മത്തായി എഴുതിയ സുവിശേഷം - അദ്ധ്യായങ്ങൾ
1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28


<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

സത്യവേദപുസ്തകം

പഴയനിയമം പുതിയനിയമം


പുതിയനിയമഗ്രന്ഥങ്ങൾ


1 ആ കാലത്തു യോഹന്നാൻസ്നാപകൻ വന്നു, യെഹൂദ്യമരുഭൂമിയിൽ പ്രസംഗിച്ചു:

2 സ്വൎഗ്ഗരാജ്യം സമീപിച്ചിരിക്കയാൽ മാനസാന്തരപ്പെടുവിൻ എന്നു പറഞ്ഞു.

3 “മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ വാക്കാവിതു: കൎത്താവിന്റെ വഴി ഒരുക്കി അവന്റെ പാത നിരപ്പാക്കുവിൻ ” എന്നിങ്ങനെ യെശയ്യാ പ്രവാചകൻ പറഞ്ഞവൻ ഇവൻ തന്നേ.

4 യോഹന്നാന്നു ഒട്ടക രോമംകൊണ്ടുള്ള ഉടുപ്പും അരയിൽ തോൽവാറും ഉണ്ടായിരുന്നു; അവന്റെ ആഹാരമോ വെട്ടുക്കിളിയും കാട്ടുതേനും ആയിരുന്നു.

5 അന്നു യെരൂശലേമ്യരും യെഹൂദ്യദേശക്കാരൊക്കയും യോൎദ്ദാന്റെ ഇരുകരെയുമുള്ള എല്ലാ നാട്ടുകാരും പുറപ്പെട്ടു അവന്റെ അടുക്കൽ ചെന്നു

6 തങ്ങളുടെ പാപങ്ങളെ ഏറ്റുപറഞ്ഞുകൊണ്ടു യോൎദ്ദാൻ നദിയിൽ അവനാൽ സ്നാനം ഏറ്റു.

7 തന്റെ സ്നാനത്തിന്നായി പരീശരിലും സദൂക്യരിലും പലർ വരുന്നതു കണ്ടാറെ അവൻ അവരോടു പറഞ്ഞതു: സൎപ്പസന്തതികളെ, വരുവാനുള്ള കോപത്തെ ഒഴിഞ്ഞു ഓടിപ്പോകുവാൻ നിങ്ങൾക്കു ഉപദേശിച്ചുതന്നതു ആർ?

8 മാനസാന്തരത്തിന്നു യോഗ്യമായ ഫലം കായ്പിൻ.

9 അബ്രാഹാം ഞങ്ങൾക്കു പിതാവായിട്ടു ഉണ്ടു എന്നു ഉള്ളംകൊണ്ടു പറവാൻ തുനിയരുതു; ഈ കല്ലുകളിൽ നിന്നു അബ്രാഹാമിന്നു മക്കളെ ഉളവാക്കുവാൻ ദൈവത്തിന്നു കഴിയും എന്നു ഞാൻ നിങ്ങളോടു പറയുന്നു.

10 ഇപ്പോൾ തന്നേ വൃക്ഷങ്ങളുടെ ചുവട്ടിന്നു കോടാലി വെച്ചിരിക്കുന്നു; നല്ലഫലം കായ്ക്കാത്ത വൃക്ഷം എല്ലാം വെട്ടി തീയിൽ ഇട്ടുകളയുന്നു.

11 ഞാൻ നിങ്ങളെ മാനസാന്തരത്തിന്നായി വെള്ളത്തിൽ സ്നാനം ഏല്പിക്കുന്നതേയുള്ളു; എന്റെ പിന്നാലെ വരുന്നവനോ എന്നെക്കാൾ ബലവാൻ ആകുന്നു; അവന്റെ ചെരിപ്പു ചുമപ്പാൻ ഞാൻ മതിയായവനല്ല; അവൻ നിങ്ങളെ പരിശുദ്ധാത്മാവിലും തീയിലും സ്നാനം ഏല്പിക്കും.

12 വീശുമുറം അവന്റെ കയ്യിൽ ഉണ്ടു; അവൻ കളത്തെ മുറ്റും വെടിപ്പാക്കി കോതമ്പു കളപ്പുരയിൽ കൂട്ടിവെക്കയും പതിർ കെടാത്ത തീയിൽ ഇട്ടു ചുട്ടുകളകയും ചെയ്യും.

13 അനന്തരം യേശു യോഹന്നാനാൽ സ്നാനം ഏല്ക്കുവാൻ ഗലീലയിൽ നിന്നു യോൎദ്ദാൻ കരെ അവന്റെ അടുക്കൽ വന്നു.

14 യോഹന്നാനോ അവനെ വിലക്കി: നിന്നാൽ സ്നാനം ഏല്ക്കുവാൻ എനിക്കു ആവശ്യം; പിന്നെ നീ എന്റെ അടുക്കൽ വരുന്നുവോ എന്നു പറഞ്ഞു.

15 യേശു അവനോടു: ഇപ്പോൾ സമ്മതിക്ക; ഇങ്ങനെ സകലനീതിയും നിവൎത്തിക്കുന്നതു നമുക്കു ഉചിതം എന്നു ഉത്തരം പറഞ്ഞു; എന്നാറെ അവൻ അവനെ സമ്മതിച്ചു.

16 യേശു സ്നാനം ഏറ്റ ഉടനെ വെള്ളത്തിൽനിന്നു കയറി; അപ്പോൾ സ്വൎഗ്ഗം തുറന്നു ദൈവാത്മാവു പ്രാവെന്നപോലെ ഇറങ്ങി തന്റെ മേൽ വരുന്നതു അവൻ കണ്ടു;

17 ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വൎഗ്ഗത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി.

<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>