അടവി തരുക്കളിനിടയിൽ

ഒരു നാരകം എന്നവണ്ണം

വിശുദ്ധരിൻ നടുവിൽ കാണുന്നേ

അതി ശ്രേഷ്ഠനാമേശുവിനെ

              പല്ലവി

വാഴ്ത്തുമേ എന്റെ പ്രീയനെ

ജീവകാലമെല്ലാം ഈ മരു യാത്രയിൽ

നന്ദിയോടെ ഞാൻ പാടീടുമേ-


പനിനീർ പുഷ്പം ശാരോനിലവൻ

താമരയുമേ താഴ്‌വരയിൽ

വിശുദ്ധരിലതി വിശുദ്ധനവൻ

മാ സൗന്ദര്യ സംപൂർണനെ


പകർന്ന തൈലം പോൽ നിൻ-നാമം

പാരിൽ സൗരഭ്യം വീശുന്നതാൽ

പഴി ദുഷി നിന്ദ ഞെരുക്കങ്ങളിൽ

എന്നെ സുഗന്ധമായ് മാറ്റീടണെ


മനഃക്ലേശതരംഗങ്ങളാൽ

ദുഃഖസാഗരത്തിൽ മുങ്ങുമ്പോൾ

തിരുക്കരം നീട്ടി എടുത്തണച്ച്

ഭയപ്പെടേണ്ട എന്നുരച്ചവനേ


തിരുഹിത-മിഹേ തികച്ചീടുവാൻ

ഇതാ ഞാനിപ്പോൾ വന്നീടുന്നെ

എന്റെ വേലയെ തികച്ചുംകൊണ്ടേ

നിന്റെ മുൻപിൽ ഞാൻ നിന്നീടുവാൻ

                      - വാഴ്ത്തുമേ
"https://ml.wikisource.org/w/index.php?title=അടവി_തരുക്കളിൻ_ഇടയിൽ&oldid=219295" എന്ന താളിൽനിന്ന് ശേഖരിച്ചത്