1) ഇബ്നുഅബ്ബാസ്(റ) പറയുന്നു: നബി(സ) അരുളി: രണ്ട് മഹത്തായ അനുഗ്രഹങ്ങൾ. മിക്ക മനുഷ്യരും അതിൽ വഞ്ചിതരാണ്. ആരോഗ്യവും വിശ്രമവും. (ബുഖാരി. 8. 76. 421)

2) അബ്ദുല്ല(റ) നിവേദനം: നബി(സ) എന്റെ ചുമല് പിടിച്ച് കൊണ്ട് പറഞ്ഞു: നീ ഈ ദുൻയാവിൽ ഒരു അപരിചിതനെപ്പോലെയാകുക. അല്ലെങ്കിൽ ഒരു വഴിയാത്രക്കാരനെപ്പോലെ. ഇബ്നുഉമർ(റ) പറയാറുണ്ട്. നീ വൈകുന്നേരത്തിൽ പ്രവേശിച്ചാൽ പ്രഭാതത്തെയും പ്രഭാതത്തിൽ പ്രവേശിച്ചാൽ വൈകുന്നേരവും പ്രതീക്ഷിക്കരുത്. നിന്റെ ആരോഗ്യത്തിൽ നിന്റെ രോഗത്തിനുവേണ്ടി നീ സമ്പാദിക്കുക. നിന്റെ ജീവിതത്തിൽ നിന്റെ മരണത്തിനു വേണ്ടിയും. (ബുഖാരി. 8. 76. 425)

3) അബ്ദുല്ല(റ) നിവേദനം: നബി(സ) ചതുരത്തിലുള്ള ഒരു കള്ളിവരച്ചു. അതിന്റെ നടുവിലൂടെ ഒരു വരയും. ആ വര ചതുരക്കള്ളിയിൽ നിന്ന് പുറത്തേക്ക് കടന്നു നിന്നിരുന്നു. ഇവക്ക് പുറമെ നടുവിലുള്ള വരയിലേക്ക് എത്തുന്നവിധം കുറെ ചെറിയ വരകളും വരച്ചു. ശേഷം നബി(സ) അരുളി: ഇതാണ് (നടുവിലുള്ള നീണ്ട രേഖ) മനുഷ്യൻ ഇതാണ് - ചതുരത്തിലുള്ള ഈ വരയാണ് അവന്റെ ആയുസ്സ് അതവനെ വലയം ചെയ്തിരിക്കുന്നു. പുറത്തേക്ക് കവിഞ്ഞു നിൽക്കുന്നവര അവന്റെ വ്യാമോഹമാണ്. ഈ ചെറിയ വരകൾ ചില ആപത്തുകളാണ്. ആ ആപത്തുകളിൽ ഒന്നിൽ നിന്ന് അവൻ രക്ഷപ്പെട്ടാൽ മറ്റേത് അവനെ ബാധിക്കും. മറ്റേതിൽ നിന്ന് രക്ഷപ്പെട്ടാലോ അവനെ ഇതു ബാധിക്കും. (ബുഖാരി. 8. 76. 426)

4) അനസ്(റ) പറയുന്നു: നബി(സ) കുറെ വരകൾ വരച്ചശേഷം അവിടുന്ന് അരുളി. ഇതാണ് മനുഷ്യന്റെ വ്യാമോഹം. ഇതു അവന്റെ ആയുസും. ഈ വ്യാമോഹത്തിലിരിക്കുന്നതിനിടക്ക് തന്നെ മരണം അവന് വന്നെത്തുന്നു. (ബുഖാരി. 8. 76. 427)

5) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: അറുപതു വയസ്സുവരെ ആയുസ്സ് നീട്ടിയിട്ടു കൊടുത്ത ഒരാളുടെ തെറ്റിന്നുള്ള ഒഴികഴിവുകൾ അല്ലാഹു സ്വീകരിക്കുകയില്ല. (ബുഖാരി. 8. 76. 428)

6) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: രണ്ടു കാര്യങ്ങളിൽ കിഴവന്റെ ഹൃദയം എപ്പോഴും നിലനിർത്തിക്കൊണ്ടേയിരിക്കും. ദുൻയാവിനോടുള്ള സ്നേഹം. ദീർഘായുസ്സിനുള്ള മോഹം. (ബുഖാരി. 8. 76. 429)

7) അനസ്(റ) പറയുന്നു: നബി(സ) അരുളി: ആദമിന്റെ മക്കൾ വലുതായികൊണ്ടിരിക്കും. അവന്റെ രണ്ട് കാര്യങ്ങളും വലിയതായിക്കൊണ്ടിരിക്കും. ധനത്തോടുള്ള സ്നേഹവും വയസ്സിനോടുള്ള വ്യാമോഹവും. (ബുഖാരി. 8. 76. 430)

8) ഇത്ബാൻ(റ) നിവേദനം: നബി(സ) അരുളി: അല്ലാഹുവിന്റെ പ്രീതി തേടിക്കൊണ്ട് ലാ ഇലാഹ ഇല്ലല്ലാഹു എന്നുപറഞ്ഞ ഏതൊരു മുസ്ളീമും പരലോകദിവസം വന്നെത്തുമ്പോൾ അല്ലാഹു അവന് നരകം ഹറാമാക്കാതിരിക്കുകയില്ല. (ബുഖാരി. 8. 76. 431)

9) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: അല്ലാഹു പറയുന്നു. എന്റെ സത്യവിശ്വാസിയായ ഒരു ദാസന് കൂടുതൽ ഇഹലോകത്ത് പ്രിയപ്പെട്ടൊരു സാധനം ഞാൻ പിടിച്ചെടുത്തു. എന്റെ പക്കൽ നിന്നുള്ള പുണ്യമോർത്ത് അവൻ ക്ഷമിച്ചു. എങ്കിൽ അതിനോടുള്ള പ്രതി ഫലം സ്വർഗ്ഗമല്ലാതെ മറ്റൊന്നുമായിരിക്കുകയില്ല. (ബുഖാരി. 8. 76. 432)

10) മിർദാസ് അസ്ലമി(റ) നിവേദനം: നബി(സ) അരുളി: നല്ലവരായ മനുഷ്യന്മാർ ആദ്യമാദ്യം മരണമടഞ്ഞുകൊണ്ടിരിക്കും. പിന്നീട് ബാർലിയുടെതുപോലെയുള്ള ഉമി മാത്രമാണ് അവശേഷിക്കുക. അല്ലെങ്കിൽ ഈത്തപ്പഴത്തിന്റെതു പോലെയുള്ള തൊലി അവശേഷിക്കും. അല്ലാഹു അവരെ ആദരിക്കുകയില്ല. (ബുഖാരി. 8. 76. 442)

11) ഇബ്നുഅബ്ബാസ്(റ) പറയുന്നു: നബി(സ) അരുളി: രണ്ട് താഴ്വര നിറയെ ധനം ഒരു മനുഷ്യന് ലഭിച്ചാലും മൂന്നാമതൊരു താഴ്വരകൂടി ലഭിക്കുവാൻ അവൻ ആഗ്രഹിക്കും. മനുഷ്യന്റെ വയറ് നിറക്കാൻ മണ്ണിനല്ലാതെ കഴിയുകയില്ല. പശ്ചാത്തപിക്കുന്നവരുടെ പശ്ചാത്താപം അല്ലാഹു സ്വീകരിക്കും. (ബുഖാരി. 8. 76. 444)

12) അബ്ദുല്ല(റ) നിവേദനം: നബി(സ) ചോദിച്ചു. നിങ്ങളിലാരാണ് തന്റെ ധനത്തേക്കാൾ തന്റെ അനന്തരാവകാശിയുടെ ധനത്തോട് കൂടുതൽ പ്രേമം കാണിക്കുക? അനുചരന്മാർ പറഞ്ഞു: പ്രവാചകരേ! തന്റെ സ്വന്തം ധനത്തെ സ്നേഹിക്കുന്നവരല്ലാതെ ഞങ്ങളിൽ ആരും തന്നെ അനന്തരാവകാശിയുടെ ധനത്തെ സ്നേഹിക്കുന്നവരായി ഇല്ലതന്നെ. നബി(സ) അരുളി: താൻ മുമ്പ് ചിലവ് ചെയ്തതാണ് തന്റെ ധനം. ചെലവ് ചെയ്യാതെ ബാക്കിവെച്ചിരിക്കുന്നത് അവന്റെ അവകാശിയുടെ ധനവും. (ബുഖാരി. 8. 76. 449)

13) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ധനം എന്നതു ഭൗതിക വിഭവത്തിന്റെ വർദ്ധനവല്ല. എന്നാൽ ധനം എന്നതു മനസ്സിന്റെ സംതൃപ്തിയാണ്. (ബുഖാരി. 8. 76. 453)

14) ആയിശ(റ) നിവേദനം: മുഹമ്മദിന്റെ കുടുംബം ഒരു ദിവസം രണ്ട് നേരം ഭക്ഷിച്ചാൽ ഒരു നേരത്തെ ഭക്ഷണം ഈത്തപ്പഴമല്ലാതെ ഭക്ഷിച്ചിട്ടില്ല. (ബുഖാരി. 8. 76. 462)

15) ആയിശ(റ) പറയുന്നു: നബി(സ)യുടെ വിരിപ്പ് തോലും അതിൽ നിറച്ചതു ഈത്തപ്പന യുടെ ചകിരിയുമായിരുന്നു. (ബുഖാരി. 8. 76. 463)

16) ആയിശ(റ) പറയുന്നു: അടുപ്പിൽ തീ കത്തിക്കാത്ത മാസങ്ങൾ ഞങ്ങൾക്ക് ഉണ്ടാവാറുണ്ട്. പച്ചവെള്ളവും കാരക്കയും ഞങ്ങൾ ഭക്ഷിക്കും. അല്പം മാംസം ലഭിച്ചാൽ ഒഴികെ. (ബുഖാരി. 8. 76. 465)

17) അബൂഹുറൈറ(റ) നിവേദനം: നബി(സ) ഇപ്രകാരം പ്രാർത്ഥിക്കും. അല്ലാഹുവേ! നീ മുഹമ്മദിന്റെ കുടുംബത്തിന് കഷ്ടിച്ച് ജീവിക്കാനുള്ള ഭക്ഷണം നൽകേണമേ. (ബുഖാരി. 8. 76. 467)

18) ആയിശ(റ) നിവേദനം: പ്രവൃത്തിയിൽ നബി(സ)ക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് അതിന്റെ ഉടമസ്ഥന്ന് (വയസ്സ് കാലത്തും) പതിവാക്കുവാൻ സാധിക്കുന്ന വിധം അനുഷ്ഠിക്കുന്നതാണ്. (ബുഖാരി. 8. 76. 469)

19) ആയിശ(റ) നിവേദനം: നബി(സ) അരുളി: നിങ്ങൾ ശരിയായ മാർഗ്ഗം സ്വീകരിക്കുക. ദൈവസാമീപ്യം പ്രാപിക്കാൻ ശ്രദ്ധിക്കുക. നിങ്ങൾ മനസ്സിലാക്കുക. തീർച്ചയായും അല്ലാഹുവിന് ഏറ്റവും പ്രിയംകരമായ കർമ്മം പതിവായി അനുഷ്ഠിക്കുന്ന സൽകർമ്മങ്ങളാണ്. അതുകുറഞ്ഞാലും ശരി. (ബുഖാരി. 8. 76. 471)

20) ആയിശ(റ) പറയുന്നു: നബി(സ) ഒരുകർമ്മം (സുന്നത്ത്) അനുഷ്ഠിച്ചാൽ അതിനെ പതിവാക്കും. എന്നാൽ അതു പോലെ നിങ്ങൾക്ക് സാധിക്കണമെന്നില്ല. (ബുഖാരി. 8. 76. 473)

21) സഹ്ല്(റ) നിവേദനം: നബി(സ) അരുളി: തന്റെ രണ്ട് താടിയെല്ലുകൾക്കിടയിൽ സ്ഥിതിചെയ്യുന്നത് അപ്രകാരം തന്നെ രണ്ടു കാലുകൾക്കിടയിൽ സ്ഥിതിചെയ്യുന്നത് എന്നിവയെ നിയന്ത്രിച്ച് നിർത്താമെന്ന് വല്ലവനും എനിക്ക് ഉറപ്പ് തരുന്നപക്ഷം അവന്ന് സ്വർഗ്ഗം ലഭിക്കുമെന്ന് ഞാൻ ഏറ്റുകൊള്ളാം. (ബുഖാരി. 8. 76. 481)

22) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ഒരു മനുഷ്യൻ ഒരു വാക്ക് പറയും. അതിന്റെ അനന്തരഫലം അവൻ ചിന്തിക്കുകയില്ല. അങ്ങനെ അതു മൂലം അവൻ നരകത്തിൽ പതിക്കും. (ബുഖാരി. 8. 76. 484)

23) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: മനുഷ്യൻ അല്ലാഹുവിന് തൃപ്തിപ്പെട്ട ഒരു വാക്ക് പറയും. പ്രാധാന്യം കല്പിച്ചു കൊണ്ടല്ല അതുപറയുക. ആ വാക്ക് കാരണം അല്ലാഹു അവനെ പല പടികൾ ഉയർത്തും. വേറൊരു മനുഷ്യൻ ദൈവകോപത്തിന് കാരണമായ ഒരു വാക്ക് പറയും. അതിന് അവൻ പ്രാധാന്യം കൽപ്പിക്കുകയില്ല. ആ വാക്ക് കാരണം അല്ലാഹു അവനെ നരകത്തിൽ വീഴ്ത്തും. (ബുഖാരി. 8. 76. 485)

24) അബൂമൂസ(റ) നിവേദനം: നബി(സ) അരുളി: എന്റെയും എന്നോടൊപ്പം അയച്ചിരിക്കുന്ന സന്ദേശങ്ങളുടെയും സ്ഥിതി ഒരു പുരുഷന്റെ സ്ഥിതിപോലെയാണ്. അവൻ ഒരു ജനതയുടെ അടുത്ത് ചെന്ന് വിളിച്ചുപറഞ്ഞു: എന്റെ കണ്ണുകൾകൊണ്ട് ഒരു സൈന്യത്തെ ഞാൻ കണ്ടു. ഞാനിതാ നിങ്ങളെ താക്കീതുചെയ്യുന്നു. നഗ്നനായിക്കൊണ്ട് (വളരെ ഗൗരവഭാവത്തിൽ തന്നെ) അതുകൊണ്ട് ഇതാ രക്ഷക്കുള്ള മാർഗ്ഗം കൈകൊള്ളുവീൻ. ഇതു കേട്ടപ്പോൾ ഒരു വിഭാഗം ആളുകൾ അയാളുടെ വാക്ക് അനുസരിച്ച് പ്രഭാതാരംഭത്തിൽ തന്നെ ശാന്തതയോടെ അവിടെ നിന്നുപുറപ്പെട്ടു. അങ്ങിനെ അവർ രക്ഷപ്പെട്ടു. മറ്റൊരു വിഭാഗക്കാർ അദ്ദേഹത്തെ നിഷേധിച്ചു. അവസാനം പ്രഭാതവേളയിൽ സൈന്യം അവരുടെ മുന്നിൽ വന്നിറങ്ങി അവരെ നശിപ്പിച്ചു. (ബുഖാരി. 8. 76. 489)

25) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ഞാൻ ഗ്രഹിച്ചിരുന്നതുപോലെ യാഥാർത്ഥ്യം നിങ്ങൾ ഗ്രഹിച്ചിരുന്നുവെങ്കിൽ നിങ്ങൾ അല്പം ചിരിക്കുകയും കൂടുതൽ കരയുകയും ചെയ്യും. (ബുഖാരി. 8. 76. 492)

26) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: നരകത്തെ ഇച്ഛകൾകൊണ്ടും സ്വർഗ്ഗത്തെ അനിഷ്ട കാര്യങ്ങൾ ക്കൊണ്ടും മൂടിപ്പൊതിഞ്ഞിരിക്കുകയാണ്. (ബുഖാരി. 8. 76. 494)

27) അബ്ദുല്ല(റ) നിവേദനം: നബി(സ) അരുളി: നിങ്ങളുടെ ചെരിപ്പിന്റെ വാറിനേക്കാൾ നിങ്ങളോട് കൂടുതൽ അടുത്തിട്ടാണ് സ്വർഗ്ഗം സ്ഥിതിചെയ്യുന്നത്. നരകവും അങ്ങിനെതന്നെ. (ബുഖാരി. 8. 76. 495)

28) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: നിങ്ങളെക്കാൾ ധനവും ശരീരവും കൊണ്ട് ശ്രേഷ്ഠത നൽകപ്പെട്ടവനിലേക്ക് നിങ്ങൾ നോക്കിക്കഴിഞ്ഞാൽ നിങ്ങളേക്കാൾ താഴെയുള്ള വരിലേക്ക് നിങ്ങൾ നോക്കുവീൻ. (ബുഖാരി. 8. 76. 497)

29) ഇബ്നുഅബ്ബാസ്(റ) പറയുന്നു: നബി(സ) അരുളി: അല്ലാഹു നന്മകളെയും തിന്മകളെയും നിർണ്ണയിച്ചു. എന്നിട്ടത് വിശദീകരിച്ചു. അപ്പോൾ ഒരാൾ നന്മ പ്രവർത്തിക്കാനുദ്ദേശിച്ചു. പക്ഷെ പ്രവർത്തിച്ചില്ല. എങ്കിൽ അവന്റെ ഉദ്ദേശത്തെഒരുപൂർണ്ണ പുണ്യകർമ്മമായി അല്ലാഹു രേഖപ്പെടുത്തും. ഇനി ആ പുണ്യകർമ്മം പ്രവർത്തിക്കാനുദ്ദേശിക്കുകയും അതുപ്രവർത്തിക്കുകയും ചെയ്താൽ ആ പുണ്യകർമ്മത്തെ അല്ലാഹു തന്റെയടുക്കൽ പത്തുമുതൽ എഴുനൂറ് ഇരട്ടിയായും അതിന് മേൽപ്പോട്ട് എത്രയോ ഇരട്ടിയായും രേഖപ്പെടുത്തിവെക്കും. മറിച്ച്, ഒരു ദുഷ്കൃത്യം ചെയ്യുവാൻ ഉദ്ദേശിച്ചു. പക്ഷെ പ്രവർത്തിച്ചില്ല. എങ്കിൽ അതു ഒരുപൂർണ്ണമായ സൽക്കർമ്മമായി അവന്റെ പേരിൽ അല്ലാഹു രേഖപ്പെടുത്തും. പ്രവർത്തിച്ചാൽ മറ്റൊരു ദുഷ്കൃത്യം അവൻ ചെയ്തതായി മാത്രമെ അല്ലാഹു രേഖപ്പെടുത്തുകയുള്ളൂ. (ബുഖാരി. 8. 76. 498)

30) അനസ്(റ) നിവേദനം: നിങ്ങൾ ചില പ്രവൃത്തികൾ ചെയ്യും. നിങ്ങളുടെ ദൃഷ്ടിയിൽ അതു ഒരു മുടിയെക്കാൾ നിസ്സാരമായിരിക്കും. എന്നാൽ ഞങ്ങൾ (സഹാബിമാർ) നബി(സ)യുടെ കാലത്തു അതിനെ മഹാപാപമായിട്ടാണ് ദർശിച്ചിരുന്നത്. (ബുഖാരി. 8. 76. 499)

31) ജുൻദുബ്(റ) നിവേദനം: നബി(സ) അരുളി: കേൾവിയും കീർത്തിയും നേടാൻ വല്ലവനും പ്രവർത്തിച്ചാൽ അല്ലാഹു അവന്ന് കേൾവിയും കീർത്തിയും കൈവരുത്തിക്കൊടുക്കും. ജനങ്ങളെ കാണിക്കാൻ ഒരു കാര്യം ചെയ്താൽ അതേ നിലക്ക് അവനോട് അല്ലാഹുവും പെരുമാറും. (ബുഖാരി. 8. 76. 506)

32) ഉബാദത്ത്(റ) നിവേദനം: നബി(സ) അരുളി: അല്ലാഹുവിനെ കാണാൻ വല്ലവനും ഇഷ്ടപ്പെട്ടാൽ അവനെ കാണാൻ അല്ലാഹുവും ഇഷ്ടപ്പെടും. അല്ലാഹുവിനെ കാണാൻ വല്ലവനും ഇഷ്ടപ്പെടുന്നില്ലെങ്കിലോ അവനെ കാണാൻ അല്ലാഹുവും ഇഷ്ടപ്പെടുകയില്ല. അന്നേരം ആയിശ ( റ) അല്ലെങ്കിൽ തിരുമേനിയുടെ മറ്റൊരു പത്നി പറഞ്ഞു. ഞങ്ങൾ മരണം ഇഷ്ടപ്പെടുന്നില്ല. നബി(സ) അരുളി: ഞാൻ പറഞ്ഞതിന്റെ സാരം അതല്ല. സത്യവിശ്വാസിക്ക് മരണം ആസന്നമായാൽ അല്ലാഹുവിനുള്ള ബഹുമാനത്തെയും സംതൃപ്തിയെയും കുറിച്ചുള്ള സന്തോഷവാർത്ത അവനെ അറിയിക്കും. അപ്പോൾ തന്റെ മുമ്പിലുള്ളതിനേക്കാൾ (മരണത്തേക്കാൾ) പ്രിയങ്കരമായി അവന്റെ പക്കൽ ഒന്നുമുണ്ടായിരിക്കുകയില്ല. അപ്പോൾ അല്ലാഹുവിനെ കാണാൻ അവനിഷ്ടപ്പെടും. അവനെ കാണാൻ അല്ലാഹുവും. സത്യനിഷേധിക്കു മരണം ആസന്നമായാൽ അല്ലാഹുവിന്റെ ശിക്ഷയെക്കുറിച്ചുള്ള സന്തോഷവാർത്തയാണ് അവനെ അറിയിക്കുക. അന്നേരം തന്റെ മുമ്പിലുള്ള മരണത്തേക്കാൾ വെറുക്കപ്പെട്ട ഒരുകാര്യവും അവന്റെ പക്കലുണ്ടായിരിക്കുകയില്ല. അല്ലാഹുവിനെ കാണുന്നതിൽ അവന്ന് വെറുപ്പ് തോന്നും. അവനെ കാണുന്നതിൽ അല്ലാഹുവിനും വെറുപ്പ് തോന്നും. (ബുഖാരി. 8. 76. 514)

33) ആയിശ(റ) നിവേദനം: കഠിനസ്വഭാവക്കാരായ ചില ഗ്രാമീണർ നബി(സ)യുടെ അടുക്കൽ വന്ന് അന്ത്യദിനം എപ്പോഴെന്ന് ചോദിക്കാറുണ്ട്. അവരിൽ ഏറ്റവും പ്രായം കുറഞ്ഞവന്റെ നേരെ നോക്കി നബി(സ) അരുളും. ഇവൻ ജീവിച്ചെങ്കിൽ ഇവനെ വാർദ്ധക്യം ബാധിക്കുന്നതിനു മുമ്പ് തന്നെ നിങ്ങളുടെ അന്ത്യദിനം സംഭവിക്കുന്നതാണ്. (ബുഖാരി. 8. 76. 518)

34) അബൂഖതാദ(റ) പറയുന്നു: നബി(സ)യുടെ അടുത്തുകൂടി ഒരു മയ്യിത്തുകൊണ്ടുപോയി. അവിടുന്നു അരുളി: വിശ്രമിക്കുന്നവൻ അല്ലെങ്കിൽ മറ്റുള്ളവർക്ക് ശ്രമം ലഭിക്കുന്നവൻ. അനുചരന്മാർ ചോദിച്ചു: പ്രവാചകരേ! എന്താണ് ഇതിന്റെ വിവക്ഷ? നബി(സ) പ്രത്യുത്തരം നൽകി. സത്യവിശ്വാസിയായ ഒരു മനുഷ്യൻ മരിച്ചാൽ അവൻ ദുൻയാവിന്റെ ക്ളേശങ്ങളിൽ നിന്ന് മോചിതനായി. അതിലെ ഉപദ്രവങ്ങളിൽ നിന്ന് അല്ലാഹുവിന്റെ കാരുണ്യത്തിലേക്ക് അവൻ നീക്കപ്പെട്ടു. ദുർമാർഗ്ഗി മരിച്ചാൽ അവനിൽ നിന്ന് മനുഷ്യർക്കും രാജ്യത്തിനും മരങ്ങൾക്കും മൃഗങ്ങൾക്കും വിശ്രമം ലഭിക്കും. (ബുഖാരി. 8. 76. 519)

35) അനസ്(റ) നിവേദനം: ഒരു മയ്യിത്തിനെ മൂന്നു സംഗതികൾ പിൻതുടരും. രണ്ടെണ്ണം തിരിച്ചു പോരും. ഒന്ന് അവന്റെ കൂടെ അവശേഷിക്കും. കുടുംബം, ധനം, പ്രവർത്തനം എന്നിവയാണത്. കുടുംബവും ധനവും മടങ്ങും. പ്രവർത്തനം അവശേഷിക്കും. (ബുഖാരി. 8. 76. 521)

36) അബൂസഈദ്(റ) നിവേദനം: നബി(സ) അരുളി: അന്ത്യദിനത്തിൽ ഭൂമി പരമാധികാരിയായ അല്ലാഹുവിന്റെ കയ്യിലായിരിക്കും. നിങ്ങളിലൊരാൾ യാത്രാവേളയിൽ റൊട്ടി തിരിച്ചും മറിച്ചും ഇടുംപോലെ സ്വർഗ്ഗവാസികൾക്കുള്ളൊരു സൽക്കാരവിഭവമായിക്കൊണ്ട് അല്ലാഹു അതിനെ (ഭൂമിയെ) ഒരു റൊട്ടിപോലെ അങ്ങോട്ടുമിങ്ങോട്ടും തിരിച്ചും മറിച്ചും ഇട്ടുകൊണ്ടിരിക്കും. ഒരു ജൂതൻ വന്നിട്ടു നബി(സ)യോട് പറഞ്ഞു. അബുൽകാസിം, അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ. പരലോകദിവസം സ്വർഗ്ഗവാസികളുടെ സൽക്കാരവിഭവമെന്തായിരിക്കുമെന്ന് ഞാൻ താങ്കളെ അറിയിക്കട്ടെയോ? നബി(സ) അരുളി: അതെ, ജൂതൻ പറഞ്ഞു: അന്ന് ഭൂമി ഒരു റൊട്ടി പോലെയായിരിക്കും. നബി(സ) അരുളിയതുപോലെതന്നെ. അപ്പോൾ നബി(സ)യുടെ അണപ്പല്ലുകൾ കാണുംവിധം അവിടുന്ന് ചിരിച്ചു. അവിടുന്ന് അരുളി: റൊട്ടിയിലേക്ക് അവർക്ക് കറി എന്തായിരിക്കുമെന്ന് ഞാൻ നിന്നെ അറിയിക്കട്ടെയോ? അവരുടെ കറി ബലാമും നൂനുമായിരിക്കും. സഹാബിമാർ ചോദിച്ചു: എന്താണത്? അവിടുന്ന് അരുളി: കാളയും മീനും. അതിന്റെ കരളിന്മേൽ വളർന്നു നിൽക്കുന്ന മാംസം എഴുപതിനായിരം പേർക്ക് തിന്നാനുണ്ടാവും. (ബുഖാരി. 8. 76. 527)

37) സഹ്ല്(റ) നിവേദനം: നബി(സ) അരുളി: പരലോകദിവസം വെളുത്ത മിനുസമുള്ളതും പത്തിരിപോലെയുള്ളതുമായ ഒരു ഭൂമിയിൽ മനുഷ്യരെ സമ്മേളിപ്പിക്കും. സഹ്ല് അല്ലെങ്കിൽ മറ്റൊരു നിവേദകൻ പറയുന്നു. ആ മൈതാനത്തു ആർക്കും പ്രത്യേകം അടയാളങ്ങളൊന്നും സ്ഥാപിച്ചിട്ടുണ്ടായിരിക്കുകയില്ല. (ബുഖാരി. 8. 76. 528)

38) ആയിശ(റ) നിവേദനം: നബി(സ) അരുളി: പരലോകത്തു സമ്മേളിപ്പിച്ചിരിക്കുമ്പോൾ നിങ്ങൾ നഗ്നരും പാദരക്ഷ ധരിക്കാത്തവരും ചേലാകർമ്മം ചെയ്തിട്ടില്ലാത്തവരുമായിരിക്കും. ഞാൻ ചോദിച്ചു. പ്രവാചകരേ! സ്ത്രീകളും പുരുഷന്മാരും അപ്പോൾ പരസ്പരം നോക്കുകയില്ലേ? നബി(സ) അരുളി: അവിടത്തെ സ്ഥിതി അത്തരം ചിന്തകൾക്കെല്ലാം അതീതമായിരിക്കും. (ബുഖാരി. 8. 76. 534)

39) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: പരലോകദിവസം മനുഷ്യരുടെ വിയർപ്പ് കൂടുതൽ ഒലിച്ചിട്ട് എഴുപതു മുഴം ആഴത്തിൽ കെട്ടിനിൽക്കും. അവരുടെ വായവരെ അല്ലാത്തവരുടെ ചെവിവരെത്തന്നെ അതെത്തും. (ബുഖാരി. 8. 76. 539)

40) അബ്ദുല്ല(റ) പറയുന്നു: നബി(സ) അരുളി: പരലോകത്തുവെച്ച് ഏറ്റവുമാദ്യം വിധികൽപ്പിക്കുക കൊലക്കുറ്റങ്ങളുടെ കാര്യത്തിലാണ്. (ബുഖാരി. 8. 76. 540)

41) ഇബ്നുഉമർ(റ) പറയുന്നു: നബി(സ) അരുളി: സ്വർഗ്ഗവാസികൾ സ്വർഗ്ഗത്തിലും നരകവാസികൾ നരകത്തിലും പ്രവേശിച്ചുകഴിഞ്ഞാൽ ഒരു വിളിച്ചുപറയുന്നവൻ ഇപ്രകാരം വിളിച്ച് പറയും. നരകവാസികളെ! മരണമില്ല, സ്വർഗ്ഗവാസികളെ! മരണമില്ല. നിങ്ങൾക്ക് ശാശ്വതം. (ബുഖാരി. 8. 76. 552)

42) അബൂസഈദ്(റ) നിവേദനം: നബി(സ) അരുളി: അല്ലാഹു സ്വർഗ്ഗവാസികളെ വിളിക്കും. സ്വർഗ്ഗവാസികളെ, എന്ന്. അപ്പോൾ നാഥാ! നിന്റെ വിളി ഞങ്ങളിതാ ഉത്തരം നൽകുന്നുവെന്ന് അവർ പറയും. നിങ്ങൾ അതൃപ്തരാണോ? അല്ലാഹു ചോദിക്കും. അവർ പറയും. ഞങ്ങൾ എങ്ങനെ സംതൃപ്തരാകാതിരിക്കും! നിന്റെ സൃഷ്ടികളിൽ ആർക്കും കൊടുത്തിട്ടില്ലാത്തതു നീ ഞങ്ങൾക്ക് നൽകിയിട്ടുണ്ടല്ലോ! അല്ലാഹു പറയും: അതിനേക്കാളും ഉൽകൃഷ്ടമായതു ഞാൻ നിങ്ങൾക്ക് നൽകുന്നതാണ്. അവർ ചോദിക്കും. ഇതിനേക്കാൾ ഉൽകൃഷ്ടമായത് എന്തുണ്ട്. അല്ലാഹു പറയും. എന്റെ സംതൃപ്തി നിങ്ങൾക്ക് മീതെ ഇതാ ചൊരിഞ്ഞ് തരും. ഒരിക്കലും ഞാൻ നിങ്ങളോട് കോപിക്കുകയില്ല. (ബുഖാരി. 8. 76. 557)

43) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: പരലോകദിനം സത്യനിഷേധിയുടെ രണ്ടു ചുമലുകൾക്കിടയിൽ ധൃതിയിൽ പോകുന്ന ഒരു വാഹനയാത്രക്കാരന് മൂന്ന് ദിവസം സഞ്ചരിക്കുവാനുള്ള ദൂരമുണ്ടായിരിക്കും. (ബുഖാരി. 8. 76. 559)

44) സഹ്ല്(റ) നിവേദനം: നബി(സ) അരുളി: സ്വർഗ്ഗത്തിൽ ഒരു മരമുണ്ട്. അതിന്റെ നിഴലിലൂടെ ഒരു നല്ല കുതിരപ്പുറത്ത് ഒരാൾ യാത്ര ചെയ്താൽ നൂറ് വർഷം ആ യാത്ര തുടർന്നാലും നിഴലിനെ അയാൾ മുറിച്ച് കടക്കുകയില്ല. (ബുഖാരി. 8. 76. 559)

45) ജാബിർ(റ) പറയുന്നു: നബി(സ) അരുളി: ശുപാർശ കൊണ്ട് നരകത്തിൽ നിന്ന് ഒരു വിഭാസത്തെ പുറത്തു കൊണ്ടുവരും. അവർ പാലുണ്ണി പോലെയുണ്ടായിരിക്കും. (ബുഖാരി. 8. 76. 563)

46) അനസ്(റ) പറയുന്നു: നബി(സ) അരുളി: അഗ്നി തട്ടിക്കരിഞ്ഞ അടയാളത്തോട് കൂടി നരകത്തിൽ നിന്ന് ഒരു ജനത പുറത്തുവരും. എന്നിട്ടവർ സ്വർഗ്ഗത്തിൽ പ്രവേശിക്കും. അപ്പോൾ നരകക്കാർ എന്ന് സ്വർഗ്ഗവാസികൾ അവരെ വിളിക്കും. (ബുഖാരി. 8. 76. 564)

47) നുഅ്മാൻ(റ) പറയുന്നു: നബി(സ) അരുളി: നരകവാസികളിൽ ഏറ്റവും ലഘുവായ ശിക്ഷ അനുഭവിക്കുന്നവൻ ഒരാളായിരിക്കും. അവന്റെ പാദങ്ങൾക്കിടയിൽ രണ്ട് തീക്കട്ട വെക്കും. അതുകാരണം ചട്ടിയിലോ വായ കുടുസ്സായ പാത്രത്തിലോ കിടന്ന് അതിലൊഴിച്ച സാധനം തിളച്ച് പൊങ്ങും പോലെ അവന്റെ തലച്ചോറ് തിളച്ചുപൊങ്ങിക്കൊണ്ടിരിക്കും. (ബുഖാരി. 8. 76. 567)

48) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: സ്വർഗ്ഗത്തിൽ പ്രവേശിച്ചുകഴിഞ്ഞാലും കുറ്റം ചെയ്തെങ്കിൽ അവന്ന് നരകത്തിൽ നൽകുമായിരുന്ന സീറ്റ് കാണിച്ചുകൊടുക്കാതിരിക്കുകയില്ല. അവൻ അല്ലാഹുവിനോട് കൂടുതൽ നന്ദിയുള്ളവനായിരിക്കുവാനാണ് അങ്ങിനെ ചെയ്യുന്നത്. ഇപ്രകാരം തന്നെ ഒരാൾ നരകത്തിൽ പ്രവേശിച്ചുകഴിഞ്ഞാലും നന്മചെയ്തതെങ്കിൽ സ്വർഗ്ഗത്തിൽ ലഭിക്കുമായിരുന്ന സീറ്റ് അവന് കാണിച്ചു കൊടുക്കാതിരിക്കുകയില്ല. അവൻ ഖേദിക്കുവാൻ വേണ്ടിയാണ് ഇപ്രകാരം ചെയ്യുന്നത്. (ബുഖാരി. 8. 76. 573)

49) അബ്ദുല്ല(റ) പറയുന്നു: നബി(സ) അരുളി: നരകത്തിൽ നിന്ന് അവസാനമായി മോചിതനായി സ്വർഗ്ഗത്തിൽ അവസാനമായി പ്രവേശിക്കുന്നവൻ ആരാണെന്ന് എനിക്കറിയാം. അയാൾ ഒരു മനുഷ്യനാണ്. മുട്ടുകുത്തിക്കൊണ്ട് അയാൾ നരകത്തിൽ നിന്ന് പുറത്തുകയറും. അല്ലാഹു പറയും. നീ പോയി സ്വർഗ്ഗത്തിൽ പ്രവേശിക്കുക. അയാൾ അങ്ങനെ സ്വർഗ്ഗത്തിൽ കടക്കും. അതു മുഴുവൻ സ്വർഗ്ഗമാണെന്ന് അയാൾ ഊഹിക്കും. അയാൾ തിരിച്ച് വന്ന് അല്ലാഹുവിനോട് പറയും: എന്റെ രക്ഷിതാവേ! ഞാനതു സമ്പൂർണ്ണമായി ദർശിച്ചു. അല്ലാഹു പറയും: നീ പോവുക സ്വർഗ്ഗത്തിൽ കടക്കുക. ആദ്യത്തേതു പോലെ അയാൾ പറയും. അതുപോലെ അല്ലാഹു മറുപടിയും നൽകും. ശേഷം അല്ലാഹു പറയും: പത്തു ദുൻയാവ് പോലെയുള്ളത് നിനക്കുണ്ട്. അപ്പോൾ അയാൾ ചോദിക്കും. നീ എന്നെ പരിഹസിക്കുകയാണോ? അതല്ല എന്റെ നേരെ ചിരിക്കുകയാണോ? നീ രാജാവാണ്. ഇതുപറഞ്ഞു നബി(സ) തന്റെ പല്ലുകൾ കാണുന്നവിധം ചിരിച്ചു. (ബുഖാരി. 8. 76. 575)

50) ഇബ്നുഉമർ(റ) നിവേദനം: നബി(സ) അരുളി: നിങ്ങളുടെ മുമ്പിൽ എന്റെ ഹൗള് പ്രത്യക്ഷപ്പെടാൻ പോകുന്നുണ്ട്. ജർബാഇന്നും അദ്റൂഹിന്നും ഇടക്കുള്ളത്രയുണ്ടായിരിക്കും അതിന്റെ അകലം. (ബുഖാരി. 8. 76. 579)

51) ഇബ്നുഅബ്ബാസ്(റ) പറയുന്നു: നബി(സ)ക്ക് നൽകിയ ധാരാളം നന്മകൾക്കാണ് കൗസർ എന്ന് പറയുന്നത്. (ബുഖാരി. 8. 76. 580)

52) അബ്ദുല്ല(റ) പറയുന്നു: നബി(സ) അരുളി: എന്റെ ഹൗളിന്റെ വിസ്താരം ഒരു മാസത്തെ യാത്രാദൂരമാണ്. അതിലെ വെള്ളം പാലിനെക്കാൾ വെളുത്തതും കസ്തൂരിയേക്കാൾ സുഗന്ധമുള്ള തുമായിരിക്കും. ആ വെള്ളം നിറക്കാനുള്ള കൂജകൾ നക്ഷത്രങ്ങൾ പോലെയായിരിക്കും. അതു ആരെങ്കിലും കുടിച്ചാൽ പിന്നീട് ഒരിക്കലും അവൻ ദാഹിക്കുന്നവനല്ല. (ബുഖാരി. 8. 76. 581)

53) അനസ്(റ) നിവേദനം: നബി(സ) അരുളി: എന്റെ ഹൗളിന് ഐലക്കും യമനിലെ സൻആഇന്നും ഇടക്കുള്ളത്ര വിസ്താരമുണ്ടായിരിക്കും. അതിലെ ജലം നിറക്കാൻ നക്ഷത്രങ്ങളുടെ എണ്ണത്തോളം വരുന്ന കൂജകളുണ്ടായിരിക്കും. (ബുഖാരി. 8. 76. 582)

54) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: പരലോകദിവസം എന്റെ ഹൗളിൽ നിന്ന് ചിലരെ തട്ടിമാറ്റും. അപ്പോൾ ഞാൻ പറയും: എന്റെ രക്ഷിതാവേ! അവർ എന്റെ അനുയായികളാണ്. അപ്പോൾ അവൻ പറയും. നിനക്ക് ശേഷം അവർ പുതിയതായി നിർമ്മിച്ചതിനെ സംബന്ധിച്ച് നിനക്ക് യാതൊരു അറിവുമില്ല. അവർ പിന്നിലേക്ക് പോയിക്കൊണ്ടിരുന്നു. (ബുഖാരി. 8. 76. 584)