അപരാധികൾ/വേതാളകേളി
വേതാളകേളി
(ഒരു നാടകീയസ്വഗതഗീതം)
-സത്യ,മെന്നച്ഛനാ,ണാക്കൊടും പാപിതൻ
രക്തം കുടിക്കാതടങ്ങില്ല ഞാനിനി !
പന്ത്രണ്ടു വത്സരം ! ഹാ, യുഗംപോലുള്ള
പന്ത്രണ്ടു നീങ്ങാത്ത നീണ്ട സംവത്സരം,
ഉന്തിയുരുട്ടിക്കഴിച്ചേനൊരുവിധം
നൊന്തുനൊന്താക്കൽത്തുറുങ്കിനകത്തു, ഞാൻ.
ഇങ്ങിതാ വീണ്ടും കിടപ്പു പണ്ടത്തെയാ-
ക്കർമപ്രപഞ്ചം, വികാരകോദ്ദീപകം.
എന്നെ നോക്കിക്കൊണ്ടതിന്നേകസാകൂത-
മന്ദസ്മിതംതൂകി നിൽക്കയാണെന്തിനോ !
ഞാനിതിനേക്കാളധ:പതിക്കാഞ്ഞതി-
ലാണതിനിപ്പോളസുഖം മുഴുവനും.
എന്തിതെൻ മുന്നിൽ, വെയിലും വെളിച്ചവും
ചിന്തി,ച്ചിരിക്കും ദിനപ്രഭതന്നെയോ?
സന്തോഷപൂർവ്വം ശ്വസിപ്പിതോ വീണ്ടു,മ-
പ്പണ്ടത്തെയോമൽ സ്വതന്ത്രവായുക്കൾ, ഞാൻ?
അന്നു ഞാൻ ദർശിച്ച സൂരാഭതന്നെയാ-
ണിന്നു, മതേ, നിഴലിപ്പതീ വീഥിയിൽ,
കാരാലയത്തിൽക്കടന്നുവന്നെത്തിയ
സൂരാഭപോലുമിരുട്ടറയായിരുന്നു മേ !
ഇത്രയുംകാല, മക്കാരാഗൃഹത്തിലെ
മൃത്യുലോകത്തിൽത്തനിച്ചു കഴിച്ച ഞാൻ.
ഇന്നിതാ വീണ്ടും തിരിച്ചുവരുന്നു നിൻ
മുന്നിലേ,ക്കെന്നിഷ്ടമർത്ത്യപ്രപഞ്ചമേ !
-എങ്കിലും-അയ്യോ,ഭയാനകം,ഭാവിതൻ
ചെങ്കനൽചിന്തുന്നൊരാത്തുറുകണ്ണുകൾ !
എന്താണിനിയത്തെ ജാതകം?-ഒന്നുകിൽ
പന്ത്രണ്ടുവത്സരം വീണ്ടും!-അല്ലെങ്കിലോ,
ഓർക്കുമ്പൊഴേക്കും കിടുകിടുത്തീടു,മാ-
ത്തൂക്കുമരം !-അതേ,രണ്ടി-ലേതെങ്കിലും!
എന്നാലുമെന്താ,ക്കുടിലചിത്തത്തിലെ-
ച്ചെന്നിണം കാണാതടങ്ങില്ല ഞാനിനി !
-സംഭവംകൊണ്ടു നിറഞ്ഞ ഭൂതത്തിന്റെ
സംഭാവനയാം ശിഥിലസ്മരണകൾ,
മത്തുപിടിപ്പിക്കയാണിതാ വീണ്ടു,മെൻ
കത്തിപ്പടർന്നു പുകയും മനസ്സിനെ!
മൽപ്രതികാരമേ, കൽത്തുറുങ്കിൽ,ജ്ജീവ-
രക്തത്തിനാൽ മുലപ്പാൽ നിനക്കേകി ഞാൻ,
ലാളിച്ചു ലാളിച്ചു പോറ്റി ഞാൻ മൽപ്രാണ-
നാളത്തിൽ നിന്നെ,യെന്നേകാഭിലാഷമേ !
ജീവനെപ്പണ്ടേ കളഞ്ഞേനെ ഞാ,നതി-
ലേവമൊട്ടിപ്പിടിക്കാതിരുന്നെങ്കിൽ, നീ !
നിന്നെയാദ്ദുഷ്ടന്റെ ചെന്നിണച്ചോലയി-
ലൊന്നു നീന്തിക്കാനനുവദിക്കേണമേ !
ആയതിനാവശ്യമാംകരുത്തൊക്കെയു-
മായത്തമാകാനനുഗഹിക്കേണമേ !
പിന്നെ, മണ്ണായി മറഞ്ഞുകൊള്ളട്ടെ,യീ-
മന്നിൽനിന്നെൻ ജഡം, മായാമലീമസം !
മൽപ്രതികാരം, മധുരം മദകരം,
മൽപ്രാണലക്ഷ്യം രുധിരാങ്കിതാസുരം !
-ആ രാത്രി!-അയ്യോ, ഭയങ്കരം !-ലോകത്തി-
ലാരാത്രി,യല്ലെങ്കി,ലെന്തിനണഞ്ഞുവോ?
എന്നെപ്പിശാചാക്കി മാറ്റുവാൻ ജീവിതം
കണ്ണീരിൽ മുക്കാൻ, സമസ്തവും മായ്ക്കുവാൻ !
അന്നത്തെയാക്കൊടുംകൂരിരുൾ വീണതൊ-
ട്ടിന്നോളമെത്തില രശ്മിയൊന്നെങ്കിലും.
എല്ലാം തിമിരം, പ്രതികാരഭീകരം
എല്ലാം രുധിരാഭിഷിക്തം,ഭയങ്കരം.
അന്നത്തെയാപ്പരമാർഥം, പിശാചിനോ-
ടെന്നെ ബന്ധിച്ചൊരാ രക്തപാനോത്സവം !-
ഹാ, നടുങ്ങുന്നു ഞാനിപ്പൊഴും തീക്കൊള്ളി-
യാണെൻ മനസ്സിൽ-നീയൊരു വേതാളമേ?
-നീ കലാകാരനോ?-നിഷ്ഠൂര,നിർദ്ദ്യം
നീയല്ലി മാറ്റിക്കുറിച്ചതെൻ ജാതകം ?
കേവലം ധൂമം പിടിപ്പിച്ചു നീയെന്റെ
ജീവിതസ്വപ്നാനുഭൂതികൾ സർവവും !
അന്നോളമാർജ്ജിച്ച സൗഭാഗ്യസിദ്ധിക-
ളൊന്നോടെ വേരു പിഴുതുകളഞ്ഞു നീ.
മൊട്ടിട്ടുവന്നൊരെൻ പ്രേമത്തിനെ, സ്വയം
കട്ടെടുത്തയ്യോ, ചുടലയിൽ നട്ടു നീ.
അദ്ഭുതം, നീയോ കലാകാര,നെൻ ജീവ-
രക്തം കുടിച്ചോരറുകൊലയല്ലി, നീ?
വിട്ടയക്കില്ല വെറുതെ ഞാൻ നിന്നെ,യെൻ
നഷ്ടഭാഗ്യത്തിന്റെ കേതുനക്ഷത്രമേ !
നീ വമിച്ചീടും പുകകൊണ്ടു, മേലി,ലി-
ബ്ഭൂവിന്റെ ശാന്തികൾ മൂടാതിരിക്കണം.
പൊങ്ങിത്തുടങ്ങുന്നു ചക്രവാളത്തിൽനി-
ന്നങ്ങതാ, നിന്റെ മരണമണിയൊലി.
നിഷ്ഠുരകീടമേ, നിന്നെക്കിടത്തുവാൻ
പട്ടടകൂട്ടിത്തുടങ്ങിയഷ്ടാശകൾ.
അന്ധകാരത്താൽ വിരിച്ചുതുടങ്ങുന്നി-
തന്തി, നിന്നന്ത്യമാമാനനാച്ഛാദനം.
ഇന്നു വിടരുന്ന പാതിരാപ്പൂക്കൾ, നിൻ
ദുർമരണത്തിൻ ചരിത്രം കുറിച്ചിടും.
ഇന്നുരാപ്പക്ഷികൾ പാടും പ്രപഞ്ചത്തിൽ
നിന്നന്ത്യഗദ്ഗദംകൊണ്ടുള്ള പാട്ടുകൾ.
കൽപാന്തവഹ്നിയായെത്തുകയായി ഞാ,-
നൽപനേരംകൂടി ജീവിച്ചുകൊൾക നീ !
-ഞാനരൂപനല്ലെങ്കിലും, നിന്നെ,യെൻ
പ്രാണനെപ്പോലെ ഞാൻ സ്നേഹിച്ചു, മല്ലികേ !
അല്ല, കലാകാരനല്ല ഞാ,നെങ്കിലു-
മില്ലായിരുന്നില്ലെനിക്കും മനസ്സുമം.
വർണ്ണപ്പകിട്ടതിനില്ലെങ്കിലു,മതിൽ-
ത്തിങ്ങിത്തുളുമ്പിയിരുന്നു രാഗാമൃതം.
നിന്നനുഭൂതിക്കതിലവസാനത്തെ
ബിന്ദുവും കൂടിസമർപ്പണംചെയ്യുവാൻ,
സന്നദ്ധനായിരുന്നിട്ടു,മപരന്റെ
മന്ദസ്മിതത്തിനായെന്നെ വഞ്ചിച്ചു നീ.
വിശ്വവിമോഹിനി, നീ, കഷ്ട,മെങ്ങനെ
വിശ്വാസഘാതകിയായീ പൊടുന്നനെ ?
ചെമ്പനീർപ്പൂപോലിരുന്ന നിൻ യൗവന-
സമ്പത്തു രണ്ടായ്പ്പകുത്തു നീ,യെന്തിനോ !
എന്നിട്ടു,മെന്നിൽനിന്നാ രഹസ്യം മറ-
ച്ചെന്നെ വഞ്ചിച്ചങ്ങൊളിച്ചു സുഖിച്ചു നീ.
പങ്കിട്ടധികമവനുപഹാരമായ്
ശങ്കാവിഹീനമെനിക്കു നീയേകിയവനു നിൻ
ദേഹവും സ്നേഹവുമൊന്നിച്ചു നൽകി നീ !
അക്കലാസ്വാദനലോലുപത്വത്തിൽ, നിൻ
നിഷ്കളങ്കത്വമറുത്തു ഹോമിച്ചു നീ.
കത്തുന്ന മാംസദാഹത്തിനാൽ പേപിടി-
ച്ചുപ്പുവെള്ളം മുക്കി മുക്കിക്കുടിച്ചു നീ
പ്രത്യുഷദീപ്തിപോൽ ശുദ്ധമാം ദാമ്പത്യ-
സത്യദീപത്തിനെ സ്നേഹലോപത്തിനാൽ,
കഷ്ടം, പടുതിരികത്തിച്ചി,രുട്ടത്തു
പുക്കൂ, വേശ്യാസുഖോന്മാദം നുകർന്നു നീ.
നിർദ്ദയം ഹോമിച്ചതുഗ്രകാമാഗ്നിയിൽ !
ആ മഹാപാപം ഭുജിച്ചുതീരാനിനി-
ബ്ഭൂമിയിൽ നീയെത്ര ജന്മം ജനിക്കണം !
ഉത്തമസ്ത്രീകളിൽ, മന്നി, ലൊന്നാമത്തെ
രത്നമായ് ഞാനോർത്ത നീപോലുമോമനേ,
അസ്ഥിരചിത്തയോ, വഞ്ചകിയോ?-മനം
കത്തുന്നു, കൊന്നു ഞാൻ നിന്നെയെൻ മല്ലികേ !
-എന്തെ,ന്തബലയോ നാരി?-യീലോകത്തി-
ലെന്തിരുമ്പുണ്ടവളേക്കാളുറച്ചതായ് ?
അയ്യോ, വിഷം, പൊള്ളു, മടുക്കുവാൻ
വയ്യ!-നീ തെറ്റിദ്ധരിക്കുന്നു ലോകമേ !
അക്കാവ്യജന്തുവിനുള്ളിൽക്കിടപ്പതു
നക്രമാ, ണെന്നിട്ടു, മോമനിക്കുന്നു നീ.
ആ വിഷവൃക്ഷം തളിർത്തുകാണാൻ നിന്റെ
ജീവരക്തം പോലുമർപ്പിച്ചിടുന്നു നീ.
ഹോമിച്ചെരിപ്പു,നിന്നാത്മാവു നീയതിൻ
പ്രേമത്തി,നെന്നാൽ പരിത്യക്തനാണു നീ.
ആകമ്രമാകുമക്കണ്മുനക്കോണിനായ്
ലോകസിംഹാസനം പോലും ത്യജിപ്പു നീ !
'ഹവ്വ'തൻ രക്താണുവൊന്നും നശിക്കില്ല
ദുർവ്വാരമാണതിൻ സ്വാധീനവൈഭവം !
എന്തു ഭോഷത്വം !-ഒഴിഞ്ഞിരുന്നൊന്നു നീ
ചിന്തിച്ചുനോക്കുകെൻ പുരുഷലോകമേ !
കണ്ണുചിമ്മിത്തുറന്നീടുന്നതിന്മുൻപു
നമ്മിലെ നമ്മെ ഗ്രഹിക്കുന്നു നാരിമാർ.
എന്നാ,ലവരെപ്പഠിക്കുവാൻ-വേണ്ട പോ-
ട്ടൊന്നു വീക്ഷിക്കാ,നൊരംശമറിയുവാൻ;
ഹൃദ്യമായ്ത്തോന്നുമാച്ചിത്തകാവ്യത്തിലു-
ള്ളാദ്യത്തെ വാക്കിന്റെയർഥം പഠിക്കുവാൻ;
യത്നിച്ചുകൊള്ളൂ പരശ്ശത വത്സരം
ഭഗ്നാശരായി മടങ്ങുകേയുള്ളു നാം !
കാണില്ലവരിലവരെ നാം, നമ്മളെ-
ക്കാണിക്കവെച്ചു,തപസ്സുചെയ്തീടിലും.
വർണ്ണപ്പകർച്ചയ്ക്കു വൈദഗ്ദ്ധ്യമോന്തിനാ-
ണെന്നാലതിന്റെ കഴിവിനു കൂടിയും,
ഉണ്ടൊരറുതിയുമറ്റവും,മായവ
കണ്ടിടാ നാരിതൻ വർണ്ണപ്പകർച്ചയിൽ !
മാത്രയ്ക്കുമാത്രയ്ക്കൊരായിരം വർണങ്ങൾ
ചാർത്താനവൾക്കുണ്ടൊരദ്ഭുതവൈഭവം.
ഒട്ടൊട്ടിഴകളഴിയുമ്പൊ,ളത്രമേൽ-
ക്കെട്ടുപിണയും കൊടുംകുടുക്കാണവൾ.
അദ്ഭുതചോദ്യചിഹ്നം രണ്ടുമൊത്തുചേ-
ർന്നപ്രാപ്യതതൻ മൃഗതൃഷ്ണയാണവൾ.
സൃഷ്ടികർത്താവി,നബദ്ധത്തി,ലോർക്കാതെ
പറ്റിയിട്ടുള്ളേകവിഡ്ഡിത്തമാണവൾ-
അങ്കുശമില്ലാത്ത ചാപല്യമേ, മന്നി-
ലംഗനയെന്നു വിളിക്കുന്നു നിന്നെ ഞാൻ !
-നാരികൾ, നാരികൾ !-വിശ്വവിപത്തിന്റെ
നാരായവേരുകൾ, നാരകീയാഗ്നികൾ !
ശാന്തവനഹ്രദം പോലുള്ളതാണവ-
രേന്തുമബലാഹൃദയം, ത്രപാമയം
വിണ്ണും, വളർമഴവില്ലും, മരതക-
ക്കുന്നു,മിഴിഞ്ഞിഴഞ്ഞേറും മുകിൽകളും,
എല്ലാം, പ്രതിഫലിക്കുന്നു,മാകർഷക-
സ്വർലോകശാന്തി വഹിച്ചാ ജലതലം !
എന്നാ,ലതിലേക്കിറങ്ങിത്തുടങ്ങിയാ-
ലൊന്ന,ല്ലൊരായിരം, കാണാം വിപത്തുകൾ !
ഉള്ളിൽ,ക്കറങ്ങും ചുഴികൾ, പലേ 'കിനാ-
വള്ളി'കൾ, നാനാകയങ്ങ,ളിമ്മാതിരി,
എത്ര വിപത്സത്മകങ്ങളൊളിച്ചൊളി-
ച്ചെപ്പൊഴും നിൽപീലതിന്നന്തരങ്ങളിൽ !
പാവങ്ങ,ളയ്യോ, പൂമാന്മാർ-വെറും മര-
പ്പാവകൾ, കൗടില്യമൂർത്തികൾ നാരികൾ !
മോഹിപ്പതുണ്ടു മനശ്ശാന്തിയെങ്കി,ലാ
മോഹിനിമാരിൽനിന്നോടിയൊളിക്കുവിൻ !
വേണെങ്കിൽ, നിങ്ങൾതൻ സ്നേഹം പകരുവിൻ
ശ്വാനമാർജ്ജാരാദിഗേഹജന്തുക്കളിൽ.
സഞ്ചരിക്കാം സ്വൈരമായി നിങ്ങൾ,ക്കവ
വഞ്ചിക്കയില്ലൊരുകാലവും നിങ്ങളെ.
എന്നല്ലവയ്ക്കും ഹൃദയമെന്നൊന്നുണ്ടു
തന്നിൽ പ്രിയമുള്ളവരെ പ്രിയപ്പെടാൻ.
വിശ്വസിച്ചീടാം വൃകത്തിനെ,പ്പാടില്ല
വിഭൂമമേകുമീ സ്ത്രീയാം മൃഗത്തിനെ !
സർപ്പത്തിനേക്കാൾ വിഷമയം, നിർദ്ദയം
ദർപ്പസമ്പൂർണ്ണ,മടുക്കായ്ക നാരിയെ !
-മല്ലികേ, നിന്നെയിബ്ഭൂമിക്കു ഭൂഷയാം
സ്വർലോകകന്യകയായിക്കരുതി ഞാൻ.
അന്നെതിരേ നിൻ തനിനിറം കാണുവാൻ
സംഗതിയായ നിമിഷംവരേക്കു, ഞാൻ,
അൽപവും ശങ്കിച്ചിരുന്നില്ല, നീ, കാള-
സർപ്പമാണെന്ന പരമാർഥ, മോമലേ !
അന്നത്തെ രാവിന്റെ കൂരിരുൾ, ഗൂഡമായ്
നിന്നെ നീയായിട്ടു കാണിച്ചുതന്നു മേ.
ഒട്ടും മനപൂർവ്വമല്ല, വിധിവശാൽ
പെട്ടതാണെൻ കണ്ണിലാ നിഷിദ്ധോത്സവം.
മിന്നൽകൊടിയിൽ, പ്രപഞ്ചം മുഴുവനും
വെണ്ണീറടിക്കുന്ന തീയന്നു കണ്ടു ഞാൻ !
പൂതനയാണാപ്പുളകമിളക്കുന്ന
പൂനിലാക്കാലിലെന്നോർത്തിരുന്നില്ല ഞാൻ.
പെട്ടെന്നുയർന്ന വികാരപ്പിശാചിന്റെ
മുഷ്ടിയിൽച്ചീറ്റിപ്പുളഞ്ഞു ഗർജ്ജിച്ചഹോ,
മൽക്കുഠാരത്തെ, ഞാൻ, നിർദ്ദയം നിൻ ജീവ-
രക്തത്തിനാൽ, സ്വയം ചാർത്തിച്ചു കുങ്കുമം !
പത്രം മുറിഞ്ഞ പതംഗിയെപ്പോലെ, നീ
രക്തത്തിൽ മുങ്ങിപ്പിടയ്ക്കുമാക്കാഴ്ചയിൽ.
വീർപ്പുയർന്നീലെൻ മനസ്സി,ലത്രയ്ക്കുമേൽ-
ത്തീപ്പൊരി പാറിജ്വലിച്ചിതെൻ കണ്ണുകൾ !
അന്നു, ഭാഗ്യത്താൽ, വഴുതിയെൻ കൈയിൽനി-
ന്നന്നരകീടൻ, തവ ഗൂഡകാമുകൻ !
ഒത്തീലെനിക്ക,ന്നവന്റെയും ചെഞ്ചുടു-
രക്തത്തി,ലെൻ തപ്തരോഷം നനയ്ക്കുവാൻ !
പിറ്റേന്നു കൈയിൽ വിലങ്ങുമായ്പ്പോന്നു ഞാ-
നൊറ്റയ്ക്കു, കാരാഗൃഹത്തിനതിഥിയായ് !
ചങ്ങലക്കെട്ടാൽത്തഴമ്പുവീണെങ്കിലു-
മിന്നുമശക്തമല്ലീ നീണ്ട പാണികൾ.
ഇന്നും കഴിയും, കഠാരമൊന്നാ മാരി-
ലുന്നമ്പിഴയ്ക്കാതവയ്ക്കെടുത്താഴ്ത്തുവാൻ !
-എങ്ങു നീ,യെങ്ങു നീ, നിൻ നിണച്ചോലയിൽ
മുങ്ങുവാൻ വൈകീയെനി,ക്കെങ്ങു പോയി നീ ?
മൽ സുഖം, മൽ സമാധാന,മെൻ ജീവിതം,
മത്സ്വപ്ന, മാശ,യെന്നേകഭാഗ്യാങ്കുരം,
അയ്യോ, സകലം-സമസ്തവും-ഓർക്കുവാൻ
വയ്യെനി,യ്ക്കൊന്നോടൊടുക്കിയോനല്ലി,നീ ?
മജ്ജീവരക്തം കുടിച്ചു മദാന്ധനായ്
നൃത്തം നടത്തിയ വേതാളമല്ലി, നീ ?
കണ്ണിനുമുൻപിൽക്കരുത്തു തളിർത്തൊര-
ക്കണ്മണിക്കാഞ്ചനക്കൽപകത്തയ്യിനെ
നട്ടു,നന,ച്ചോമനിച്ചു,പുഷ്പിച്ചു
സസ്പൃഹം കാത്തൊരാപ്പാരിജാതത്തിനെ-
വെണ്ണീറടിച്ചിട്ടൊഴിഞ്ഞൊളിഞ്ഞങ്ങനെ
മന്ദഹസിച്ചോരിടിമിന്നലല്ലി,നീ ?
സദ്രശ്മി പെയ്തൊരാ വെള്ളിനക്ഷത്രത്തെ-
യെത്തി ഗ്രഹിച്ചോരു രാഹുവല്ലല്ലി, നീ ?
നീയെന്തു സാഹസക്കാരൻ !-അയ്യോ, ചുടു-
തീയിലെൻ ചിത്തം ദഹിപ്പു !-മൂർച്ഛിപ്പുഞാൻ !
ഇന്നു, നിൻ രക്തം തളിച്ചുകെടുത്തണ-
മെന്നിലുള്ളഗ്നിസ്ഫുലിംഗസമ്മേളനം !
-ആ രഹസ്യോന്മദം !-നീയും, കൊടുംചതി-
ക്കാരനാം നിൻ ദുഷ്കലാപ്രേമസിദ്ധിയും
നിങ്ങളേപ്പോലുള്ള ദുഷ്ക്കലാകാരരാ-
ണിങ്ങെഴും സന്മാർഗ്ഗബോധം മുടിച്ചവർ !
കൃത്രിമം പോൽ സദാചാരം !-മൃഗത്തിലും
കഷ്ടമാണീ വെറും കാമക്കഴുകുകൾ !
അത്രമേൽ സ്വാർത്ഥികൾ നിങ്ങൾ, നിങ്ങൾക്കില്ല
മറ്റുള്ളവരെക്കുറിച്ചൊരു ചിന്തയും.
പ്രേമം പുകഴ്ത്തും, പ്രസംഗിക്കു,മെന്നിട്ടു
കാമത്തഴപ്പിൽത്തമസ്സിലുഴന്നിടും.
ഹന്ത,യമ്മട്ടെഴും നിങ്ങൾതൻ സൃഷ്ടികൾ-
ക്കെന്തർത്ഥമുണ്ട് ?-വെറും വെറും കൈതവം !
സ്വപ്നവിഹാരികൾ നിങ്ങൾ കാണൂമ്പോലെ
പൂമ്പാറ്റയല്ലാ,പുറകേ കുതിക്കുവാൻ !
ഉണ്ടതിനൽപം ഘന,മാത്മശുദ്ധിതൻ
ചെണ്ടണിയിച്ചതെടുത്തു പൂജിക്കണം.
സാന്മാർഗ്ഗിഗത്വം വിഴുങ്ങിത്തടിക്കുന്ന
കാമപ്രലാപം കലയല്ലൊരിക്കലും.
കൃത്രിമം ഗാർഹികബന്ധമെന്നൂക്കോടെ-
യട്ടഹസിക്കുന്ന നിങ്ങ,ളത്യുഗ്രമായ്,
വാളിളക്കും, തല കൊയ്തിടും,നിങ്ങൾത-
ന്നാലയാന്തത്തിലേക്കക്ഷിപായിക്കുകിൽ !
ഹാ, വിഷജന്തുക്കൾ, നിങ്ങൾ, കലോത്സുകർ,
തേവിടിശ്ശിത്തെരുവാക്കുന്നു പാരിനെ !
സമ്മതിക്കില്ല ഞാനിന്നിമേൽ നിന്നെയി-
ദ്ദുർമ്മാർഗമീവിധം വീണ്ടും തുടരുവാൻ.
പ്രാണദണ്ഡം സഹിക്കാതെ നീയെൻ മുന്നിൽ
വീണു കൈകാലിട്ടടിച്ചു പിടയ്ക്കണം.
സ്വന്തഹൃദ്രക്തത്തിൽ മുങ്ങിക്കുളിച്ചു നീ
നൊന്തുനൊന്തൽപാൽപമായി മരിക്കണം.
ആ മരണം നോക്കിനോക്കിനിന്നങ്ങനെ
കോൾ മയിർക്കൊണ്ടെനിക്കാശ്വസിച്ചീടണം.
മൽപ്രതീകാരാഗ്നിയാവിധം നിൻ ജീവ-
രക്തവർഷംകൊണ്ടു കെട്ടടങ്ങീടണം.
-പാതിരേ,വേഗം വരൂ വരൂ,കൂരിരുൾ-
പ്പാറ പിളർന്നു നീ, യാകാരഭീകരേ !
നിഹ്നുതനീരദവ്രാതാസിതാംബരേ
ചന്ദ്രലേഘോദ്യൽ സിതോഗദംഷ്ട്രാങ്കുരേ !
താരാസ്ഥിമാലാനിബദ്ധകളേബരേ
പോരൂ നീ പാതിരേ,യാകാരഭീകരേ !
ഈ മഹാഘോരവ്രതാന്ത്യരംഗത്തിനെ-
ന്നോമൽപ്രപഞ്ചമേ, നീസാക്ഷിനിൽക്കണേ !
എത്ര നിസ്സാരം കൊലപാതക-മിനി
യിത്തരം മറ്റൊന്നിലുൾപ്പെടുകയില്ല ഞാൻ.
ഇന്നോടെ പൂർണവിരാമമിട്ടീടുവ-
നെന്നേക്കുമാ,യിപ്രചോദനത്തിന്നു ഞാൻ !
രക്തം, വിഷമയരക്തം, തിളയ്ക്കുന്ന
രക്തം!-വരുന്നു, വരുന്നു, വരുന്നു ഞാൻ !
31.3.1935