ലീലാങ്കണം/അഞ്ജലി

(അഞ്ജലി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

(പാന)

വിൺമണിപ്പന്തൽ തന്നിൽ മേഘങ്ങളാം
കൺമയക്കിടും തോരണം തൂക്കിയും,
താരഹാരസഹസ്രങ്ങൾ ചാർത്തിയും,
ശാരദേന്ദു വിളക്കുകൊളുത്തിയും,
മിന്നിമിന്നി വിടരും പനീരലർ-
പ്പൊന്നളുക്കിനു മഞ്ജിമനല്കിയും,
മായയെന്തെന്നറിയാത്ത പൈതലിൻ
വായിൽ നൽസുധാപൂരമൊതുക്കിയും,
അക്കിടാവിന്റെ ചെഞ്ചോരച്ചുണ്ടിന്മേൽ
പൊൽക്കുളുർപ്പൂനിലാവു നിക്ഷേപിച്ചും
സന്ധ്യതൻ പൂങ്കവിൾത്തൊത്തിൽ നിത്യവും
ബന്ധുരമായ സിന്ധൂരംപൂശിയും,
മന്ദഹാസം പൊഴിച്ചണഞ്ഞീടുന്ന
സുന്ദരഗാത്രിയാകും രജനിതൻ,
പൂവൽമെയ്യിൽ ഹിമകളഭമണി-
ഞ്ഞീ വസുധാവലയം വിളക്കിയും,
മാനുഷാക്ഷിക്കഗോചരനായ് വാഴു-
മാനന്ദമൂർത്തേ, ദേവ, സർവ്വാത്മനേ!
അഞ്ജലികൂപ്പി,പ്രാർത്ഥനപ്പൂക്കളാ-
ലഞ്ജലിചെയ്തിടുവോരിവനെ നീ
നിന്മധുമന്ദഹാസലേശത്തിനാൽ
നന്മയോടൊന്നനുഗ്രഹിച്ചീടാവൂ!

"https://ml.wikisource.org/w/index.php?title=ലീലാങ്കണം/അഞ്ജലി&oldid=36534" എന്ന താളിൽനിന്ന് ശേഖരിച്ചത്