അരുമയുള്ളേശുവേ

രചന:സാധു കൊച്ചുകുഞ്ഞുപദേശി

അരുമയുള്ളേശുവേ കുരിശിൽ മരിച്ചെൻ
ജീവനെ വീണ്ട രക്ഷിതാവേ
സകലവും മറന്നു ഞാൻ സകലവും വെടിഞ്ഞു
ഞാൻ ദുര്ഘടമലകൾ കടന്നു വരുന്നേ

വീടും മറന്നു ഞാൻ നാടും മറന്നു ഞാൻ
ഉടയവനെ നിന്റെ തിരുമുഖം കാണ്മാൻ
അടിയനെ വഴിയിൽ പലവിധയാപത്തിൻ
നടുവിൽ നീ നടത്തിപ്പരിപാലിച്ചു.

അപ്പനേക്കാളുംമെ-ന്റ്മ്മയെക്കാളും
ഓമനയുള്ളെൻ രക്ഷിതാവേ
സകലവും മറന്നു ഞാൻ സകലവും വെടിഞ്ഞു
ഞാൻ അരുമയുള്ളേശുവേ നിന്നേ മതിയേ

സ്വർഗ്ഗമല്ലെനിക്കൊരു വാഴ്ച്ചയുമല്ലേ
ന്റെരുമയുള്ളേശുവിൻ വാത്സല്ല്യം മതിയേ
ജീവനെക്കാളെനിക്കേതിനേക്കാളും
കാരുണ്യവാനേ നിൻ വാത്സല്ല്യം മതിയേ

അരുമയുള്ളേശുവേ നിന്നുടെ പേർക്കായി
തീയുടെ നടുവിൽ ചൂടു ഞാൻ സഹിക്കാം
കാരുണ്യവാനേ നിൻ നാമമഹിമയ്ക്കായി
പുറം കടലിൽ ഞാൻ അലഞ്ഞു വസിക്കാം

കീറിയ വസ്ത്രവും നാറുന്ന ദേഹവും
പൊഴിയുന്ന കഷണവും എന്നുടെ പ്രിയനേ
ലാസറെ പോലെനിക്കിദ്ധരയേകിലും
അരുമയുള്ളേശുവേ നിന്നെ മതിയേ

വാളിൽ മരിക്കിലും പഞ്ഞത്താൽ ചാകിലും
സിംഹങ്ങൾ ചീന്തി കഴുകന്മാർ പറിക്കിലും
രക്ഷകനേശുവേ കാരുണ്യവാനേ
നിശ്ചയമായെനിക്കവിടുത്തെ മതിയേ

വീട്ടിൽ മരിക്കയോ കാട്ടിൽ പോയ് ചാകയോ
റോമയിൽ പോകയോ തടവിൽ ഞാനാകയോ
അടികളും ഇടികളും പഴികളും ദുഷികളും
അരുമയുള്ളേശുവിൻ പേരിൽ ഞാൻ സഹിക്കാം

പോകുന്നു ഞാനെന്റെ പ്രേമസഖീ തന്റെ
മാർവ്വിൽ വസിച്ചെന്റെ വീടൊന്നു കാണാൻ
സകലവും മറന്നു ഞാൻ സകലവും വെടിഞ്ഞു
ഞാൻ അരുമയുള്ളേശുവേ നിന്നേ മതിയേ
 

"https://ml.wikisource.org/w/index.php?title=അരുമയുള്ളേശുവേ&oldid=131471" എന്ന താളിൽനിന്ന് ശേഖരിച്ചത്