്റെ മുമ്പായി രണ്ട് റക്അത്ത്(സുബ്ഹിന്റെ സുന്നത്ത്)നമസ്കരിക്കും. ശേഷം വലഭാഗത്തേക്ക് നമസ്കാരത്തിലേക്ക് വിളിക്കുന്നവൻ വരുന്നതുവരെ ചെരിഞ്ഞ് കിടക്കും. (ബുഖാരി. 2. 21. 223)