"സ്പന്ദിക്കുന്ന അസ്ഥിമാടം/ഒരു പുലപ്പെണ്ണിന്റെ പാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'<poem> ഒരു പുലപ്പെണ്ണിന്റെ പാട്ട് ചിങ്ങം പിറന്...' താള്‍ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

13:42, 29 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു പുലപ്പെണ്ണിന്റെ പാട്ട്

ചിങ്ങം പിറന്നൂ-! പിറന്നു പച്ച-
ച്ചങ്ങാലി പാടത്തുവന്നു.
ചെമ്പാവെന്‍ തമ്പ്രാക്കള്‍ക്കുണ്ണാന്‍വേണ്ടി
ചെമ്പഴം കൊണ്ടു കഴിഞ്ഞു.
മിന്നിക്കൊച്ചോളങ്ങള്‍ ചിന്നിച്ചിന്നി-
പ്പൊന്നിളംവെയിലുപരന്നു.
തുമ്പക്കുടങ്ങളില്‍ത്തൂങ്ങിത്തത്തി-
ത്തുമ്പികള്‍ തുള്ളിക്കളിപ്പൂ.
ഉണ്ടായിട്ടോടിപ്പിടിച്ചും, വീണ്ടും
മണ്ടിയും തത്തിപ്പിടിച്ചും,
അപ്പപ്പൊഴങ്ങിങ്ങിലത്തുമ്പെത്തൊ-
രല്‍പനേരം വിശ്രമിച്ചും,
ചിത്രശലഭങ്ങള്‍ പാറിപ്പാറി-
ച്ചുറ്റിപ്പറന്നു കളിപ്പൂ.
പാടുന്നു തൈവള്ളിത്തുഞ്ചത്തിരു-
ന്നാടിക്കൊണ്ടാറ്റക്കിളികള്‍,
നാണംകുണുങ്ങുന്നൊരോണപ്പൂക്കള്‍
നാലുപാടും തിങ്ങിനില്‍പ്പൂ
കാണുന്നിതെങ്ങും തെളിച്ചം ഹാ, പൊ-
ന്നോണം വരുന്ന വെളിച്ചം!
കാറൊഴിഞ്ഞീടാത്തതിന്നും, കഷ്ടം,
നീറുമീയെന്മനം മാത്രം!

അത്തൈമരത്തളിര്‍ക്കൊമ്പത്തെത്തി-
ത്തത്തിക്കളിക്കുന്ന തത്തേ!
ഓരോരോ നാട്ടില്‍ നീ പോയിട്ടിങ്ങു
ദൂരെനിന്നെത്തിയതല്ലേ?
കാടും കടലും കടന്നുചെന്നു
നാടുതോറും നീ പറന്നു
കണ്ടതാണല്ലോ പലതും, നിന-
ക്കുണ്ടാകും കാര്യവിവരം.
ഇന്നതുകാരണം, തത്തേ, നിന്നോ-
ടൊന്നു ഞാന്‍ ചോദിച്ചിടട്ടേ;
സത്യമോ കേള്‍പ്പ, തടുത്തെങ്ങാനും
യുദ്ധം കഴിയുമോ, തത്തേ?
ഇറ്റലിയെന്നൊരു നാട്ടില്‍പ്പറ-
ന്നെത്തിയിട്ടുണ്ടോ നീ, തത്തേ?
കത്തും പണവും വരുന്നു, ണ്ടെന്നാ-
ലെത്തുന്നതില്ലാളുമാത്രം!
നാടുവിട്ടിട്ടിതിനുള്ളി, ലയേ്യാ,
നാലോണക്കാലം കഴിഞ്ഞൂ.
നെഞ്ചിടിയ്ക്കുന്നിതെനിയ്ക്കി, ന്നിപ്പോ-
ളഞ്ചാമത്തോണവും വന്നു.
പട്ടാളം!-ശമ്പളം കിട്ടും, പക്ഷേ,
പട്ടിണിയാണതില്‍ ഭേദം!
എന്നിനിയെത്തുമെന്‍നാഥന്‍?-കനി-
ഞ്ഞെന്നോടൊന്നോതുകെന്‍ തത്തേ!
കണ്ടോ നീയെങ്ങാനു, മെങ്ങാനും നീ
കണ്ടാലുമെമ്മട്ടറിയാന്‍?
ഞാനടയാളം പറയാം, കേള്‍ക്കൂ!-
നീ നല്ലപോലോര്‍ത്തു നോക്കൂ!-
പൊക്കമൊത്തുള്ളോരു മെയ്യും, മാംസം
തിക്കുന്ന കാല്‍കളും, കയ്യും;
കണ്ണിനു കൌതുകം തോന്നും നല്ലൊ-
രെണ്ണക്കറുപ്പു നിറവും;
വര്‍ക്കത്തെഴുന്ന മുഖവും; തെല്ലു
വിക്കുതോന്നിയ്ക്കും സ്വരവും;
മിന്നിത്തിളങ്ങുന്ന കണ്ണും, നല്ല
ചിന്നിച്ചുരുണ്ട മുടിയും;
അല്‍പം വളഞ്ഞു, നിന്നോമല്‍ക്കൊക്കി-
നൊപ്പമഴകുള്ള മൂക്കും;
ഒത്തിരുപത്തഞ്ചുപോലും വയ-
സ്സെത്താത്തതാണെന്റെ നാഥന്‍!-
ഇമ്മട്ടിരിയ്ക്കുമൊരാളെ, ച്ചൊല്ലു-
കെങ്ങാനും കണ്ടോ നീ, തത്തേ? ....
                               10-3-1120