സദൃശവാക്യങ്ങൾ അദ്ധ്യായങ്ങൾ
1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31


<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

സത്യവേദപുസ്തകം

പഴയനിയമം പുതിയനിയമം


പഴയനിയമഗ്രന്ഥങ്ങൾ


1 സ്ത്രീകളിൽ ജ്ഞാനമുള്ളവൾ തന്റെ വീടു പണിയുന്നു; ഭോഷത്വമുള്ളവളോ അതു സ്വന്തകൈകളാൽ പൊളിച്ചുകളയുന്നു.

2 നേരായി നടക്കുന്നവൻ യഹോവാഭക്തൻ ; നടപ്പിൽ വക്രതയുള്ളവനോ അവനെ നിന്ദിക്കുന്നു.

3 ഭോഷന്റെവായിൽ ഡംഭത്തിന്റെ വടിയുണ്ടു; ജ്ഞാനികളുടെ അധരങ്ങളോ അവരെ കാത്തുകൊള്ളുന്നു.

4 കാളകൾ ഇല്ലാത്തെടത്തു തൊഴുത്തു വെടിപ്പുള്ളതു; കാളയുടെ ശക്തികൊണ്ടോ വളരെ ആദായം ഉണ്ടു.

5 വിശ്വസ്തസാക്ഷി ഭോഷകു പറകയില്ല; കള്ളസ്സാക്ഷിയോ ഭോഷകു നിശ്വസിക്കുന്നു.

6 പരിഹാസി ജ്ഞാനം അന്വേഷിച്ചിട്ടും കണ്ടെത്തുന്നില്ല; വിവേകമുള്ളവന്നോ പരിജ്ഞാനം എളുപ്പം.

7 മൂഢന്റെ മുമ്പിൽനിന്നു മാറിപ്പോക; പരിജ്ഞാനമുള്ള അധരങ്ങൾ നീ അവനിൽ കാണുകയില്ല.

8 വഴി തിരിച്ചറിയുന്നതു വിവേകിയുടെ ജ്ഞാനം; ചതിക്കുന്നതോ ഭോഷന്മാരുടെ ഭോഷത്വം.

9 ഭോഷന്മാരെ അകൃത്യയാഗം പരിഹസിക്കുന്നു. നേരുള്ളവർക്കോ തമ്മിൽ പ്രീതി ഉണ്ടു.

10 ഹൃദയം സ്വന്തദുഃഖത്തെ അറിയുന്നു; അതിന്റെ സന്തോഷത്തിലും അന്യൻ ഇടപെടുന്നില്ല.

11 ദുഷ്ടന്മാരുടെ വീടു മുടിഞ്ഞുപോകും; നീതിമാന്റെ കൂടാരമോ തഴെക്കും.

12 ചിലപ്പോൾ ഒരു വഴി മനുഷ്യന്നു ചൊവ്വായി തോന്നും; അതിന്റെ അവസാനമോ മരണവഴികൾ അത്രേ.

13 ചിരിക്കുമ്പോൾ തന്നേയും ഹൃദയം ദുഃഖിച്ചിരിക്കാം; സന്തോഷത്തിന്റെ അവസാനം ദുഃഖമാകയുമാം.

14 ഹൃദയത്തിൽ വിശ്വാസത്യാഗമുള്ളവന്നു തന്റെ നടപ്പിൽ മടുപ്പുവരും; നല്ല മനുഷ്യനോ തന്റെ പ്രവൃത്തിയാൽ തന്നേ തൃപ്തിവരും.

15 അല്പബുദ്ധി ഏതു വാക്കും വിശ്വസിക്കുന്നു; സൂക്ഷ്മബുദ്ധിയോ തന്റെ നടപ്പു സൂക്ഷിച്ചുകൊള്ളുന്നു.

16 ജ്ഞാനി ഭയപ്പെട്ടു ദോഷം അകറ്റിനടക്കുന്നു; ഭോഷനോ ധിക്കാരംപൂണ്ടു നിർഭയനായി നടക്കുന്നു.

17 മുൻ കോപി ഭോഷത്വം പ്രവർത്തിക്കുന്നു. ദുരുപായി ദ്വേഷിക്കപ്പെടും.

18 അല്പബുദ്ധികൾ ഭോഷത്വം അവകാശമാക്കിക്കൊള്ളുന്നു; സൂക്ഷ്മബുദ്ധികളോ പരിജ്ഞാനം അണിയുന്നു.

19 ദുർജ്ജനം സജ്ജനത്തിന്റെ മുമ്പിലും ദുഷ്ടന്മാർ നീതിമാന്മാരുടെ വാതിൽക്കലും വണങ്ങിനിലക്കുന്നു.

20 ദരിദ്രനെ കൂട്ടുകാരൻ പോലും പകെക്കുന്നു; ധനവാന്നോ വളരെ സ്നേഹിതന്മാർ ഉണ്ടു.

21 കൂട്ടുകാരനെ നിന്ദിക്കുന്നവൻ പാപം ചെയ്യുന്നു; എളിയവരോടു കൃപകാണിക്കുന്നവനോ ഭാഗ്യവാൻ .

22 ദോഷം നിരൂപിക്കുന്നവർ ഉഴന്നുപോകുന്നില്ലയോ? നന്മ നിരൂപിക്കുന്നവർക്കോ ദയയും വിശ്വസ്തതയും ലഭിക്കുന്നു.

23 എല്ലാ തൊഴിലുംകൊണ്ടു ലാഭം വരും; അധരചർവ്വണംകൊണ്ടോ ഞെരുക്കമേ വരു.

24 ജ്ഞാനികളുടെ ധനം അവർക്കും കിരീടം; മൂഢന്മാരുടെ ഭോഷത്വമോ ഭോഷത്വം തന്നെ.

25 സത്യസാക്ഷി പ്രാണരക്ഷ ചെയ്യുന്നു; ഭോഷകു നിശ്വസിക്കുന്നവനോ വഞ്ചന ചെയ്യുന്നു.

26 യഹോവാഭക്തന്നു ദൃഢധൈര്യം ഉണ്ടു; അവന്റെ മക്കൾക്കും ശരണം ഉണ്ടാകും.

27 യഹോവാഭക്തി ജീവന്റെ ഉറവാകുന്നു; അതിനാൽ മരണത്തിന്റെ കണികളെ ഒഴിഞ്ഞുപോകും.

28 പ്രജാബാഹുല്യം രാജാവിന്നു ബഹുമാനം; പ്രജാന്യൂനതയോ പ്രഭുവിന്നു നാശം.

29 ദീർഘക്ഷമയുള്ളവൻ മഹാബുദ്ധിമാൻ ; മുൻ കോപിയോ ഭോഷത്വം ഉയർത്തുന്നു.

30 ശാന്തമനസ്സു ദേഹത്തിന്നു ജീവൻ ; അസൂയയോ അസ്തികൾക്കു ദ്രവത്വം.

31 എളിയവനെ പീഡിപ്പിക്കുന്നവൻ അവന്റെ സ്രഷ്ടാവിനെ നിന്ദിക്കുന്നു; ദരിദ്രനോടു കൃപകാണിക്കുന്നവനോ അവനെ ബഹുമാനിക്കുന്നു.

32 ദുഷ്ടന്നു തന്റെ ദുഷ്ടതയാൽ വീഴ്ച വരുന്നു; നീതിമാന്നോ മരണത്തിലും പ്രത്യാശയുണ്ടു.

33 വിവേകമുള്ളവന്റെ ഹൃദയത്തിൽ ജ്ഞാനം അടങ്ങിപ്പാർക്കുംന്നു; മൂഢന്മാരുടെ അന്തരംഗത്തിൽ ഉള്ളതോ വെളിപ്പെട്ടുവരുന്നു.

34 നീതി ജാതിയെ ഉയർത്തുന്നു; പാപമോ വംശങ്ങൾക്കു അപമാനം.

35 ബുദ്ധിമാനായ ദാസന്നു രാജാവിന്റെ പ്രീതി ലഭിക്കുന്നു. നാണംകെട്ടവന്നോ അവന്റെ കോപം നേരിടും.


<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>