കാമുകന്റെ സ്വപ്നങ്ങൾ

ദേവി, ജീവിതപുഷ്പം കൊഴിയാറായി, ഹർഷം
താവിയ സുദിനങ്ങളെന്നേക്കും മറവായീ,
എങ്കിലുമേകാന്തത്തിൻ ചില്ലകൾതോറും പാറി-
പ്പൈങ്കിളികളെപ്പോലെ മേളിപ്പൂ കിനാവുകൾ.
അവതൻസവിലാസദർശനത്തിലെൻ ചിത്ത-
മവരോധിപ്പൂനിന്നെ രാജ്ഞിയായതിൻ നാട്ടിൽ!

ചതിക്കും യാഥാർത്ഥ്യങ്ങൾ മിക്കതും യഥാർത്ഥത്തിൽ
ക്ഷിതിയിൽ സ്വപ്നങ്ങൾക്കേ സത്യസന്ധതയുള്ളൂ.
അവ ചഞ്ചലങ്ങളാ, ണെങ്കിലും, മല്ലെന്നായി-
ട്ടവ ഭാവിക്കി, ല്ലേകില്ലൊടുവിൽ പ്രാണാഘാതം.
അവയെന്നേകാന്തത്തിൽ പാടുന്നു നിൻ സൗന്ദര്യ-
മവയെന്നേകാന്തത്തിൽ പാടുന്നു നിൻ സൗശീല്യം.
സ്വർഗ്ഗശക്തിതൻ സാത്വികാലാപം സ്പന്ദിക്കുമി-
സ്വർഗ്ഗത്തിൽ, സ്വപ്നങ്ങൾതൻ ദുർഗ്ഗത്തിൽ, സുശക്തൻ ഞാൻ!

ജീവനെനിക്കു വെറും തൃണം-നിന്നെയെൻ
ജീവനും ജീവനായ് പൂജിച്ചിടുന്നു ഞാൻ.
സ്നേഹിച്ചു നിന്നെ ഞാൻ നീയൊഴിഞ്ഞാരെയും
സ്നേഹിച്ചതില്ല ഞാൻ, സ്നേഹിക്കയില്ല ഞാൻ.
നിന്നിലും മീതെയായില്ലെനിക്കൊന്നുമീ-
മന്നി, ലാരാധിപ്പു നിന്നെ ഞാനോമനേ!

എന്നെ നീ വിസ്മരിച്ചാലും ഭജിച്ചിടും
നിന്നെ ഞാ,നെൻ പ്രാണസർവ്വസ്വമാണു നീ.
ഭോഗമാധുര്യം വെറും നിഴലുജ്ജ്വല-
ത്യാഗദീപത്തിന്റെ നിർവാണദീപ്തിയിൽ.
തപ്തമാണെങ്കിലും മാമകജീവിതം
സുപ്തമല്ലഞ്ജലിചെയ്വു ഹാ, നിൻപദം!
ജന്മമെനിക്കുണ്ടിനിയുമെന്നാകിൽ ഞാൻ
നിന്മനോനാഥനായ്ത്തന്നെയെത്തും, പ്രിയേ!

ലോകപ്രശംസയും വിദ്വേഷവും സമ-
മേകനിമേഷത്തിൽ നേടിയോൻ ഞാൻ
എന്നെ നീ പൂജിച്ചു ഞാനപേക്ഷിക്കാതെ-
തന്നെ, നിൻ ജീവാധിനാഥനായ് ഞാൻ.
നീതിയും ന്യായവും കൂട്ടിൽക്കയറ്റിയാൽ
പതിത്യം പറ്റിയ പാപിനി നീ!

എങ്കിലും ദു:ഖിച്ചിടായ്ക നീ ശാലിനീ
ശങ്കിച്ചിടേണ്ട നിൻ സേവകൻ ഞാൻ.
മാമകപ്രാണനും കൂടി ത്യജിക്കുവ-
നാ മന്ദഹാസത്തിനായി മാത്രം.
ആ മന്ദഹാസമതാണു മജ്ജീവിത-
പ്രേമപ്രഫുല്ലമാം സ്വപ്നകേന്ദ്രം.

സ്നേഹിക്കാനെന്നെപ്പഠിപ്പിച്ചു നീ, നിന്നെ
സ്നേഹിച്ചിടും ഞാൻ മരിക്കുവോളം!
ശങ്കയന്റെ , വിഷമാണതേൽക്കുകിൽ
സങ്കടന്തന്നെ പിന്നത്തെ ജീവിതം.
ഹൃത്തുടഞ്ഞു നാം ലോകത്തിലെങ്ങനെ
ചത്തു ജീവിപ്പതെന്തിനാണോമനേ?
വിശ്വമോഹിനീ, പൂർണ്ണമായെന്നെ നീ
വിശ്വസിക്കൂ ചതിക്കില്ല നിന്നെ ഞാൻ.

കാലദോഷം വരാം മനുഷ്യന്നതിൻ-
ജ്വാലയിൽ, ച്ചാമ്പലാകാം പ്രതീക്ഷകൾ.
തൂമമങ്ങി നശിക്കുകില്ലെങ്കിലും
പ്രേമഹേമപ്രകാണ്ഡമൊരിക്കലും
കഷ്ടകാലസ്ഫുടപാകപൂർത്തിയിൽ
തുഷ്ടകന്നതുൽക്കൃഷ്ടമാകും സതി!
ഈ വിയോഗാലകലുകയ, ല്ലയേ
ദേവി, മേന്മേലടുക്കുകയാണു നാം.

അധമരിലേറ്റം ജഗത്തിൽ ഞാനാ-
ണധമനെന്നോമനേ, സമ്മതിക്കാം.
ഒരു ദേവതയ്ക്കുമില്ലെങ്കിലുമെൻ
നിരുപമനിസ്സ്വാർത്ഥദിവ്യരാഗം
തവദേഹമോഹാത്മകാത്മദാഹ-
വിവശിതനായില്ലൊരിക്കലും ഞാൻ.
പരിസര ദ്വേഷങ്ങളെന്റെ ചിത്തം
പരിധൃതപങ്കമായരചിക്കേ,
ശകലിതമാകയോ ശാലിനി നി-
ന്നകളങ്കരാഗാർദ്രമുഗ്ദ്ധചിത്തം?
അടിപെടുന്നോ വെറും മിത്ഥ്യകൾത-
ന്നടിയൊഴുക്കിന്റെ ചുഴികളിൽ നീ?
സതി, നിത്യഭാസുരതാരകകൾ-
ക്കതിഥിയായ് നിന്നെയുയർത്തിടും ഞാൻ!

ചെന്തളിർ ചൂടിച്ചിരിച്ചിതാ പിന്നെയും
ചിന്തകൾ പൂക്കുമീനാളിൽ,
മാനസം മാമകം മാടിവിളിക്കുന്നി-
താനന്ദദേവതേ, നിന്നെ.
പോരിക പോരിക ശപ്തനിരാശതൻ
കൂരിരുളൊക്കെയും പോയി.

മഞ്ഞിലുതിരുമിളവെയിൽമാതിരി
നെഞ്ചിലുല്ലാസം കൊളുത്തി
ഭാവസാന്ദ്രോജ്ജ്വലസ്വപ്നാനുഭൂതികൾ
ദേവനൃത്തത്തിനായെത്തി.
പോരിക പോരിക മാരകോദ്വേഗത്തിൻ
മാരിക്കാറൊക്കെയും മാറി!-

ഏകാന്തശാന്തിതൻ വീണമീട്ടുന്നു ഞാ-
നേകാൻ നിനക്കാത്മഹർഷം.
വിജയഗർവത്താൽ വികൃതമല്ലയേ
ഭജനലോലുപേ ഭവതിതൻ മനം.
ജനിതരാഗമിന്നതിൽ സ്മിതാങ്കുരം
പനിമലരിലും പരം മനോഹരം.
പ്രണയപൂർണ്ണമെൻ ഹൃദയമിപ്പൊഴും
പുണർന്നിടുന്നതുണ്ടതിൻ പരിമളം.

പ്രശന്തഭാസുരപ്രസന്നഭാവനാ-
വിശാലമേഖലയ്ക്കകത്തനാരതം
ചിറകടിച്ചടിച്ചപഗതാകുലം
പറന്നു പാടുമെൻ ഹൃദയകോകിലം,
ശിവപ്രചോദനമതിനു നൽകിയ
സുവർണ്ണരശ്മിതൻ മഹദ്ഗുണഗണം!
വിധിവിധിച്ചൊരീ വിയോഗദുർവിധി
വിധിത്സിതങ്ങൾക്കു വിവേകത്തിൻനിധി!

വിസ്മയദർശനേ, നിന്നെയൊന്നു
വിസ്മരിക്കാനെൻക്കൊത്തുവെങ്കിൽ
പൂവിരിച്ചെന്തിനോർക്കാതെ നീയെൻ
ജീവിതവീഥിയിലാഗമിച്ചൂ.
ചിന്തിച്ചിരിക്കാതിതുവിധം നീ-
യെന്തിനെൻ പ്രാണനിൽ ചേർന്നുപറ്റി?

താമരപ്പൊയ്കപോൽ ശാന്തമായ
മാമകജീവിതമെത്രവേഗം
നേരിട്ടിടാനിടയായി കഷ്ടം
വാരിധിക്കൊപ്പമിക്കോളിളക്കം.
നിശ്ചയം മൃത്യുവിൻ സ്പർശമേറ്റേ
നിശ്ചലമാകാനതിനുപറ്റൂ--

എങ്കിലുമില്ല പരാതി ചെറ്റും
ശങ്കിച്ചിടായ്കിന്നെനിക്കു നിങ്കൽ!
സോമലേഖ കുണുങ്ങിച്ചിരിക്കു-
മീ മധുരശിശിരനിശയിൽ,
പാല പൂത്ത പരിമളം തെന്നൽ-
ച്ചോലയിൽത്തത്തിയെത്തുന്നനേരം
എന്മനസ്സിൽക്കിളരുന്നിതോരോ
പൊന്മയങ്ങളാമോമൽസ്മൃതികൾ.

പോയനാളുകൾതൻ കളിത്തോപ്പിൽ
ഛായകൾ കരം കോർത്തുന്ന്നാടി
സ്ഫീതമോദം മൃദുസ്മിതംപെയ്തെൻ
ചേതനയെ വിളിക്കുന്നു മാടി..
നൊന്തിടുകിലും മേൽക്കുമേലവ-
യെന്തിനായ് ഞാൻ കുതറുന്നു പേർത്തും?
തട്ടിമാറ്റുന്നു നിഷ്ഫലം ഹാ, ഞാൻ
പൊട്ടിടുകില്ലിച്ചങ്ങല, പക്ഷേ.

അകലെനിന്നകലെനിന്നൊരു നേർത്ത കളകള-
മകതളിർ പുൽകിപ്പുൽകിപ്പുളകം ചേർപ്പൂ.
പ്രണയപ്രതീപ്തമാമൊരുപഹാരസ്മിതവുമായ്
പ്രണമിപ്പൂ മമ ജീവനതിനു മുന്നിൽ.
ദുരിതങ്ങളഖിലവും ക്ഷണനേരം മറന്നു ഞാൻ
പരിചിൽച്ചേർന്നലിവിതാക്കളകളത്തിൽ!

മമ ലോകജീവിതം ഹാ, മരുഭൂവായെങ്കിലെന്തീ
മമതതൻ ശാദ്വലം ഞാൻ തഴുകിയല്ലോ!
സകലവുമകലട്ടേ പകവീട്ടി ഞെളിയള്ളേ
വികലമല്ലെനിക്കെന്റെ വിമലഹർഷം.
പുണരുക, പുണരുകെൻ വിജനതേ, മമ ദിവ്യ-
പ്രണയസ്വരൂപിണിതൻ പ്രതിനിധി നീ!

സുഖമല്ലാ സുഖമെന്നു കരുതിയ സുഖമൊന്നും
സുഖമേ, നീ മരീചികാലഹരിയാണോ?
പൊൻകിനാക്കൾതൻ കാൽച്ചിലമ്പൊലി
തങ്കിടുന്നൊരീ വീഥിയിൽ,
പിന്തുടരുകയാണതിനെ ഞാ-
നെന്തു മായികാവേശമോ!
ഇല്ല മിന്നാമിനുങ്ങൊളിപോലു-
മില്ല-കൂരിരുൾ ചുറ്റിലും!-

ഏതുദേശമാണേതു ഭാഷയാ-
ണേതുമില്ല മേ നിശ്ചയം.
ഹാ, തനിച്ചൊരദൃശ്യശക്തിയാൽ
നീതനായേവമിങ്ങു ഞാൻ.
എന്തിനാണാരറിഞ്ഞു, മുള്ളേറ്റു
നൊന്തിടുന്നിതെൻ കാലുകൾ--
എങ്കിലും ഹാ, ചിരിപ്പു ഞാ, നേതോ
പൊൻകിനാക്കൾതൻ ചിന്തയിൽ!

വരികരികിൽഗീഷ്മപ്രഭാവമേ, നിൻ
പൊരിവെയിലിൽപ്പൊള്ളുവാൻ ഞാൻ കൊതിപ്പു.
നിഴലിൽ വെറും ശൈത്യം, ജഡത്വമേകും
മഴമുകിലിൻ മൂടലതാർക്കുവേണം?
സിരകളുണർന്നുദ്രിക്തരക്തനായ് ഞാൻ
സ്മരണകൾതൻ കണ്ഠം ഞെരിച്ചിടട്ടെ!

നിണമൊഴുകിവീണു ചിറകടിക്കും
പ്രണയമയചിന്തയ്ക്കു ഭംഗികൂടും.
അതിരസമുണ്ടോർക്കണമെന്നാല-
നതിനെഴുമാ ദുസ്സഹപ്രാണദണ്ഡം.
അവശമതു ദാഹിച്ചു വാ പിളർക്കെ-
ജ്ജവമിടണം പൊള്ളും മണലതിങ്കൽ
വരിക വരികുഗമാം വേനലേ, നീ!
പൊരിയണമെനിക്കുനിൻ തീവെയിലിൽ!

അരുളിയെൻ കാതിൽ പ്രകൃതി: "ഞാൻ നിന്നിൽ-
ക്കരുണയാൽ നിന്നെക്കവിയാക്കി
സുമനസ്സൊത്ത നിൻ സുമനസ്സിൽ, പ്രേമ-
ഹിമകണം പെയ്തുജ്ജ്വലമാക്കി.
ഫലമെന്തുണ്ടായി?-കപിയെക്കാൾ കഷ്ട-
നിലയിൽച്ചെന്നെത്തി ചപലൻ നീ!"

"ശരിയാണംബികേ, ശരിയാണോതി ഞാ-
നെരികയാണിന്നെന്മനമതിൽ!
ചുടുകാടാക്കി മന്മഹിതജീവിത-
മടുമലർക്കാവീ മഹിയിൽ ഞാൻ!
അനുഭവജ്ഞാനമവസാനത്തിലാ-
ണനുശയം ചേർപ്പിതടിയനിൽ!"
വരികില്ലേ തെറ്റു, നരനല്ലേ, മാപ്പു-
തരികില്ലേ ദൈവം, കരയല്ലേ!

ദേവി, നിന്നെജ്ജീവിതത്തിൽക്കണ്ടുമുട്ടിടായ്കി-
ലീവിധം ഞാൻ കണ്ണുനീരിൽ മുങ്ങുമായിരുന്നോ?
നീയൊരൽപമോർത്തുനോക്കുകെന്മനസ്സിൽ മേന്മേൽ
തീയൊടുങ്ങാതീവിധമെരിയുമായിരുന്നോ?
ഞാനഖിലം സന്ത്യജിച്ചെൻ ജീവിതത്തിലേവം
മ്ളാനചിത്തനായ് സ്വയം നശിക്കുമായിരുന്നോ?

ഇല്ല, ദേവി, നിശ്ചയമായില്ല ഞാനീ മന്നിൽ
വല്ല കോണിലാകിലും സംതൃപ്തനായ് വേണേനേ.
ഈ വിധത്തിൽ ക്ഷുബ്ധമായിത്തീർന്നിടാതെൻ ശാന്ത-
ജീവിതമൊലിച്ചൊലിച്ചങ്ങാഴിയിൽ ചേർന്നേനേ!
ഘോരമാം ചിന്താനലനിലെൻജഡം ദഹിച്ചാ-
ച്ചരമെങ്കിലും പരമശാന്തി നുകർന്നേനേ!
ഇല്ലതിനു മാർഗ്ഗമിനിയാ മരണംപോലു-
മില്ല ശാന്തി നൽകുകില്ലെനിക്കു തെല്ലും ദേവി!

അണിയിട്ടണിയിട്ടരികത്തണയും
ക്ഷണികോന്നതിതൻ മഴവില്ലുകളേ,
മമതാമധുരം മതിയെന്നരുളു;
മമ മാനസമാം മയിലിൻ നടനം.
ഇനിവൈകരുതേ, മറയൂ, മിഴിനീ-
രിനിയും വഴിയാനിടയാക്കരുതേ!

മൃഗകൽപനിവൻ മൃതസദ്വിഭവൻ
മൃഗതൃഷ്ണകളിൽ കൊതിപൂണ്ടുഴറി
മദസങ്കലിതം ചപലം ചരിതം
ഹൃദയം വിവിധഭ്രമസഞ്ചലിതം.
കടിഞ്ഞാണെവിടെ വഴിയേതിരുളാ-
ണടിതെറ്റുകിലോ പിടിവിട്ടിനി ഞാൻ
വരണേ, തരണേ, തവ ദർശനമെൻ
നിരഘോജ്ജ്വലമാം കിരണാങ്കുരമേ!

നവനവോൽക്കർഷ സോപാനപംക്തിക-
ളവസരോചിതം പിന്നിട്ടു കേറിനീ
അദരിതഭാഗ്യശൃംഗത്തിലെത്തുവാൻ
ഹൃദയപൂർവകം പ്രാർത്ഥിച്ചിടുന്നു ഞാൻ.
നിഴൽ വിരിക്കാനിടയാകരുതഴ-
ലഴകെഴുമാ മുഖത്തൊരുകാലവും!

തവ സുഖോദന്തമെന്നുമേകീടുമെ-
ന്നവശചിത്തത്തിനാശ്വാസലേപനം
രജതരേഖകൾ പാകുമച്ചിന്തയെൻ
വിജനതതൻ തമോമയവേദിയിൽ
ഉടലുമാത്മാവുമൊന്നുപോലക്ഷണം
സ്ഫുടസുഖാപ്തിയിൽ കോരിത്തരിച്ചിടും.
സകലവും സ്വയം സന്ത്യജിക്കുന്നു നി-
ന്നകലുഷോജ്ജ്വലപ്രേമത്തിനായി ഞാൻ!

എന്തിനെ വിശ്വസിക്കാം ലോകത്തിൽ, ഹൃദയത്തി-
നെന്തിന്റെ തണൽത്തട്ടിൽ വിശ്രമിക്കാം?
കേവലം ചലജലബുദ്ബുദം, സൗഹൃദം, ഹാ
ഭാവജസ്വപ്നം മാത്രം മധുരപ്രേമം.
ഭൂതിദസുധാമയം വാത്സല്യം-പക്ഷേ, മറ്റൊ-
ന്നൂതിയാൽ വീണുപോമോരബലപുഷ്പം.

എന്തിനെപ്രീയപ്പെടാം ലോകത്തിൽ ജീവിതത്തി-
ലെന്തിനിസ്സുസ്ഥിരമെന്നാശ്വസിക്കാം?
സർവ്വവും ക്ഷണികങ്ങൾ, സർവ്വവും ചഞ്ചലങ്ങൾ
സർവ്വവും വഞ്ചകങ്ങൾ, മായികങ്ങൾ.
പ്രാരംഭം സുഖമയം, ഹർഷദം, സമസ്തവും
പാരം ശോകാവകീർണ്ണം ജഗത്തിലന്ത്യം.
എന്നാലും പ്രണയമേ, നീ മതിയെനിക്കിണ്ടൽ
തന്നാലും നിത്യം നിന്നെപ്പുണർന്നിടും ഞാൻ!

ആ നല്ലകാലം കഴിഞ്ഞൂ-ചിത്തം
മ്ളാനമായ്ത്തീർന്നുകഴിഞ്ഞു.
ഹർഷങ്ങളെല്ലാം മറഞ്ഞു-ബാഷ്പ-
വർഷത്തിൻ രംഗമണഞ്ഞു.
ദീപങ്ങളൊക്കെപ്പൊലിഞ്ഞു-ജീവൻ
സ്വാപതമസ്സിലലിഞ്ഞു.
എന്നിനിപ്പുൽകുമുദയം-കഷ്ടം
വന്നിടുമെന്നഭ്യുദയം?
നശ്വരമാം സ്വപ്നജാലം-മന്നിൽ
വിശ്വസിച്ചീടിനമൂലം
തപ്തമാം ഹൃത്തേവമാർന്നൂ-ഹാ, ഞാൻ
ശപ്തരിൽ ശപ്തനായ്ത്തീർന്നു.
കൈവരിപ്പേനാത്മഹോമം-പക്ഷേ,
കൈവല്യദമാണിപ്രേമം!

ഇനി വരികയില്ലല്ലോ നിങ്ങളും ചാരെയെൻ
കനിവിയലുമുജ്ജ്വലസ്വപ്നശതങ്ങളേ?
നിറമുടയ പീലി നിവർത്തിയാടിച്ചെന്നു
മറവിയുടെ പിന്നിൽ മറഞ്ഞിതോ നിങ്ങളും?
വരിക വരെകേകനാണാർത്തനാണിന്നു ഞാൻ
തരിക തവ ദർശനം-കേണിരക്കുന്നു ഞാൻ.

ധരണിയതിലേറ്റവും നിന്ദ്യനാണെങ്കിലും
നരരിലധമന്മാരിലഗസ്ഥനാകിലും
സുരുചിരസുധാർദ്രമാം നിങ്ങൾതൻ സുസ്മിത-
മൊരുദിവസമെങ്കിലുമോർക്കാതെയില്ല ഞാൻ!
രുജയിലിത വീർപ്പിട്ടു വീർപ്പിട്ടു മന്മനം
വിജനതയിൽ മാടിവിളിക്കുന്നു നിങ്ങളെ,

അലിവിയലുകില്ലയോ വീണ്ടും വരില്ലയോ
മലിനതയേഴാത്തൊരെൻ പൊന്നിങ്കിനാക്കളേ?
മടുത്തുå മെനിക്കു മഹിയിൽ മനസ്സുഖം നൽകാ-

ജഗത്തിലിവനെച്ചതിച്ചു പലതും ജയസ്മിതം ചാർത്തി
മൃഗത്തിലധികം മദിച്ചു മലിനോത്സവങ്ങൾ ഞാൻ തേടി.
എനിക്കുഭവനം നരകസമാനം പ്രശപ്തമായ്ത്തീർന്നു
തനിച്ചുവിടുവിൻ തമസ്സിലിവനെ ഭ്രമങ്ങളേ നിങ്ങൾ!

ഒരിക്കലിവനോടടുക്കിലഖിലം മടുത്തുമാറുന്നു
മരിക്കിലിവനെ സ്മരിച്ചു കരയാനൊരുത്തനില്ലല്ലോ.
അടുത്തുപലതും മധുരിമചോരും വചസ്സു വർഷിച്ചി-
ട്ടൊടുക്കമൊരുപോലൊളിച്ചു ചതിയിൽക്കഴുത്തറുത്തോടും
അവയ്ക്കുമൊരുനാളറുതിവരില്ലേ, സമാശ്വസിപ്പൂ ഞാൻ
ശവത്തെയും ഹാ, പകയൊടു പഴുതേ ചവിട്ടുമീലോകം!-
ഇതിങ്കലെന്തിന്നമലതവഴിയും സനാതനപ്രേമം
കൊതിച്ചുസതതം കുതിപ്പിതന്റെ , വൃഥാ മനസ്സേ നീ?

താരകങ്ങളൊളിചിന്നിമിന്നുമൊരു
ശാരദശ്രീനിശീഥമേ!
ലോലരാജതവലാഹകാകലിത-
നീലനിർമ്മലവാനമേ!
ആരചിപ്പിതനുഭൂതി നിങ്ങളഴൽ
വേരകറ്റിയെൻ ജീവനിൽ.
ധ്യാനലോലമമലാനുരാഗമയ-
ഗാനസാന്ദ്രമെന്മാനസം
കാമരേഖകളകന്നകന്നനഘ-
സാമഭാവോദയാങ്കിതം!
വ്യ്ക്തിയൊന്നിനൊരുപാധിയാണഖില-
ശക്തിയോടടുപ്പിക്കുവാൻ.
മുക്തമോഹനലിവാർന്ന നിൻ പരമ-
ഭക്തനിന്നു ഞാൻ സ്നേഹമേ!