പരിശുദ്ധ ഖുർആൻ അദ്ധ്യായങ്ങൾ

1 | 2 | 3 | 4 | 5 | 6 | 7 | 8‍ | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 | 67 | 68 | 69 | 70 | 71 | 72 | 73 | 74 | 75 | 76 | 77 | 78 | 79 | 80 | 81 | 82 | 83 | 84 | 85 | 86 | 87 | 88 | 89 | 90 | 91 | 92 | 93 | 94 | 95 | 96 | 97 | 98 | 99 | 100 | 101 | 102‍ | 103‍ | 104 | 105 | 106 | 107‍ | 108‍ | 109‍ | 110 | 111 | 112 | 113 | 114


<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

പരിശുദ്ധ ഖുർആൻ
  1. അൽ ഫാത്തിഹ
  2. അൽ ബഖറ
  3. ആലു ഇംറാൻ
  4. നിസാഅ്
  5. മാഇദ
  6. അൻആം
  7. അഅ്റാഫ്
  8. അൻഫാൽ
  9. തൗബ
  10. യൂനുസ്
  11. ഹൂദ്
  12. യൂസുഫ്
  13. റഅദ്
  14. ഇബ്രാഹീം
  15. ഹിജ്റ്
  16. നഹ്ൽ
  17. ഇസ്റാഅ്
  18. അൽ കഹഫ്
  19. മർയം
  20. ത്വാഹാ
  21. അൻബിയാഅ്
  22. ഹജ്ജ്
  23. അൽ മുഅ്മിനൂൻ
  24. നൂർ
  25. ഫുർഖാൻ
  26. ശുഅറാ
  27. നംൽ
  28. ഖസസ്
  29. അൻ‌കബൂത്
  30. റൂം
  31. ലുഖ്‌മാൻ
  32. സജദ
  33. അഹ്സാബ്
  34. സബഅ്
  35. ഫാത്വിർ
  36. യാസീൻ
  37. സ്വാഫ്ഫാത്ത്
  38. സ്വാദ്
  39. സുമർ
  40. മുഅ്മിൻ
  41. ഫുസ്സിലത്ത്
  42. ശൂറാ
  43. സുഖ്റുഫ്
  44. ദുഖാൻ
  45. ജാഥിയ
  46. അഹ്ഖാഫ്
  47. മുഹമ്മദ്
  48. ഫതഹ്
  49. ഹുജുറാത്
  50. ഖാഫ്
  51. ദാരിയാത്
  52. ത്വൂർ
  53. നജ്മ്
  54. ഖമർ
  55. റഹ് മാൻ
  56. അൽ വാഖിഅ
  57. ഹദീദ്
  58. മുജാദില
  59. ഹഷ്ർ
  60. മുംതഹന
  61. സ്വഫ്ഫ്
  62. ജുമുഅ
  63. മുനാഫിഖൂൻ
  64. തഗാബൂൻ
  65. ത്വലാഖ്
  66. തഹ് രീം
  67. മുൽക്ക്
  68. ഖലം
  69. ഹാഖ
  70. മആരിജ്
  71. നൂഹ്
  72. ജിന്ന്
  73. മുസമ്മിൽ
  74. മുദ്ദഥിർ
  75. ഖിയാമ
  76. ഇൻസാൻ
  77. മുർസലാത്ത്
  78. നബഅ്
  79. നാസിയാത്ത്
  80. അബസ
  81. തക് വീർ
  82. ഇൻഫിത്വാർ
  83. മുതഫ്ഫിഫീൻ
  84. ഇന്ഷിഖാഖ്
  85. ബുറൂജ്
  86. ത്വാരിഖ്
  87. അഅ്അലാ
  88. ഗാശിയ
  89. ഫജ്ർ
  90. ബലദ്
  91. ശംസ്
  92. ലൈൽ
  93. ളുഹാ
  94. ശർഹ്
  95. തീൻ
  96. അലഖ്
  97. ഖദ്ർ
  98. ബയ്യിന
  99. സൽസല
  100. ആദിയാത്
  101. അൽ ഖാരിഅ
  102. തകാഥുർ
  103. അസ്വർ
  104. ഹുമസ
  105. ഫീൽ
  106. ഖുറൈഷ്
  107. മാഊൻ
  108. കൗഥർ
  109. കാഫിറൂൻ
  110. നസ്ർ
  111. മസദ്
  112. ഇഖ് ലാസ്
  113. ഫലഖ്
  114. നാസ്

1 സത്യവിശ്വാസികളേ, നിങ്ങൾ കരാറുകൾ നിറവേറ്റുക. ( പിന്നീട്‌ ) നിങ്ങൾക്ക്‌ വിവരിച്ചുതരുന്നതൊഴിച്ചുള്ള ആട്‌, മാട്‌, ഒട്ടകം എന്നീ ഇനങ്ങളിൽ പെട്ട മൃഗങ്ങൾ നിങ്ങൾക്ക്‌ അനുവദിക്കപ്പെട്ടിരിക്കുന്നു. എന്നാൽ നിങ്ങൾ ഇഹ്‌റാമിൽ പ്രവേശിച്ചവരായിരിക്കെ വേട്ടയാടുന്നത്‌ അനുവദനീയമാക്കരുത്‌. തീർച്ചയായും അല്ലാഹു അവൻ ഉദ്ദേശിക്കുന്നത്‌ വിധിക്കുന്നു.

2 സത്യവിശ്വാസികളേ, അല്ലാഹുവിൻറെ മതചിഹ്നങ്ങളെ നിങ്ങൾ അനാദരിക്കരുത്‌. പവിത്രമായ മാസത്തെയും ( കഅ്ബത്തിങ്കലേക്ക്‌ കൊണ്ടുപോകുന്ന ) ബലിമൃഗങ്ങളെയും, ( അവയുടെ കഴുത്തിലെ ) അടയാളത്താലികളെയും നിങ്ങളുടെ രക്ഷിതാവിൻറെ അനുഗ്രഹവും പൊരുത്തവും തേടിക്കൊണ്ട്‌ വിശുദ്ധ മന്ദിരത്തെ ലക്ഷ്യമാക്കിപ്പോകുന്ന തീർത്ഥാടകരെയും ( നിങ്ങൾ അനാദരിക്കരുത്‌. ) എന്നാൽ ഇഹ്‌റാമിൽ നിന്ന്‌ നിങ്ങൾ ഒഴിവായാൽ നിങ്ങൾക്ക്‌ വേട്ടയാടാവുന്നതാണ്‌. മസ്ജിദുൽ ഹറാമിൽ നിന്ന്‌ നിങ്ങളെ തടഞ്ഞു എന്നതിൻറെ പേരിൽ ഒരു ജനവിഭാഗത്തോട്‌ നിങ്ങൾക്കുള്ള അമർഷം അതിക്രമം പ്രവർത്തിക്കുന്നതിന്ന്‌ നിങ്ങൾക്കൊരിക്കലും പ്രേരകമാകരുത്‌. പുണ്യത്തിലും ധർമ്മനിഷ്ഠയിലും നിങ്ങൾ അന്യോന്യം സഹായിക്കുക. പാപത്തിലും അതിക്രമത്തിലും നിങ്ങൾ അന്യോന്യം സഹായിക്കരുത്‌. നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുക. തീർച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാകുന്നു.

3 ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവരുടെ പേരിൽ അറുക്കപ്പെട്ടത്‌, ശ്വാസം മുട്ടി ചത്തത്‌, അടിച്ചുകൊന്നത്‌, വീണുചത്തത്‌, കുത്തേറ്റ്‌ ചത്തത്‌, വന്യമൃഗം കടിച്ചുതിന്നത്‌ എന്നിവ നിങ്ങൾക്ക്‌ നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. എന്നാൽ ( ജീവനോടെ ) നിങ്ങൾ അറുത്തത്‌ ഇതിൽ നിന്നൊഴിവാകുന്നു. പ്രതിഷ്ഠകൾക്കുമുമ്പിൽ ബലിയർപ്പിക്കപ്പെട്ടതും ( നിങ്ങൾക്ക്‌ ) നിഷിദ്ധമാകുന്നു. അമ്പുകളുപയോഗിച്ച്‌ ഭാഗ്യം നോക്കലും ( നിങ്ങൾക്ക്‌ നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. ) അതൊക്കെ അധർമ്മമാകുന്നു. ഇന്ന്‌ സത്യനിഷേധികൾ നിങ്ങളുടെ മതത്തെ നേരിടുന്ന കാര്യത്തിൽ നിരാശപ്പെട്ടിരിക്കുകയാണ്‌. അതിനാൽ അവരെ നിങ്ങൾ പേടിക്കേണ്ടതില്ല. എന്നെ നിങ്ങൾ പേടിക്കുക. ഇന്ന്‌ ഞാൻ നിങ്ങൾക്ക്‌ നിങ്ങളുടെ മതം പൂർത്തിയാക്കി തന്നിരിക്കുന്നു. എൻറെ അനുഗ്രഹം നിങ്ങൾക്ക്‌ ഞാൻ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്ലാമിനെ ഞാൻ നിങ്ങൾക്ക്‌ തൃപ്തിപ്പെട്ട്‌ തന്നിരിക്കുന്നു. വല്ലവനും പട്ടിണി കാരണം ( നിഷിദ്ധമായത്‌ ) തിന്നുവാൻ നിർബന്ധിതനാകുന്ന പക്ഷം അവൻ അധർമ്മത്തിലേക്ക്‌ ചായ്‌വുള്ളവനല്ലെങ്കിൽ തീർച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണ കാണിക്കുന്നവനുമാകുന്നു.

4 തങ്ങൾക്ക്‌ അനുവദിക്കപ്പെട്ടിട്ടുള്ളത്‌ എന്തൊക്കെയാണെന്ന്‌ അവർ നിന്നോട്‌ ചോദിക്കും. പറയുക: നല്ല വസ്തുക്കളെല്ലാം നിങ്ങൾക്ക്‌ അനുവദിക്കപ്പെട്ടിരിക്കുന്നു. അല്ലാഹു നിങ്ങൾക്ക്‌ നൽകിയ വിദ്യ ഉപയോഗിച്ച്‌ നായാട്ട്‌ പരിശീലിപ്പിക്കാറുള്ള രീതിയിൽ നിങ്ങൾ പഠിപ്പിച്ചെടുത്ത ഏതെങ്കിലും വേട്ടമൃഗം നിങ്ങൾക്ക്‌ വേണ്ടി പിടിച്ച്‌ കൊണ്ടുവന്നതിൽ നിന്ന്‌ നിങ്ങൾ തിന്നുകൊള്ളുക. ആ ഉരുവിൻറെ മേൽ നിങ്ങൾ അല്ലാഹുവിൻറെ നാമം ഉച്ചരിക്കുകയും ചെയ്യുക. നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുക. തീർച്ചയായും അല്ലാഹു അതിവേഗം കണക്ക്‌ നോക്കുന്നവനാകുന്നു.

5 എല്ലാ നല്ല വസ്തുക്കളും ഇന്ന്‌ നിങ്ങൾക്ക്‌ അനുവദിക്കപ്പെട്ടിരിക്കുന്നു. വേദം നൽകപ്പെട്ടവരുടെ ഭക്ഷണം നിങ്ങൾക്ക്‌ അനുവദനീയമാണ്‌. നിങ്ങളുടെ ഭക്ഷണം അവർക്കും അനുവദനീയമാണ്‌. സത്യവിശ്വാസിനികളിൽ നിന്നുള്ള പതിവ്രതകളായ സ്ത്രീകളും, നിങ്ങൾക്ക്‌ മുമ്പ്‌ വേദം നൽകപ്പെട്ടവരിൽ നിന്നുള്ള പതിവ്രതകളായ സ്ത്രീകളും - നിങ്ങള വർക്ക്‌ വിവാഹമൂല്യം നൽകിക്കഴിഞ്ഞിട്ടുണ്ടെങ്കിൽ - ( നിങ്ങൾക്ക്‌ അനുവദിക്കപ്പെട്ടിരിക്കുന്നു. ) നിങ്ങൾ വൈവാഹിക ജീവിതത്തിൽ ഒതുങ്ങി നിൽക്കുന്നവരായിരിക്കണം. വ്യഭിചാരത്തിൽ ഏർപെടുന്നവരാകരുത്‌. രഹസ്യവേഴ്ചക്കാരെ സ്വീകരിക്കുന്നവരുമാകരുത്‌. സത്യവിശ്വാസത്തെ ആരെങ്കിലും തള്ളിക്കളയുന്ന പക്ഷം അവൻറെ കർമ്മം നിഷ്ഫലമായിക്കഴിഞ്ഞു. പരലോകത്ത്‌ അവൻ നഷ്ടം പറ്റിയവരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യും.

6 സത്യവിശ്വാസികളേ, നിങ്ങൾ നമസ്കാരത്തിന്‌ ഒരുങ്ങിയാൽ, നിങ്ങളുടെ മുഖങ്ങളും, മുട്ടുവരെ രണ്ടുകൈകളും കഴുകുകയും, നിങ്ങളുടെ തല തടവുകയും നെരിയാണിവരെ രണ്ട്‌ കാലുകൾ കഴുകുകയും ചെയ്യുക. നിങ്ങൾ ജനാബത്ത്‌ ( വലിയ അശുദ്ധി ) ബാധിച്ചവരായാൽ നിങ്ങൾ ( കുളിച്ച്‌ ) ശുദ്ധിയാകുക. നിങ്ങൾ രോഗികളാകുകയോ യാത്രയിലാകുകയോ ചെയ്താൽ, അല്ലെങ്കിൽ നിങ്ങളിലൊരാൾ മലമൂത്രവിസർജ്ജനം കഴിഞ്ഞ്‌ വരികയോ, നിങ്ങൾ സ്ത്രീകളുമായി സംസർഗം നടത്തുകയോ ചെയ്തിട്ട്‌ നിങ്ങൾക്ക്‌ വെള്ളം കിട്ടിയില്ലെങ്കിൽ ശുദ്ധമായ ഭൂമുഖം തേടിക്കൊള്ളുക. എന്നിട്ട്‌ അതുകൊണ്ട്‌ നിങ്ങളുടെ മുഖവും കൈകളും തടവുക. നിങ്ങൾക്ക്‌ ഒരു ബുദ്ധിമുട്ടും വരുത്തിവെക്കണമെന്ന്‌ അല്ലാഹു ഉദ്ദേശിക്കുന്നില്ല. എന്നാൽ നിങ്ങളെ ശുദ്ധീകരിക്കണമെന്നും, തൻറെ അനുഗ്രഹം നിങ്ങൾക്ക്‌ പൂർത്തിയാക്കിത്തരണമെന്നും അവൻ ഉദ്ദേശിക്കുന്നു. നിങ്ങൾ നന്ദിയുള്ളവരായേക്കാം.

7 അല്ലാഹു നിങ്ങൾക്ക്‌ ചെയ്തു തന്ന അനുഗ്രഹം നിങ്ങൾ ഓർക്കുക. ഞങ്ങളിതാ കേൾക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു എന്ന്‌ നിങ്ങൾ പറഞ്ഞ സന്ദർഭത്തിൽ അല്ലാഹു നിങ്ങളോട്‌ ഉറപ്പേറിയ കരാർ വാങ്ങിയതും ( ഓർക്കുക ) നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുക. തീർച്ചയായും അല്ലാഹു മനസ്സുകളിലുള്ളത്‌ അറിയുന്നവനാകുന്നു.

8 സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവിന്ന്‌ വേണ്ടി നിലകൊള്ളുന്നവരും, നീതിക്ക്‌ സാക്ഷ്യം വഹിക്കുന്നവരുമായിരിക്കുക. ഒരു ജനതയോടുള്ള അമർഷം നീതി പാലിക്കാതിരിക്കാൻ നിങ്ങൾക്ക്‌ പ്രേരകമാകരുത്‌. നിങ്ങൾ നീതി പാലിക്കുക. അതാണ്‌ ധർമ്മനിഷ്ഠയോട്‌ ഏറ്റവും അടുത്തത്‌. നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുക. തീർച്ചയായും നിങ്ങൾ പ്രവർത്തിക്കുന്നതിനെ കുറിച്ചെല്ലാം അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാകുന്നു.

9 വിശ്വസിക്കുകയും, സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരോട്‌ അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. അവർക്ക്‌ പാപമോചനവും മഹത്തായ പ്രതിഫലവും ഉണ്ടെന്ന്‌.

10 അവിശ്വസിക്കുകയും നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുകയും ചെയ്തവരാരോ അവരാകുന്നു നരകാവകാശികൾ.

11 സത്യവിശ്വാസികളേ, ഒരു ജനവിഭാഗം നിങ്ങളുടെ നേരെ ( ആക്രമണാർത്ഥം ) അവരുടെ കൈകൾ നീട്ടുവാൻ മുതിർന്നപ്പോൾ, അവരുടെ കൈകളെ നിങ്ങളിൽ നിന്ന്‌ തട്ടിമാറ്റിക്കൊണ്ട്‌ അല്ലാഹു നിങ്ങൾക്ക്‌ ചെയ്തു തന്ന അനുഗ്രഹം നിങ്ങൾ ഓർക്കുവിൻ. നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുക. സത്യവിശ്വാസികൾ അല്ലാഹുവിൽ മാത്രം ഭരമേൽപിക്കട്ടെ.

12 അല്ലാഹു ഇസ്രായീൽ സന്തതികളോട്‌ കരാർ വാങ്ങുകയും, അവരിൽ നിന്ന്‌ പന്ത്രണ്ട്‌ നേതാക്കൻമാരെ നിയോഗിക്കുകയുമുണ്ടായി. അല്ലാഹു ( അവരോട്‌ ) പറഞ്ഞു: തീർച്ചയായും ഞാൻ നിങ്ങളുടെ കൂടെയുണ്ട്‌. നിങ്ങൾ പ്രാർത്ഥന മുറപോലെ നിർവഹിക്കുകയും, സകാത്ത്‌ നൽകുകയും, എൻറെ ദൂതൻമാരിൽ വിശ്വസിക്കുകയും, അവരെ സഹായിക്കുകയും, അല്ലാഹുവിന്ന്‌ ഉത്തമമായ കടം കൊടുക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന പക്ഷം തീർച്ചയായും നിങ്ങളുടെ തിൻമകൾ നിങ്ങളിൽ നിന്ന്‌ ഞാൻ മായ്ച്ചുകളയുകയും, താഴ്ഭാഗത്ത്‌ കൂടി അരുവികൾ ഒഴുകുന്ന സ്വർഗത്തോപ്പുകളിൽ നിങ്ങളെ ഞാൻ പ്രവേശിപ്പിക്കുകയും ചെയ്യുന്നതാണ്‌. എന്നാൽ അതിനു ശേഷം നിങ്ങളിൽ നിന്ന്‌ ആർ അവിശ്വസിച്ചുവോ അവൻ നേർമാർഗത്തിൽ നിന്ന്‌ തെറ്റിപ്പോയിരിക്കുന്നു.

13 അങ്ങനെ അവർ കരാർ ലംഘിച്ചതിൻറെ ഫലമായി നാം അവരെ ശപിക്കുകയും, അവരുടെ മനസ്സുകളെ നാം കടുത്തതാക്കിത്തീർക്കുകയും ചെയ്തു. വേദവാക്യങ്ങളെ അവയുടെ സ്ഥാനങ്ങളിൽ നിന്ന്‌ അവർ തെറ്റിക്കുന്നു. അവർക്ക്‌ ഉൽബോധനം നൽകപ്പെട്ടതിൽ ഒരു ഭാഗം അവർ മറന്നുകളയുകയും ചെയ്തു. അവർ - അൽപം ചിലരൊഴികെ - നടത്തിക്കൊണ്ടിരിക്കുന്ന വഞ്ചന ( മേലിലും ) നീ കണ്ടുകൊണ്ടിരിക്കും. എന്നാൽ അവർക്ക്‌ നീ മാപ്പുനൽകുകയും അവരോട്‌ വിട്ടുവീഴ്ച കാണിക്കുകയും ചെയ്യുക. നല്ല നിലയിൽ വർത്തിക്കുന്നവരെ തീർച്ചയായും അല്ലാഹു ഇഷ്ടപ്പെടും.

14 ഞങ്ങൾ ക്രിസ്ത്യാനികളാണ്‌ എന്ന്‌ പറഞ്ഞവരിൽ നിന്നും നാം കരാർ വാങ്ങുകയുണ്ടായി. എന്നിട്ട്‌ അവർക്ക്‌ ഉൽബോധനം നൽകപ്പെട്ടതിൽ നിന്ന്‌ ഒരു ഭാഗം അവർ മറന്നുകളഞ്ഞു. അതിനാൽ അവർക്കിടയിൽ ഉയിർത്തെഴുന്നേൽപിൻറെ നാളുവരേക്കും ശത്രുതയും വിദ്വേഷവും നാം ഇളക്കിവിട്ടു. അവർ ചെയ്ത്കൊണ്ടിരുന്നതിനെപ്പറ്റിയെല്ലാം അല്ലാഹു പിന്നീടവരെ പറഞ്ഞറിയിക്കുന്നതാണ്‌.

15 വേദക്കാരേ, വേദഗ്രന്ഥത്തിൽ നിന്ന്‌ നിങ്ങൾ മറച്ച്‌ വെച്ചുകൊണ്ടിരുന്ന പലതും നിങ്ങൾക്ക്‌ വെളിപ്പെടുത്തിത്തന്നുകൊണ്ട്‌ നമ്മുടെ ദൂതൻ ( ഇതാ ) നിങ്ങളുടെ അടുത്ത്‌ വന്നിരിക്കുന്നു. പലതും അദ്ദേഹം മാപ്പാക്കുകയും ചെയ്യുന്നു. നിങ്ങൾക്കിതാ അല്ലാഹുവിങ്കൽ നിന്ന്‌ ഒരു പ്രകാശവും വ്യക്തമായ ഒരു ഗ്രന്ഥവും വന്നിരിക്കുന്നു.

16 അല്ലാഹു തൻറെ പൊരുത്തം തേടിയവരെ അത്‌ മുഖേന സമാധാനത്തിൻറെ വഴികളിലേക്ക്‌ നയിക്കുന്നു. തൻറെ ഉത്തരവ്‌ മുഖേന അവരെ അന്ധകാരങ്ങളിൽ നിന്ന്‌ അവൻ പ്രകാശത്തിലേക്ക്‌ കൊണ്ടുവരുകയും, നേരായ പാതയിലേക്ക്‌ അവരെ നയിക്കുകയും ചെയ്യുന്നു.

17 മർയമിൻറെ മകൻ മസീഹ്‌ തന്നെയാണ്‌ അല്ലാഹു എന്ന്‌ പറഞ്ഞവർ തീർച്ചയായും അവിശ്വാസികളായിരിക്കുന്നു. ( നബിയേ, ) പറയുക: മർയമിൻറെ മകൻ മസീഹിനെയും അദ്ദേഹത്തിൻറെ മാതാവിനെയും, ഭൂമിയിലുള്ള മുഴുവൻ പേരെയും അല്ലാഹു നശിപ്പിക്കാൻ ഉദ്ദേശിക്കുകയാണെങ്കിൽ അവൻറെ വല്ല നടപടിയിലും സ്വാധീനം ചെലുത്താൻ ആർക്കാണ്‌ കഴിയുക? ആകാശങ്ങളുടെയും, ഭൂമിയുടെയും, അവയ്ക്കിടയിലുള്ളതിൻറെയും എല്ലാം ആധിപത്യം അല്ലാഹുവിന്നത്രെ. അവൻ ഉദ്ദേശിക്കുന്നത്‌ അവൻ സൃഷ്ടിക്കുന്നു. അല്ലാഹു ഏത്‌ കാര്യത്തിനും കഴിവുള്ളവനത്രെ.

18 യഹൂദരും ക്രിസ്ത്യാനികളും പറഞ്ഞു: ഞങ്ങൾ അല്ലാഹുവിൻറെ മക്കളും അവന്ന്‌ പ്രിയപ്പെട്ടവരുമാകുന്നു എന്ന്‌. ( നബിയേ, ) പറയുക: പിന്നെ എന്തിനാണ്‌ നിങ്ങളുടെ കുറ്റങ്ങൾക്ക്‌ അല്ലാഹു നിങ്ങളെ ശിക്ഷിക്കുന്നത്‌? അങ്ങനെയല്ല; അവൻറെ സൃഷ്ടികളിൽ പെട്ട മനുഷ്യർ മാത്രമാകുന്നു നിങ്ങൾ. അവൻ ഉദ്ദേശിക്കുന്നവർക്ക്‌ അവൻ പൊറുത്തുകൊടുക്കുകയും, അവൻ ഉദ്ദേശിക്കുന്നവരെ അവൻ ശിക്ഷിക്കുകയും ചെയ്യും. ആകാശങ്ങളുടെയും, ഭൂമിയുടെയും, അവയ്ക്കിടയിലുള്ളതിൻറെയും എല്ലാം ആധിപത്യം അല്ലാഹുവിനത്രെ. അവങ്കലേക്ക്‌ തന്നെയാണ്‌ മടക്കം.

19 വേദക്കാരേ, ദൈവദൂതൻമാർ വരാതെ ഒരു ഇടവേള കഴിഞ്ഞ ശേഷം നിങ്ങൾക്ക്‌ ( കാര്യങ്ങൾ ) വിവരിച്ചുതന്നു കൊണ്ട്‌ നമ്മുടെ ദൂതൻ ഇതാ നിങ്ങളുടെ അടുത്ത്‌ വന്നിരിക്കുന്നു. ഞങ്ങളുടെ അടുത്ത്‌ ഒരു സന്തോഷവാർത്തക്കാരനോ, താക്കീതുകാരനോ വന്നില്ല എന്ന്‌ നിങ്ങൾ പറയാതിരിക്കാൻ വേണ്ടിയാണിത്‌. അതെ, നിങ്ങൾക്ക്‌ സന്തോഷവാർത്ത അറിയിക്കുകയും, താക്കീത്‌ നൽകുകയും ചെയ്യുന്ന ആൾ ( ഇതാ ) വന്നു കഴിഞ്ഞിരിക്കുന്നു. അല്ലാഹു ഏത്‌ കാര്യത്തിനും കഴിവുള്ളവനത്രെ.

20 മൂസാ തൻറെ ജനതയോട്‌ പറഞ്ഞ സന്ദർഭം ( ഓർക്കുക: ) എൻറെ ജനങ്ങളേ, നിങ്ങളിൽ പ്രവാചകൻമാരെ നിയോഗിക്കുകയും, നിങ്ങളെ രാജാക്കൻമാരാക്കുകയും, മനുഷ്യരിൽ നിന്ന്‌ മറ്റാർക്കും നൽകിയിട്ടില്ലാത്ത പലതും നിങ്ങൾക്ക്‌ നൽകുകയും ചെയ്ത്കൊണ്ട്‌ അല്ലാഹു നിങ്ങളെ അനുഗ്രഹിച്ചത്‌ നിങ്ങൾ ഓർക്കുക.

21 എൻറെ ജനങ്ങളേ, അല്ലാഹു നിങ്ങൾക്ക്‌ വിധിച്ചിട്ടുള്ള പവിത്രഭൂമിയിൽ നിങ്ങൾ പ്രവേശിക്കുവിൻ. നിങ്ങൾ പിന്നോക്കം മടങ്ങരുത്‌. എങ്കിൽ നിങ്ങൾ നഷ്ടക്കാരായി മാറും.

22 അവർ പറഞ്ഞു: ഓ; മൂസാ, പരാക്രമശാലികളായ ഒരു ജനതയാണ്‌ അവിടെയുള്ളത്‌. അവർ അവിടെ നിന്ന്‌ പുറത്ത്‌ പോകുന്നത്‌ വരെ ഞങ്ങൾ അവിടെ പ്രവേശിക്കുകയേയില്ല. അവർ അവിടെ നിന്ന്‌ പുറത്ത്‌ പോകുന്ന പക്ഷം തീർച്ചയായും ഞങ്ങൾ ( അവിടെ ) പ്രവേശിച്ചുകൊള്ളാം.

23 ദൈവഭയമുള്ളവരിൽ പെട്ട, അല്ലാഹു അനുഗ്രഹിച്ച രണ്ടുപേർ പറഞ്ഞു: നിങ്ങൾ അവരുടെ നേർക്ക്‌ കവാടം കടന്നങ്ങ്‌ ചെല്ലുക. അങ്ങനെ നിങ്ങൾ കടന്ന്‌ ചെന്നാൽ തീർച്ചയായും നിങ്ങൾ തന്നെയായിരിക്കും ജയിക്കുന്നത്‌. നിങ്ങൾ വിശ്വാസികളാണെങ്കിൽ അല്ലാഹുവിൽ നിങ്ങൾ ഭരമേൽപിക്കുക.

24 അപ്പോൾ അവർ പറഞ്ഞു: ഓ; മൂസാ, അവരവിടെ ഉണ്ടായിരിക്കുന്ന കാലത്തോളം ഞങ്ങളൊരിക്കലും അവിടെ പ്രവേശിക്കുകയില്ല. അതിനാൽ താങ്കളും താങ്കളുടെ രക്ഷിതാവും കൂടിപ്പോയി യുദ്ധം ചെയ്ത്‌ കൊള്ളുക. ഞങ്ങൾ ഇവിടെ ഇരിക്കുകയാണ്‌.

25 അദ്ദേഹം ( മൂസാ ) പറഞ്ഞു: എൻറെ രക്ഷിതാവേ, എൻറെയും എൻറെ സഹോദരൻറെയും കാര്യമല്ലാതെ എൻറെ അധീനത്തിലില്ല. ആകയാൽ ഞങ്ങളെയും ഈ ധിക്കാരികളായ ജനങ്ങളെയും തമ്മിൽ വേർപിരിക്കേണമേ.

26 അവൻ ( അല്ലാഹു ) പറഞ്ഞു: എന്നാൽ ആ നാട്‌ നാൽപത്‌ കൊല്ലത്തേക്ക്‌ അവർക്ക്‌ വിലക്കപ്പെട്ടിരിക്കുകയാണ്‌; തീർച്ച. ( അക്കാലമത്രയും ) അവർ ഭൂമിയിൽ അന്തം വിട്ട്‌ അലഞ്ഞ്‌ നടക്കുന്നതാണ്‌. ആകയാൽ ആ ധിക്കാരികളായ ജനങ്ങളുടെ പേരിൽ നീ ദുഃഖിക്കരുത്‌.

27 ( നബിയേ, ) നീ അവർക്ക്‌ ആദമിൻറെ രണ്ടുപുത്രൻമാരുടെ വൃത്താന്തം സത്യപ്രകാരം പറഞ്ഞുകേൾപിക്കുക: അവർ ഇരുവരും ഓരോ ബലിയർപ്പിച്ച സന്ദർഭം, ഒരാളിൽ നിന്ന്‌ ബലി സ്വീകരിക്കപ്പെട്ടു. മറ്റവനിൽ നിന്ന്‌ സ്വീകരിക്കപ്പെട്ടില്ല. മറ്റവൻ പറഞ്ഞു: ഞാൻ നിന്നെ കൊലപ്പെടുത്തുക തന്നെ ചെയ്യും. അവൻ ( ബലിസ്വീകരിക്കപ്പെട്ടവൻ ) പറഞ്ഞു: ധർമ്മനിഷ്ഠയുള്ളവരിൽ നിന്നു മാത്രമേ അല്ലാഹു സ്വീകരിക്കുകയുള്ളൂ

28 എന്നെ കൊല്ലുവാൻ വേണ്ടി നീ എൻറെ നേരെ കൈനീട്ടിയാൽ തന്നെയും, നിന്നെ കൊല്ലുവാൻ വേണ്ടി ഞാൻ നിൻറെ നേരെ കൈനീട്ടുന്നതല്ല. തീർച്ചയായും ഞാൻ ലോകരക്ഷിതാവായ അല്ലാഹുവെ ഭയപ്പെടുന്നു.

29 എൻറെ കുറ്റത്തിനും, നിൻറെ കുറ്റത്തിനും നീ അർഹനായിത്തീരുവാനും, അങ്ങനെ നീ നരകാവകാശികളുടെ കൂട്ടത്തിലാകുവാനുമാണ്‌ ഞാൻ ആഗ്രഹിക്കുന്നത്‌. അതാണ്‌ അക്രമികൾക്കുള്ള പ്രതിഫലം.

30 എന്നിട്ട്‌ തൻറെ സഹോദരനെ കൊല്ലുവാൻ അവൻറെ മനസ്സ്‌ അവന്ന്‌ പ്രേരണ നൽകി. അങ്ങനെ അവനെ കൊലപ്പെടുത്തി. അതിനാൽ അവൻ നഷ്ടക്കാരിൽപെട്ടവനായിത്തീർന്നു.

31 അപ്പോൾ തൻറെ സഹോദരൻറെ മൃതദേഹം മറവു ചെയ്യേണ്ടത്‌ എങ്ങനെയെന്ന്‌ അവന്ന്‌ കാണിച്ചുകൊടുക്കുവാനായി നിലത്ത്‌ മാന്തികുഴിയുണ്ടാക്കുന്ന ഒരു കാക്കയെ അല്ലാഹു അയച്ചു. അവൻ പറഞ്ഞു: എന്തൊരു കഷ്ടം! എൻറെ സഹോദരൻറെ മൃതദേഹം മറവുചെയ്യുന്ന കാര്യത്തിൽ ഈ കാക്കയെപ്പോലെ ആകാൻ പോലും എനിക്ക്‌ കഴിയാതെ പോയല്ലോ. അങ്ങനെ അവൻ ഖേദക്കാരുടെ കൂട്ടത്തിലായിത്തീർന്നു.

32 അക്കാരണത്താൽ ഇസ്രായീൽ സന്തതികൾക്ക്‌ നാം ഇപ്രകാരം വിധിനൽകുകയുണ്ടായി: മറ്റൊരാളെ കൊന്നതിന്‌ പകരമായോ, ഭൂമിയിൽ കുഴപ്പമുണ്ടാക്കിയതിൻറെ പേരിലോ അല്ലാതെ വല്ലവനും ഒരാളെ കൊലപ്പെടുത്തിയാൽ, അത്‌ മനുഷ്യരെ മുഴുവൻ കൊലപ്പെടുത്തിയതിന്‌ തുല്യമാകുന്നു. ഒരാളുടെ ജീവൻ വല്ലവനും രക്ഷിച്ചാൽ, അത്‌ മനുഷ്യരുടെ മുഴുവൻ ജീവൻ രക്ഷിച്ചതിന്‌ തുല്യമാകുന്നു. നമ്മുടെ ദൂതൻമാർ വ്യക്തമായ തെളിവുകളുമായി അവരുടെ ( ഇസ്രായീല്യരുടെ ) അടുത്ത്‌ ചെന്നിട്ടുണ്ട്‌. എന്നിട്ട്‌ അതിനു ശേഷം അവരിൽ ധാരാളം പേർ ഭൂമിയിൽ അതിക്രമം പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്‌.

33 അല്ലാഹുവോടും അവൻറെ ദൂതനോടും പോരാടുകയും, ഭൂമിയിൽ കുഴപ്പമുണ്ടാക്കാൻ ശ്രമിക്കുകയും ചെയ്യുന്നവർക്കുള്ള പ്രതിഫലം അവർ കൊന്നൊടുക്കപ്പെടുകയോ, ക്രൂശിക്കപ്പെടുകയോ, അവരുടെ കൈകളും കാലുകളും എതിർവശങ്ങളിൽ നിന്നായി മുറിച്ചുകളയപ്പെടുകയോ, നാടുകടത്തപ്പെടുകയോ ചെയ്യുക മാത്രമാകുന്നു. അതവർക്ക്‌ ഇഹലോകത്തുള്ള അപമാനമാകുന്നു. പരലോകത്ത്‌ അവർക്ക്‌ കനത്ത ശിക്ഷയുമുണ്ടായിരിക്കും.

34 എന്നാൽ, അവർക്കെതിരിൽ നടപടിയെടുക്കാൻ നിങ്ങൾക്ക്‌ കഴിയുന്നതിൻറെ മുമ്പായി പശ്ചാത്തപിച്ച്‌ മടങ്ങിയവർ ഇതിൽ നിന്നൊഴിവാണ്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണെന്ന്‌ നിങ്ങൾ മനസ്സിലാക്കുക.

35 സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുകയും അവനിലേക്ക്‌ അടുക്കുവാനുള്ള മാർഗം തേടുകയും, അവൻറെ മാർഗത്തിൽ സമരത്തിൽ ഏർപെടുകയും ചെയ്യുക. നിങ്ങൾക്ക്‌ ( അത്‌ വഴി ) വിജയം പ്രാപിക്കാം.

36 ഉയിർത്തെഴുന്നേൽപിൻറെ നാളിലെ ശിക്ഷ ഒഴിവായിക്കിട്ടുവാൻ വേണ്ടി പ്രായശ്ചിത്തം നൽകുന്നതിനായി സത്യനിഷേധികളുടെ കൈവശം ഭൂമിയിലുള്ളത്‌ മുഴുക്കെയും, അത്രതന്നെ വേറെയും ഉണ്ടായിരുന്നാൽ പോലും അവരിൽ നിന്ന്‌ അത്‌ സ്വീകരിക്കപ്പെടുകയില്ല തന്നെ. അവർക്ക്‌ വേദനയേറിയ ശിക്ഷയാണുള്ളത്‌.

37 നരകത്തിൽ നിന്ന്‌ പുറത്ത്‌ കടക്കാൻ അവർ ആഗ്രഹിക്കും. അതിൽ നിന്ന്‌ പുറത്തുപോകാൻ അവർക്ക്‌ സാധ്യമാവുകയേയില്ല. നിരന്തരമായ ശിക്ഷയാണ്‌ അവർക്കുള്ളത്‌.

38 മോഷ്ടിക്കുന്നവൻറെയും മോഷ്ടിക്കുന്നവളുടെയും കൈകൾ നിങ്ങൾ മുറിച്ചുകളയുക. അവർ സമ്പാദിച്ചതിന്നുള്ള പ്രതിഫലവും, അല്ലാഹുവിങ്കൽ നിന്നുള്ള മാതൃകാപരമായ ശിക്ഷയുമാണത്‌. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു.

39 എന്നാൽ, അക്രമം ചെയ്ത്‌ പോയതിനു ശേഷം വല്ലവനും പശ്ചാത്തപിക്കുകയും, നിലപാട്‌ നന്നാക്കിത്തീർക്കുകയും ചെയ്താൽ തീർച്ചയായും അല്ലാഹു അവൻറെ പശ്ചാത്താപം സ്വീകരിക്കുന്നതാണ്‌. തീർച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണ കാണിക്കുന്നവനുമത്രെ.

40 ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം അല്ലാഹുവിനാണെന്ന്‌ നിനക്കറിഞ്ഞ്‌ കൂടെ? അവൻ ഉദ്ദേശിക്കുന്നവരെ അവൻ ശിക്ഷിക്കുകയും, അവൻ ഉദ്ദേശിക്കുന്നവർക്ക്‌ അവൻ പൊറുത്തുകൊടുക്കുകയും ചെയ്യുന്നു. അല്ലാഹു ഏതു കാര്യത്തിനും കഴിവുള്ളവനത്രെ.

41 ഓ, റസൂലേ; സത്യനിഷേധത്തിലേക്ക്‌ കുതിച്ചുചെല്ലുന്നവർ ( അവരുടെ പ്രവൃത്തി ) നിനക്ക്‌ ദുഃഖമുണ്ടാക്കാതിരിക്കട്ടെ. അവർ മനസ്സിൽ വിശ്വാസം കടക്കാതെ ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു. എന്ന്‌ വായകൊണ്ട്‌ പറയുന്നവരിൽ പെട്ടവരാകട്ടെ, യഹൂദമതക്കാരിൽ പെട്ടവരാകട്ടെ, കള്ളം ചെവിയോർത്ത്‌ കേൾക്കുന്നവരും, നിൻറെ അടുത്ത്‌ വരാത്ത മറ്റു ആളുകളുടെ വാക്കുകൾ ചെവിയോർത്തുകേൾക്കുന്നവരുമാണവർ. വേദവാക്യങ്ങളെ അവയുടെ സന്ദർഭങ്ങളിൽ നിന്നു അവർ മാറ്റിക്കളയുന്നു. അവർ പറയും: ഇതേ വിധി തന്നെയാണ്‌ ( നബിയുടെ പക്കൽ നിന്ന്‌ ) നിങ്ങൾക്ക്‌ നൽകപ്പെടുന്നതെങ്കിൽ അത്‌ സ്വീകരിക്കുക. അതല്ല നൽകപ്പെടുന്നതെങ്കിൽ നിങ്ങൾ സൂക്ഷിച്ച്‌ കൊള്ളുക; വല്ലവന്നും നാശം വരുത്താൻ അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം അവന്നു വേണ്ടി അല്ലാഹുവിൽ നിന്ന്‌ യാതൊന്നും നേടിയെടുക്കാൻ നിനക്ക്‌ സാധിക്കുന്നതല്ല. അത്തരക്കാരുടെ മനസ്സുകളെ ശുദ്ധീകരിക്കുവാൻ അല്ലാഹു ഉദ്ദേശിച്ചിട്ടില്ല. അവർക്ക്‌ ഇഹലോകത്ത്‌ അപമാനമാണുള്ളത്‌. പരലോകത്ത്‌ അവർക്ക്‌ കനത്ത ശിക്ഷയുണ്ടായിരിക്കുകയും ചെയ്യും.

42 കള്ളം ചെവിയോർത്ത്‌ കേൾക്കുന്നവരും, നിഷിദ്ധമായ സമ്പാദ്യം ധാരാളം തിന്നുന്നവരുമത്രെ അവർ. അവർ നിൻറെ അടുത്ത്‌ വരുകയാണെങ്കിൽ അവർക്കിടയിൽ നീ തീർപ്പുകൽപിക്കുകയോ, അവരെ അവഗണിച്ച്‌ കളയുകയോ ചെയ്യുക. നീ അവരെ അവഗണിച്ച്‌ കളയുന്ന പക്ഷം അവർ നിനക്ക്‌ ഒരു ദോഷവും വരുത്തുകയില്ല. എന്നാൽ നീ തീർപ്പുകൽപിക്കുകയാണെങ്കിൽ അവർക്കിടയിൽ നീതിപൂർവ്വം തീർപ്പുകൽപിക്കുക. നീതിപാലിക്കുന്നവരെ തീർച്ചയായും അല്ലാഹു സ്നേഹിക്കുന്നു.

43 എന്നാൽ അവർ എങ്ങനെയാണ്‌ നിന്നെ വിധികർത്താവാക്കുന്നത്‌? അവരുടെ പക്കൽ തൗറാത്തുണ്ട്‌. അതിലാകട്ടെ അല്ലാഹുവിൻറെ വിധിവിലക്കുകളുണ്ട്‌. എന്നിട്ടതിന്‌ ശേഷവും അവർ പിന്തിരിഞ്ഞ്‌ കളയുകയാണ്‌. യഥാർത്ഥത്തിൽ അവർ വിശ്വാസികളേ അല്ല.

44 തീർച്ചയായും നാം തന്നെയാണ്‌ തൗറാത്ത്‌ അവതരിപ്പിച്ചിരിക്കുന്നത്‌. അതിൽ മാർഗദർശനവും പ്രകാശവുമുണ്ട്‌. ( അല്ലാഹുവിന്‌ ) കീഴ്പെട്ട പ്രവാചകൻമാർ യഹൂദമതക്കാർക്ക്‌ അതിനനുസരിച്ച്‌ വിധികൽപിച്ച്‌ പോന്നു. പുണ്യവാൻമാരും പണ്ഡിതൻമാരും ( അതേ പ്രകാരം തന്നെ വിധികൽപിച്ചിരുന്നു. ) കാരണം അല്ലാഹുവിൻറെ ഗ്രന്ഥത്തിൻറെ സംരക്ഷണം അവർക്ക്‌ ഏൽപിക്കപ്പെട്ടിരുന്നു. അവരതിന്‌ സാക്ഷികളുമായിരുന്നു. അതിനാൽ നിങ്ങൾ ജനങ്ങളെ പേടിക്കാതെ എന്നെ മാത്രം ഭയപ്പെടുക. എൻറെ വചനങ്ങൾ നിങ്ങൾ തുച്ഛമായ വിലയ്ക്ക്‌ വിറ്റുകളയാതിരിക്കുക. അല്ലാഹു അവതരിപ്പിച്ച്‌ തന്നതനുസരിച്ച്‌ ആർ വിധിക്കുന്നില്ലയോ അവർ തന്നെയാകുന്നു അവിശ്വാസികൾ .

45 ജീവന്‌ ജീവൻ, കണ്ണിന്‌ കണ്ണ്‌, മൂക്കിന്‌ മൂക്ക്‌, ചെവിക്ക്‌ ചെവി, പല്ലിന്‌ പല്ല്‌, മുറിവുകൾക്ക്‌ തത്തുല്യമായ പ്രതിക്രിയ എന്നിങ്ങിനെയാണ്‌ അതിൽ ( തൗറാത്തിൽ ) നാം അവർക്ക്‌ നിയമമായി വെച്ചിട്ടുള്ളത്‌. വല്ലവനും ( പ്രതിക്രിയ ചെയ്യാതെ ) മാപ്പുനൽകുന്ന പക്ഷം അത്‌ അവന്ന്‌ പാപമോചന ( ത്തിന്‌ ഉതകുന്ന ഒരു പുണ്യകർമ്മ ) മാകുന്നു. ആർ അല്ലാഹു അവതരിപ്പിച്ചതനുസരിച്ച്‌ വിധിക്കുന്നില്ലയോ അവർ തന്നെയാണ്‌ അക്രമികൾ.

46 അവരെ ( ആ പ്രവാചകൻമാരെ ) ത്തുടർന്ന്‌ അവരുടെ കാൽപാടുകളിലായിക്കൊണ്ട്‌ മർയമിൻറെ മകൻ ഈസായെ തൻറെ മുമ്പിലുള്ള തൗറാത്തിനെ ശരിവെക്കുന്നവനായിക്കൊണ്ട്‌ നാം നിയോഗിച്ചു. സൻമാർഗനിർദേശവും, സത്യപ്രകാശവും അടങ്ങിയ ഇൻജീലും അദ്ദേഹത്തിന്‌ നാം നൽകി. അതിൻറെ മുമ്പിലുള്ള തൗറാത്തിനെ ശരിവെക്കുന്നതും, സൂക്ഷ്മത പാലിക്കുന്നവർക്ക്‌ സദുപദേശവുമത്രെ അത്‌.

47 ഇൻജീലിൻറെ അനുയായികൾ, അല്ലാഹു അവതരിപ്പിച്ചതനുസരിച്ച്‌ വിധികൽപിക്കട്ടെ. അല്ലാഹു അവതരിപ്പിച്ചതനുസരിച്ച്‌ ആർ വിധിക്കുന്നില്ലയോ അവർ തന്നെയാകുന്നു ധിക്കാരികൾ.

48 ( നബിയേ, ) നിനക്കിതാ സത്യപ്രകാരം വേദഗ്രന്ഥം അവതരിപ്പിച്ച്‌ തന്നിരിക്കുന്നു. അതിൻറെ മുമ്പിലുള്ള വേദഗ്രന്ഥങ്ങളെ ശരിവെക്കുന്നതും അവയെ കാത്തുരക്ഷിക്കുന്നതുമത്രെ അത്‌. അതിനാൽ നീ അവർക്കിടയിൽ നാം അവതരിപ്പിച്ച്‌ തന്നതനുസരിച്ച്‌ വിധികൽപിക്കുക. നിനക്ക്‌ വന്നുകിട്ടിയ സത്യത്തെ വിട്ട്‌ നീ അവരുടെ തന്നിഷ്ടങ്ങളെ പിൻപറ്റിപോകരുത്‌. നിങ്ങളിൽ ഓരോ വിഭാഗത്തിനും ഓരോ നിയമക്രമവും കർമ്മമാർഗവും നാം നിശ്ചയിച്ച്‌ തന്നിരിക്കുന്നു. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കിൽ നിങ്ങളെ അവൻ ഒരൊറ്റ സമുദായമാക്കുമായിരുന്നു. പക്ഷെ നിങ്ങൾക്കവൻ നൽകിയിട്ടുള്ളതിൽ നിങ്ങളെ പരീക്ഷിക്കുവാൻ ( അവൻ ഉദ്ദേശിക്കുന്നു. ) അതിനാൽ നല്ല കാര്യങ്ങളിലേക്ക്‌ നിങ്ങൾ മത്സരിച്ച്‌ മുന്നേറുക. അല്ലാഹുവിങ്കലേക്കത്രെ നിങ്ങളുടെയെല്ലാം മടക്കം. നിങ്ങൾ ഭിന്നിച്ചിരുന്ന വിഷയങ്ങളെപ്പറ്റി അപ്പോളവൻ നിങ്ങൾക്ക്‌ അറിയിച്ച്‌ തരുന്നതാണ്‌.

49 അല്ലാഹു അവതരിപ്പിച്ചതനുസരിച്ച്‌ അവർക്കിടയിൽ നീ വിധികൽപിക്കുകയും, അവരുടെ തന്നിഷ്ടങ്ങളെ പിൻപറ്റാതിരിക്കുകയും, അല്ലാഹു നിനക്ക്‌ അവതരിപ്പിച്ച്‌ തന്ന വല്ല നിർദേശത്തിൽ നിന്നും അവർ നിന്നെ തെറ്റിച്ചുകളയുന്നതിനെപ്പറ്റി നീ ജാഗ്രത പുലർത്തുകയും ചെയ്യണമെന്നും ( നാം കൽപിക്കുന്നു. ) ഇനി അവർ പിന്തിരിഞ്ഞ്‌ കളയുകയാണെങ്കിൽ നീ മനസ്സിലാക്കണം; അവരുടെ ചില പാപങ്ങൾ കാരണമായി അവർക്ക്‌ നാശം വരുത്തണമെന്നാണ്‌ അല്ലാഹു ഉദ്ദേശിക്കുന്നതെന്ന്‌. തീർച്ചയായും മനുഷ്യരിൽ അധികപേരും ധിക്കാരികളാകുന്നു.

50 ജാഹിലിയ്യത്തിൻറെ ( അനിസ്ലാമിക മാർഗത്തിൻറെ ) വിധിയാണോ അവർ തേടുന്നത്‌? ദൃഢവിശ്വാസികളായ ജനങ്ങൾക്ക്‌ അല്ലാഹുവെക്കാൾ നല്ല വിധികർത്താവ്‌ ആരാണുള്ളത്‌?

51 സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങൾ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്‌. അവരാകട്ടെ, അന്യോന്യം ഉറ്റമിത്രങ്ങളാണ്‌ താനും. നിങ്ങളിൽ നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരിൽ പെട്ടവൻ തന്നെയാണ്‌. അക്രമികളായ ആളുകളെ അല്ലാഹു നേർവഴിയിലാക്കുകയില്ല; തീർച്ച.

52 എന്നാൽ, മനസ്സുകൾക്ക്‌ രോഗം ബാധിച്ച ചില ആളുകൾ അവരുടെ കാര്യത്തിൽ ( അവരുമായി സ്നേഹബന്ധം സ്ഥാപിക്കുന്നതിൽ ) തിടുക്കം കൂട്ടുന്നതായി നിനക്ക്‌ കാണാം. ഞങ്ങൾക്ക്‌ വല്ല ആപത്തും സംഭവിച്ചേക്കുമോ എന്ന്‌ ഞങ്ങൾ ഭയപ്പെടുന്നു. എന്നായിരിക്കും അവർ പറയുന്നത്‌. എന്നാൽ അല്ലാഹു ( നിങ്ങൾക്ക്‌ ) പൂർണ്ണവിജയം നൽകുകയോ, അല്ലെങ്കിൽ അവൻറെ പക്കൽ നിന്ന്‌ മറ്റുവല്ല നടപടിയും ഉണ്ടാകുകയോ ചെയ്തേക്കാം. അപ്പോൾ തങ്ങളുടെ മനസ്സുകളിൽ രഹസ്യമാക്കിവെച്ചതിനെപ്പറ്റി ഈ കൂട്ടർ ഖേദിക്കുന്നവരായിത്തീരും.

53 ( അന്ന്‌ ) സത്യവിശ്വാസികൾ പറയും; ഞങ്ങൾ നിങ്ങളുടെ കൂടെത്തന്നെയാണ്‌, എന്ന്‌ അല്ലാഹുവിൻറെ പേരിൽ ബലമായി സത്യം ചെയ്ത്‌ പറഞ്ഞിരുന്നവർ ഇക്കൂട്ടർ തന്നെയാണോ? എന്ന്‌. അവരുടെ കർമ്മങ്ങൾ നിഷ്ഫലമാകുകയും, അങ്ങനെ അവർ നഷ്ടക്കാരായി മാറുകയും ചെയ്തിരിക്കുന്നു.

54 സത്യവിശ്വാസികളേ, നിങ്ങളിൽ ആരെങ്കിലും തൻറെ മതത്തിൽ നിന്ന്‌ പിന്തിരിഞ്ഞ്‌ കളയുന്ന പക്ഷം അല്ലാഹു ഇഷ്ടപ്പെടുന്നവരും, അല്ലാഹുവെ ഇഷ്ടപ്പെടുന്നവരുമായ മറ്റൊരു ജനവിഭാഗത്തെ അല്ലാഹു പകരം കൊണ്ട്‌ വരുന്നതാണ്‌. അവർ വിശ്വാസികളോട്‌ വിനയം കാണിക്കുന്നവരും, സത്യനിഷേധികളോട്‌ പ്രതാപം പ്രകടിപ്പിക്കുന്നവരുമായിരിക്കും. അവർ അല്ലാഹുവിൻറെ മാർഗത്തിൽ സമരത്തിൽ ഏർപെടും. ഒരു ആക്ഷേപകൻറെ ആക്ഷേപവും അവർ ഭയപ്പെടുകയില്ല. അത്‌ അല്ലാഹുവിൻറെ അനുഗ്രഹമത്രെ. അവൻ ഉദ്ദേശിക്കുന്നവർക്ക്‌ അത്‌ നൽകുന്നു. അല്ലാഹു വിപുലമായ കഴിവുള്ളവനും സർവ്വജ്ഞനുമത്രെ.

55 അല്ലാഹുവും അവൻറെ ദൂതനും, താഴ്മയുള്ളവരായിക്കൊണ്ട്‌ നമസ്കാരം മുറപോലെ നിർവഹിക്കുകയും സകാത്ത്‌ നൽകുകയും ചെയ്യുന്ന സത്യവിശ്വാസികളും മാത്രമാകുന്നു നിങ്ങളുടെ സഹായികൾ.

56 വല്ലവനും അല്ലാഹുവെയും അവൻറെ ദൂതനെയും, സത്യവിശ്വാസികളെയും സഹായികളായി സ്വീകരിക്കുന്നുവെങ്കിൽ തീർച്ചയായും അല്ലാഹുവിൻറെ കക്ഷി തന്നെയാണ്‌ വിജയം നേടുന്നവർ.

57 സത്യവിശ്വാസികളേ, നിങ്ങൾക്ക്‌ മുമ്പ്‌ വേദഗ്രന്ഥം നൽകപ്പെട്ടവരിൽ നിന്ന്‌ നിങ്ങളുടെ മതത്തെ തമാശയും വിനോദവിഷയവുമാക്കി തീർത്തവരെയും, സത്യനിഷേധികളെയും നിങ്ങൾ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്‌. നിങ്ങൾ സത്യവിശ്വാസികളാണെങ്കിൽ അല്ലാഹുവെ സൂക്ഷിക്കുവിൻ.

58 നിങ്ങൾ നമസ്കാരത്തിന്നായി വിളിച്ചാൽ, അവരതിനെ ഒരു തമാശയും വിനോദവിഷയവുമാക്കിത്തീർക്കുന്നു. അവർ ചിന്തിച്ചുമനസ്സിലാക്കാത്ത ഒരു ജനവിഭാഗമായത്‌ കൊണ്ടത്രെ അത്‌.

59 ( നബിയേ, ) പറയുക: വേദക്കാരേ, അല്ലാഹുവിലും ( അവങ്കൽ നിന്ന്‌ ) ഞങ്ങൾക്ക്‌ അവതരിപ്പിക്കപ്പെട്ട വേദത്തിലും, മുമ്പ്‌ അവതരിപ്പിക്കപ്പെട്ട വേദത്തിലും ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു എന്നത്‌ കൊണ്ടും, നിങ്ങളിൽ അധികപേരും ധിക്കാരികളാണ്‌ എന്നത്‌ കൊണ്ടും മാത്രമല്ലേ നിങ്ങൾ ഞങ്ങളെ കുറ്റപ്പെടുത്തുന്നത്‌?

60 പറയുക: എന്നാൽ അല്ലാഹുവിൻറെ അടുക്കൽ അതിനെക്കാൾ മോശമായ പ്രതിഫലമുള്ളവരെ പറ്റി ഞാൻ നിങ്ങൾക്ക്‌ അറിയിച്ചുതരട്ടെയോ? ഏതൊരു വിഭാഗത്തെ അല്ലാഹു ശപിക്കുകയും അവരോടവൻ കോപിക്കുകയും ചെയ്തുവോ, ഏത്‌ വിഭാഗത്തിൽ പെട്ടവരെ അല്ലാഹു കുരങ്ങുകളും പന്നികളുമാക്കിത്തീർത്തുവോ, ഏതൊരു വിഭാഗം ദുർമൂർത്തികളെ ആരാധിച്ചുവോ അവരത്രെ ഏറ്റവും മോശമായ സ്ഥാനമുള്ളവരും നേർമാർഗത്തിൽ നിന്ന്‌ ഏറെ പിഴച്ച്‌ പോയവരും.

61 നിങ്ങളുടെ അടുത്ത്‌ വരുമ്പോൾ അവർ പറയും, ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു എന്ന്‌. വാസ്തവത്തിൽ അവർ അവിശ്വാസത്തോടെയാണ്‌ കടന്നുവന്നിട്ടുള്ളത്‌. അവിശ്വാസത്തോട്‌ കൂടിത്തന്നെയാണ്‌ അവർ പുറത്ത്‌ പോയിട്ടുള്ളതും. അവർ ഒളിച്ചുവെച്ചുകൊണ്ടിരിക്കുന്നതിനെപ്പറ്റി അല്ലാഹു നല്ലവണ്ണം അറിയുന്നവനാകുന്നു.

62 അവരിലധികം പേരും പാപകൃത്യങ്ങളിലും, അതിക്രമത്തിലും, നിഷിദ്ധസമ്പാദ്യം ഭുജിക്കുന്നതിലും മത്സരിച്ച്‌ മുന്നേറുന്നതായി നിനക്ക്‌ കാണാം. അവർ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്‌ വളരെ ചീത്ത തന്നെ.

63 കുറ്റകരമായത്‌ അവർ പറയുന്നതിൽ നിന്നും നിഷിദ്ധമായ സമ്പാദ്യം അവർ തിന്നുതിൽ നിന്നും പുണ്യപുരുഷൻമാരും പണ്ഡിതൻമാരും അവരെ തടയാതിരുന്നത്‌ എന്ത്കൊണ്ടാണ്‌? അവർ ചെയ്ത്‌ കൊണ്ടിരിക്കുന്നത്‌ വളരെ ചീത്ത തന്നെ.

64 അല്ലാഹുവിൻറെ കൈകൾ ബന്ധിക്കപ്പെട്ടിരിക്കുകയാണ്‌ എന്ന്‌ യഹൂദൻമാർ പറഞ്ഞു അവരുടെ കൈകൾ ബന്ധിതമാകട്ടെ. അവർ പറഞ്ഞ വാക്ക്‌ കാരണം അവർ ശപിക്കപ്പെട്ടിരിക്കുന്നു. അല്ല, അവൻറെ ഇരു കൈകളും നിവർത്തപ്പെട്ടവയാകുന്നു. അവൻ എങ്ങനെ ഉദ്ദേശിക്കുന്നുവോ അങ്ങനെ ചെലവഴിക്കുന്നു. നിനക്ക്‌ നിൻറെ രക്ഷിതാവിങ്കൽ നിന്ന്‌ അവതരിപ്പിക്കപ്പെട്ട സന്ദേശം അവരിൽ അധികം പേർക്കും ധിക്കാരവും അവിശ്വാസവും വർദ്ധിപ്പിക്കുക തന്നെ ചെയ്യും. അവർക്കിടയിൽ ഉയിർത്തെഴുന്നേൽപിൻറെ നാളുവരെ ശത്രുതയും വിദ്വേഷവും നാം ഇട്ടുകൊടുത്തിരിക്കുകയാണ്‌. അവർ യുദ്ധത്തിന്‌ തീ കൊളുത്തുമ്പോഴെല്ലാം അല്ലാഹു അത്‌ കെടുത്തിക്കളയുന്നു. അവർ നാട്ടിൽ കുഴപ്പമുണ്ടാക്കുവാൻ വേണ്ടി ശ്രമിക്കുകയാണ്‌. കുഴപ്പക്കാരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല.

65 വേദക്കാർ വിശ്വസിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്തിരുന്നുവെങ്കിൽ അവരിൽ നിന്ന്‌ അവരുടെ തിൻമകൾ നാം മായ്ച്ചുകളയുകയും അനുഗ്രഹപൂർണ്ണമായ സ്വർഗത്തോപ്പുകളിൽ നാം അവരെ പ്രവേശിപ്പിക്കുകയും ചെയ്യുമായിരുന്നു.

66 തൗറാത്തും, ഇൻജീലും, അവർക്ക്‌ അവരുടെ രക്ഷിതാവിങ്കൽ നിന്ന്‌ അവതരിപ്പിക്കപ്പെട്ട സന്ദേശങ്ങളും അവർ നേരാംവണ്ണം നിലനിർത്തിയിരുന്നെങ്കിൽ തങ്ങളുടെ മുകൾഭാഗത്ത്‌ നിന്നും, കാലുകൾക്ക്‌ ചുവട്ടിൽ നിന്നും അവർക്ക്‌ ആഹാരം ലഭിക്കുമായിരുന്നു. അവരിൽ തന്നെ മിതത്വം പാലിക്കുന്ന ഒരു സമൂഹമുണ്ട്‌. എന്നാൽ അവരിൽ അധികം പേരുടെയും പ്രവർത്തനങ്ങൾ വളരെ ചീത്ത തന്നെ.

67 ഹേ; റസൂലേ, നിൻറെ രക്ഷിതാവിങ്കൽ നിന്ന്‌ നിനക്ക്‌ അവതരിപ്പിക്കപ്പെട്ടത്‌ നീ ( ജനങ്ങൾക്ക്‌ ) എത്തിച്ചുകൊടുക്കുക. അങ്ങനെ ചെയ്യാത്ത പക്ഷം നീ അവൻറെ ദൗത്യം നിറവേറ്റിയിട്ടില്ല. ജനങ്ങളിൽ നിന്ന്‌ അല്ലാഹു നിന്നെ രക്ഷിക്കുന്നതാണ്‌. സത്യനിഷേധികളായ ആളുകളെ തീർച്ചയായും അല്ലാഹു നേർവഴിയിലാക്കുകയില്ല.

68 പറയുക: വേദക്കാരേ, തൗറാത്തും ഇൻജീലും നിങ്ങൾക്ക്‌ നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്ന്‌ അവതരിപ്പിക്കപ്പെട്ട സന്ദേശങ്ങളും നിങ്ങൾ ( നേരാംവണ്ണം ) നിലനിർത്തുന്നത്‌ വരെ നിങ്ങൾ യാതൊരു അടിസ്ഥാനത്തിലുമല്ല. എന്നാൽ നിനക്ക്‌ നിൻറെ രക്ഷിതാവിങ്കൽ നിന്ന്‌ അവതരിപ്പിക്കപ്പെട്ട സന്ദേശം അവരിൽ അധികപേർക്കും ധിക്കാരവും അവിശ്വാസവും വർദ്ധിപ്പിക്കുക തന്നെ ചെയ്യും. അതിനാൽ സത്യനിഷേധികളായ ജനങ്ങളെപ്പറ്റി നീ ദുഃഖിക്കേണ്ടതില്ല.

69 സത്യവിശ്വാസികളോ, യഹൂദരോ, സാബികളോ, ക്രൈസ്തവരോ ആരാകട്ടെ, അവരിൽ നിന്ന്‌ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും, സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർക്ക്‌ യാതൊന്നും ഭയപ്പെടേണ്ടതില്ല. അവർ ദുഃഖിക്കേണ്ടി വരികയുമില്ല.

70 ഇസ്രായീൽ സന്തതികളോട്‌ നാം കരാർ വാങ്ങുകയും, അവരിലേക്ക്‌ നാം ദൂതൻമാരെ അയക്കുകയും ചെയ്തിട്ടുണ്ട്‌. അവരുടെ മനസ്സിന്‌ പിടിക്കാത്ത കാര്യങ്ങളുമായി അവരുടെ അടുത്ത്‌ ഏതെങ്കിലുമൊരു ദൂതൻ ചെന്നപ്പോളൊക്കെ ദൂതൻമാരിൽ ഒരു വിഭാഗത്തെ അവർ നിഷേധിച്ച്‌ തള്ളുകയും, മറ്റൊരു വിഭാഗത്തെ അവർ കൊലപ്പെടുത്തുകയുമാണ്‌ ചെയ്തത്‌.

71 ഒരു കുഴപ്പവുമുണ്ടാകുകയില്ലെന്ന്‌ അവർ കണക്ക്‌ കൂട്ടുകയും, അങ്ങനെ അവർ അന്ധരും ബധിരരുമായികഴിയുകയും ചെയ്തു. പിന്നീട്‌ അല്ലാഹു അവരുടെ പശ്ചാത്താപം സ്വീകരിച്ചു. വീണ്ടും അവരിൽ അധികപേരും അന്ധരും ബധിരരുമായിക്കഴിഞ്ഞു. എന്നാൽ അല്ലാഹു അവർ പ്രവർത്തിക്കുന്നതെല്ലാം കണ്ടറിയുന്നവനാകുന്നു.

72 മർയമിൻറെ മകൻ മസീഹ്‌ തന്നെയാണ്‌ അല്ലാഹു എന്ന്‌ പറഞ്ഞവർ തീർച്ചയായും അവിശ്വാസികളായിരിക്കുന്നു. എന്നാൽ മസീഹ്‌ പറഞ്ഞത്‌; ഇസ്രായീൽ സന്തതികളേ, എൻറെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവെ നിങ്ങൾ ആരാധിക്കുവിൻ. അല്ലാഹുവോട്‌ വല്ലവനും പങ്കുചേർക്കുന്ന പക്ഷം തീർച്ചയായും അല്ലാഹു അവന്ന്‌ സ്വർഗം നിഷിദ്ധമാക്കുന്നതാണ്‌. നരകം അവൻറെ വാസസ്ഥലമായിരിക്കുകയും ചെയ്യും. അക്രമികൾക്ക്‌ സഹായികളായി ആരും തന്നെയില്ല. എന്നാണ്‌.

73 അല്ലാഹു മൂവരിൽ ഒരാളാണ്‌ എന്ന്‌ പറഞ്ഞവർ തീർച്ചയായും അവിശ്വാസികളാണ്‌. ഏക ആരാധ്യനല്ലാതെ യാതൊരു ആരാധ്യനും ഇല്ല തന്നെ. അവർ ആ പറയുന്നതിൽ നിന്ന്‌ വിരമിച്ചില്ലെങ്കിൽ അവരിൽ നിന്ന്‌ അവിശ്വസിച്ചവർക്ക്‌ വേദനയേറിയ ശിക്ഷ ബാധിക്കുക തന്നെ ചെയ്യും.

74 ആകയാൽ അവർ അല്ലാഹുവിലേക്ക്‌ ഖേദിച്ചുമടങ്ങുകയും, അവനോട്‌ പാപമോചനം തേടുകയും ചെയ്യുന്നില്ലേ? അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ.

75 മർയമിൻറെ മകൻ മസീഹ്‌ ഒരു ദൈവദൂതൻ മാത്രമാകുന്നു. അദ്ദേഹത്തിന്‌ മുമ്പ്‌ ദൂതൻമാർ കഴിഞ്ഞുപോയിട്ടുണ്ട്‌. അദ്ദേഹത്തിൻറെ മാതാവ്‌ സത്യവതിയുമാകുന്നു. അവർ ഇരുവരും ഭക്ഷണംകഴിക്കുന്നവരായിരുന്നു. നോക്കൂ; എന്നിട്ടും അവർ എങ്ങനെയാണ്‌ ( സത്യത്തിൽ നിന്ന്‌ ) തെറ്റിക്കപ്പെടുന്നതെന്ന്‌.

76 ( നബിയേ, ) പറയുക: അല്ലാഹുവെ കൂടാതെ നിങ്ങൾക്ക്‌ ഉപകാരമോ ഉപദ്രവമോ ചെയ്യാൻ കഴിയാത്ത വസ്തുക്കളെയാണോ നിങ്ങൾ ആരാധിക്കുന്നത്‌? അല്ലാഹുവാകട്ടെ എല്ലാം കേൾക്കുന്നവനും അറിയുന്നവനുമാകുന്നു.

77 പറയുക: വേദക്കാരേ, സത്യത്തിനെതിരായിക്കൊണ്ട്‌ നിങ്ങളുടെ മതകാര്യത്തിൽ നിങ്ങൾ അതിരുകവിയരുത്‌. മുമ്പേപിഴച്ച്‌ പോകുകയും, ധാരാളം പേരെ വഴിപിഴപ്പിക്കുകയും നേർമാർഗത്തിൽ നിന്ന്‌ തെറ്റിപ്പോകുകയും ചെയ്ത ഒരു ജനവിഭാഗത്തിൻറെ തന്നിഷ്ടങ്ങളെ നിങ്ങൾ പിൻപറ്റുകയും ചെയ്യരുത്‌.

78 ഇസ്രായീൽ സന്തതികളിലെ സത്യനിഷേധികൾ ദാവൂദിൻറെയും, മർയമിൻറെ മകൻ ഈസായുടെയും നാവിലൂടെ ശപിക്കപ്പെട്ടിരിക്കുന്നു. അവർ അനുസരണക്കേട്‌ കാണിക്കുകയും, അതിക്രമം കൈക്കൊള്ളുകയും ചെയ്തതിൻറെ ഫലമത്രെ അത്‌.

79 അവർ ചെയ്തിരുന്ന ദുരാചാരത്തെ അവർ അന്യോന്യം തടയുമായിരുന്നില്ല.അവർ ചെയ്ത്‌ കൊണ്ടിരുന്നത്‌ വളരെ ചീത്ത തന്നെ.

80 അവരിലധികപേരും സത്യനിഷേധികളെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്നത്‌ നിനക്ക്‌ കാണാം. സ്വന്തത്തിനു വേണ്ടി അവർ മുൻകൂട്ടി ഒരുക്കിവെച്ചിട്ടുള്ളത്‌ വളരെ ചീത്ത തന്നെ. (അതായത്‌) അല്ലാഹു അവരുടെ നേരെ കോപിച്ചിരിക്കുന്നു എന്നത്‌. ശിക്ഷയിൽ അവർ നിത്യവാസികളായിരിക്കുന്നതുമാണ്‌.

81 അവർ അല്ലാഹുവിലും പ്രവാചകനിലും, അദ്ദേഹത്തിന്‌ അവതരിപ്പിക്കപ്പെട്ടതിലും വിശ്വസിച്ചിരുന്നുവെങ്കിൽ അവരെ ( അവിശ്വാസികളെ ) ഉറ്റമിത്രങ്ങളായി സ്വീകരിക്കുമായിരുന്നില്ല. പക്ഷെ, അവരിൽ അധികപേരും ധിക്കാരികളാകുന്നു.

82 ജനങ്ങളിൽ സത്യവിശ്വാസികളോട്‌ ഏറ്റവും കടുത്ത ശത്രുതയുള്ളവർ യഹൂദരും, ബഹുദൈവാരാധകരുമാണ്‌ എന്ന്‌ തീർച്ചയായും നിനക്ക്‌ കാണാം. ഞങ്ങൾ ക്രിസ്ത്യാനികളാകുന്നു. എന്ന്‌ പറഞ്ഞവരാണ്‌ ജനങ്ങളിൽ വെച്ച്‌ സത്യവിശ്വാസികളോട്‌ ഏറ്റവും അടുത്ത സൗഹൃദമുള്ളവർ എന്നും നിനക്ക്‌ കാണാം. അവരിൽ മതപണ്ഡിതൻമാരും സന്യാസികളും ഉണ്ടെന്നതും, അവർ അഹംഭാവം നടിക്കുന്നില്ല എന്നതുമാണതിന്‌ കാരണം.

83 റസൂലിന്‌ അവതരിപ്പിക്കപ്പെട്ടത്‌ അവർ കേട്ടാൽ സത്യം മനസ്സിലാക്കിയതിൻറെ ഫലമായി അവരുടെ കണ്ണുകളിൽ നിന്ന്‌ കണ്ണുനീർ ഒഴുകുന്നതായി നിനക്ക്‌ കാണാം. അവർ പറയും: ഞങ്ങളുടെ രക്ഷിതാവേ! ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു. അതിനാൽ സത്യസാക്ഷികളോടൊപ്പം ഞങ്ങളെയും നീ രേഖപ്പെടുത്തേണമേ.

84 ഞങ്ങളുടെ രക്ഷിതാവ്‌ സജ്ജനങ്ങളോടൊപ്പം ഞങ്ങളെ പ്രവേശിപ്പിക്കുവാൻ ഞങ്ങൾ മോഹിച്ച്‌ കൊണ്ടിരിക്കെ, ഞങ്ങൾക്കെങ്ങനെ അല്ലാഹുവിലും ഞങ്ങൾക്ക്‌ വന്നുകിട്ടിയ സത്യത്തിലും വിശ്വസിക്കാതിരിക്കാൻ കഴിയും?

85 അങ്ങനെ അവരീ പറഞ്ഞത്‌ നിമിത്തം അല്ലാഹു അവർക്ക്‌ താഴ്ഭാഗത്ത്‌ കൂടി അരുവികൾ ഒഴുകുന്ന സ്വർഗത്തോപ്പുകൾ പ്രതിഫലമായി നൽകി. അവരതിൽ നിത്യവാസികളായിരിക്കും. സദ്‌വൃത്തർക്കുള്ള പ്രതിഫലമത്രെ അത്‌.

86 അവിശ്വസിക്കുകയും, നമ്മുടെ തെളിവുകളെ തള്ളിക്കളയുകയും ചെയ്തവരാരോ അവരാകുന്നു നരകാവകാശികൾ.

87 സത്യവിശ്വാസികളേ, അല്ലാഹു നിങ്ങൾക്ക്‌ അനുവദിച്ച്‌ തന്ന വിശിഷ്ടവസ്തുക്കളെ നിങ്ങൾ നിഷിദ്ധമാക്കരുത്‌. നിങ്ങൾ പരിധി ലംഘിക്കുകയും ചെയ്യരുത്‌. പരിധി ലംഘിക്കുന്നവരെ അല്ലാഹു ഒട്ടും ഇഷ്ടപ്പെടുകയില്ല.

88 അല്ലാഹു നിങ്ങൾക്ക്‌ നൽകിയതിൽ നിന്ന്‌ അനുവദനീയവും വിശിഷ്ടവും ആയത്‌ നിങ്ങൾ തിന്നുകൊള്ളുക. ഏതൊരുവനിലാണോ നിങ്ങൾ വിശ്വസിക്കുന്നത്‌ ആ അല്ലാഹുവിനെ നിങ്ങൾ സൂക്ഷിക്കുകയും ചെയ്യുക.

89 ബോധപൂർവ്വമല്ലാത്ത നിങ്ങളുടെ ശപഥങ്ങളുടെ പേരിൽ അവൻ നിങ്ങളെ പിടികൂടുകയില്ല. എന്നാൽ നിങ്ങൾ ഉറപ്പിച്ചു ചെയ്ത ശപഥങ്ങളുടെ പേരിൽ അവൻ നിങ്ങളെ പിടികൂടുന്നതാണ്‌. അപ്പോൾ അതിൻറെ ( അത്‌ ലംഘിക്കുന്നതിൻറെ ) പ്രായശ്ചിത്തം നിങ്ങൾ നിങ്ങളുടെ വീട്ടുകാർക്ക്‌ നൽകാറുള്ള മദ്ധ്യനിലയിലുള്ള ഭക്ഷണത്തിൽ നിന്ന്‌ പത്തു സാധുക്കൾക്ക്‌ ഭക്ഷിക്കാൻ കൊടുക്കുകയോ, അല്ലെങ്കിൽ അവർക്ക്‌ വസ്ത്രം നൽകുകയോ, അല്ലെങ്കിൽ ഒരു അടിമയെ മോചിപ്പിക്കുകയോ ആകുന്നു. ഇനി വല്ലവന്നും ( അതൊന്നും ) കിട്ടിയില്ലെങ്കിൽ മൂന്നു ദിവസം നോമ്പെടുക്കുകയാണ്‌ വേണ്ടത്‌. നിങ്ങൾ സത്യം ചെയ്തു പറഞ്ഞാൽ, നിങ്ങളുടെ ശപഥങ്ങൾ ലംഘിക്കുന്നതിനുള്ള പ്രായശ്ചിത്തമാകുന്നു അത്‌. നിങ്ങളുടെ ശപഥങ്ങളെ നിങ്ങൾ സൂക്ഷിച്ച്‌ കൊള്ളുക. അപ്രകാരം അല്ലാഹു അവൻറെ വചനങ്ങൾ നിങ്ങൾക്ക്‌ വിവരിച്ചുതരുന്നു; നിങ്ങൾ നന്ദിയുള്ളവരായിരിക്കാൻ വേണ്ടി.

90 സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്നം വെച്ച്‌ നോക്കാനുള്ള അമ്പുകളും പൈശാചികമായ മ്ലേച്ഛവൃത്തി മാത്രമാകുന്നു. അതിനാൽ നിങ്ങൾ അതൊക്കെ വർജ്ജിക്കുക. നിങ്ങൾക്ക്‌ വിജയം പ്രാപിക്കാം.

91 പിശാച്‌ ഉദ്ദേശിക്കുന്നത്‌ മദ്യത്തിലൂടെയും, ചൂതാട്ടത്തിലൂടെയും നിങ്ങൾക്കിടയിൽ ശത്രുതയും വിദ്വേഷവും ഉളവാക്കുവാനും, അല്ലാഹുവെ ഓർമിക്കുന്നതിൽ നിന്നും നമസ്കാരത്തിൽ നിന്നും നിങ്ങളെ തടയുവാനും മാത്രമാകുന്നു. അതിനാൽ നിങ്ങൾ ( അവയിൽ നിന്ന്‌ ) വിരമിക്കുവാനൊരുക്കമുണ്ടോ?

92 നിങ്ങൾ അല്ലാഹുവെയും റസൂലിനെയും അനുസരിക്കുകയും, ( ധിക്കാരം വന്നു പോകാതെ ) സൂക്ഷിക്കുകയും ചെയ്യുക. ഇനി നിങ്ങൾ പിന്തിരിഞ്ഞ്‌ കളയുകയാണെങ്കിൽ നമ്മുടെ ദൂതൻറെ ബാധ്യത വ്യക്തമായ രീതിയിൽ സന്ദേശമെത്തിക്കുക മാത്രമാണെന്ന്‌ നിങ്ങൾ മനസ്സിലാക്കുക.

93 വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർക്ക്‌ അവർ ( മുമ്പ്‌ ) കഴിച്ചു പോയതിൽ കുറ്റമില്ല. അവർ ( അല്ലാഹുവെ ) സൂക്ഷിക്കുകയും വിശ്വസിക്കുകയും സൽപ്രവൃത്തികളിൽ ഏർപെടുകയും ചെയ്തിട്ടുണ്ടെങ്കിൽ. അതിനു ശേഷവും അവർ സൂക്ഷ്മത പാലിക്കുകയും, നല്ല നിലയിൽ വർത്തിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ. സദ്‌വൃത്തരെ അല്ലാഹു ഇഷ്ടപ്പെടുന്നു.

94 സത്യവിശ്വാസികളേ, നിങ്ങളുടെ കൈകൾകൊണ്ടും ശൂലങ്ങൾ കൊണ്ടും വേട്ടയാടിപ്പിടിക്കാവുന്ന വിധത്തിലുള്ള വല്ല ജന്തുക്കളും മുഖേന അല്ലാഹു നിങ്ങളെ പരീക്ഷിക്കുക തന്നെ ചെയ്യും. അദൃശ്യമായ നിലയിൽ അല്ലാഹുവെ ഭയപ്പെടുന്നവരെ അവൻ വേർതിരിച്ചറിയാൻ വേണ്ടിയത്രെ അത്‌. വല്ലവനും അതിന്‌ ശേഷം അതിക്രമം കാണിച്ചാൽ അവന്ന്‌ വേദനയേറിയ ശിക്ഷയുണ്ടായിരിക്കും.

95 സത്യവിശ്വാസികളേ, നിങ്ങൾ ഇഹ്‌റാമിലായിരിക്കെ വേട്ടമൃഗത്തെ കൊല്ലരുത്‌. നിങ്ങളിലൊരാൾ മനഃപൂർവ്വം അതിനെ കൊല്ലുന്ന പക്ഷം, അവൻ കൊന്നതിന്‌ തുല്യമെന്ന്‌ നിങ്ങളിൽ രണ്ടുപേർ തീർപ്പുകൽപിക്കുന്ന കാലിയെ ( അഥവാ കാലികളെ ) കഅ്ബത്തിങ്കൽ എത്തിച്ചേരേണ്ട ബലിമൃഗമായി നൽകേണ്ടതാണ്‌. അല്ലെങ്കിൽ പ്രായശ്ചിത്തമായി ഏതാനും അഗതികൾക്ക്‌ ആഹാരം നൽകുകയോ, അല്ലെങ്കിൽ അതിന്‌ തുല്യമായി നോമ്പെടുക്കുകയോ ചെയ്യേണ്ടതാണ്‌. അവൻ ചെയ്തതിൻറെ ഭവിഷ്യത്ത്‌ അവൻ അനുഭവിക്കാൻ വേണ്ടിയാണിത്‌. മുമ്പ്‌ ചെയ്തു പോയതിന്‌ അല്ലാഹു മാപ്പുനൽകിയിരിക്കുന്നു. വല്ലവനും അത്‌ ആവർത്തിക്കുന്ന പക്ഷം അല്ലാഹു അവൻറെ നേരെ ശിക്ഷാനടപടി സ്വീകരിക്കുന്നതാണ്‌. അല്ലാഹു പ്രതാപിയും ശിക്ഷാനടപടി കൈക്കൊള്ളുന്നവനുമാകുന്നു.

96 നിങ്ങൾക്കും യാത്രാസംഘങ്ങൾക്കും ജീവിതവിഭവമായിക്കൊണ്ട്‌ കടലിലെ വേട്ട ജന്തുക്കളും സമുദ്രാഹാരവും നിങ്ങൾക്ക്‌ അനുവദിക്കപ്പെട്ടിരിക്കുന്നു. നിങ്ങൾ ഇഹ്‌റാമിലായിരിക്കുമ്പോഴൊക്കെയും കരയിലെ വേട്ട ജന്തുക്കൾ നിങ്ങൾക്ക്‌ നിഷിദ്ധമാക്കപ്പെടുകയും ചെയ്തിരിക്കുന്നു. എതൊരുവനിലേക്കാണോ നിങ്ങൾ ഒരുമിച്ചുകൂട്ടപ്പെടുന്നത്‌ ആ അല്ലാഹുവെ നിങ്ങൾ സൂക്ഷിക്കുക.

97 പവിത്രഭവനമായ കഅ്ബയെയും, യുദ്ധം നിഷിദ്ധമായ മാസത്തെയും അല്ലാഹു ജനങ്ങളുടെ നിലനിൽപിന്‌ ആധാരമാക്കിയിരിക്കുന്നു. ( അതുപോലെതന്നെ കഅ്ബത്തിങ്കലേക്ക്‌ കൊണ്ടുപോകുന്ന ) ബലിമൃഗത്തെയും ( അവയുടെ കഴുത്തിലെ ) അടയാളത്താലികളെയും ( അല്ലാഹു നിശ്ചയിച്ചിരിക്കുന്നു. ) ആകാശത്തിലുള്ളതും ഭൂമിയിലുള്ളതും അല്ലാഹു അറിയുന്നുണ്ടെന്നും, അല്ലാഹു ഏത്‌ കാര്യത്തെപ്പറ്റിയും അറിവുള്ളവനാണെന്നും നിങ്ങൾ മനസ്സിലാക്കുവാൻ വേണ്ടിയത്രെ അത്‌.

98 അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്നും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണെന്നും നിങ്ങൾ മനസ്സിലാക്കുക.

99 റസൂലിൻറെ മേൽ പ്രബോധന ബാധ്യത മാത്രമേയുള്ളൂ. നിങ്ങൾ വെളിപ്പെടുത്തുന്നതും ഒളിച്ചുവെക്കുന്നതുമെല്ലാം അല്ലാഹു അറിയുന്നു.

100 ( നബിയേ, ) പറയുക: ദുഷിച്ചതും നല്ലതും സമമാകുകയില്ല. ദുഷിച്ചതിൻറെ വർദ്ധനവ്‌ നിന്നെ അത്ഭുതപ്പെടുത്തിയാലും ശരി. അതിനാൽ ബുദ്ധിമാൻമാരേ, നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുക. നിങ്ങൾ വിജയം പ്രാപിച്ചേക്കാം.

101 സത്യവിശ്വാസികളേ, ചിലകാര്യങ്ങളെപ്പറ്റി നിങ്ങൾ ചോദിക്കരുത്‌. നിങ്ങൾക്ക്‌ അവ വെളിപ്പെടുത്തപ്പെട്ടാൽ നിങ്ങൾക്കത്‌ മനഃപ്രയാസമുണ്ടാക്കും. ഖുർആൻ അവതരിപ്പിക്കപ്പെടുന്ന സമയത്ത്‌ നിങ്ങളവയെപ്പറ്റി ചോദിക്കുകയാണെങ്കിൽ നിങ്ങൾക്കവ വെളിപ്പെടുത്തുക തന്നെ ചെയ്യും. ( നിങ്ങൾ ചോദിച്ച്‌ കഴിഞ്ഞതിന്‌ ) അല്ലാഹു ( നിങ്ങൾക്ക്‌ ) മാപ്പുനൽകിയിരിക്കുന്നു. അല്ലാഹു ഏറെ പൊറുക്കുന്നവനും സഹനശീലനുമാകുന്നു.

102 നിങ്ങൾക്ക്‌ മുമ്പ്‌ ഒരു ജനവിഭാഗം അത്തരം ചോദ്യങ്ങൾ ചോദിക്കുകയുണ്ടായി. പിന്നെ അവയിൽ അവർ അവിശ്വസിക്കുന്നവരായിത്തീരുകയും ചെയ്തു.

103 ബഹീറഃ, സാഇബഃ, വസ്വീലഃ, ഹാം എന്നീ നേർച്ചമൃഗങ്ങളെയൊന്നും അല്ലാഹു നിശ്ചയിച്ചതല്ല. പക്ഷെ, സത്യനിഷേധികൾ അല്ലാഹുവിൻറെ പേരിൽ കള്ളം കെട്ടിച്ചമയ്ക്കുകയാണ്‌. അവരിൽ അധികപേരും ചിന്തിച്ച്‌ മനസ്സിലാക്കുന്നില്ല.

104 അല്ലാഹു അവതരിപ്പിച്ചതിലേക്കും, റസൂലിലേക്കും വരുവിൻ എന്ന്‌ അവരോട്‌ പറയപ്പെട്ടാൽ, ഞങ്ങളുടെ പിതാക്കളെ ഏതൊരു നിലപാടിലാണോ ഞങ്ങൾ കണ്ടെത്തിയത്‌ അതു മതി ഞങ്ങൾക്ക്‌. എന്നായിരിക്കും അവർ പറയുക: അവരുടെ പിതാക്കൾ യാതൊന്നുമറിയാത്തവരും, സൻമാർഗം പ്രാപിക്കാത്തവരും ആയിരുന്നാൽ പോലും ( അത്‌ മതിയെന്നോ? )

105 സത്യവിശ്വാസികളേ, നിങ്ങൾ നിങ്ങളുടെ കാര്യങ്ങൾ ശ്രദ്ധിച്ച്‌ കൊള്ളുക. നിങ്ങൾ സൻമാർഗം പ്രാപിച്ചിട്ടുണ്ടെങ്കിൽ വഴിപിഴച്ചവർ നിങ്ങൾക്കൊരു ദ്രോഹവും വരുത്തുകയില്ല. അല്ലാഹുവിങ്കലേക്കത്രെ നിങ്ങളുടെയെല്ലാം മടക്കം. നിങ്ങൾ ചെയ്ത്‌ കൊണ്ടിരിക്കുന്നതിനെപ്പറ്റിയെല്ലാം അപ്പോൾ അവൻ നിങ്ങളെ വിവരമറിയിക്കുന്നതാണ്‌.

106 സത്യവിശ്വാസികളേ, നിങ്ങളിലൊരാൾക്ക്‌ മരണമാസന്നമായാൽ വസ്വിയ്യത്തിൻറെ സമയത്ത്‌ നിങ്ങളിൽ നിന്നുള്ള നീതിമാൻമാരായ രണ്ടുപേർ നിങ്ങൾക്കിടയിൽ സാക്ഷ്യം വഹിക്കേണ്ടതാണ്‌. ഇനി നിങ്ങൾ ഭൂമിയിലൂടെ യാത്രചെയ്യുന്ന സമയത്താണ്‌ മരണവിപത്ത്‌ നിങ്ങൾക്ക്‌ വന്നെത്തുന്നതെങ്കിൽ ( വസ്വിയ്യത്തിന്‌ സാക്ഷികളായി ) നിങ്ങളല്ലാത്തവരിൽ പെട്ട രണ്ടുപേരായാലും മതി. നിങ്ങൾക്ക്‌ സംശയം തോന്നുകയാണെങ്കിൽ അവരെ രണ്ടുപേരെയും നമസ്കാരം കഴിഞ്ഞതിന്‌ ശേഷം നിങ്ങൾ തടഞ്ഞ്‌ നിർത്തണം. എന്നിട്ടവർ അല്ലാഹുവിൻറെ പേരിൽ ഇപ്രകാരം സത്യം ചെയ്ത്‌ പറയണം: ഇതിന്‌ ( ഈ സത്യം മറച്ചു വെക്കുന്നതിന്‌ ) പകരം യാതൊരു വിലയും ഞങ്ങൾ വാങ്ങുകയില്ല. അത്‌ അടുത്ത ഒരു ബന്ധുവെ ബാധിക്കുന്ന കാര്യമായാൽ പോലും. അല്ലാഹുവിനുവേണ്ടി ഏറ്റെടുത്ത സാക്ഷ്യം ഞങ്ങൾ മറച്ച്‌ വെക്കുകയില്ല. അങ്ങനെ ചെയ്താൽ തീർച്ചയായും ഞങ്ങൾ കുറ്റക്കാരിൽ പെട്ടവരായിരിക്കും.

107 ഇനി അവർ ( രണ്ടു സാക്ഷികൾ ) കുറ്റത്തിന്‌ അവകാശികളായിട്ടുണ്ട്‌ എന്ന്‌ തെളിയുന്ന പക്ഷം കുറ്റം ചെയ്തിട്ടുള്ളത്‌ ആർക്കെതിരിലാണോ അവരിൽ പെട്ട ( പരേതനോട്‌ ) കൂടുതൽ ബന്ധമുള്ള മറ്റ്‌ രണ്ടുപേർ അവരുടെ സ്ഥാനത്ത്‌ ( സാക്ഷികളായി ) നിൽക്കണം. എന്നിട്ട്‌ അവർ രണ്ടുപേരും അല്ലാഹുവിൻറെ പേരിൽ ഇപ്രകാരം സത്യം ചെയ്ത്‌ പറയണം: തീർച്ചയായും ഞങ്ങളുടെ സാക്ഷ്യമാകുന്നു ഇവരുടെ സാക്ഷ്യത്തേക്കാൾ സത്യസന്ധമായിട്ടുള്ളത്‌. ഞങ്ങൾ ഒരു അന്യായവും ചെയ്തിട്ടില്ല. അങ്ങനെ ചെയ്താൽ തീർച്ചയായും ഞങ്ങൾ അക്രമികളിൽ പെട്ടവരായിരിക്കും.

108 അവർ ( സാക്ഷികൾ ) മുറപോലെ സാക്ഷ്യം വഹിക്കുന്നതിന്‌ അതാണ്‌ കൂടുതൽ അനുയോജ്യമായിട്ടുള്ളത്‌. തങ്ങൾ സത്യം ചെയ്തതിന്‌ ശേഷം ( അനന്തരാവകാശികൾക്ക്‌ ) സത്യം ചെയ്യാൻ അവസരം നൽകപ്പെടുമെന്ന്‌ അവർക്ക്‌ ( സാക്ഷികൾക്ക്‌ ) പേടിയുണ്ടാകുവാനും ( അതാണ്‌ കൂടുതൽ ഉപകരിക്കുക. ) നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുകയും ( അവൻറെ കൽപനകൾ ) ശ്രദ്ധിക്കുകയും ചെയ്യുക. ധിക്കാരികളായ ആളുകളെ അല്ലാഹു നേർവഴിയിലാക്കുകയില്ല.

109 അല്ലാഹു ദൂതൻമാരെ ഒരുമിച്ചുകൂട്ടുകയും, നിങ്ങൾക്ക്‌ എന്ത്‌ മറുപടിയാണ്‌ കിട്ടിയത്‌ എന്ന്‌ ചോദിക്കുകയും ചെയ്യുന്ന ദിവസം അവർ പറയും: ഞങ്ങൾക്ക്‌ യാതൊരു അറിവുമില്ല. നീയാണ്‌ അദൃശ്യകാര്യങ്ങൾ നന്നായി അറിയുന്നവൻ.

110 ( ഈസായോട്‌ ) അല്ലാഹു പറഞ്ഞ സന്ദർഭം ( ശ്രദ്ധേയമാകുന്നു. ) മർയമിൻറെ മകനായ ഈസാ! തൊട്ടിലിൽ വെച്ചും, മദ്ധ്യവയസ്കനായിരിക്കെയും നീ ജനങ്ങളോട്‌ സംസാരിക്കവെ, പരിശുദ്ധാത്മാവ്‌ മുഖേന നിനക്ക്‌ ഞാൻ പിൻബലം നൽകിയ സന്ദർഭത്തിലും, ഗ്രന്ഥവും ജ്ഞാനവും തൗറാത്തും ഇൻജീലും നിനക്ക്‌ ഞാൻ പഠിപ്പിച്ചുതന്ന സന്ദർഭത്തിലും, എൻറെ അനുമതി പ്രകാരം കളിമണ്ണ്‌ കൊണ്ട്‌ നീ പക്ഷിയുടെ മാതൃകയിൽ രൂപപ്പെടുത്തുകയും, എന്നിട്ട്‌ നീ അതിൽ ഊതുമ്പോൾ എൻറെ അനുമതി പ്രകാരം അത്‌ പക്ഷിയായിത്തീരുകയും ചെയ്യുന്ന സന്ദർഭത്തിലും, എൻറെ അനുമതി പ്രകാരം ജൻമനാ കാഴ്ചയില്ലാത്തവനെയും, പാണ്ഡുരോഗിയെയും നീ സുഖപ്പെടുത്തുന്ന സന്ദർഭത്തിലും, എൻറെ അനുമതി പ്രകാരം നീ മരണപ്പെട്ടവരെ പുറത്ത്‌ കൊണ്ട്‌ വരുന്ന സന്ദർഭത്തിലും, നീ ഇസ്രായീൽ സന്തതികളുടെ അടുത്ത്‌ വ്യക്തമായ തെളിവുകളുമായി ചെന്നിട്ട്‌ അവരിലെ സത്യനിഷേധികൾ ഇത്‌ പ്രത്യക്ഷമായ മാരണം മാത്രമാകുന്നു. എന്ന്‌ പറഞ്ഞ അവസരത്തിൽ നിന്നെ അപകടപ്പെടുത്തുന്നതിൽ നിന്ന്‌ അവരെ ഞാൻ തടഞ്ഞ സന്ദർഭത്തിലും ഞാൻ നിനക്കും നിൻറെ മാതാവിനും ചെയ്ത്‌ തന്ന അനുഗ്രഹം ഓർക്കുക.

111 നിങ്ങൾ എന്നിലും എൻറെ ദൂതനിലും വിശ്വസിക്കൂ എന്ന്‌ ഞാൻ ഹവാരികൾക്ക്‌ ബോധനം നൽകിയ സന്ദർഭത്തിലും. അവർ പറഞ്ഞു: ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു. ഞങ്ങൾ മുസ്ലിംകളാണെന്നതിന്‌ നീ സാക്ഷ്യം വഹിച്ച്‌ കൊള്ളുക.

112 ഹവാരികൾ പറഞ്ഞ സന്ദർഭം ശ്രദ്ധിക്കുക: മർയമിൻറെ മകനായ ഈസാ, ആകാശത്തുനിന്ന്‌ ഞങ്ങൾക്ക്‌ ഒരു ഭക്ഷണത്തളിക ഇറക്കിത്തരുവാൻ നിൻറെ രക്ഷിതാവിന്‌ സാധിക്കുമോ? അദ്ദേഹം പറഞ്ഞു: നിങ്ങൾ വിശ്വാസികളാണെങ്കിൽ അല്ലാഹുവെ സൂക്ഷിക്കുക.

113 അവർ പറഞ്ഞു: ഞങ്ങൾക്കതിൽ നിന്ന്‌ ഭക്ഷിക്കുവാനും അങ്ങനെ ഞങ്ങൾക്ക്‌ മനസ്സമാധാനമുണ്ടാകുവാനും, താങ്കൾ ഞങ്ങളോട്‌ പറഞ്ഞത്‌ സത്യമാണെന്ന്‌ ഞങ്ങൾക്ക്‌ ബോധ്യമാകുവാനും, ഞങ്ങൾ അതിന്‌ ദൃക്സാക്ഷികളായിത്തീരുവാനുമാണ്‌ ഞങ്ങൾ ആഗ്രഹിക്കുന്നത്‌.

114 മർയമിൻറെ മകൻ ഈസാ പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവായ അല്ലാഹുവേ, ഞങ്ങൾക്ക്‌ നീ ആകാശത്ത്‌ നിന്ന്‌ ഒരു ഭക്ഷണത്തളിക ഇറക്കിത്തരേണമേ. ഞങ്ങൾക്ക്‌, ഞങ്ങളിലെ ആദ്യത്തിലുള്ളവന്നും, അവസാനത്തിലുള്ളവന്നും ഒരു പെരുന്നാളും, നിൻറെ പക്കൽ നിന്നുള്ള ഒരു ദൃഷ്ടാന്തവുമായിരിക്കണം അത്‌. ഞങ്ങൾക്ക്‌ നീ ഉപജീവനം നൽകുകയും ചെയ്യേണമേ. നീ ഉപജീവനം നൽകുന്നവരിൽ ഏറ്റവും ഉത്തമനാണല്ലോ.

115 അല്ലാഹു പറഞ്ഞു: ഞാൻ നിങ്ങൾക്കത്‌ ഇറക്കിത്തരാം. എന്നാൽ അതിന്‌ ശേഷം നിങ്ങളിൽ ആരെങ്കിലും അവിശ്വസിക്കുന്ന പക്ഷം ലോകരിൽ ഒരാൾക്കും ഞാൻ നൽകാത്ത വിധമുള്ള ( കടുത്ത ) ശിക്ഷ അവന്ന്‌ നൽകുന്നതാണ്‌.

116 അല്ലാഹു പറയുന്ന സന്ദർഭവും ( ശ്രദ്ധിക്കുക. ) മർയമിൻറെ മകൻ ഈസാ, അല്ലാഹുവിന്‌ പുറമെ എന്നെയും, എൻറെ മാതാവിനെയും ദൈവങ്ങളാക്കിക്കൊള്ളുവിൻ. എന്ന്‌ നീയാണോ ജനങ്ങളോട്‌ പറഞ്ഞത്‌? അദ്ദേഹം പറയും: നീയെത്ര പരിശുദ്ധൻ! എനിക്ക്‌ ( പറയാൻ ) യാതൊരു അവകാശവുമില്ലാത്തത്‌ ഞാൻ പറയാവതല്ലല്ലോ? ഞാനത്‌ പറഞ്ഞിരുന്നെങ്കിൽ തീർച്ചയായും നീയത്‌ അറിഞ്ഞിരിക്കുമല്ലോ. എൻറെ മനസ്സിലുള്ളത്‌ നീ അറിയും. നിൻറെ മനസ്സിലുള്ളത്‌ ഞാനറിയില്ല. തീർച്ചയായും നീ തന്നെയാണ്‌ അദൃശ്യകാര്യങ്ങൾ അറിയുന്നവൻ.

117 നീ എന്നോട്‌ കൽപിച്ച കാര്യം അഥവാ എൻറെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവെ നിങ്ങൾ ആരാധിക്കണം എന്ന കാര്യം മാത്രമേ ഞാനവരോട്‌ പറഞ്ഞിട്ടുള്ളൂ. ഞാൻ അവർക്കിടയിൽ ഉണ്ടായിരുന്നപ്പോഴൊക്കെ ഞാൻ അവരുടെ മേൽ സാക്ഷിയായിരുന്നു. പിന്നീട്‌ നീ എന്നെ പൂർണ്ണമായി ഏറ്റെടുത്തപ്പോൾ നീ തന്നെയായിരുന്നു അവരെ നിരീക്ഷിച്ചിരുന്നവൻ. നീ എല്ലാകാര്യത്തിനും സാക്ഷിയാകുന്നു.

118 നീ അവരെ ശിക്ഷിക്കുകയാണെങ്കിൽ തീർച്ചയായും അവർ നിൻറെ ദാസൻമാരാണല്ലോ. നീ അവർക്ക്‌ പൊറുത്തുകൊടുക്കുകയാണെങ്കിൽ നീ തന്നെയാണല്ലോ പ്രതാപിയും യുക്തിമാനും.

119 അല്ലാഹു പറയും: ഇത്‌ സത്യവാൻമാർക്ക്‌ തങ്ങളുടെ സത്യസന്ധത പ്രയോജനപ്പെടുന്ന ദിവസമാകുന്നു. അവർക്ക്‌ താഴ്ഭാഗത്ത്‌ കൂടി അരുവികൾ ഒഴുകുന്ന സ്വർഗത്തോപ്പുകളുണ്ട്‌. അവരതിൽ നിത്യവാസികളായിരിക്കും. അവരെപ്പറ്റി അല്ലാഹു തൃപ്തിപ്പെട്ടിരിക്കുന്നു. അവർ അവനെപ്പറ്റിയും തൃപ്തിപ്പെട്ടിരിക്കുന്നു. അതത്രെ മഹത്തായ വിജയം.

120 ആകാശങ്ങളുടെയും ഭൂമിയുടെയും അവയിലുള്ളതിൻറെയും ആധിപത്യം അല്ലാഹുവിന്നത്രെ. അവൻ ഏത്‌ കാര്യത്തിനും കഴിവുള്ളവനാകുന്നു.

<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

"https://ml.wikisource.org/w/index.php?title=പരിശുദ്ധ_ഖുർആൻ/മാഇദ&oldid=66811" എന്ന താളിൽനിന്ന് ശേഖരിച്ചത്