വൃത്തമഞ്ജരി/അർദ്ധസമവൃത്തപ്രകരണം

വൃത്തമഞ്ജരി
രചന:എ.ആർ. രാജരാജവർമ്മ
അർദ്ധസമവൃത്തപ്രകരണം

വൃത്തമഞ്ജരി
അദ്ധ്യായങ്ങൾ

അവതാരിക

ഒന്നാം പതിപ്പിന്റെ മുഖവുര

വിഷയാനുക്രമണി


അനന്തരം അർദ്ധവൃത്തങ്ങളെ എടുക്കുന്നു.


278. വിഷമേ സസജം ഗവും, സമേ

സഭരം ലം ഗുരുവും വിയോഗിനീ. 1

ഒന്നും മൂന്നും പാദങ്ങളിൽ സസജഗ; രണ്ടും നാലും പാദങ്ങളിൽ സഭരലഗ.

ഉദാ:

കരുണാമൃതധോരണിക്കഹോ!

വരുണാവാസമതായ ദേവതാ

അരുണാധരി വാണിയെന്നുമേ

തരണം മേ പ്രതിഭാഗുണങ്ങളെ. - സ്വ.


279. വിഷമേ സസജം ഗഗം, സമത്തിൽ

സഭരേഫം യ വസന്തമാലികയ്ക്ക്. 2

ഉദാ: കരുണാമൃതധോരണിക്കപാരം

വരുണാവാസമതായിടുന്ന ദേവീ

അരുണാധരി വാണിയെന്നുമേ താൻ

തരണം മേ പ്രതിഭാഗുണങ്ങളെല്ലാം. -സ്വ.

ലക്ഷണം കൊണ്ടും ഉദാഹരണം കൊണ്ടും വിയോഗിനിയുടെ ഓരോ പാദത്തിനും ഒടുവിൽ ഒരു ഗുരു ചേർത്താൽ വസന്തമാലിക ആകുമെന്നു സ്പഷ്ടം.


280. നനരയ വിഷമത്തിലും സമത്തിൽ

പുനരിഹ നം ജജരം ഗ പുഷ്പിതാഗ്രാ. 3

ഉദാ:

ഗണപതിഭഗവാനുമബ്ജയോനി-

പ്രണയിനിയാകിയ ദേവി വാണിതാനും

ഗുണനിധി ഗുരുനാഥനും സദാമേ

തുണയരുളീടുക കാവ്യബന്ധനാർത്ഥം. - കൃ. ച.


281. ആഖ്യാനകിക്കൊറ്റയിലിന്ദ്രവജ്ര;-

യിരട്ടയിൽ പിന്നെയുപേന്ദ്രവജ്ര. 4


വിഷമപാദങ്ങളിൽ ഇന്ദ്രവജ്രയും സമപാദങ്ങളിൽ ഉപേന്ദ്രവജ്രയും പ്രയോഗിച്ചാൽ ആ വൃത്തത്തിന് ആഖ്യാനകി എന്നുപേർ. വ്യവസ്ഥയൊന്നും കൂടാതെ ഈ വൃത്തങ്ങളെ കലർത്തുന്നതിന് മുൻപ് ഉപജാതി എന്നു പേർ പറഞ്ഞിട്ടുണ്ട്.


282. ഇഹൈവ പാദങ്ങൾ മറിച്ചുവെച്ചാ-

ലാഖ്യാനകീ കേൾ വിപരീതയാകും.2

വിഷമപാദങ്ങളിൽ ഉപേന്ദ്രവജ്ര, സമപാദങ്ങളിൽ ഇന്ദ്രവജ്ര എന്ന് നേരേ മറിച്ചാൽ അത് ‘വിപരീതാഖ്യാനകീ’.


283. വിഷമേ സസസം ലഗവും, സമേ

നഭഭരം ഹരിണപ്ലൂതയാമിഹ. 6


284. നനരലഗമതൊറ്റയിൽ, സമേ

നമപര വക്ത്രമതാം ജജം രവും. 7


285. രം ജരം ജമോജപാദവും സമം തു

ജരം ജരം ഗമെങ്കിലോ പരാവതി കേൾ. 8


286. സസസം ലഗമൊറ്റയിൽ, മറ്റതിൽ

ഭം ഭഭഗം ഗവുമിങ്ങുപചിത്രം. 9


287. ഭംഭഭ ഗംഗമതൊറ്റകളിൽ കേൾ,

നജജയ മറ്റതിലും ദ്രുതമധ്യാ. 10


288. വിഷമേ സസസം ഗുരു യുഗ്മേ

വേഗവതിക്കിഹ ഭത്രയഗംഗം. 11


289. വന്നാൽ തജരം ഗമോജപാദേ,

യുഗ്മേ ഭദ്രവിരാൾ മസം ജഗം ഗം. 12


290. വിഷമേ സജം സഗുരു വന്നാൽ,

കേതുമതീ സമേ ഭരനഗം ഗം. 13