"മാർത്താണ്ഡവർമ്മ/അദ്ധ്യായം പതിനാല്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
' സുഭദ്രയുടെ വാക്കുകൾകേട്ടു വിറച്ചുതുടങ്ങ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

12:58, 4 ഫെബ്രുവരി 2016-നു നിലവിലുണ്ടായിരുന്ന രൂപം




സുഭദ്രയുടെ വാക്കുകൾകേട്ടു വിറച്ചുതുടങ്ങിയ വൃദ്ധൻ ബോധക്ഷയത്തോടുകൂടി വീണുതുടങ്ങിയതിനെക്കണ്ടാണ് മേൽപ്രകാരം കാർത്ത്യായനിഅമ്മ പറഞ്ഞത്. വൃദ്ധൻ നിലത്തു വീഴുന്നതിനുമുമ്പായി സുഭദ്ര താങ്ങിക്കൊണ്ടു. ബോധവും ശ്വാസവും കൂടാതെ അൽപനേരം ആശാൻ കിടക്കുന്നതുകണ്ട് എല്ലാവരും സംഭ്രമപ്പെട്ടു. കാർത്ത്യായനിഅമ്മ അഠുത്തുചെന്ന് 'ആശാേ-ആശാനേ ' എന്നു സ്‌നേഹത്തോടുകൂടി വിളിച്ചു. ഭൃത്യന്മാരും വട്ടമിട്ടു കരഞ്ഞുതുടങ്ങി. സുഭദ്ര എഴുന്നേറ്റ് കുറച്ചു വെള്ളം എടുത്ത് ആശാന്റെ മുഖത്തു തളിച്ചു. അതുകൊണ്ടും ഫലമുണ്ടായില്ല. ശ്വാസമില്ലെന്നല്ല. എല്ലാവരും അധികമായ വ്യസനത്തോടുകൂടി നിൽക്കുന്നതിനിടയിൽ 'പിടിച്ചുകെട്ടിൻ. അവൻ.അവൻ. അവൻതന്നെ, അവന്റെ കൊടിലും തഞ്ചിയും.' എന്നു പുലമ്പിക്കൊണ്ട് ആശാൻ ഉണർന്നു. ആശാനെ കുറച്ചുനേരത്തേക്ക് ആരും ഉപദ്രവിച്ചില്ല. പിന്നീട്, ഓരോരുത്തർ ചോദ്യം ചെയ്യാനാരംഭിച്ചു. ആശാൻ മൗനവ്രതം ആചരിച്ചുകളഞ്ഞു. ഇങ്ങനെ മൗനബ്രതം അനുഷ്ടിച്ചതിലും ആശാന്റെ ബോധക്ഷയത്തിലും എന്തോ സാരമുണ്ടെന്ന് ഊഹിച്ചിട്ട്, താൻ ഉപയോഗിച്ച വാക്കുകൾ എന്താണെന്നു സുഭദ്ര ആലോചിച്ചു. 'ഞാൻ കളിക്കാണല്ലോ പറഞ്ഞത്. മോഷ്ടിച്ചതു ഞാനല്ലെന്നും ഞാനറിഞ്ഞിട്ടില്ലെന്നും-ഇതിൽ ആശാനെ ബാധിക്കാനെന്താണുള്ളത്? ആകട്ടെ, ഇവിടുത്തെ സ്ഥിതികൾ മുഴുവൻ മനസ്സിലാക്കട്ടെ. എന്താണോ അമ്മയ്ക്ക് ഇന്നെന്നെക്കുറിച്ച് കുറച്ച് സ്‌നേഹമായിരിക്കുന്നത്? നല്ലകാലം വരാൻ പോകുന്നതായിരിക്കാം. പാവപ്പെട്ട തങ്കത്തിന്റെ സ്ഥിതി മഹാകഷ്ടം! എന്തു രോഗമാണിത്? എങ്ങനെ വന്നു?മനോവ്യസനത്താൽ വന്നതുതന്നെ. മിനിഞ്ഞാന്നു രാത്രി തുടങ്ങാനെന്ത്? തിരുമുഖത്തദ്ദേഹത്തിന്റെ മകന്റെ മരണകാര്യത്തെക്കുറിച്ച് അറിഞ്ഞതുകൊണ്ടായിരിക്കാമോ?മിനിഞ്ഞാന്നാണോ ആ വർത്തമാനം ഇവിടെ എത്തിയത് ? ആയിരിക്കാം. എന്നാൽ ഒന്നാലോചിക്കാനുണ്ട്. രാത്രിയോ പകലോ ആ വർത്തമാനം കിട്ടിയത്? മുമ്പിൽ മരിച്ചിട്ടില്ലെന്നായിരുന്നു തങ്കത്തിന്റെ വിശ്വാസം. മരിച്ചു എന്നു തീർച്ചയായ അറിവു കിട്ടിയാൽ തങ്കം ഉടനേ വീഴേണ്ടതായിരുന്നു. എന്തെല്ലാമോ? ഒന്നും അറിവാൻ പാടില്ല. അമ്മയോടു തന്നെ എല്ലാം ചോദിച്ചറിയാം. ഇവിടെ രണ്ടുദിവസം നിന്നാൽ ഞാനും കിടപ്പിലാകും. തങ്കത്തിന്റെ മുഖം കാണുമ്പോൾ എന്റെ ഉള്ളു കലങ്ങുന്നു. അമ്മ ഒടുവിൽ 'നീ-നീ ' എന്നും മറ്റും പറഞ്ഞതിന്റെ സാരമെന്ത്?