അമൃതവീചി/കന്മതിൽ
< അമൃതവീചി
←ഭാനുമതി | അമൃതവീചി രചന: കന്മതിൽ |
../→ |
[ 35 ]
അന്നൊരോമൽ 'ചിരിക്കുടുക്ക'യായ്
മിന്നിയാ വനകോരകം.
അന്നെല്ലാമെൻ നിഴലുപോലവ-
ളെന്നൊടൊന്നിച്ചു പോന്നിടും.
രണ്ടുനാലല്ലൊരായിരംകൂട്ട-
മുണ്ടവൾക്കെന്നൊടോതുവാൻ.
ചെമ്പകപ്പൂ പറിക്കുവാൻ ഞാന-
ക്കൊമ്പു ചായ്ച്ചുകൊടുക്കണം.
ചൊന്നിടുമോരോ വർത്തമാനത്തി-
നൊന്നൊഴിയാതെ മൂളണം.
ഉത്സവം കാണാനമ്പലത്തിൽ ഞാൻ
സസ്പൃഹം കൊണ്ടുപോകണം.
എന്തി,നായിരം ജോലിയാണെനി-
ക്കൻപിലങ്ങെങ്ങാനെത്തിയാൽ!
കാണുമ്പോഴേക്കുമോടിവന്നെത്തും
പ്രാണനാണവൾക്കന്നു ഞാൻ!
ശുഭ്രവാനിന്റെ നീലിമപോലെ
ശുദ്ധമാമൊരു സൗഹൃദം
പുഞ്ചിരിക്കൊണ്ടു നിന്നിരുന്നൊര-
പ്പിഞ്ചുമാനസം നോക്കി, ഞാൻ
സ്വച്ഛശാന്തിയിൽ മഗ്നമാക്കി, ഹാ
സ്വപ്നതുല്യമെൻ ശൈശവം!
ഒന്നുപോലെ കഴിഞ്ഞവർ ഞങ്ങ-
ളിന്നു കേവലമന്യർതാൻ!
ആയിരം നവാദർശവും ചുമ-
ന്നാഗമിച്ച യുവത്വമേ!
ഹന്ത, ഞങ്ങൾക്കിടയിൽ നീതികൊ-
ണ്ടെന്തിനീ മതിൽ കെട്ടി നീ?....