"സ്പന്ദിക്കുന്ന അസ്ഥിമാടം/ഭാവത്രയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'<poem> ഭാവത്രയം ഒന്ന് അന്നു -സുഭിക്ഷതയുടെ സുസ്മ...' താള്‍ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

13:36, 29 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഭാവത്രയം

ഒന്ന്

അന്നു -സുഭിക്ഷതയുടെ സുസ്മിതം

ഉണ്ടു സമ്പത്തു ലോകത്തി, നെന്നാ-
ലെന്റെ നാടിനു പട്ടിണിമാത്രം!
ഉണ്ടുറങ്ങിയേറ്റൊന്നു മുറുക്കി-
ക്കണ്ടിരുന്നിതെന്‍ നാടു മാമാങ്കം,
സദ്യമേളിച്ചനാളി, ലെന്‍ നാട്ടില്‍-
ത്തത്തകൂടിയും പാടി വേദാന്തം.
പള്ളവീര്‍ക്കെ, ദ്ദഹനത്തിനായി-
ത്തുള്ളി പണ്ടെന്റെ നാട്ടിലെക്കാവ്യം.
കേവലഭൂപാലകാജ്ഞതന്‍ നൂലില്‍
മാല കോര്‍ത്തതാണെന്‍ മലയാളം.
വേദവേദാന്തകാന്താരകാന്തം
പാദപാതാട്ടഹാസാദിയാലേ,
ആത്തഗര്‍വ്വം കുലുക്കിവിറപ്പി-
ച്ചാര്‍ത്തണഞ്ഞൊ 'രുദ്ദണ്ഡ' സിംഹത്തെ,
ഒറ്റവാക്കൊന്നു മര്‍മ്മത്തൊരേറാല്‍
മുട്ടുകുത്തിച്ചിതെന്‍ മലയാളം!
കഷ്ട, മെന്നൊരു വാക്കിനുപോലും
പട്ടുടുത്തതാണെന്‍ മലയാളം!
പാണികളില്‍പ്പരിമളം താവും
ചേണണിമലര്‍ച്ചെണ്ടുകളേന്തി,
മോടിയോടോരോ കൂത്തമ്പലത്തില്‍
'കൂടിയാടി' പണ്ടെന്‍ മലയാളം!
'തോല' നൊത്തു രസിച്ചു ചിരിച്ചു
തോളുരുമ്മിനിന്നെന്‍ മലയാളം!
തുഷ്ടിപൂര്‍വ്വകം ഭാവാത്മകമാ-
മഷ്ടപാദാദ്രഗാനസമേതം,
മഞ്ജുവൃന്ദാവനപ്രേമരംഗം
സഞ്ജനിപ്പിച്ചിതെന്‍ മലയാളം!
മദ്ദളം, ചെണ്ട, ചേങ്കില, താളം,
മത്സരിച്ചു മതിവരുവോളം,
നീളെ നീളെക്കലോത്സവമേളം
കേളികേള്‍പ്പിച്ചിതെന്‍ മലയാളം!
വര്‍ഷലക്ഷ്മിയ്ക്കുദാരതയാലേ
ഹര്‍ഷബാഷ്പമുതിരുമക്കാലേ,
മാറുലഞ്ഞുചെറുമികള്‍ ചാലേ
ഞാറുപാകുമപ്പാടത്തു നീളേ
ഉള്‍പ്പുളകദഗാനങ്ങള്‍മൂലം
പച്ചചാര്‍ത്തിച്ചിതെന്‍ മലയാളം!
സസ്യ സങ്കുലശ്യാമളശ്രീയെ-
സ്സല്‍ക്കരിച്ചിതന്നെന്‍ മലയാളം!
കത്തിക്കാളുന്നൊരാപ്പൌരുഷത്തിന്‍
കച്ചകെട്ടി മുറുക്കിയൊരുക്കി,
ചെന്നു, തന്‍കുലദൈവത്തെ വാഴ്ത്തി-
നിന്നു, പൂവും പ്രസാദവും ചാര്‍ത്തി,
വീരയോധര്‍തന്‍ വാള്‍ത്തുമ്പിലൂടെ-
ച്ചോര ചീറ്റിയന്നെന്‍ മലയാളം!
ഫുല്ലഹാസമെന്നാടന്നു തൂകി-
സ്സല്ലപിച്ചു സമ്രൂദ്ധിയെപ്പുല്‍കി! ...

രണ്ട്

ഇന്ന് - വിശപ്പിന്റെ വിലാപം

തെല്ലുമോര്‍ത്തിടാ, തിത്രപെട്ടെന്നാ
നല്ല കാലമതിന്നെങ്ങു പോയി?
എന്റെ നാട, ല്ലതിന്‍ പ്രേതമാണീ-
ക്കണ്ടിടുന്നതിന്നെന്റെ കണ്മുന്‍പില്‍!
ചെള്ള ചുക്കിച്ചുളുങ്ങിയെല്ലുന്തി-
പ്പള്ളയൊട്ടിയതല്ലെന്റെ രാജ്യം!
ഞെട്ടുവാതവിറയലില്‍, ശ്വാസം
മുട്ടി, യേങ്ങിവലിച്ചും, ചുമച്ചും
വെണ്‍നുരകള്‍ വമിച്ചുമാക്കൈകാല്‍
മണ്ണിലാഞ്ഞാഞ്ഞടിച്ചും, പിടച്ചും,
ഒട്ടപസ്മാരഗാഷ്ഠികള്‍കാട്ടു-
മസ്ഥിപഞ്ജരമല്ലെന്റെ രാജ്യം!

കഷ്ട, മെന്റെ നാടെമ്മട്ടിലേവം
പട്ടിണിക്കോലമായിച്ചമഞ്ഞൂ!
കെട്ടുതാലിയൊഴിച്ചവള്‍ക്കയേ്യാ
വിറ്റുതിന്നുവാന്‍ ബാക്കിയില്ലൊന്നും!
രത്നഗര്‍ഭയാണിപ്പൊഴും ലോകം
ഭഗ്നഭാഗ്യയാ, മെന്‍ നാടുമാത്രം!

മാനുഷരെന്നുമോണമായ് വാണ
മാബലിയുടെ നാട്ടിലാണോര്‍ക്കൂ,
ഇന്നിതാ ചിലര്‍ നായ്ക്കളെപ്പോലെ-
ച്ചെന്നു നക്കുന്നതെച്ചിലിലകള്‍!

ഭാവശുദ്ധകള്‍, മുഗ്ദ്ധകള്‍, കാന്ത-
ദേവതകള്‍തന്‍ പാവനഭൂവില്‍-
ശ്രീമയനെടുമംഗല്യമേകും
സോമവാരവ്രതാഢ്യമാം നാട്ടില്‍-
ഭദ്രകല്യാണദായകമാകും-
മദ്രിജാരാധനോത്സവനാളില്‍,
പാടിയാടിസ്സുദതികള്‍ ചൂടും
പാതിരാപ്പൂക്കള്‍തന്‍ ജന്മഭൂവില്‍-
ജീവനും ജീവനായെനിയ്ക്കുള്ളെന്‍-
ദേവിപോലും പിറന്നോരു നാട്ടില്‍-
കെട്ടഴിവു ചാരിത്രത്തി നയേ്യാ,
കൊറ്റിനാഴക്കരിയ്ക്കിന്നു, കഷ്ടം!

മദ്യപിക്കുമാസ്സാമ്പല്‍പ്രതാപ
മര്‍ക്കടത്തിന്‍ നഖക്ഷതം തട്ടി,
ഘോരദാരിദ്യ്രസൂരാതപത്തില്‍-
ച്ചോരവറ്റി, ച്ചുളുക്കേറ്റു വാടി,
നെഞ്ചിടിപ്പോടടര്‍ന്നാപതിപ്പൂ
പിഞ്ചനാഘ്രാതപുഷ്പങ്ങള്‍ മണ്ണില്‍!-
മംഗലാദ്വൈതമൂര്‍ത്തിയാം, സാക്ഷാല്‍
ശങ്കരനെ പ്രസവിച്ചമണ്ണില്‍!-
വീരപത്നികള്‍ നൂറുനൂറിന്നും
ചാരമായിക്കിടക്കുന്ന മണ്ണില്‍!-
അത്രസമ്പൂതമായൊരീ മണ്ണി-
ന്നിത്രമാത്രം വിലയിടിഞ്ഞല്ലോ!
അബ്ധിയോടിതു വാങ്ങിയ കാല-
ത്തല്‍പമിസ്ഥിതി ശങ്കിച്ചിരിയ്ക്കില്‍,
ആഞ്ഞെറിയാതിരുന്നേനെ, നൂനം,
ആ മഴുവന്നു ഭാര്‍ഗ്ഗവരാമന്‍! ...

മൂന്ന്

ഇനി- അഗ്നിയുടെ അട്ടഹാസം

ഉണ്ടുനെല്ലും പണവു, മെന്നിട്ടും
തെണ്ടിടുന്നോ സഖാക്കളേ, നിങ്ങള്‍?
'ഇല്ല', യെന്നു പറയുവാനായി-
ട്ടല്ലണഞ്ഞതീ ലോകത്തു നമ്മള്‍,
'ഇല്ല', യെന്നുള്ള ദീനവിലാപം
വല്ലദിക്കിലും കേള്‍ക്കുന്നപക്ഷം,
'ഉണ്ടധികമി', ങ്ങെന്നടിച്ചാര്‍ക്കും
ചെണ്ടമേളമൊന്നന്യത്ര കേള്‍ക്കാം.
അങ്ങുചെല്ലുവിന്‍, നിങ്ങള്‍ക്കു വേണ്ട-
തങ്ങഖിലം സമ്ര്+ദ്ധിയായ്ക്കാണും.
വാതില്‍ കൊട്ടിയടയ്ക്കുകില്‍, നിങ്ങള്‍
വാളെടുത്തതു വെട്ടിപ്പൊളിയ്ക്കിന്‍!
കുന്നുകൂടിക്കിടക്കുമാ വിത്ത-
മൊന്നുപോല്‍ നിങ്ങള്‍ വീതിച്ചെടുക്കുവിന്‍!
മത്സരം മതി!-തുല്യാവകാശം
മര്‍ത്ത്യരെല്ലാര്‍ക്കുമുണ്ടിജ്ജഗത്തില്‍!
വിത്തനാഥന്റെ 'ബേബി' യ്ക്കുപാലും,
നിര്‍ദ്ധന 'ച്ചെറുക്ക' ന്നുമിനീരും,
ഈശ്വരേച്ഛയ, ല്ലാകി, ലമ്മട്ടു-
ള്ളീശ്വരനെച്ചവിട്ടുക നമ്മള്‍!

ദൈവനീതിതന്‍ പേരി, ലിന്നോളം
കൈതവംതന്നെ ചെയ്തതു ലോകം!
ലോകമെന്നാല്‍, ധനത്തിന്റെ ലോകം!
ലോകസേവനം, ഹാ, രക്തപാനം!
മത്തു കണ്ണിലിരുട്ടടിച്ചാര്‍ക്കും
മര്‍ദ്ദനത്തിന്നു സമ്മാനദാനം!
നിര്‍ത്തുകിത്തരം നീതി നാം!-നമ്മള്‍-
ക്കൊത്തൊരുമിച്ചു നിന്നു പോരാടാം!

വിപ്ലവത്തിന്റെ വെണ്‍മഴുവാ, ലാ
വിത്തഗര്‍വ്വവിഷദ്രുമം വെട്ടി,
സത്സമത്വസനാതനോദ്യാനം
സജ്ജമാക്കാന്‍ നമുക്കുദ്യമിയ്ക്കാം!
ഒക്കുകില്ലീയലസത മേലില്‍
ഒത്തുചേരൂ സഖാക്കളേ, ചേലില്‍! ...
                               28-2-1120

16

മനുഷ്യവിജ്ഞാനസമുദ്രമേ, നിന്‍
നിരഘരത്നങ്ങള്‍ നിറഞ്ഞ ഹൃത്തില്‍,
മദിച്ചു വാഴുന്നു നിഗൂഢമോരോ
വിനാശഹേതുക്കള്‍, തിമിംഗലങ്ങള്‍!
                               4-12-1109

17

ഒരു ദിവസം പുലരൊളിയില്‍
കുരുവികള്‍ നിന്‍ ജനലരുകില്‍
ചിറകടിച്ചു കരഞ്ഞുഴന്നു
പറന്നണഞ്ഞു പറയുമേവം:-

മതിയുറക്കം വെളുത്തു നേരം
മറയുമിപ്പോള്‍ മധുരസ്വപ്നം.
മിഴിതുറക്കൂ, തുറക്കു ദേവി!
ഇനിയകലത്തുതിരുകില്ലാ
പ്രണയമയഹൃദയസ്പന്ദനം
അവ നിലച്ചു, മരിച്ചു, ഹാ, നി-
ന്നവശനാകും ഹൃദയനാഥന്‍.
വരളുവോരാ രസനയില-
ങ്ങൊരു സലിലകണികപോലും
അവനൊരാളും പകര്‍ന്നു നല്‍കാ-
നരികിലില്ലാതവന്‍ മരിച്ചു.
അമൃതഗാനം ചൊരിഞ്ഞൊരാ നാ-
വവസാനത്തില്‍ വരണ്ടുഴന്നു,
അമലരാഗം വഴിഞ്ഞൊരാ ഹൃ
ത്തവസാനത്തില്‍ത്തകര്‍ന്നുടഞ്ഞു.
അകലെയൊരു മരച്ചുവട്ടി-
ലവനണഞ്ഞു മണലടിഞ്ഞു.
ഉടല്‍ വെടിയാനവന്റെജീവന്‍
പിടയുമന്ത്യനിമിഷത്തിലും,
പരവശനാമവനിതുപോല്‍
പറയുവതായ് ശ്രവിച്ചു ഞങ്ങള്‍:-

'സുമലളിതേ, ഗുണമിളിതേ, മമ ദയിതേ, കരയരുതേ
തവ മധുരപ്രണയസുധാതരളിതമെന്‍ഹൃദയമിതാ
അടിയറവെച്ചവനിവെടി, ഞ്ഞനുപമേ, ഞാനകന്നിടുന്നേന്‍!'
                               18-3-1120