ത് ചങ്ങമ്പുഴ ഏറ്റവും ഒടുവിൽ എഴുതിയ കവിത. 'നന്ദിയും സ്നേഹവും" എന്ന പേരിലാണു ഈ കവിത ആദ്യം പ്രസിദ്ധപ്പെടുത്തിയത്.

യുരാരോഗ്യങ്ങളാശീർവദിച്ചുകൊ-
ണ്ടായിരമായിരമെത്തുന്നു കത്തുകൾ
ഓരോ സുഹൃത്തുക്കളജ്ഞാതർ കൂടിയു-
മീരോഗശയ്യയിലെത്തിപ്പൂ സംഖ്യകൾ.
ആബദ്ധ സൗഹൃദമാഗമിപ്പൂ കനി-

ഞ്ഞാബാലവൃദ്ധമെന്നഭ്യുദയാർത്ഥികൾ.
തിങ്ങിത്തുടിപ്പൂ വികാരങ്ങളെൻ ഹൃത്തി
ലെങ്ങനെ നിങ്ങളോടോതേണ്ടു നന്ദി ഞാൻ?
ഏതൗഷധത്തിനേക്കാളുമാശ്വാസദം
ചേതസ്സിൽ വീഴുമിസ്സാന്തനാർദ്രാമൃതം
എത്രയ്ക്കധമനാണെങ്കിലു മെന്നെയെൻ
മിത്രങ്ങൾ നിങ്ങൾ വെടിഞ്ഞീലൊരിക്കലും
ശത്രുവേക്കൂടിയും ബന്ധിപ്പൂ മൈത്രിയാൽ
ശപ്തമെൻ രോഗം; ചാരിതാർത്ഥനാണു ഞാൻ.

നാനാരസാകുലം നാളെ മജ്ജീവിത-
നാടകത്തിങ്കൽ തിരശ്ശീല വീഴ് കിലും
അസ്വസ്ഥ ചിത്തനായ് ദോഷൈകദൃഷ്ടിയാ-
യസ്തമിച്ചീടാനിടയാക്കിയില്ല നീ
വീർപ്പിട്ടു കണ്ണീരിൽ മുങ്ങിനിന്നിന്നിതാ
മാപ്പു ചോദിപ്പൂ ഞാൻ നിന്നോടു ലോകമേ!
 
ഒപ്പം തമസ്സും പ്രകാശവുമുൾച്ചേർന്നൊ-
രപ്രമേയാത്ഭുതം തന്നെ നിൻ ഹൃത്തടം!
ചെമ്പനീർപ്പൂക്കൾ വിടരുമതിൽത്തന്നെ
വെമ്പിപ്പുളയ്ക്കുന്നു തേളും പുഴുക്കളും.
പുല്ലാം കുഴലിനും തോക്കിനും മദ്ധ്യത്തി-
ലുല്ലസിപ്പൂ നീ സഗർവനായ് സൗമ്യനായ്
നിന്നെയെമ്മട്ടിലപഗഥിക്കും കഷ്ട-
മെന്നിലുള്ളെന്നെശ്ശരിക്കറിയാത്ത ഞാൻ?
നന്മനേരുന്നു നിനക്കുഞാൻ നീയെന്റെ
നന്ദിയും സ്നേഹവും സ്വീകരിക്കേണമേ.