"സ്പന്ദിക്കുന്ന അസ്ഥിമാടം/എന്നിട്ടും വന്നില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'<poem> എന്നിട്ടും വന്നില്ല -എന്നിട്ടും, വന്നീലെ...' താള്‍ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

13:40, 29 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

എന്നിട്ടും വന്നില്ല

-എന്നിട്ടും, വന്നീലെങ്കണ്ണീര്‍ തുടയ്ക്കുവാ-
നെന്നാത്മനായകന്‍, തോഴി!

എന്മലര്‍ക്കാവില്‍നിന്നൊന്നും പറയാതെ
പിന്നെയും പൂങ്കുയില്‍ പോയി.
ഉന്നിദ്രഹര്‍ഷം ലസിച്ച ലതകളില്‍-
പ്പിന്നെയും പൂങ്കുലവാടി.
ഭീമാതപം ചൊരിഞ്ഞെത്തിയ വേനലില്‍-
ത്താമരപ്പൊയ്കകള്‍ വറ്റി.
ചേതോഹരങ്ങളാം പച്ചിലക്കാടുകള്‍
പ്രേതോപമങ്ങളായ് മാറി.
ശപ്തമെന്‍ജീവിത, മൂഴിയി, ലീവിധം
തപ്തബാഷ്പാകുലമായി!


-എന്നിട്ടും, വന്നീലെങ്കണ്ണീര്‍ തുടയ്ക്കുവാ-
നെന്നാത്മനായകന്‍, തോഴി!

വാര്‍മണിമേഘങ്ങള്‍ മേളിച്ച വാനിനെ-
ക്കാര്‍മുകില്‍മാലകള്‍ മൂടി.
രാവും പകലും തിരിച്ചറിഞ്ഞീടുവാ-
നാവാതെ വര്‍ഷവുമെത്തി.
കത്തിയെരിഞ്ഞ ജഗത്തു, പേമാരിയില്‍-
ത്തത്തിക്കുളിര്‍ത്തു നീരാടി.
ചന്തത്തില്‍പ്പിന്നെയും മാമരക്കൊമ്പുകള്‍
ചെന്തളിര്‍ക്കൂമ്പുകള്‍ ചൂടി.
അപ്പൊഴും, വര്‍ഷത്തിനൊപ്പ, മെന്നക്ഷിക-
ളശ്രുക്കള്‍ ധാരയായ്ത്തൂകി!


-എന്നിട്ടും, വന്നീലെങ്കണ്ണീര്‍ തുടയ്ക്കുവാ-
നെന്നാത്മനായകന്‍, തോഴി!

പ്രാണൊത്സവപ്രദമാസ്മരനൃത്തങ്ങ-
ളോണനിലാവു നിന്നാടി.
പൂക്കളപ്പൊട്ടുതൊട്ടങ്കണലക്ഷ്മികള്‍
മേല്‍ക്കുമേല്‍പ്പുഞ്ചിരി തൂകി.
അഷ്ടാശകളുമൊത്താര്‍പ്പുവിളികളാല്‍-
ത്തുഷ്ടിപൂണ്ടോണത്തെവാഴ്ത്തി,
എങ്ങും സമൃദ്ധിയും സന്തോഷവും നിന്നു
മംഗളസുസ്മിതം വീശി.!


-എന്നിട്ടും, വന്നീലെങ്കണ്ണീര്‍ തുടയ്ക്കുവാ-
നെന്നാത്മനായകന്‍, തോഴി!

നര്‍ത്തനലോലയായ്പ്പൂനിലാവൊന്നിച്ചു
നല്‍ത്തിരുവാതിരയെത്തി.
എന്നെപ്പോല്‍ സൌഭാഗ്യമില്ലാത്തോരല്ലാത്ത
തന്വിക, ളൊന്നിച്ചു കൂടി.
നീരാടി, നീന്തിത്തുടി, ച്ചുഷസ്സില്‍, ത്തെളി-
ഞ്ഞോരോരോ ഗാനങ്ങള്‍ പാടി.
ഉജ്ജ്വലശുഭ്രാംശുകാലം കൃതാംഗരാ-
യുദ്രസമൂഞ്ഞാലിലാടി.
വട്ടമി, ട്ടല്ലല, റ്റല്ലി, ലൊന്നിച്ചു കൈ-
കൊട്ടിക്കളിച്ചവര്‍ കൂടി.
പാവനമംഗല്യദായകമാകുമ-
പ്പാതിരാപ്പൂവവര്‍ ചൂടി.
അപ്പൊഴു, മശ്രുഗംഗയ്ക്കകത്താഞ്ഞടി-
ഞ്ഞത്തലെന്‍ മാനസം തേടി!


-എന്നിട്ടും, വന്നീലെങ്കണ്ണീര്‍ തുടയ്ക്കുവാ-
നെന്നാത്മനായകന്‍, തോഴി!

åå*ååå*ååå*

എത്രനാ,ളെത്രനാളീവിധം, കണ്ണുനീ-
രര്‍പ്പിയ്ക്കണമെനി, യ്ക്കാവോ!
എപ്പൊഴും കാണ്മതുണ്ടെന്‍ മനോനേത്ര, മാ-
സ്സുപ്രസന്നോജ്ജ്വല രൂപം.
ഇല്ല, ചെയ്തിട്ടില്ല, നാഥനോടിന്നോളം
തെല്ലുമേ ഞാനപരാധം.
ഭക്ത്യാ കഴുകുന്നു നിത്യമെന്നശ്രുവി-
ലത്തൃപ്പദങ്ങള്‍ ഞാനേവം.
ഈ വിയോഗാഗ്നിയില്‍ച്ചാമ്പലാകില്ലെന്റെ
പാവനരാഗാര്‍ദ്രഭാവം!


-എന്നിട്ടും, വന്നീലെങ്കണ്ണീര്‍ തുടയ്ക്കുവാ-
നെന്നാത്മനായകന്‍, തോഴി! ....
                               12-11-1119

30

ആനന്ദാസ്പദമായ, നിന്നനുപമാ
രാമത്തിലേ, യ്ക്കാര്‍ത്തനാം
ഞാനും കൂടി വരട്ടയോ, മരണമേ?-
നീറുന്നു, ഹാ, മന്മനം!
ഗാനം വേണ്ട ജഗത്തി, നാത്മസുഖസം-
പ്രാപ്തിയ്ക്കു, പൊന്‍നാണയ-
സ്വാനം പോരു, മെനിയ്ക്കതിന്നു കഴിവി-
ല്ലാവശ്യമില്ലിങ്ങു ഞാന്‍!! ....
                               19-9-1119

31

അടിമുടി മടുമലര്‍ തട-
വീടുമുടല്‍പോലു-
മടിയുന്നിതൊടുവിലാ-
പ്പൊടിമണലില്‍;
മനമനിയ്ക്കുരുകുന്നു മറ-
ന്നീടട്ടഖിലം ഞാന്‍.
മഭിരേ, നീ കനിഞ്ഞൊന്നു
പുണരുകെന്നെ!! ....
                               24-10-1119

32

പൊട്ടിത്തെറിയ്ക്കുന്നൊരാഗ്നേയപിണ്ഡങ്ങ-
ളിട്ടിട്ടുപായും വിമാനങ്ങള്മാതിരി,
പാറിപ്പറന്നോടി സംഭവസഞ്ചയം
നീറിദ്ദഹിപ്പിതെന്‍ നിശ്ശൂന്യജീവിതം!
                               23-4-1120

33

മൃദുലതന്ത്രികള്‍ മുറുകെ മീട്ടി, യെന്‍-
ഹൃദയവലകി ശിഥിലമായ്!
                               16-2-1108