തുഞ്ചത്തെഴുത്തച്ഛൻ
രചന:വിദ്വാൻ കുറുവാൻ തൊടിയിൽ ശങ്കരൻ എഴുത്തച്ഛൻ
അവതാരിക
തുഞ്ചത്തെഴുത്തച്ഛൻ
  1. ജീവചരിത്രസംഗ്രഹം
  2. എഴുത്തച്ഛനും മലയാളഭാഷയും
  3. കിളിപ്പാട്ടു്
  4. തർജ്ജമ
  5. എഴുത്തച്ഛന്റെ ഗ്രന്ഥങ്ങൾ
  6. എഴുത്തച്ഛന്റെ സാഹിത്യം

[ 6 ]

അവതാരിക

കേരളഗുരുവും കവികലശ്രേഷ്ഠനുമായ തുഞ്ചത്തുരാമാനുജനെഴുത്തച്ഛന്റെ പരിശുദ്ധമായ തിരുനാമം പരമഭക്തിയോടെ ജപിയ്ക്കാത്തവർ കേരളത്തിൽ ഉണ്ടെന്നു തോന്നുന്നില്ല; ഈ മഹാനുഭാവന്റെ "രാമായണം" "ഭാരതം" മുതലായ കിളിപ്പാട്ടുകൾ പാരായണം ചെയ്തുപോരുന്ന കേരളീയർക്ക് ഇദ്ദേഹത്തിന്റെ ജീവചരിത്രം അറിഞ്ഞാൽ കൊള്ളാമെന്നു തോന്നുന്നതു സ്വാഭാവികമാണ്. മനുഷ്യഹൃദയം വീരപൂജാപാരായണമാകയാൽ ഈ ജിജ്ഞാസ അപരിഹരണീയവുമാണ്.

എഴുത്തച്ഛന്റെ ജീവചരിത്രം ശ്രീമാൻ 'ഗോവിന്ദപ്പിള്ളയു'ടെ 'ഭാഷാചരിത്ര'ത്തിലും മറ്റും സംഗ്രഹിച്ചു കാണുന്നുണ്ടെങ്കിലും അതിനെപ്പറ്റി ആരുംതന്നെ സവിസ്താരമായി പ്രസ്താവിച്ചു കണ്ടിട്ടില്ലെന്ന് വ്യസനസമേതം പറയേണ്ടിയിരിക്കുന്നു. ശ്രീമാൻ കുറുവാൻ തൊടിയിൽ ശങ്കരനെഴുത്തച്ഛന്റെ ഈ ഉദ്യമം മുൻപ്രസ്താവിച്ച ന്യൂനതയെ പരിഹരിയ്ക്കുവാൻ സ്വല്പമെങ്കിലും പർയ്യാപ്തമാകുന്ന പക്ഷം കേരളീയമായ ഭക്തജനങ്ങൾക്ക് അതുതന്നെ വലിയ ഒരനുഗ്രഹമാണല്ലൊ.

ശ്രീമാൻ ശങ്കരനെഴുത്തച്ഛന്റെ നാമഃധേയം ഇന്നത്തെ യുവകവികളുടെ ഇടയിൽ ഒട്ടുംതന്നെ അപ്ര[ 7 ] സിദ്ധമല്ല. "കൈരളി""കവനകൌമുദി""സാഹിതി" മുതലായമാസികകൾ വഴിയായി ശ്രീമാൻ ശങ്കരനെഴുത്തച്ഛൻ മലയാളവായനക്കാർക്കു പരിചയപ്പെട്ടു കഴിഞ്ഞിരിയ്ക്കുന്നു. ഭാഷാസ്നേഹിയായ ഇദ്ദേഹം "പൈങ്കിളി"യുടെ പത്രാധിപരായിരുന്നു എന്ന സംഗതിയും പ്രസ്താവയോഗ്യമാണ്. "തിങ്കളാം വെള്ളിക്കിണ്ണത്തിങ്കലെപ്പാലും താരത്തങ്കപ്പൂനിരയിൽ നിന്നൊലിയ്ക്കും തെളിത്തേനും ആസ്വദിച്ചദ്ധ്വഖേദമകറ്റിസ്വൈരം വാനിലാ സ്വർണ്ണപക്ഷം വീശി"ക്കളിച്ച "പൈങ്കിളി" ഈ ഗ്രന്ഥകർത്താവിന്റെ അനതിദൂരമായ ഭാവിശ്രേയസ്സിനെപ്പറ്റി അസ്പഷ്ടവർണ്ണമായ നിശ്ശബ്ദഗാനത്താൽ ഇപ്പോഴും സ്തുതിച്ചുകൊണ്ടിരിക്കുന്നുണ്ടു് എന്നുള്ളതു പ്രശാന്തരമണീയമായ "പട്ടാമ്പി"യിലെ അന്തരീക്ഷം താലദളങ്ങളുടെ "കിലുകില" സ്വരത്താൽ ഉച്ചൈസ്തരാം ഉൽഘോഷിയ്ക്കുക തന്നെ ചെയ്യുന്നുണ്ടു്.

ശ്രീമാൻ ശങ്കരനെഴുത്തച്ഛന്റെ കൃതികളിൽ പുസ്തകരൂപേണ ആദ്യമായി പുറത്തുവരുന്നതു് "തുഞ്ചത്തെഴുത്തച്ഛ"ന്റെ ജീവചരിത്രമാണെന്നു പറഞ്ഞാൽ ഇദ്ദേഹത്തിന്റെ ഹൃദയശുദ്ധിയെക്കുറിച്ചു മറ്റൊന്നും പറയേണ്ടതില്ലല്ലൊ. "തുഞ്ചത്തെഴുത്തച്ഛ"ന്റെ പൈങ്കിളിയ്ക്കെന്നപോലെ ശ്രീമാൻ ശങ്കരനെഴുത്തച്ഛന്റെ സാഹിത്യക്കിളിയ്ക്കും നിരർഗ്ഗളമായ ഗാനധാരയിൽ നിസ്സാരമായ വല്ല വർണ്ണവൈകല്യവും വന്നു പോയിട്ടുണ്ടെങ്കിൽ "നിമജ്ജതിന്ദൊഃ കിരണേഷ്വിവാങ്കഃ" എന്നു സമാധാനിയ്ക്കുവാനേ ഉള്ളൂ. [ 8 ]

"തുഞ്ചത്തെഴുത്തച്ഛന്റെ" ജ്ഞാനം, വിദ്യാഭ്യാസം, വിദേശസഞ്ചാരം മുതലായ സംഗതികൾ ലളിതമായ ഭാഷയിൽ വിവരിയ്ക്കുകയും അദ്ദേഹത്തിന്റെ കൃതികളെപ്പറ്റി സംക്ഷിപ്തമായി വിമർശിക്കുകയും ചെയ്തുകൊണ്ടു നിർമ്മിയ്ക്കപ്പെട്ടിരിയ്ക്കുന്നതും കേരളത്തിന്നുതന്നെ ആചാര്യഭൂതരായ "പുന്നശ്ശേരിനമ്പി നീലകണ്ഠശർമ്മാ" വവർകളുടെ പുണ്യപാദങ്ങളിൽ സമർപ്പിയ്ക്കപ്പെട്ടിരിക്കുന്നതും ആയ പ്രസ്തുതഗ്രന്ഥത്തെ കവനക്കിളികളുടെ കളകളം മുഴങ്ങുന്ന ഈ സുപ്രഭാതത്തിൽ ഇതാ ഞാൻ സഹൃദയസമക്ഷം അവതരിപ്പിച്ചുകൊള്ളുന്നു.

എന്നു്
തൃശ്ശിവപേരൂർ
൧൧൦൨ കുംഭം ൨൬-ആംനു-
} കെ.കെ. രാജാ.