അഭിവാദ്യം

രചന:വള്ളത്തോൾ നാരായണമേനോൻ (1956)

പുഷ്പപ്രിയത്തിൽപ്പുകഴ്ന്ന ചീനത്തുകാർ
പൊൽപ്പെൺകിടാങ്ങൾതൻ പൂവൊളിക്കൈകളാൽ

പട്ടണം തോറുമന്നെങ്ങൾക്കു നല്കിയ
പട്ടുപൂച്ചെണ്ടിനാൽപ്പൂജിച്ചിതിന്ത്യയെ!        1

ഇന്നലത്തേതല്ല ദുർന്നീതിവാഴ്ചയെ
വെന്ന ചുങ്കോവിന്നൊരന്യയുഗത്തിലാ

പട്ടിണിയും തുയിർപ്പാടും തൊഴിലിന്റെ
പട്ടടത്തിയ്യിൽപ്പതിച്ചു ദഹിച്ചുപോയ്.

വെട്ടുന്നു പാതകൾ, കുത്തുന്നു തോടുകൾ,
കെട്ടുന്നു പാലങ്ങൾ, കൂറ്റൻണകളും -

വിട്ടുപോയ് പ്രത്യാഗമിച്ച വിഭൂതിക്കു
കൊട്ടാരമാക്കുകയാണിവർ നാടിനെ!        2

നിന്നാളുകളുടെ നിത്യയത്നങ്ങൾതൻ
മുന്നിലഭിവാദ്യമർപ്പിച്ചിടുന്നു, ഞാൻ.

നാലാണ്ടിനാലല്ലി; നാല്പതാണ്ടാൽ വരും
നാനാഭിവൃദ്ധികൾ നേടി, നീ ചീനമേ!

ഇച്ചെയ്തി കണ്ടിട്ടു വീണ്ടുമുയർന്നിതോ,
പച്ചയുടുപ്പിട്ട നിൻവിചിത്രാദികൾ!

ഗീതയിൽനിന്നുപന്യാസം വിതയ്ക്കട്ടെ
പൂതമാം നാക്കിനാലാർഷനാടിപ്പൊഴും;

നിന്മണ്ണിലല്ലോ വിളയുന്നു, നിർഭരം
കർമ്മയോഗത്തിൻ കനകക്കതിരുകൾ!        3

II

വഞ്ചികളിക്കുന്ന നീർപ്പരപ്പിപ്പുറം,
വെൺചെന്നളിനകാര്യാലയമപ്പുറം-

അഞ്ചുപത്തല്ലി,തിൻവണ്ണം കരകളിൽ-
പ്പിഞ്ചുപുല്പ്പച്ച പുലർത്തും സരസ്സുകൾ.

ആറുകൾ പോലേ വിശാലങ്ങൾ പൊയ്കക;-
ളാറുകളാഴിക്കു ചേർന്ന പുരന്ധ്രിമാർ;

പൂരുഷർക്കൊപ്പ, മങ്ങേതുവകുപ്പിലും
ഭാരം വഹിക്കുന്നു, ഭംഗിയിൽപ്പൗരിമാർ.

ആഹാ പ്രകൃതിതൻ സർഗ്ഗസാമർത്ഥ്യവു-
മാർജ്ജിച്ചിതോ, നീ ശ്രമത്താൽ സ്വതന്ത്രതേ?

മെത്തിവരുന്നുണ്ടു, ദേഹസൗന്ദര്യവും
പുത്തനാം ചീനത്തു പെണ്ണിനുമാണിനും!        4

ഏറെനാളായിട്ടെഴുത്തെന്ന ശബ്ദമേ
കേറാതിരുന്ന കുഗ്രാമശതത്തിലും

പച്ചവിരിച്ച പാടങ്ങളിലൂടെയാ-
സ്സ്വച്ഛപ്പളുങ്കുമെയ്യാളാം സരസ്വതി

ലാത്തിത്തുടങ്ങിയിട്ടുണ്ടു, തണ്ടാരില-
ച്ചാർത്തിലൂടേയൊരു ഹംസികണക്കിനേ!

വിത്തിറക്കാത്ത തരിശുനിലങ്ങളും
വിദ്യപാകാത്ത മനുഷ്യചിത്തങ്ങളും

ഹൃദ്യകലകൾ കേറാത്ത വേദികളും
തത്ര ചുരുങ്ങിവരുന്നു ദിനേദിനേ.        5

നെപ്പോളിയൻചക്രവർത്തിയൊരിക്കല-
ത്യത്ഭുതത്തോടേ പറകയുണ്ടായിപോൽ:

"മത്താർന്നുറങ്ങുകയാണൊരു ഭീമ;നീ-
ശ്ശക്തനുണർന്നാൽ ജഗത്തു പകച്ചുപോം!"

അബ്ഭീമ, നിച്ചീനരാജ്യ, മുണർന്നപ്പൊ-
ളല്പമോ, കോയ്മകൾക്കുണ്ടായി വിഭ്രമം?

സുപ്രഭാതത്തിൻ പ്രവാളാഭ മൂങ്ങയ്ക്കു
ദുഷ്പ്രേക്ഷ്യമാം കൊലച്ചോരയായ്ത്തോന്നിടാം!        6

ആളുകളൈമ്പതുകോടി; -യവർക്കൊക്കെ-
യാളുന്നുതാനും, സമാധാനചിന്തകൾ,

നീളില്ലിനിയേറെ, നിൻകെടുജീവിതം
ചൂളിപ്പരുങ്ങുന്ന യുദ്ധാനുരാഗമേ!

ഏന്തില്ല തോക്കവർ സോദരഹത്യയ്ക്കു,
നീന്തിക്കയില്ലു,ലകത്തെ നിണങ്ങളിൽ,

ഭ്രാന്തിന്റെ പര്യായമാണവ,ർക്കാഹവം;
ശാന്തിയവർക്കിന്നൊരാരാധ്യദേവിതാൻ.

ഫേനഹാസത്തൊടും പൈതങ്ങൾപോലദ്രി-
സാനുവിൽത്തത്തുന്ന നീർച്ചോലകളിലും

നൂനം പ്രതിധ്വനിക്കുന്നുണ്ടു, നിൻശമ-
ഗാനങ്ങൾ നൂതനചീനസാഹിത്യമേ!        7

ദീനദശകളെദ്ധീരമായ്പ്പിന്നിട്ട
ചീനഭൂവിൻ പ്രജായത്തഭരണമേ,

നാലുവയസ്സു തികഞ്ഞ നിനക്കിടി-
വേലാത്ത സൗഭാഗ്യപുഷ്ടി നേരുന്നു ഞാൻ.        8

"https://ml.wikisource.org/w/index.php?title=അഭിവാദ്യം&oldid=205095" എന്ന താളിൽനിന്ന് ശേഖരിച്ചത്