ശാരദ
രചന:ഒ. ചന്തുമേനോൻ
പത്താം അദ്ധ്യായം
[ 151 ]
പത്താം അദ്ധ്യായം

പൂഞ്ചോലക്കര എടവും ഉദയന്തളി രാമവർമ്മൻ തിരുമുല്പാട്ടിലെ കോവിലകവും മറ്റു് ഇതിൽ പറയപ്പെടുന്ന വൈത്തിപ്പട്ടരു്, കണ്ടന്മേനോൻ മുതലായവരുടെ വസതിയും ഒരേ ജില്ലയിൽ എന്നു മുമ്പു് പേർ അറിയപ്പെട്ടിരുന്ന പ്രകാരമുള്ള ഒരേ ഡിസ്ത്രിക്ടിൽ ആയിരുന്നു. ആ ഡിസ്ത്രിക്ട് മുഴുവനും ഒർളേ ഡിസ്ത്രിക്ട് ജഡ്ജിയുടെ സിവിലും ക്രമിനാലും അധികാരങ്ങൾക്കു കീഴടങ്ങപ്പെട്ടതായിരുന്നു. എന്നാൽ ഈ ഡിസ്ത്രിക്ടിന്റെ വലിപ്പം നിമിത്തം രണ്ടായിരത്തി അഞ്ഞൂറു ഉറുപ്പികക്കു മീതെ സലയായുള്ള എല്ലാവക സിവിൽ ആദ്യവ്യവഹാരങ്ങൾ ഡിസ്ത്രിക്ട് ജഡ്ജി അയക്കുന്ന അപ്പീലുകൾ, അമ്പതു ഉറുപ്പികക്കുമീതെയുള്ള എല്ലാ സ്മാൾക്ലാസ്സ് വ്യവഹാരങ്ങൾ ഇതുകളേയും മറ്റും തീർച്ചപ്പെടുത്തുവാനായി ഒരു സവോഡിനേറ്റു ജഡ്ജികൂടെ ഉണ്ടായിരുന്നു. ഈ ഡിസ്ത്രിക്ട് ആറ് മുൻസിപ്പുമാരുടെ അധികാരത്തിൽ കീഴിൽ വിഭജിക്കപ്പെട്ടിരുന്നു. ഇതിൽ ഒരു മുനിസിപ്പിന്റെ അധികാര അതിർത്തിയിൽ ഉൾപ്പെട്ടിട്ടുതന്നെയാണു നമ്മുടെ പൂഞ്ചോലക്കര എടവും രാമവർമ്മൻ തിരുംല്പാട്ടിലെ കോവിലകവും കിടന്നിരുന്നതു്. അതിന്നു ആ ജില്ലയുടെ കസബസ്റ്റേഷൻ എന്നു് ജനങ്ങൾ പറഞ്ഞുവന്നു. ഈ ജില്ല എന്ന ഡിസ്ത്രിക്ട്കോർട്ടും സബോർഡിനേറ്റ് ജഡ്ജിയുടെ കോർട്ടും കസബാ മുനിസിപ്പുകോർട്ടും സ്ഥിതി ചെയ്യുന്നതു് ഒരേ മതിൽകൊണ്ടു് ചുറ്റപ്പെട്ടിട്ടുള്ള വിശാലമായ ഒരു സ്ഥലത്തായിരുന്നു.

കോടതിയിലെ ജഡ്ജിമാർ, കോടതിയിലുള്ള ഉദ്യോഗസ്ഥന്മാർ, വക്കീലന്മാർ, വക്കീലന്മാരുടെ കീഴുദ്യോഗമായിരിക്കുന്നവർ, അവരുടെ കീഴ്‌ശ്രമക്കാർ, വ്യവഹാരകാര്യസ്ഥന്മാർ, നാട്ടുകാര്യസ്ഥന്മാർ [ 152 ] കച്ചവടക്കാർ, കൃഷിപ്രവൃത്തിക്കാർ, വിദ്യാപരിശ്രമക്കാർ, കൈവേലപ്രവൃത്തിക്കാർ, കൂലിക്കാർ, വ്യഭിചാരവൃന്ദങ്ങൾ മുതലായ അനേകവിധമായ ജനങ്ങളുടെ സാമഗ്ര്യത്താൽ തിങ്ങിവിങ്ങി ഇരിക്കുന്ന ഒരു പട്ടണമാണു് ഇതു്. പലവിധങ്ങളായ ജനങ്ങളുടെ വസതിക്കായിക്കൊണ്ടു പലവിധമായ എടുപ്പുകളോ, ഭവനങ്ങളോ മറ്റു കൗതുകമായുള്ള ചില വെൺമണിമാടക്കൂടമേടങ്ങളോ ഈ പരന്ന വിശാലമായി കിറ്റക്കുന്ന സ്ഥലത്തു എങ്ങും ഏവരും കാണ്മാൻ കഴിയുന്നതാകുന്നു. പ്രഭാതം മുതൽ പ്രഭാതം വരെ ഈ സ്ഥലത്തുള്ള ഒരു ഘോഷം ഇന്നപ്രകാരമായിരുന്നു എന്ന് വാഴാമഗോചരമാണു്. ഈ സ്ഥലത്തിന്റെ അതിപ്രൗഢമതയേയും ഔന്നത്യത്തേയും മാഹാത്മ്യത്തേയും അറിഞ്ഞിട്ടോ എന്നു തോന്നും ഇവിടെയുള്ള ശ്രീരാമസ്വാമിയുടെ ക്ഷേത്രത്തിന്റെ പരിണാമഹീനമായ വിശേഷത. നാലുപുറവും അഞ്ചാറാൾ ഉയരം, അതിഭംഗിയായി കെട്ടി ഉയർത്തിയിരിക്കുന്ന ക്ഷേത്രത്തിന്റ് കൺമതിലുകളും ആ കൺമതിലുകൾ തന്നെ കെട്ടി ഉയർത്തപ്പെട്ടിട്ടുള്ള ഉയർന്നു നിൽക്കുന്നതായ സ്ഥലത്തേയും പറ്റി എന്താണ് ഞാൻ പറയേണ്ടതു്. ഒരു രണ്ടുമൈൽ ദൂരം എങ്ങും കാണ്മാൻ തക്കതും കുറെ ഉയർന്നതുമായ ഒരു സ്ഥലത്തിൽ ഒരു മനുഷ്യൻ നിന്നു് ഈ പട്ടണത്തിലേക്കു നോക്കിയാൽ ജനസമുദായത്തിനാൽ തിങ്ങി വിങ്ങി നിൽക്കുന്ന ഭവനങ്ങളുടെ മദ്ധ്യത്തിൽ ഈ ക്ഷേത്രം അനേകവിധമായ ചെറുവക നവരത്നങ്ങളെക്കൊണ്ടു പതിക്കപ്പെട്ടിട്ടുള്ള ഒരു മോതിരത്തിന്റെ മദ്ധ്യത്തിൽ നിൽക്കുന്ന മഹത്തായി ഉജ്ജ്വലത്തായ ഒരു നായകമണി എന്നു സങ്കല്പിക്കപ്പെടാവുന്ന വെഡൂര്യമോ വൈരക്കല്ലോ ആണെന്നു നിശ്ചയമായി ഉപമിക്കപ്പെടും. ഈ ക്ഷേത്രത്തിന്റെ കിഴക്കുപടിഞ്ഞാറു ഭാഗങ്ങളിൽ വളരെ ഉയർന്നു പരന്നു നിൽക്കുന്ന രണ്ടു ഗോപുരങ്ങൾ ഉണ്ടായിരുന്നു. ആ ഗോപുരങ്ങളിൽനിന്നു് കീഴ്‌ഭാഗത്തേക്കുള്ള കരിങ്കൽപടവുകൾ കിഴക്കും പടിഞ്ഞാറും കെട്ടി വരിവരിയായി താഴ്ത്തീട്ടുള്ളതിന്റെ ഒരു ഭംഗി അവിടെയുള്ള രണ്ടു ചിറകളുടെ മനോരമ്യമായ കിടപ്പിനാലല്ലാതെ മറ്റൊന്നുകൊണ്ടും ജയിക്കപ്പെടുമോ എന്നു സംശയിക്കുന്നു. ഈ ക്ഷേത്രത്തിന്റെ കിഴക്കും പടിഞ്ഞാറും ഉള്ളതായ ഈ ചിറകളുടെ വിസ്തീർണ്ണവും വിശാലതയും അതിലുള്ള ജലത്തിന്റെ സ്വച്ഛതയും നിമ്മലത്വവും കണ്ടാൽ അത്ര അധികം ജനങ്ങൾ അതിൽ കുളിച്ചിട്ടുകൂടി വെള്ളത്തിന്നു യാതൊരു മലിനതയോ അശുദ്ധിയോ കാഴ്ചക്കു വല്ല ദുസ്സഹത്വമോ ഗന്ധവൈപ [ 153 ] രീത്യമോ കേവലം ഇല്ലാതിരിക്കുന്നത് ഈശ്വരസഹായത്താൽ മാത്രമാണെന്നു പൊതുവിലുള്ള ആളുകൾക്കു തോന്നാം.

ഈ ക്ഷേത്രത്തിന്റെ ഉന്നതമായ ഭാഗത്തിലെല്ലാം ശാതകുംഭസ്തൂപുകൾ അവിടവിടെ ഉണ്ടായിരുന്നതുകളിൽനിന്നു ഉപരിതലത്തിലാകവെ മൂടിയിരുന്ന ചെമ്പു പലകകളിൽ സൂർയ്യപ്രഭ രാവിലേയും വൈകുന്നേരവും തട്ടുമ്പോൾ ഉണ്ടാവുന്ന കനകമയങ്ങളായും പിംഗലങ്ങളായും രക്തോച്ഛ്ഠനങ്ങളായും സംഗതിവശാൽ എടയ്ക്കിടയ്ക്കു രൂപ്യമയങ്ങളായും ഉള്ള വർണ്ണങ്ങൾ ഏതെല്ലാം പ്രകാരത്തിൽ ഉള്ള ശോഭയെ ഈ ചെമ്പടിച്ച മേൽപുരകൾക്കും ഈ പൊൻതാഴികക്കുടങ്ങൾക്കു തന്നെയും കൊടുക്കുന്നു എന്നു മനസ്സുകൊണ്ട് ആലോചിച്ചാൽ ഏവനും തോന്നും. പിന്നെ ജനങ്ങളുടെ വസതികൾ ഇന്നപ്രകാരത്തിൽ തിക്കിത്തിരക്കീട്ടാണെന്നു പറഞ്ഞാൽ അവസാനമില്ലാത്ത ഈ സ്ഥലത്ത് ഈ ക്ഷേത്രത്തിന്റ ഒരു കാഴ്ച എന്തായിരിക്കുമെന്നു സാധാരണയായി ഏവനും മനസ്സിലാവുന്നതാണ്. രാവിലെ നേരം അഞ്ചുമണി മുതൽ രാത്രി പന്ത്രണ്ടുമണിവരെ ഈ ക്ഷേത്രത്തിൽ മഹോത്സവമായിട്ടുതന്നെ ദിനംപ്രതി കഴിഞ്ഞുവരുന്നതാണ്. ഇതിന്റെ വിശേഷതകൾ എല്ലാം ഈ പുസ്തകത്തിൽ പ്രത്യേകിച്ചു പറവാൻ ഞാൻ ഭാവിക്കുന്നില്ല. നുമ്മൾക്ക് ഇവിടെ പറയേണ്ടുന്ന കഥ ഒരു സിവിൽ വ്യവഹാരത്തെക്കുറിച്ചു മാത്രമാകയാൽ അതിനെ സംബന്ധിച്ചുള്ള മനുഷ്യരുടെ കഥ മാത്രം ഇവിടെ അല്പം പറയേണ്ടതു യോഗ്യമാണ്.

ഉയർന്നതരം പരീക്ഷകൾ കൊടുത്തു ജയംപ്രാപിച്ച് ആ അവസ്ഥയെ കാണിക്കുന്നതായ വാചകത്തോടുകൂടി ഉണ്ടാക്കപ്പെട്ടിട്ടുള്ള ഓട് , ചെമ്പ് , മരം , കാൻവാസ് മുതലായ സാധനങ്ങളിൽ എഴുതി പതിച്ചിട്ടുള്ള വക്കീൽമാരുടെ വീടുകൾ അസംഖ്യം. ബാരിസ്റ്റർ അറ്റ് ലൊ , എം.എ., എം.എൽ , എം.എ.ബി.എൽ , ബി.എ.,ബി.എൽ, എൽ.എൽ.ബി. , എഫ്.എ.ബി.എൽ എന്നിങ്ങനെയുള്ള പരീക്ഷകൾ ഒന്നും ജയിച്ചിട്ടില്ല. എന്നാൽ, കർപ്പൂരയ്യന്റെ ബുദ്ധിസാമർത്ഥ്യം വിശേഷപ്രാപ്തിയും നിമിത്തം അയാൾ വ്യവഹാര കാർയ്യം സംബന്ധമായി ഈ പട്ടണത്തിലുള്ള തിരക്ക് അതികലശൽ തന്നെ. വക്കീൽമാരും കക്ഷികളും കൂടി ഒരു തെരക്ക് , മറ്റൊരേടത്ത് വക്കീൽമാരും വക്കീൽമാരുംകൂടി ഒരു തെരക്ക് മറ്റൊരേടത്ത് [ 154 ] കക്ഷികളും കക്ഷികളുംകൂടി ഒരു തെരക്ക് , മറ്റൊരേടത്ത് വ്യവഹാരകാർയ്യസ്ഥന്മാരും കക്ഷികളുംകൂടി ഒരു തെരക്ക് , മറ്റൊരേടത്ത് ചോറുവെച്ച് വിൽക്കുന്ന പട്ടന്മാരു കക്ഷികളുംകൂടി ഒരു തെരക്ക് , മറ്റൊരേടത്ത് ചോറുവെച്ചു വില്ക്കുന്ന നായന്മാരും കക്ഷികളുംകൂടി ഒരു തെരക്ക് , മറ്റൊരേടത്ത് ചായവെച്ചു വിൽക്കുന്ന പട്ടന്മാരും ചായ വെച്ചു വില്ക്കുന്നു നായന്മാരുംകൂടി ഒരു തെരക്ക് , ഇതെല്ലാം സാമാന്യം ശമനമാവണമെങ്കിൽ നേരം പത്തുമണി കഴിയണം. പത്തുമണിക്ക് കോടതി സംബന്ധപ്പെട്ടിട്ടുള്ളവർ എല്ലാം കോടതിയിലേക്കായി പോകും.

നമ്മൾ പറഞ്ഞിരുന്ന സബ് ജഡ്ജി അവർകളും , മുൻസിഫ് അവർകളും ഈ തിരക്കിലുള്ള പട്ടണത്തിൽതന്നെ ആയിരുന്നു അധിവാസം ചെയ്തിരുന്നത്. ഡിസ്ട്രിക്ട് ജഡ്ജി അവർകൾ ഈ സ്ഥലത്തുനിന്നു രണ്ടു നാഴിക ദൂരം ഉള്ള ഒരു സ്ഥലത്തായിരുന്നു പാർപ്പ്. നമുക്ക് ഇതിന്നു മുമ്പെ പരിചയമായ കരിപ്പാട്ടിൽ കണ്ടൻമേനോൻ ഉദയന്തളിമഠത്തിൽനിന്നു പിരിഞ്ഞ് ഊൺ കഴിഞ്ഞതിന്റെ ശേഷം തനിക്ക് സഹജമായുള്ള നാരദസ്വഭാവം തന്നെ വളരെ അലട്ടി. സ്വതേ തന്റെ സ്വഭാവത്തിലുള്ള ദുർഗുണങ്ങൾ വെളിവായി പുറത്തേക്കു കണ്ടുതുടങ്ങി. തനിക്ക് ഇപ്പോൾ സ്വതെ ഉള്ളതായി തീർന്നിട്ടുള്ള ഗംഭീരഭാവവും ധാർഷ്ട്യാതിരേകമായ വാക്കുകളും ഒന്നു കവിഞ്ഞു. "ഇതു ബഹുരസം തന്നെ. വ്യവഹാരത്തിൽ ഉണ്ടാകുന്ന കുണ്ടാമണ്ടികൾ കലശലായി തീരും. ഈ വ്യവഹാരം പറഞ്ഞതുപോലെയോ വിചാരിക്കുംപോലെയോ ഒന്നും നിൽക്കുകയില്ല. "റില്ലി" ആക്ട് പ്രകാരം വ്യവഹാരം കൊടുപ്പാനായി ഞാൻ പറഞ്ഞു. ആ ആക്ടതന്നെ എന്താണെന്ന് ഇനിയും ഞാൻ വായിച്ചിട്ടില്ല. എങ്ങിനെയാണ് ആ ആക്ടട് പ്രകാരം വ്യവഹാരം തയ്യാറാക്കേണ്ടത് എന്നുകൂടി എനിക്കു നല്ല ശീലമില്ല. ഈ വ്യവഹാരംസംഗതിയെപ്പറ്റി ഇനി തിരുമുല്പാടുമായിട്ടോ മറ്റോ സംസാരിക്കണമെങ്കിൽ "റില്ലി ആക്ടി" ന്റെ ഗുണദോഷം വെടിപ്പായി വിചാരിച്ചിട്ടു വേണം. ഇതിന്നു നോട്ടീസ്സ് അയച്ച വക്കീൽ രാഘവമേനോനുമായി കണ്ടു സംസാരിക്കണം."

എന്നു വിചാരിച്ചു നിശ്ചയിച്ചു ചെരിപ്പും , കുടയും , ചൂരൽവടിയും എടുത്തു മേൽപറഞ്ഞ പട്ടണത്തിലേക്കായി ക്ഷണേന പോവുകയും ചെയ്തു. പട്ടണത്തിൽ എത്തുമ്പോൾ അസ്തമിച്ചിരിക്കുന്നു. രാഘവമേനോൻ കച്ചേരിയിൽനിന്നു മടങ്ങിവന്നിരിക്കുന്നു. കണ്ടന്മേനോനെ കണ്ടപ്പോൾ ആചാരപൂർവ്വം ഇരിപ്പാൻ പറഞ്ഞു. കണ്ടന്മേനോൻ ഇരുന്ന ഉടനെ നോട്ടീസ്സിന്റെ കാർയ്യത്തെക്കുറിച്ചു പ്രസ്താവിച്ചു. [ 155 ] ഈ രാഘവമേനോൻ ബി.എ.ബി.എൽ ജയിച്ചിട്ടുള്ള ഒരു വക്കീലാകുന്നു. അഞ്ചുകൊല്ലം കഴിഞ്ഞിട്ടു ഹൈക്കോടതി സന്നത്ത് വാങ്ങാമെന്നുവച്ച് തൽക്കാലം ഒന്നാംഗ്രേഡ് വക്കീൽപണിയിൽ പ്രവേശിച്ചിട്ടുള്ള ഒരു ദേഹമാകുന്നു. ഇംഗ്ലീഷിൽ നല്ല പഠിപ്പും വ്യവഹാരശാസ്ത്രത്തിൽ നല്ല അറിവും ഉള്ള ഒരു ആളായിരുന്നു.

രാഘവമേനോൻ :- അതെ , ആ നോട്ടീസ്സ് അയച്ചിട്ട് ഇപ്പോൾ ദിവസം കുറെ അധികമായല്ലോ. എന്താണ് അവർ വ്യവഹാരം കൊടുക്കുന്നില്ലെ ? കണ്ടന്മാമന് നല്ല തരമായല്ലോ.

കണ്ടൻമേനോൻ :- നിശ്ചയമായി കൊടുക്കുന്നു. അന്യായഹർജി എഴുതി തരണം. അതിനായിട്ടാണ് ഞാൻ വന്നത്. ഈ അന്യായം കൊടുക്കുന്നത് "റില്ലി" ആക്ട് പ്രകാരമല്ലേ വേണ്ടത് ?

രാ :- എന്താക്ട് ? എന്നു പറഞ്ഞ് കുറെ ചിറിച്ചു.

ക :- നിങ്ങൾ ഇംഗ്ലീഷിൽ പറയുന്ന പേര് ഒരുവിധത്തിൽ ഞാൻ പറഞ്ഞതാണ് "റില്ലി" "റില്ലി" ആക്ട്. റില്ലി ആക്ട് എന്ന് ഒരാക്ട് ഇല്ലേ ?

രാഘവമേനോൻ ചിരിച്ചു. ഇയാൾ എന്താക്ടിനെ കുറിച്ചാണു പറയുന്നത് എന്നു തനിക്കു ഒട്ടും തന്നെ മനസ്സിലായില്ല.

രാ :- ഇത് മഹാ ദുർഘടംതന്നെ . എന്ത് "റില്ലി" ആക്ട്. ഞാൻ ഇങ്ങിനെ ഒരാക്ട് ഇംഗ്ലീഷിൽ കേട്ടിട്ടേ ഇല്ല. ഈ ആക്ടിനു മലയാളത്തിൽ പേരില്ലേ ?

ക :- മലയാളത്തിൽ പ്രത്യേക നിവൃത്തി ആക്ട് എന്നു പേർ കേട്ടിട്ടുണ്ട്.

രാ :- ശിക്ഷ , ശിക്ഷ. നിങ്ങൾ ഇങ്ങിനെ സംസാരിച്ചുതുടങ്ങിയാൽ ഇംഗ്ലീഷ് അറിയുന്ന ആളുകളെല്ലാം അമ്പരന്നുപോകും. എന്തു കഥയാണ്. ഹെ , ഇതു സ്പെസിഫിക്ക് റിലീഫ് ആക്ട് എന്ന ആക്ടിനെ "റില്ലി" അക്ട് , "റില്ലി" ആക്ട് എന്നു പറയുന്നത് വളരെ സങ്കടം തന്നെ. പിന്നെ മലയാളത്തിൽ പേർ തർജ്ജമാക്കീട്ടുണ്ടല്ലോ. തർജ്ജമയാക്കിയതും നല്ലമാതിരിയിലാണ്. "പ്രത്യേകനിവൃത്തി ആക്ട്" എന്നു മലയാളത്തിൽ പേർ വിളിച്ചിരിക്കുന്നു. ഇതിനു് "റില്ലി" ആക്ട് എന്നു പേർ പറയുന്നത് എന്തോരു കഷ്ടമാണ്. ഈ ആക്ട് പ്രകാരമോ വ്യവഹാരം കൊടുക്കുന്നത്. എന്റെ നോട്ടിസ്സിൽ കാണിച്ച സംഗതി ഈ വിധമല്ല. കുട്ടിയെ സംരക്ഷിപ്പാനുള്ള ചിലവ് വാങ്ങി കിട്ടുവാനുള്ള ഒരു വ്യവഹാരം കൊടുക്കുമെന്നാകുന്നു. [ 156 ] ഇപ്പോൾ ഈ പ്രത്യേക നിവൃത്തി ആക്ട് എങ്ങിനെ ഇതിൽ ചാടി വന്നു.

കാ :- അതെ , അങ്ങിനെ തന്നെയാണ് നോട്ടീസ്സിന്റെ അർത്ഥം. എന്നാൽ നോട്ടീസ്സ് "അവകാശങ്ങളെ സ്ഥാപിച്ചുകിട്ടുവാൻ" എന്നു ഒരു വാചകം ഉള്ളതിനാൽ

രാ :- അസംബന്ധമായി എന്തെങ്കിലും സംസാരിക്കേണ്ട. സ്ഥാപന എന്നൊരു വാക്ക് ഒരു അന്യായ ഹർജിയിൽ എഴുതിയാൽ ആ അന്യായഹർജിയിൽ കാണിക്കുന്ന നിവൃത്തി സ്ഥാപനമായി പോവുമോ ? എന്താണ് കണ്ടന്മാമൻ ഇങ്ങിനെ എല്ലാം പറയുന്നത്.

കണ്ടന്മേനോൻ എന്തെങ്കിലും ഒരു സംഗതി പിടിച്ചു വ്യവഹാരങ്ങളെപ്പറ്റി ദുസ്തർക്കം ചെയ്വാൻ വളരെ മനസ്സുള്ള ആളാണല്ലോ.

ക :- ഞങ്ങൾക്ക് ഇങ്കരീസ്സു് അറിഞ്ഞുകൂടാ. അതിരിക്കട്ടെ, എന്നാലും ഞങ്ങൾ ചോദിക്കുന്ന ചോദ്യങ്ങൾക്കു നിങ്ങൾ മുഴുവൻ ഉത്തരം പറഞ്ഞു മടക്കീട്ടു വേണം നിങ്ങളുടെ അഭിപ്രായപ്രകാരം ഞങ്ങളെക്കൊണ്ടു നടത്തിക്കുവാൻ. സ്ഥാപനയ്ക്കുള്ള വ്യവഹാരമല്ലേ ഇത് , എന്നു ഒരു സംശയം. ആക്ട് ഇവിടെ ഉണ്ടോ ?

രാ :- ഈ വ്യവഹാരം ഒരു സാധാരണവ്യവഹാരമാണ്. ചിലവിനു വാങ്ങി കിട്ടുവാൻ ഉള്ള ഒരു വ്യവഹാരം. അതിനു് "റില്ലി ആക്ടുമായി" യാതൊരു സംബന്ധവും ഇല്ല.

ക :- അപ്പോൾ ഈ 'സ്ഥാപിച്ചുകിട്ടുവാൻ'എന്ന് എഴുതിയതോ ?

രാ :- എന്താണ് അങ്ങിനെ എഴുതിയതുകൊണ്ട് ?

ക :- അവിടെയാണ് കുറച്ചു വൈഷമ്യം. ഈ കുട്ടി കല്യാണി അമ്മയുടെ മകളാണെന്നും പിന്നെ ആ അമ്മ പൂഞ്ചോലക്കര എടത്തിൽ ജനിച്ചു വളർന്നതാണെന്നും അല്ലേ സ്ഥാപിക്കേണ്ടത്. സ്ഥാപനവ്യവഹാരമായില്ലേ ഇത് ? അതാണ് ഒരു സംസയം. "സ്ഥാപന ആക്ട് "ഈ വക വ്യവഹാരങ്ങളെ കുറിച്ചു എന്തു പറയുന്നു. ഈ "പ്രത്യേക നിവൃത്തി ആക്ട് "ഇവിടെ ഉണ്ടോ. അതുണ്ടെങ്കിൽ ഒന്നു കണ്ടാൽ കൊള്ളാം.

രാ :- (കുറെ ദേഷ്യത്തോടുകൂടി) "ആക്ട് ഇവിടെ ഉണ്ട് . അതു ഇംഗ്ലീഷിൽ അണ്."

ക :- അതു തർജ്ജമയായി ഒന്നു പറഞ്ഞു കേൾപ്പിക്കാമോ ?

രാ :- എനിക്കു ഇപ്പോൾ ആ പുസ്തകം തർജ്ജമയായി പറവാൻ വയ്യ. പുസ്തകം വേണമെങ്കിൽ തരാം. ആരെക്കൊണ്ടെങ്കിലും തർജ്ജമയാക്കിച്ചു നോക്കിക്കോളു. [ 157 ] ക :- മലയാളത്തിൽ ഈ പുസ്തകം ഇല്ലേ ?

രാ :- ഉണ്ട് എന്റെ കൈവശം ഇല്ല.

കണ്ടൻമേനോനു് ഈ സംവാദം അത്ര രസിച്ചില്ല. താൻ പഴയ ഒരു മനുഷ്യൻ തന്നെ. എന്നാലും ഒരു വസ്തുവെക്കുറിച്ചെങ്കിലും സിവിൽ വ്യവഹാരസംബന്ധമായി അറികയില്ലെന്ന് ഈ ചെറുപ്പക്കാരായ വക്കീൽമാർക്ക് ഇത്ര ക്ഷണത്തിൽ മനസ്സിലാവുന്നതും അതിനെ പുറത്താക്കുന്നതും തനിക്ക് പരമസങ്കടമായിട്ടുള്ള ഒരവസ്ഥയായിരുന്നു. തന്റെ അപ്പോഴത്തെ പണമില്ലാത്ത സ്ഥിതിയേയും മറ്റും ക്ഷണത്തിൽ ഓർമ്മ വന്നു. താൻ കാർയ്യങ്ങളിൽ പണ്ടത്തെപ്പോലെ വാദിക്കുമാറില്ല. എന്നാലും ഇത്ര ലഘുവായ ഒരു സംഗതിയിന്മേൽ തന്നെ നിന്ദിച്ചു പറഞ്ഞുവല്ലോ . ഹാ , കഷ്ടം . ദൈവം ഓരോരോ കാലത്തിന്റെ അവസ്ഥയ്ക്കനുസരിച്ച് ഓരോരുത്തനെ ശിക്ഷിക്കുകയും ചെയ്യുന്നതാണ് എന്നുറച്ച് ഉടനെ അവിടെ നിന്ന് പോവാൻ സമ്മതം ചോദിച്ചു.

രാ :- അപ്പോഴേക്കു പോവാൻ ബദ്ധപ്പാടായോ ? ഇന്ന് ഇവിടെ ഊണു കഴിച്ച് രാത്രി ഇവിടെ കെടക്കാമല്ലോ ?

ക :- അല്ല എനിക്ക് അസാരം ബദ്ധപ്പാടുണ്ട്. എനിക്ക് ഒന്നു വക്കീൽ ശാമുമേനോന്റെ അടുക്കെ പോവേണ്ട ആവശ്യമുണ്ട്.

രാ  :- എന്നാൽ അത്രെ വേണ്ടു. അങ്ങിനെയാവട്ടെ.

ക :- അന്യായഹർജി എഴുതുന്നതു നാളെ ആക്കാം. അതിന്നായി ഞാൻ ഇങ്ങോട്ടു വരാം.

രാ :- അങ്ങിനെയാവട്ടെ.

വക്കീൽ ശാമുമേനോനെക്കുറിച്ച് എന്റെ വായനക്കാർ ഈ പുസ്തകത്തിന്റെ ആറാം അദ്ധ്യായത്തിൽ വായിച്ചിട്ടുണ്ടായിരിക്കാം. ഈ ശാമുമേനോൻ പൂഞ്ചോലക്കര എടത്തിൽ ഏകദേശം ഒരു ആശ്രിതനെപ്പോലെ ആയിരുന്നു എന്നും അറിഞ്ഞിരിക്കാം. ഇയാളും കണ്ടന്മേനോനുമായി പഴെ ചങ്ങാതിമാരായിരുന്നു. തൽക്കാലം ശാമുമേനോനെ കാണേണമെന്ന് ഒരു താല്പർയ്യം ഉണ്ടായത് എന്തുകൊണ്ടായിരുന്നു എന്ന് എനി പറയാന പോകുന്ന കഥയിൽനിന്ന് അറിയാവുന്നതാണ്. പിന്നെ കണ്ടൻമേനോൻ വടിയും , കുടയും ചെരുപ്പമായി ശാമുമേനോന്റെ വീട്ടിൽ ചെന്നു. ശാമുമേനോൻ കുശലപ്രശ്നങ്ങൾ കഴിഞ്ഞ ഉടനെ വന്നതു വല്ല വിശേഷസംഗതി ഉണ്ടായിട്ടോ എന്നു ചോദിച്ചു. [ 158 ] ക :- വിശേഷസംഗതി ഒന്നുമില്ല. എന്നാൽ ഒരു കാർയ്യത്തിൽ കുറച്ചു സംശയം. "പ്രത്യേകനിവൃത്തി ആക്ട്" ഇവിടെ ഉണ്ടോ ? ഉണ്ടെങ്കിൽ അത് ഒന്ന് നോക്കേണ്ടിയിരിക്കുന്നു.

ശാമുമേനോൻ :- ഇവിടെ ഉള്ളത് ഇംഗ്ലീഷിൽ ആണ്. അത് കൊണ്ടു വിരോധമില്ല. മലയാളത്തിൽ തർജ്ജമയാക്കി ഞാൻ പറഞ്ഞുതരാം. എന്നു പറഞ്ഞു ശാമുമേനോൻ പുസ്തകം എടുത്തുകൊണ്ടു വരാൻ പോയി.

ക :- ഈശ്വരോ ! രക്ഷതു ! ഇങ്ങിനെയും ആളുകൾ ഉണ്ടാവുന്നതു നമ്മുടെ ഭാഗ്യം തന്നെ. എന്നോർത്തുംകൊണ്ട് പുറത്തു കാത്തിരുന്നു: അപ്പോൾ ശാമുമേനോൻ പുസ്തകം എടുത്തുകൊണ്ടു വന്നു. ഇതാണ് സ്പെസിഫിക്ക് റിലീഫ് ആക്ട് എന്നു പറഞ്ഞു . ശരി , ഇതൊന്നു വായിച്ചുകേട്ടാ. നന്നായിരുന്നു. ശാമുമേനോൻ വായിച്ചു തുടങ്ങി. കണ്ടൻമേനോൻ അതു കേൾക്കാനായി അതിശ്രദ്ധയോടെ ചെവി കൊടുത്തു സന്നദ്ധനായിരുന്നു. ഇയാൾ ഒരു മാതിരി ഒന്നുമുതൽ 57 വരെ വകുപ്പുകൾ തർജ്ജമ ചെയ്തുകൊണ്ടുപോയി. കണ്ടന്മേനോൻ സശ്രദ്ധനായി കേൾക്കുകയും ചെയ്തു. ഒരു ശ്രദ്ധകൊണ്ടും ഉത്സാഹംകൊണ്ടും കാർയ്യം വിചാരിച്ച വഴിക്കു ഒന്നും വന്നില്ല. ആക്ട് യാതൊന്നും മനസ്സിലായില്ല.

ക :- ഈ ആക്ട് വലിയ കഠിനം തന്നെ. എല്ലാ ആക്ടു പോലെയല്ല അപ്പാ , വലിയ ഉഗ്രവേഷം തന്നെ. എനിക്ക് ഇതിൽ സ്ഥാപനവിധിയുടെ തത്വമാണ് അറിയേണ്ടത്. അതിനുള്ള സെക്കിൻ വായിച്ചില്ലല്ലോ.

ശാ :- ഓ, ഹൊ , ഇതാണ് ആവശ്യം. ഇതു 42-ം സെക്ഷ്യനിൽ ഉണ്ടല്ലോ. അതിന്റെ തർജ്ജിമ ഒന്നുംകൂടി വായിച്ചു കേൾപ്പിച്ചു തരാമല്ലോ.

ക :- ഈശ്വരാ ! എന്നാൽ നന്നായിരുന്നു.

ശാമുമേനോൻ പുസ്തകത്തിൽ 42-ം സെക്ഷ്യൻ താഴെ പറയും പ്രകാരം വായിച്ചു. "42 യാതൊരുത്തനും വല്ല വസ്തുവെ സംബന്ധിച്ചോ , വല്ല ശാസ്ത്രീയമായ സ്ഥിതിയെ സംബന്ധിച്ചോ അതിനെ സ്ഥാപിച്ചു കിട്ടുവാനായി , വല്ല ഒരുത്തന്റെ മേലും വ്യവഹാരം കൊടുക്കാവുന്നതും കോടതിയുടെ യുക്തപ്രകാരം ആ കാർയ്യത്തിൽ ആ മനുഷ്യനെ അങ്ങിനെ അവകാശമുണ്ടെന്നു ഒരു വിധി കൊടുക്കാവുന്നതും എന്നാൽ അങ്ങിനെയുള്ള വ്യവഹാരത്തിൽ അന്യായക്കാരൻ വേറെ സംഗതികൾക്കു ഒരു വിധി കൊടുപ്പാൻ ആവശ്യപ്പെടേണമെന്നില്ലാ [ 159 ] ത്തതും ആകുന്നു. എന്നാൽ അന്യായക്കാരന്ന് അധിക അവകാശങ്ങൾ കൂടി ചോദിപ്പാൻ പാടുണ്ടെന്നു കാണുന്ന പക്ഷം മേല്പറഞ്ഞമാതിരി വ്യവഹാരം കോടതി സമ്മതിക്കേണ്ടതുമില്ല."

ക :- ശരി , ശരി , ശരി . അങ്ങിനെ വരട്ടെ , ഇപ്പോൾ എനിക്കു കാർയ്യമെല്ലാം മനസ്സിലായി. അങ്ങിനെ വരട്ടെ. ഇതു അവകാശസ്ഥാപനയ്ക്കു പറ്റുന്ന ഒരു വ്യവഹാരമല്ലേ ? എന്താ വിചാരിക്കുന്നത്.

ശാ :- അതെ. സംശയമില്ല.

ക :- ഒരു തറവാട്ടിലെ ഒരു കുടുംബക്കാരനെ തറവാട്ടുകാർ രക്ഷിക്കാതിരുന്നാൽ അവനുള്ള നിവൃത്തി ഈ 42-ം സെക്കിൻ പ്രകാരം അന്യായം കൊടുത്തിട്ടല്ലേ ?

ശാ :- അതെ , സംശയം കൂടാതെ.

ക :- ഈ മഹാ കേമന്മാരായ വക്കീൽമാർ അല്ല എന്നു പറയുന്നു.

ശാ :- ആരാണ് പറഞ്ഞത് ? ഇങ്ങനത്തെ വക്കീൽമാർ ഇവിടെ ഉണ്ടെന്നു ഞാൻ ഓർത്തിരുന്നില്ല. ഒരു സമയം പുതിയ വക്കീൽ കൃഷ്ണമേനോനോ ? ഇവിടെ രാമപിള്ള എന്നൊരാൾക്ക് അസംബന്ധമായി ഒരെഴുത്ത് ഈ മേൽപറഞ്ഞ കൃഷ്ണമേനോൻ ഉണ്ടാക്കിയതു ഞാൻ കണ്ടു. എന്തു ഗോഷ്ടിയാണ്. ഈ സെക്ഷ്യന്റെ ആവശ്യം പൂഞ്ചോലക്കര എടക്കാരുമായി രാമപിള്ള വ്യവഹാരത്തിനു് ഒരുമ്പെട്ടിരിക്കുന്ന കാർയ്യത്തിലല്ലേ ? കണ്ടന്മേനോനോട് ചോദിക്കുന്നതിനു് ഒന്നും വിരോധമില്ലല്ലോ.

ക :- അതിനെന്താണ് വിരോധം. നുമ്മൾക്ക് അന്യന്മാരുടെ കാർയ്യം കൊണ്ട് എപ്പോഴും സംസാരിക്കാമല്ലോ ? ഞാൻ ഈ സംശയം ചോദിച്ചറിയേണമെന്നുള്ള ആഗ്രഹത്തോടുകൂടി നമ്മുടെ നോട്ടീസ്സ് അയച്ച വക്കീലായ രാഘവമേനോനെ ഇന്നു കണ്ടു. കുറേ സംസാരിച്ചതിന്റെ ശേഷം എനിക്ക് മതിയായി. ഇംഗ്ലീഷ് അറിവു തന്നെപ്പോലെ ആർക്കുമില്ലെന്നു തനിക്കുള്ള ദുരഭിമാനത്താൽ പണ്ടു ദൈവം കൊടുത്തിരുന്ന ബുദ്ധിയും കൂടിപ്പോയി. അഹങ്കാരത്താലും ദുർമ്മദത്താലും ഇംഗ്ലീഷിലോ മറ്റോ തന്നോടാരെങ്കിലും സംസാരിച്ചുപോയിട്ടുണ്ടെങ്കിൽ അതിനെ ഒക്കെയും അബദ്ധമാക്കുന്ന പ്രവൃത്തിയാണ് ഇപ്പോൾ രാഘവമേനോനു എന്നു എനിക്കു തോന്നുന്നു.

ശാ :- അസൂയ ഇങ്ങിനെ ഉണ്ടായിട്ട് ചെറുപ്പക്കാരുടെ കൂട്ടത്തിൽ രാഘവമേനോനെപ്പോലെ മറ്റൊരാളെയും ഞാൻ കണ്ടിട്ടില്ല. പിന്നെ വേണമെങ്കിൽ ചെറിയ കൃഷ്ണമേനോനും ഉണ്ടായിരിക്കാം. അല്ല, [ 160 ] വർത്തമാനങ്ങൾ കേൾക്കട്ടെ, കർപ്പൂരയ്യൻ സ്വാമിയും ഞാനും പൂഞ്ചോലക്കര അച്ചന്റെ വക്കീൽമാർ ആയി ഇനിയും അതുകൊണ്ടു പറഞ്ഞിട്ടു ഫലമില്ല. എന്താണ് ഉദയന്തളി രാമവർമ്മൻ തിരുമുല്പാട്ടിലേക്ക് വളരെ രസകരമായിരിക്കുന്നു എന്നു തോന്നുന്നു. കണ്ടന്മേനോനും ഒരു നേരമ്പോക്കായി.

ക :- കാര്യങ്ങൾ വിചാരിച്ചതുപോലെ ഒന്നുമായില്ല. കർപ്പൂരയ്യനും, നിങ്ങളും പൂഞ്ചോലക്കര എടത്തിലെ വക്കീൽമാരായി വരാനേ സംഗതിയുള്ളു എന്നു ഞാൻ കാര്യം കേട്ടപ്പോൾത്തന്നെ നിശ്ചയിച്ചു. അതു നിമിത്തമാണ് പിന്നെ രാഘവമേനോനെ കൊണ്ടു നോട്ടീസ് കൊടുപ്പിച്ചത്. അയാളുടെ ഇപ്പോഴത്തെ ഭാവം കാണുമ്പോൾ 'വേണ്ട' എന്നു തോന്നിപ്പോകുന്നു. എന്തു ധിക്കാരമായ വാക്കുകളാണ് എന്നോട് സംസാരിച്ചത്. ആ ചാപ്പുമേനോൻ മതിയായിരുന്നു. അല്ലെങ്കിൽ വലിയ ഇംഗ്ലീഷുകാർ വേണമെങ്കിൽ മാധവമേനോനെ കൂടി ആക്കാമായിരുന്നു. ഇതു മഹാ ദുർഘടമായിത്തീർന്നു. വല്ലതും നിന്ദിച്ചു പറയുന്നതു സഹിക്കാം. എന്നാൽ കാര്യം പറയാതെ നിന്ദിക്കുക മാത്രം ചെയ്താൽ !

ഇയ്യാൾ കുറെ കാര്യശീലമുള്ള വക്കീലാണെന്നു ജനബോദ്ധ്യമായത് എങ്ങനെ ?

ശാ :- ഇയാളുടെ ഭാഗ്യംതന്നെ. മറ്റു ഞാനൊന്നും പറവാൻ കാണുന്നില്ല. പണം വളരെ കിട്ടുന്നുണ്ട്. മാസത്തിൽ ആയിരം ഉറുപ്പികയോളം കിട്ടുന്നുണ്ട്. കഥ ഈശ്വരൻ കണ്ടു. 42-ം സെക്ഷ്യൻ പറഞ്ഞു മനസ്സിലാക്കിക്കൊടുത്താൽ ഇയാൾ പിന്നെ ഒന്നും പറകയില്ല എന്നു തോന്നുന്നു.

ക :- പറഞ്ഞു മനസ്സിലാക്കണ്ടേ ? അതല്ലേ വെഷമം. മറ്റുള്ളവനു് ഇങ്കളീഷ് അറിഞ്ഞുകൂടാ. വല്ലതും പറഞ്ഞാൽ അത് എന്താണെന്ന് ആലോചിക്കാതെ നിസ്സാരമാക്കി തള്ളും. പിന്നെ എന്തു ചെയ്യും ? ഒരു സമയം പ്രഹരം കൂടി ഉണ്ടാകയില്ലേ എന്നും സംശയിക്കുന്നു.

ഇങ്ങിനെ ഇവർ രണ്ടാളുംകൂടി വിശേഷം പറഞ്ഞു് ഊൺ കഴിച്ചുറങ്ങി. പിറ്റേന്നു് രാവിലെ കണ്ടന്മേനോൻ രാഘവമേനോന്റെ മഠത്തിൽ പോയി. കണ്ടന്മേനോൻ ഇങ്ങിനെ കക്ഷികളുടം ഒരു തെരക്ക് വേറെ ഒരു വക്കീൽമാരുടെ അടുക്കെയും കണ്ടിട്ടില്ല. രാഘവമേനോൻ വന്നതുതന്നെ കണ്ടില്ല. അയാൾ അവിടെ ഒരു ബഞ്ചു [ 161 ] ഇട്ടിട്ടുള്ളതിന്മേൽ വേറെ ആളുകളോടുകൂടി കുത്തിയിരുന്നു. അവിടെ വലിയ തിരക്കു തന്നെ. ഒരു കേസ്സുനോക്കി അതിന്റെ മറുവടി പറഞ്ഞ് , മറ്റൊരുകേസ്സു നോക്കും. ഇങ്ങനെ ഓരോന്നായി നോക്കി ഏകദേശം തീരാറാകുമ്പോഴേക്ക് കച്ചേരിക്ക് പോവേണ്ട സമയമായി. അപ്പോൾ കണ്ടന്മേനോനെ അവിടെ കണ്ടു.

രാ :- ഇന്നു് അന്യായപകർപ്പ് എഴുതുവാൻ നിരക്കുകൊണ്ട് കഴിഞ്ഞില്ല. കണ്ടമ്മാമൻ ഇന്നു പോവണ്ട. ഇന്നു വൈകുന്നേരം കച്ചേരിയിൽനിന്നു് വന്ന ഉടനെ അന്യായ ഹർജിയുടെ പ്രവൃത്തിതന്നെ ആക്കാം. അതല്ല. ഇപ്പോൾ പോവുന്നുവെങ്കിൽ നാളെയോ മറ്റന്നാളോ വന്നാൽ നിശ്ചയമായും അന്യായപകർപ്പ് കൊണ്ടുപോവാം.

ക :- എനിക്ക് അന്യായത്തിന്റെ സാരം ചില സംഗതിയോടുകൂടി മനസ്സിലാക്കണം. അതിനു് ഇന്ന് വൈകുന്നേരം തന്നെയാണു നല്ലത്. ഞാൻ ഊൺ കഴിച്ച് , വൈകുന്നേരം കച്ചേരിയിൽനിന്നു വരുമ്പോഴേക്ക് ഇങ്ങോട്ട് എത്തിക്കളയാം.

രാഘവമേനോൻ :- എന്താണ് ഹെ , അബദ്ധമായി പറയുന്നത്. ഊണ് ഇവിടെത്തന്നെ.

ഉടനെ തന്നെ ഒന്നിച്ച് ഉണ്ണാൻ ഇരുന്നു. ഓരോരോ വെടികൾ പറഞ്ഞുകൊണ്ട് സാപ്പിട്ടു. രാഘവമേനോൻ കച്ചേരിക്കു പുറപ്പെട്ടു. അന്നേക്ക് ഒരു ഇരുപതു ദിവസം മുമ്പേ മദ്രാശിയിൽനിന്നു വരുത്തീട്ടുള്ള ഒന്നാന്തരം ബ്രഹാംവണ്ടിയും ഒന്നാംതരം വെള്ളക്കുതിരയുമായിരുന്നു കച്ചേരിക്കുള്ള വാഹനം. ആ കുതിരയും വണ്ടിയും കെട്ടി ലിവറി കോപ്പു ഇട്ടിട്ടുള്ള രണ്ടു കുതിരക്കാർ വണ്ടിയുടെ എടവും വലവും കറുത്ത ചാമരങ്ങളോടുകൂടി ഓടിക്കൊണ്ടും കൊച്ചുമേൽ വണ്ടിയുടെ ഉപരി സ്വച്ഛന്ദം ഇരുന്നുകൊണ്ടും വണ്ടിയെ ഓടിച്ചുകൊണ്ട് പോകയും ചെയ്തു..

കണ്ടൻമേനോൻ ഈ യാത്രയുടെ ഒരു ഘോഷം കണ്ട് വിസ്മയിച്ചു. "നാരായണ" "ശിവശിവ" ഈ കുട്ടി ഇത്രവേഗത്തിൽ ഈ പദവിയിൽ എത്തിയത് ഈയാളുടെ ഭാഗ്യവിശേഷം തന്നെ. എന്നാൽ സ്വഭാവം ഇങ്ങനെ വഷളായി പോയതിനു് എന്താണു കാരണം. ഒരു സമയം ഞാൻ പറഞ്ഞത് അബദ്ധമായിരിക്കാം. അതു കൊണ്ടായിരിക്കാം എന്നോടു ദേഷ്യപ്പെട്ടത്. ഇംകിരീസ് ലോ പഠിച്ചിട്ടുള്ളവർക്ക് ശുദ്ധ മലയാളിയായ തങ്ങളാൽ ചിലത് പറയുന്നതും പക്ഷെ ബുദ്ധി ഇല്ലാതെ പറയുന്നതെന്നു തോന്നിപ്പോവുന്നുണ്ടായിരിക്കാം. ലോവിൽ ഇയാൾക്ക് നല്ല പ്രാപ്തിയുണ്ടെന്നാണ് ഞാൻ [ 162 ] കേട്ടതെല്ലാം. ശാമുമേനോൻ മാത്രം മറിച്ചും പറഞ്ഞു. അതത്ര സാരമില്ല. ശാമുമേനോൻ ഇങ്കിരീസ്സ് ഒരല്പം മാത്രമേ പഠിച്ചിട്ടുള്ളു. എന്തൊ ഒരു "മറ്റിക്കലേശൻ" പരീക്ഷയും കൊടുത്തിട്ടുണ്ട്. ഇങ്കിരീസ് ശാസ്ത്രം സാമാന്യം അറിയാമായിരിക്കാം. എന്നാൽ ആളുകൾ, ഒന്നും അയാളുടെ അടുക്കൽ പോവുന്നില്ലല്ലോ. കർപ്പൂരയ്യൻ സ്വാമിയുടെ അടുക്കെയും രാഘവമേനോന്റെ അടുക്കെയും, മാധവമേനോന്റെ അടുക്കെയും ആണല്ലോ ? ഈ കുട്ടിക്ക് ആയിരത്തിലധികം ഉറുപ്പിക മാസം കിട്ടുന്നുണ്ടുപോൽ. ഇന്നു കേസ്സുകളിൽ ഓരോ മറുപടി കക്ഷികൾക്കു പറഞ്ഞുകൊടുക്കുന്നതു കേട്ട് ഞാൻ അത്യാശ്ചര്യപ്പെട്ടുപോയി. 13 കേസ്സു ഇന്നുണ്ടായിരുന്നു. ആ പതിമ്മൂന്നു കേസ്സുകളിൽ ഉള്ള 'ലപിഡൻസ്' നോക്കിയ ഒരു മാതിരിയും ഓരോ സംഗതികളെ തീർച്ചപ്പെടുത്തിയ മാതിരിയും കണ്ടതിൽ എനിക്കു വളരെ സന്തോഷം തോന്നി. ഈ വ്യവഹാരത്തെപ്പറ്റി ഇയ്യാളുടെ അഭിപ്രായം എന്താണെന്ന് സൂക്ഷ്മമായി അറിയണം. ആൾ ഇയ്യാൾ അതിസമർത്ഥനാണ് സംശയമില്ല. പക്ഷെ ചോദിക്കുന്നത് വളരെ താഴ്മയോടെ ചോദിക്കാമെന്നും മറ്റും ഓരോ സംഗതികളെ വിചാരിച്ച് ഈ വൃദ്ധൻ പുമുഖത്തുള്ള ഒരു തിണ്ണയിൽകിടന്നു് ഉറക്കമാകയും ചെയ്തു. വൈകുന്നേരം അഞ്ചുമണിക്ക് കുതിരസാർട്ടിന്റെ ഒച്ച കേട്ടുതുടങ്ങി. രാഘവമേനോൻ കച്ചേരിയിൽനിന്നു് വരുന്നതായി കണ്ടന്മേനോൻ അറിഞ്ഞു. അപ്പോഴേക്ക് വന്നുകയറി. കണ്ടൻമേനോനോട് മുഖത്തുനോക്കി മന്ദഹാസം ചെയ്തു ഇരിക്കാൻ പറഞ്ഞു. അകത്തുപോയി ഉടുപ്പുമാറ്റി പുറത്തുവന്നു രണ്ടാൾക്കും ചായകൊണ്ടുവരാൻ പറഞ്ഞു പൂമുഖത്തിരുന്നു.

രാഘവമേനോൻ :- (ചിറിച്ചുംകൊണ്ട്) എന്താണ് ഇത്ര വലിയ വൈഷമ്യമായി ഈ അന്യായ ഹർജിയുടെ കാര്യംകൊണ്ടു കണ്ടന്മാമനു തോന്നിയിരിക്കുന്നത്. ഈ റില്ലി ആക്ടിന്റെ പ്രയോഗം അസംബന്ധമായി ആരോ പറഞ്ഞിട്ട് അനാവശ്യമായി ഇങ്ങനെ സംശയിക്കുന്നതാണ്. ഈ ആക്ടിനാൽ ഇപ്പോൾ നാം കൊടുക്കാൻ പോകുന്ന വ്യവഹാരത്തിൽ പ്രത്യേകമായി ഒരു പ്രയോജനവും ഇല്ല.

കണ്ടൻമേനോൻ :- (കുറെ ദേഷ്യത്തോടുകൂടി) അസംബന്ധമായി ആരെങ്കിലും പറഞ്ഞാൽ അനാവശ്യമായി എന്നെപ്പോലെയുള്ള ഒരുത്തൻ കേട്ടു കാര്യമാണെന്നു് വിചാരിക്കുമോ. ഞാൻ സിവിൽ കാര്യം പഠിച്ചുതുടങ്ങീട്ട് ഇപ്പോൾ ഏകദേശം നാല്പതു കൊല്ലത്തോളമായി. ഇനിയും ഈ വക കാര്യങ്ങൾ അസംബന്ധമായി ആരെങ്കിലും പറ [ 163 ] ഞ്ഞാൽ അതുകൂടി അനാവശ്യമായിട്ടുള്ളതാണെന്നു അറിവാൻ കഴികയില്ലെന്നു നിങ്ങൾ പറഞ്ഞാലോ.

രാ :- അതെല്ലാം ശരി തന്നെ. കണ്ടന്മാമൻ സിവിൽകാര്യം ശീലിച്ച കാലത്തു ഞാൻ ജനിക്കുകകൂടി ഉണ്ടായിട്ടില്ല. ഞാൻ കണ്ടന്മാമനു കാര്യം അറിഞ്ഞുകൂടാ എന്നല്ല പറഞ്ഞത്. കണ്ടന്മാമനെപ്പോലെ കാര്യത്തിനു് അത്ര പ്രാപ്തിയായിട്ട് പുറമേ ഒരാളെ ഈ സ്ഥിതിയിൽ അന്വേഷിച്ചാൽ കിട്ടുമോ എന്നു സംശയമാണ്. എന്നാൽ ഈ റില്ലി ആക്ട് ചിലവിനു വാങ്ങി കിട്ടേണ്ടുന്ന വ്യവഹാരവുമായി യാതൊരു ബന്ധവുമില്ല , അത് അസംബന്ധമായി ആരോ ഇംഗ്ലീഷ് പഠിച്ചിട്ടുള്ളവർ നിങ്ങളെ പറഞ്ഞ് മനസ്സിലാക്കിയിട്ടുള്ളതാണ്. ഇപ്പോൾ അതിന്റെ ഭേദങ്ങളെ വെളിവായി പറയുമ്പോൾ കണ്ടന്മാമൻ സമ്മതിക്കും.

കണ്ടന്മേനോൻ :- (സന്തോഷത്തോടുകൂടി) അതാണ് വേണ്ടത്. ഇംഗ്ലീഷ് പഠിച്ച കാര്യത്തിനു പ്രാപ്തന്മാരായി വന്നാൽ അവർ ചെയ്യേണ്ടുന്നത് താന്താങ്ങൾക്കു ബുക്കിൽനിന്നു കിട്ടുന്ന അറിവുകളെ ബുക്കില്ലാത്ത നാട്ടുകാർക്ക് പറഞ്ഞുകൊടുക്കുകയാണ്. പലേ സംഗതികളിലും എനിക്ക് ഈ വിധമായ അറിവുകൾ കിട്ടീട്ടുണ്ട്. പഠിപ്പുള്ള നിങ്ങളെ ചിലരേപ്പോലെയുള്ള ആളുകൾ ഓരോരോ സംഗതിവശാൽ പറയുമ്പോൾ കേട്ടു മനസ്സിലാവുന്നില്ലെങ്കിൽ ചോദിച്ച് ഈ വക സംഗതികളെ മനസ്സിലാക്കി വരാറും അതു പറഞ്ഞു തരുന്നവർ വളരെ സന്തോഷിച്ച് പറഞ്ഞുതരാറുമുണ്ട്. ഇതുപ്രകാരം 'ബോണാപിട്ട്' എന്ന വാക്കിന്റെ അർത്ഥവും 'മേലാപിട്ട്' എന്നുള്ള വാക്കിന്റെ അർത്ഥവും ഹൈക്കോടതിവക്കീൽ ബങ്കാറയ്യൻ അവർകൾ എനിക്കു പറഞ്ഞു മനസ്സിലാക്കി തന്നിട്ടുള്ളതാണ്.

രാ :- (ചിരിച്ചു കുഴങ്ങിക്കൊണ്ട്) ഇതിന്റെ അർത്ഥം മനസ്സിലായിട്ടുണ്ടോ ? കേൾക്കട്ടെ.

ക :- നിശ്ചയമായിട്ടും അറിയാം. മുമ്പെ പറഞ്ഞ 'ബോണാപിട്ട്' നല്ല കാര്യത്തെ സൂചിപ്പിക്കുന്നു. പിന്നെ പറഞ്ഞ 'മേലാപിട്ട്' ചീത്ത കാര്യങ്ങളെ സൂചിപ്പിക്കുന്നു. പിന്നെ കുറെ ദിവസം മുമ്പേ ഈ കർപ്പൂരയ്യൻ സ്വാമിയുടെ മഠത്തിൽവെച്ച് ഒരു കാര്യത്തൽ "രസചൂടികെട്ടി "ന്റെ തടസ്ഥമുണ്ടെന്നു് ഒരു ഭാഗത്തു വാദമായിരുന്നു. അന്നു് അവിടെ വെച്ച് കർപ്പൂരയ്യൻ "രസചൂടിക്കെട്ടി" നെ കുറിച്ച് വെടിപ്പായി എനിക്കു പറഞ്ഞു തന്നു. [ 164 ] രാഘവമേനോൻ ചിറിച്ചു. ചിറിച്ചു വലഞ്ഞു. എന്നിട്ടു് ഇങ്ങിനെ പറഞ്ഞു ഇതിന്റെയും മറ്റു ഇനി പറവാനുള്ള വാക്കിന്റെയും അർത്ഥം മലയാളത്തിൽ കണ്ടന്മാമൻ അറിയുമെങ്കിൽ എനിക്കു കേൾക്കുന്നതു വളരെ സന്തോഷമായിരിക്കുന്നു.

ക:- അതു് പറയാം. "രസചൂടിക്കെട്ടു്" എന്നു വെച്ചാൽ ഒരു വിധികൊണ്ടു തീർച്ചയായി പോയകാര്യം പിന്നെ അതിനെക്കുറിച്ചു ഒരു വ്യവഹാരം പാടില്ല. ഇങ്ങനെ പലേ വാക്കുകളും ഉണ്ടു്, ഒന്നും തോന്നുന്നില്ല.

രാ:- ചിറിച്ചുംകൊണ്ടു്, അയ്യൊ അതു പറയരുതു്. എനിക്കു് അതു് കേൾക്കാതെ കഴികയില്ല. കണ്ടന്മാമൻ ബഹു രസമായിട്ടു പറയണം. നിശ്ചയം തന്നെ.

ക:- നോക്കട്ടെ. എന്റെ ഓർമ്മയിൽ എന്തെല്ലാമുണ്ടു് എന്നറിഞ്ഞില്ല. നോക്കട്ടെ പറയാം. "ചെമ്പരത്തി" എന്ന വ്യവഹാരത്തെക്കുറിച്ചു് ഞാൻ മദ്രാസിൽനിന്നു് കേട്ടിട്ടുണ്ടു്. അതിന്റെ അർത്ഥം വ്യവഹാരങ്ങളിൽ പെട്ട ഭൂമി വ്യവഹാരത്തിൽ പെടാതുള്ള ഒരുവനു ഭാഗിച്ചെടുപ്പാൻ മുൻകൂട്ടി ഒരു കരാറു ചെയ്യുന്നതാണത്രെ. ഇതു ചീത്ത വ്യവഹാരമാണു്. പിന്നെ ഇതു കൂടാതെയും തോന്നും. "കൊന്ത്രാഭുവംമാരി" മനസ്സാക്ഷിക്കു വിരോധമായി ചെയ്യുന്ന പ്രവൃത്തിയെപ്പറ്റി പറയുന്നതാണു്. "കാർപ്പാസംധലിഷും" ഇതു വല്ല കുറ്റങ്ങളുടെ ശരീരമോ അവസ്ഥയേയോ കാണിക്കുന്നതു്. ഈ ആണ്ടു്, മറു ആണ്ടു്, വേറെ ഒരാണ്ടു്, ഈ സിവിൽ കടക്കാർക്കു് കോടതിയിലേക്കു വെറെ ആവശ്യങ്ങൾക്കായി പോകുമ്പോഴും അവിടെ നിൽക്കുമ്പോഴും അവിടെ നിന്നു മടങ്ങിവരുമ്പോഴും പിടിക്കാൻ പാടില്ലാ എന്നുള്ള കല്പനയുടെ സാരമാണു്. "സുയാഝ്യാസ്" ഒരുവന്റെ സ്വന്തമായിട്ടുള്ള അവകാശങ്ങൾ പ്രകാരമുള്ളതു് "റീസ് ഇന്ത്രവലിയൻ ചൂടിക്കെട്ടു്" "നളം ഇന്ത്രവലിയൻ പ്രദേഷംഭോ" അന്യൻമാർ തമ്മിൽ തീർന്നിട്ടുള്ള കാര്യം അവർക്കല്ലാതെ മറ്റാർക്കും ബാധകമല്ല. "റിധാത്രയോദശി" അവർ ഒഴിഞ്ഞു കളഞ്ഞു. "സംദൃശം അല്ലിക അയ്യോ പ്രധാനി" ഇതിന്റെ അർത്ഥം ഒരുത്തന്റെ തർക്കപ്രകാരവും ലപിഡൻസ് പ്രകാരവും എന്നാകുന്നു. ആലുപ്പി അന്യപ്രദേശത്തു്, ഇങ്ങിനെയും മറ്റും ഉള്ളതുപോലെ വാക്കുകളും അവിടന്നും ഇവിടുന്നുമായി ഓരോ മഹാന്മാർ പറഞ്ഞതു അതുപ്രകാരം ഗ്രഹിച്ചതാണു്. അതുപ്രകാരം തന്നെയാണു് ഈ "പ്രത്യേക നിവൃത്തി ആക്ടിനു്", "റില്ലി" ആക്ട് എന്നു പേർ ഗ്രഹിച്ചതും. ഇങ്കിരീസ് ഒട്ടും പടിച്ചി [ 165 ] ട്ടില്ല. അതുകൊണ്ട് ആ വാക്കുകൾ ഉപയോഗിക്കുന്നതിൽ അബദ്ധങ്ങൾ ഉണ്ടെങ്കിൽ അതു മാപ്പു തരണം. എനിക്കു് ഈ ആക്ടിന്റെ 42-ം വകുപ്പിന്റെ അർത്ഥം എന്താണെന്നു പറഞ്ഞു മനസ്സിലാക്കിത്തരണം.

രാ:- (കണ്ടൻമേനോൻ പറഞ്ഞ ഓരോരോ ലാറ്റിൻ വാക്കിനുവന്ന ചിറി എല്ലാം ചിറിച്ചു കഴിഞ്ഞതിന്റെ ശേഷം) ശരി. കണ്ടന്മാമനോടു് 42-ം വകുപ്പിന്റെ അർത്ഥം എന്താണെന്നു പറഞ്ഞുതരാം.

ഈ ആക്ട് എല്ലാ ആക്ടുകൾപോലെയല്ല. ഇതിൽ അന്തർഗ്രച്ചിട്ടുള്ള വ്യവഹാരങ്ങളും എല്ലാ വ്യവഹാരങ്ങൾപോലെയല്ല. സിവിൽശാസ്ത്രസംബന്ധമായ എല്ലാ വ്യവഹാരങ്ങളും സൂക്ഷ്മത്തിൽ ഗതി ഒന്നുപോലെ തന്നെയാണെങ്കിലും അതിന്റെ ഫലങ്ങൾക്കു ഭേദങ്ങൾ കാണാം. അതിനു സംശയമില്ല. എന്നാൽ നുമ്മൾ ഇപ്പോൾ കിട്ടാൻ അപേക്ഷിച്ചിട്ടുള്ള വിധി ചിലവു പിരിച്ചു കിട്ടുവാനാകുന്നു. ആ വ്യവഹാരം അതുമാതിരിതന്നെയിരിക്കുന്നതും അതിനു് അപ്പോൾ പ്രത്യേകനിവൃത്തി ആക്ടിന്റെ സംബന്ധം ഇല്ലാത്തതും ആകുന്നു. 42-ം വകുപ്പ്. ഒരുത്തനു് സിദ്ധിക്കേണ്ടതായ അവകാശങ്ങളേയോ സ്ഥാനമാനങ്ങളേയോ സിദ്ധിക്കാതിരിക്കുമ്പോഴോ, സിദ്ധിച്ചിരിക്കുന്നതിന്മേൽ വല്ല ന്യൂനതയോ അപകടമോ വരുമ്പോഴോ ഉപയോഗിക്കേണ്ടതായ ഒരു വകുപ്പാണു്. ഇപ്രകാരം കൊടുക്കുന്ന വ്യവഹാരത്തനു് പത്തുറുപ്പിക മാത്രമാണ് റവന്യു സല. എന്നാൽ ഈ വ്യവഹാരത്തിൽ മറ്റൊരു സംഗതിയും നിവൃത്തിയായി ചോദിപ്പാൻ പാടില്ല. ഇതു തീർച്ചയായ ഒരു സംഗതിയാണു്. എല്ലാ വ്യവഹാരങ്ങൾക്കും എഡ്ജക്ടീവ് കോസ് എന്ന സാധനങ്ങൾ ഉണ്ടാവാം. അതു നിമിത്തം ആ വ്യവഹാരമാണെന്നു സങ്കല്പിക്കരുത്. ഇതാണു് ഈ കാര്യത്തിൽ നിങ്ങൾ പറയുന്നതു് തെറ്റാണെന്നു് ഞാൻ പറയുന്നതു്. ശാരദാ എന്ന കുട്ടിയുടെ അമ്മ പൂഞ്ചോലക്കര കുടുംബത്തിലെ അവിഭക്തയായ ഒരു സ്ത്രീയാണെന്നു് വരുത്തേണ്ടത് നുമ്മൾക്ക് ആവശ്യം സിദ്ധാന്തമായിട്ടുള്ള കാര്യമാണു്. അതുപ്രകാരം തന്നെ പൂഞ്ചോലക്കര എടത്തിലെ സ്വത്തിന്റെയും മറ്റും സ്ഥിതികളെപ്പറ്റി തെളിയിക്കുന്നതായിട്ടുള്ള തെളിവും കൊടുക്കണം. അവർ ഈ രണ്ടു സംഗതികളേയും നിഷേധിക്കുന്നുണ്ടെങ്കിൽ മാത്രമാണു് അതു വേണ്ടതു്. ഇതിൽ ഒരു സംഗതി അന്യോന്യമുള്ള ബന്ധത്തെക്കുറിച്ചു് ഇപ്പോൾതന്നെ അവർ കഠിനമായി നിഷേധിച്ചിരിക്കുന്നു. അതുകൊണ്ടു് ആ സംഗതി വെടിപ്പായി തെളിയിക്കണം. മറ്റേ സംഗതി ആവശ്യമുണ്ടെങ്കിൽ അതും തെളിയിക്കണം. ഈ രണ്ടു സംഗതിയും പൂർണ്ണമായി തെളിയിച്ചാൽ [ 166 ] നുമ്മൾക്കു് പക്ഷെ ചോദിക്കുന്ന ചിലവു സംഖ്യ വിധിച്ചു കിട്ടുമായിരിക്കാം. എന്തെങ്കിലും അല്ലെങ്കിൽ അതിൽ ചുരുങ്ങിയ ഒരു സംഖ്യ വിധിച്ചു കിട്ടുമായിരിക്കും. അതുകൊണ്ടു് ഞാൻ നോട്ടീസിൽ കാണിച്ചിട്ടുള്ള വ്യവഹാരചിലവിനു വാങ്ങികിട്ടുവാനുള്ള ഒരു വ്യവഹാരമാണു്. ഇതും 42-ം സെക്ഷനിൽ പറയുന്ന വ്യവഹാരവുമായി വളരെ ഭേദമുണ്ടു്. എനി 42-ം സെക്ഷനിൽ ഉദ്ദേശിക്കുന്ന വ്യവഹാരങ്ങൾക്കു ദൃഷ്ടാന്തമായി രണ്ടു മൂന്നു കേസ്സുകൾ പറയാം. ഞാൻ എന്റെ തറവാട്ടിലെ കാരണവനാണെന്നു് സ്ഥാപിച്ചു കിട്ടേണമെന്നു് ഒരു നിവൃത്തിക്കു മാത്രം അപേക്ഷിക്കുന്നു. അല്ലെങ്കിൽ അങ്ങനെ ഒരു കാരണവനല്ലെന്നു സ്ഥാപിച്ചു കിട്ടുവാൻ മാത്രം അപേക്ഷിക്കുന്നു. അല്ലെങ്കിൽ അങ്ങനെ ഒരു കാരണവനല്ലെന്നു സ്ഥാപിച്ചു കിട്ടുവാൻ മാത്രം അപേക്ഷിക്കുന്നു. അല്ലെങ്കിൽ ഞാനും നിങ്ങളുമായിട്ടു് ഇന്ന സംബന്ധമാണെന്നു വിചാരിച്ചു് അറിയിക്കുന്ന ഒരു കല്പന മാത്രം അപേക്ഷിക്കുന്നു. അല്ലെങ്കിൽ നിങ്ങൾ ഇന്ന ഒരു പ്രവൃത്തിക്കാരനാണെന്നു സ്ഥാപിച്ചു കിട്ടുവാനുള്ള നിവൃത്തിക്കു മാത്രം അപേക്ഷിക്കുന്നു. ഇങ്ങിനെ ഏതെങ്കിലും നിവൃത്തികൾക്കു മാത്രം അപേക്ഷയുള്ളതായ അന്യായങ്ങൾ 42-ം വകുപ്പുപ്രകാരമുള്ളതാകുന്നു. ഇതുകൊണ്ടാണ് അന്യായങ്ങൾക്കു ഭേദമുണ്ടു് എന്നു് ഞാൻ പറഞ്ഞത്. 42-ം വകുപ്പിൽ പറയുന്ന വിധികളെകൊണ്ടു് യാതൊരു പണത്തേയോ, യാതൊരു എളകുന്നേയോ, എളകാത്തേയോ, മുതലിനേയോ അന്യായക്കാരനു് കിട്ടുവാൻ സാധിക്കുന്നതല്ല. നുമ്മൾ ചോദിക്കുന്ന വ്യവഹാരം ഇത്ര ഉറുപ്പിക വാങ്ങി കിട്ടണമെന്നാകുന്നു. ഈ വകുപ്പു് ഈ കാര്യത്തിനു് സംബന്ധിക്കയില്ല. ഇപ്പോൾ കണ്ടന്മാമനു് മനസ്സിലായോ?

ക:- എനിക്കു വെടിപ്പായി മനസ്സിലായി. എന്നാൽ രസചൂടിക്കെട്ടിന്റെ വിരോധം നുമ്മൾ കൊടുക്കുന്ന വ്യവഹാരത്തിലെ വിധികൊണ്ടു വേറെ ഈ സംഗതിയിന്മേൽ യാതൊരു വ്യവഹാരങ്ങൾക്കും ഉണ്ടാകുമല്ലോ.

രാ:- അതാണു് കോടതി ഏതാണെന്നു സൂക്ഷിച്ചുകൊടുക്കണം വ്യവഹാരമെന്നു് എനിക്കു അഭിപ്രായമുള്ളതു്. കണ്ടന്മാമന്റെ ചോദ്യം വളരെ നന്നായിരിക്കുന്നു. ഈ വ്യവഹാരം സബ് കോടതിയിൽ കൊടുത്താൽ പിന്നെ യാതൊരു കോടതിയിലും ഈ കാര്യത്തെപ്പറ്റി വേറെ വ്യവഹാരം പാടില്ല.

"ചൂടിക്കെട്ടി" ന്റെ വിരോധം നല്ല ചൂടിക്കെട്ടു തന്നെയായിരിക്കും. എന്നാൽ ഈ വ്യവഹാരത്തിൽ ചിലവു സംഖ്യ തറവാട്ടിന്റെ അതാതു കാലത്തെ സ്ഥിതിപോലെയാക്കാൻ വ്യവഹാരം കൊടുക്കാം. [ 167 ] നിങ്ങൾ പറയുന്ന പ്രകാരം റില്ലി ആക്ട് സംബന്ധിച്ചു അന്യായം കൊടുക്കുന്നതായാൽ അവകാശം സ്ഥാപിച്ചു കിട്ടുമായിരിക്കാം. അതിനു തന്നെ വളരെ വൈഷമ്യമുണ്ടു്. ഇംഗ്ലീഷ് ജൂരിസ്റ്റുമാരുടെ അഭിപ്രായം നേരെ രണ്ടു വിധത്തിലായിരിക്കുന്നു. താന്താങ്ങൾക്കു കിട്ടി വരേണ്ടുന്ന അനുഭവമോ ന്യായപ്രകാരം കിട്ടേണ്ടുന്ന ചിലവോ കിട്ടാതിരുന്നാൽ സ്പെസിഫിക്ക് റിലീഫ് ആക്ട് പ്രകാരം ഒരു വ്യവഹാരം കൊണ്ടുചെല്ലാൻ പാടില്ലെന്നാണു് അധികപക്ഷം ജൂറിസ്റ്റുമാർക്കും അഭിപ്രായമുള്ളതു്. അതുകൊണ്ട് 42-ം സെക്ഷനെ കുറിച്ചു നമുക്കൊന്നും ചെയ്യാൻ ആവശ്യമില്ലെന്നാണു് ഞാൻ വിചാരിക്കുന്നതു്.

കണ്ടന്മേനോൻ:- ഒന്നു പറഞ്ഞതിൽ ആണു് ഇപ്പോൾ കാര്യത്തിന്നു് അല്പം വൈഷമ്യമുള്ളതു്. ഈ വ്യവഹാരം സബ് കോടതിയിൽ വേണമോ?

രാഘവമേനോൻ:- അതെന്താണു്?

ക:- ഒന്നുമില്ല. ഞാൻ വെറുതെ പറഞ്ഞു. അങ്ങിനെ തന്നെ. സബ് കോടതിയിൽ തന്നെ കൊടുക്കുക.

രാഘ:- (ചിറിച്ചുംകൊണ്ടു്) എന്താണ് സബ് കോടതിയിൽ കൊടുക്കുന്നതിനു വിരോധം?

ക:- (ചിറിച്ചുംകൊണ്ടു്) അതു് എന്റെ മുഖത്തുനിന്നു അബദ്ധമായി വന്നുപോയി. അത് ക്ഷണിക്കണം.

രാഘ:- (മന്ദഹാസത്തോടുകൂടി) എങ്ങിനെ എങ്കിലും വരട്ടെ. സബ് കോടതിയിൽ തന്നെ കൊടുക്കുക. വ്യവഹാരത്തിന്റെ സല എന്താണു് ചേർക്കേണ്ടതു്. കുട്ടിക്ക് നിത്യത്തെ ചിലവിന്നു തന്നെ എന്തു വേണ്ടിവരും. ഒന്നാമത് എഴുത്തയച്ച മുതൽ ഇതുവരെ എന്തു ചിലവായിട്ടുണ്ടു്.

ക:- ഈ സംഗതി അറിയുന്നതു് ആവശ്യംതന്നെ. പക്ഷെ ഞാൻ അതു് ഓർമ്മവെച്ചില്ല. നാളെ വൈകുന്നേരം ഞാൻ ഈ വിവരങ്ങൾക്കു സകലവും തക്കതായ സമാധാനത്തോടുകൂടി ഇവിടെ എത്തിക്കളയാം.

ഈ സംഭാഷണം കഴിഞ്ഞ പിറ്റേന്നു് രാവിലെ കണ്ടന്മേനോൻ ഉദയന്തളിക്കു പുറപ്പെട്ടു പോവുകയും ചെയ്തു.

"https://ml.wikisource.org/w/index.php?title=ശാരദ/പത്താം_അദ്ധ്യായം&oldid=38499" എന്ന താളിൽനിന്ന് ശേഖരിച്ചത്