അലിഞ്ഞു ചേർന്ന ആത്മാക്കൾ
രചന:സി.എ. കാലായിൽ (1959)
മൂന്നു്

[ 23 ]

മൂന്നു്


ഞാൻ കണ്ണുതുറന്നപ്പോൾ ഒരെത്തുംപിടിയും കിട്ടാത്ത സ്ഥാനത്താണ് കിടക്കുന്നതു്. എന്റെ ദൃഷ്ടികൾ നാലു ചുറ്റിലും വ്യാപിച്ചു. ഒരാസ്പത്രിയാണു്. മണി പകൽ എട്ടോളം ആയിട്ടുണ്ട്.

പെട്ടെന്നു ഒരു കുപ്പിയും ഒരു ഔൺസുഗ്ലാസുമായി ഒരു സ്ത്രീ എന്റെ അടുത്തു വന്നിരുന്നു. “മരുന്നു കുടിക്കൂ”

കുപ്പിയിൽനിന്നും ഗ്ലാസിലേക്കു മരുന്നു പകർന്നു് എന്റെ നേരെ നീട്ടിക്കൊണ്ടു് അവൾ പറഞ്ഞു. അവളൊരു നേഴ്സായിരിക്കുമെന്നു ഞാൻ ഊഹിച്ചു.

“ഞാനെങ്ങനെ ഇവിടെ വന്നു?”

എന്റെ വായിൽ നിന്നും ഈ വാക്കുകൾ പുറത്തുവന്നപ്പോൾ അവരുടെ മുഖത്തൊരു നിസ്സഹായത നിഴലിച്ചു. ചുറ്റിലുമുള്ള കട്ടിലുകളിൽ രോഗികൾ കിടപ്പുണ്ടു്. അവരെല്ലാം എന്നെത്തന്നെയാണ് തുറിച്ചുനോക്കുന്നതു്.

നിലത്തു വീണുകിടന്ന പുതപ്പെടുത്തു് എന്റെ കാൽ പാദങ്ങളെ മൂടിയിട്ടുകൊണ്ടു അവളെന്തോ പറഞ്ഞുതുടങ്ങി.

“തീവണ്ടിയിൽ വന്നതു് ഓൎമ്മയുണ്ടോ?”

“ഉം”

[ 24 ]

“വണ്ടി മറിഞ്ഞു”

“ആ വണ്ടിയിൽ ഉണ്ടായിരുന്നവർ എല്ലാം ഇവിടെയുണ്ടോ?”

“എത്ര പേർ ഉണ്ടായിരുന്നെന്നോ ആരെല്ലാം രക്ഷപ്പെട്ടുവെന്നോ അറിഞ്ഞുകൂടാ”

“പെണ്ണുങ്ങളാരും രക്ഷപ്പെട്ടില്ലേ”

“ഉം”

“എന്റെ ലീസാ.....”

എന്റെ ഹൃദയത്തിലൂടെ ഒരു കൊള്ളിയാൻ മിന്നി.. അവർ മരുന്നെന്റെ നേരെ നീട്ടി.

“ഇതു കുടിക്കൂ”

ഞാനതു ഒറ്റ ശ്വാസത്തിനുള്ളിലാക്കി. അവൾ ആ പുതപ്പെല്ലാം നേരേയിട്ടിട്ടു് കട്ടിലിൽ നിന്നും എഴുന്നേറ്റു. “അതുമിതും ഒന്നും ഓർക്കരുതു” അവൾ വേഗം നടന്നു. ഞാൻ സൂക്ഷിച്ചു. അടുത്തുകിടക്കുന്ന ഒരു രോഗിയുടേയും അടുത്തവൾ ചെല്ലുന്നില്ല. ആ താടിക്കാരന്റെ പുതപ്പു മുഴവൻ നിലത്താണല്ലോ? അവരെന്തു് അതൊന്നെടുത്തു നേരെയിടാത്തതു്?”

എന്റെ ലീസാ ഇപ്പോൾ എവിടെ ആയിരിക്കും. അവൾ രക്ഷപ്പെട്ടു കാണുമോ? അതോ, അവളുടെ മോഹനരൂപം അടഞ്ഞിരിക്കുന്ന എന്റെ മിഴികൾക്കുള്ളിൽ പുഞ്ചിരിച്ചു കൊണ്ടു നിൽക്കുന്നു.

ഹാ! എന്റെ ലിസാ എന്റെ ഹൃദയവും ശരീരവും നിനക്കായി ദാഹിക്കുന്നു. എനിക്കു മരുന്നെടുത്തു തരാതെ നീ എവിടെപ്പോയി ഒളിച്ചിരിക്കുന്നു. താഴെ വീണുകിടക്കുന്ന ഈ പുതപ്പെടുത്തു എന്നെ മൂടേണ്ടവൾ നിയല്ലാതെ ആരാണു്? ഇപ്പോൾ നിയെന്നെ മുട്ടിവിളിച്ചാൽ അടുത്ത നിമിഷത്തിൽ

[ 25 ] ഞാൽ ചാടിഎഴുന്നേൽക്കും?

“ഇതാ പാലുകുടിക്കൂ”

സ്വപ്നത്തിൽ നിന്നും അവൾ— ആ നേഴ്സ് എന്നെ തട്ടിയുണർത്തി. എനിക്ക് പാലു പിടിച്ചുതന്നു. എന്റെ അടുത്തു കിടന്നവരെല്ലാം കണ്ണുതുറിച്ച് എന്നെതന്നെയാണു നോക്കുന്നതു്.

“എനിക്കെന്നു പോകാം!”

പാലുകുടിച്ചുകഴിഞ്ഞിട്ട് ഞാൻ ചോദിച്ചു.

“എങ്ങോട്ടാ പോവുക” അവൾ.

“എങ്ങോട്ടെങ്കിലും ലീസായെ അന്വേഷിക്കണം.”

“ഞാനുണ്ടല്ലോ ആ ലീസാക്കു പകരം”

ഞാനവളെ ഒന്നു സൂക്ഷിച്ചു നോക്കി. അവളുടെ മന്ദഹസിക്കുന്ന മുഖത്തെ നുണക്കുഴികളിൽ എന്തൊക്കെയോ ഒളിഞ്ഞുകിടക്കുന്നതുപോലെ എനിക്കു തോന്നി. സ്നേഹമസൃണമായ ഈ പരിചരണത്തിൽ അന്തർലീനമായി പ്രതീക്ഷകളുടെ ചില താഴികക്കുടങ്ങൾ രോമാഞ്ചം പൂകുന്നുണ്ടാകും. ഞാൻ സ്നേഹിക്കുന്നവരേക്കാൾ എന്നെ സ്നേഹിക്കുന്നവരെ വേണേ വിശ്വസിക്കാൻ......

“പേരെന്താ?” ഞാൻ.

“ശാന്തമ്മ” അവൾ പറഞ്ഞു. എന്റെ പേരെന്തെന്നറിയാൻ ഒരു ജിജ്ഞാസ ആ മുഖത്തു കളിയാടി. ചോദിക്കാതെതന്നെ ഞാൻ പറഞ്ഞു: “രാജു” എന്നു്.

ശാന്ത! നല്ല പേരു്. അവൾക്കു നന്നേ ചേരുന്നതാണത്. സ്ത്രീ എത്ര ഉന്നതപദവിയിലിരുന്നാലും പുരുഷന്റെ മുന്നിൽ

[ 26 ] മാടാപ്രാവിന്റെ നൈൎമ്മല്യവും, മാൻപേടയുടെ സമീപനരീതിയും ഉള്ളതായിമാറും.

“അയ്യോ നേരം പോയി ഞാൻ പോട്ടെ വൈകുന്നേരം വരാം.”

അവൾ എന്റെ പുതപ്പെല്ലാം ശരിക്കു വിരിച്ചിട്ടു് ഒന്നു നോക്കി എന്റെ നേരെ. ഞാൻ പുളകമണിഞ്ഞു പോയി. എന്തോ ഒരു ആകാംക്ഷ ആ മുഖത്തു കളിയാടുന്നു.

ഒരപ്സരസിന്റെ ലാവണ്യമില്ലെങ്കിലും സുന്ദരിയായ ഒരു മനുഷ്യസ്ത്രീയാണവൾ. തുള്ളിത്തുടിച്ചു കവിതയുതുൎത്തുന്നതല്ലെങ്കിലും ഒട്ടിയതല്ലാ അവളുടെ കവിൾത്തടങ്ങൾ. പനങ്കുലപോലെ ചുരുണ്ടുമറിഞ്ഞതല്ലെങ്കിലും അഴകുള്ളതാണ് അവളുടെ കാർകൂന്തൽ കറുത്ത കടക്കണ്ണുകളില്ലെങ്കിലും മാസ്മരമല്ലാത്ത ഒരു കഴിവുണ്ടാനയനങ്ങൾക്ക്.

പക്ഷെ, ശാന്ത അവൾ എത്ര മനോഹരിയായിരുന്നാലും ലീസായെ എനിക്കു വിസ്മരിക്കുവാൻ വയ്യ. അവളൊന്നുമല്ലെങ്കിലും എന്റെ എല്ലാമാണ്. എന്റെ കലയും കവിതയുമെല്ലാം അവളാണു്. ഞാനവൾക്കുവേണ്ടിയാണ് ജീവിക്കുന്നതു; അവളെനിക്കുവേണ്ടിയും.

ശാന്ത! പാവം അവൾക്കെന്നോടെന്തോ ഒരു പ്രത്യേകത. രോഗിയെ ഏതുപ്രകാരത്തിലും സമാധാനിപ്പിച്ചു സന്തോഷിപ്പിക്കേണ്ടത് കഴിവുള്ള നേഴ്സിന്റെ കടമയാണ്. അവളുടെ പുഞ്ചിരിക്കും പെരുമാറ്റങ്ങൾക്കും അവിശുദ്ധമായ നിഗമനം കല്പിക്കുന്ന ഞാനെത്ര മണ്ടനാണു്!

ഞാൻ ജാലകത്തിന്റെ വിടവിൽക്കൂടി അംബരവിഥിയിലേക്കു നോക്കി.

[ 27 ]

ഇണക്കിളികൾ പറ്റംചേൎന്നു പോവുകയാണ് അവറ്റകൾ വിതക്കുന്നില്ല. കൊയ്യുന്നില്ല. കാത്തിരിക്കുന്നില്ല. വരുവാനിരിക്കുന്ന ദിനങ്ങളെക്കുറിച്ച് അവറ്റകൾക്കു ചിന്തയുമില്ല. പക്ഷെ തോക്കുമുയർത്തി, പാത്രം, പതുങ്ങിയും മല വേടന്മാർ അവസരം കാത്തിരിക്കുന്നതുമാത്രം അവ അറിയുന്നില്ല. എത്രകണ്ടു ആനന്ദപ്രദമാണവറ്റകളുടെ ജീവിതം.

വൈകുന്നേരമായപ്പോൾ എനിക്കു നടക്കുവാനും, കാറ്റുകൊള്ളുവാനുമൊക്കെ തോന്നി. ഇനി ചികിത്സയൊന്നും ലഭിച്ചില്ലെങ്കിലും എനിക്കെവിടെയും പോകാം, എന്റെ ശരീരത്തിനൊരാരോഗ്യക്കുറവും തോന്നുന്നില്ല. എനിക്കൊന്നുമില്ല. കാലിലെ മുറിവു്.... അതു പഴുത്തേക്കും...... അതുകൂടി ഇല്ലായിരുന്നെങ്കിൽ ഞാനാരും കാണാതെ ഇവിടുന്നു പോകുമായിരുന്നു.

എന്റെ ലീസാ! എനിക്കവളെ കാണണം. ശാന്തയെ പോലെ ആയിരം ശാന്തമാർ അടുത്തിരുന്നാലും എന്റെ ലീസായുടെ സാന്നിദ്ധ്യം എനിക്കതിലേറ്റം അഭികാമ്യമാണു്.

“എന്തായിത്ര ആലോചന”

കുശലം ചോദിച്ചുകൊണ്ടു മന്ദഹസിച്ചിരുന്ന മുഖവുമായി അവളെത്തിക്കഴിഞ്ഞു. എന്റെ കിടപ്പാണവൾക്കെപ്പോഴും നിരീക്ഷണവിഷയം. കട്ടിലിൽ വന്നിരുന്നുകൊണ്ടു എന്റെ മുറിവു പറ്റിയ കാലിലവൾ ഒരു വിഹഗവീക്ഷണം നടത്തും. ഞാൻ സസ്നേഹം അവളെത്തന്നെ സൂക്ഷിച്ചു. എന്തോ ഒരു ചാരിതാൎത്ഥ്യം ആ മുഖത്തൊക്കെ കളിയാട്ടുന്നു.

“എനിക്കെന്നു പോകാം”?

അല്പം തിടുക്കത്തിൽ ഞാനാരാഞ്ഞു.

[ 28 ]

“ഇന്നീമുറിയിൽനിന്നു മാറണം” പരിസരത്തെ ശ്രദ്ധിച്ചുകൊണ്ടവൾ പറഞ്ഞു.

“കാലുകൂടി ഭേദമായാൽ മതി നാലുവശത്തും രോഗികളാണിവിടെ. സൗകര്യമായി വേറൊരു മുറിയുണ്ടു്. അങ്ങോട്ടുപോകാം.”

ഞാനൊന്നും മിണ്ടിയില്ല. എല്ലാം എന്റെ രക്ഷക്കുവേണ്ടി. അവൾ വേഗം എഴുന്നേറ്റു് എങ്ങോട്ടോ പോയി. അവളുടെ ഒരാശ്വാസവാക്കിനുവേണ്ടി ചുറ്റും കിടക്കുന്ന എത്ര രോഗികൾ ദാഹിക്കുന്നുണ്ടാകും. അവരെയൊന്നും അവൾ കണ്ടതായി പോലും നടിക്കുന്നില്ല.

സന്ധ്യയോടടുത്തപ്പോൾ അവർ എന്നെ വേറൊരു മുറിയിൽകൊണ്ടാക്കി. ആസ്പത്രിയിലതിനേക്കാൾ സുഖദപ്രമായ സ്ഥാനമാണു്. ഞാനാച്ചുറ്റുപാടു മുഴുവനും ഒന്നു കണ്ണോടിച്ചു. പ്രശാന്തതയിലമർന്നിരിക്കുന്ന ചുറ്റുപാടുകൾ. ഒരു വീടല്ല. കുഞ്ഞുങ്ങളോ, പുരുഷന്മാരോ ഒന്നുമില്ല. മിന്നൽപോലെ ഒരു സ്ത്രീ മറയുന്നതു കണ്ടു. അവൾ വേലക്കാരിയായിരിക്കണം.

ധാരാളം ജാലകങ്ങളുണ്ടു് ആ മുറിക്ക്. നല്ല കാറ്റു കിട്ടും. മുറിക്കകം കമനീയമായി അലങ്കരിച്ചിട്ടുണ്ട്. ജാലകങ്ങളെല്ലാം കർട്ടനിട്ടു് കമനീയമാക്കിയിരിക്കുന്നു. മേശപ്പുറത്തു സുഗന്ധവാഹികളായ വാസന്തിപുഷ്പങ്ങൾ വഹിക്കുന്നു ഒരു മലർചഷകം. ചുവരുകളിൽ തൂങ്ങുന്ന നാട്യറാണിമാരുടെ വൎണ്ണചിത്രം മനോഹാരിതക്കു മാറ്റുകൂട്ടുന്നു. റേഡിയോയിൽനിന്നും ശ്രുതിമധുരമായ ഗാനധാരണിയാണു് നിൎഗ്ഗളിക്കുന്നത്. സുഭിക്ഷതയുടെ ഒരു നവലോകം.

കയ്യിൽ ഒരു തെർമ്മോഫ്ളാസ്ക്കുമായി അവൾ എന്റെ അടുത്തു വന്നിരുന്നു. ഒരു ബട്ടണമർത്തിയപ്പോൾ ആലക്തിക

[ 29 ]

പ്രകാശം മറിക്കുള്ളിൽ നിറയേ പരന്നു. മേഘപടലങ്ങൾക്കു മറവിൽ ഒളിച്ചിരുന്ന ചന്ദ്രൻ പെട്ടെന്നു പ്രകാശിതമാകും പോലെ, റേഡിയോഗാനം നിലച്ചു.

“പാലു്” ഫ്ളാസ്ക്കിൽനിന്നും പാലു പകൎന്നുകൊണ്ടു അവൾ പറഞ്ഞു. ഞാൻ പാലുകുടിച്ചു.

“ഞാനെവിടെയാണിപ്പോൾ” അവളുടെ നേരെ ഞാനൊരമ്പെയ്തു.

“എന്റെ വീട്ടിൽ” അവൾ പറഞ്ഞു.

“ഉം?”

“ഇഷ്ടമല്ലേ”

ഞാനൊന്നും മിണ്ടിയില്ല.

“ഇനി ഒരിക്കലും എങ്ങും പോകണ്ടാ”

“പിന്നെ”

“നമുക്കിവിടെ കഴിയാം”

ഞാൻ മൗനം അവലംബിച്ചു.

“ഞാൻ എന്തു സൗകര്യം വേണമെങ്കിലും ചെയ്തുതരാം”

“എന്റെ കാലു്?”

“അതു സുഖമാകും. അതിനാണീമരുന്നു്.”

മേശയുടെ ഒരു വശത്തിരുന്ന കുപ്പി ചൂണ്ടിക്കൊണ്ട് അവൾപറഞ്ഞു.

അവളുടെ ഹൃദയം മുഴുവൻ എന്റെ മുൻപിൽ തുറന്നുകാട്ടി....

ആ രാത്രി കടന്നുപോയി.

അവൾ എന്നെ പരിചരിക്കുകയാണ്. പക്ഷെ അധികനാൾ അതു തുടർന്നു കൊണ്ടുപോകുവാൻ എനിക്കു വയ്യ. ലീസായെ പ്രതിഷ്ഠിച്ചിരിക്കുന്ന ഈ കോവിലിൽ ഇനി

[ 30 ]

യൊരു പ്രതിഷ്ഠയും സ്ഥാനം പിടിച്ചുകൂടാ. ആ മണിനാദം ഇപ്പോഴും എന്റെ ഹൃദയത്തിൽ മാറ്റൊലികൊള്ളുകയാണ്.

എട്ടുമണിയായപ്പോഴേക്കും ശാന്ത ആസ്പത്രിയിലേക്കു പോയി. ഒരുപാടു കാര്യങ്ങൾ അവളെന്നോടു പറഞ്ഞു. എനിക്കൊന്നും ഓർമ്മയില്ല. എന്നെ പിരിയുവാൻ അവൾക്ക് തീരെ ഇഷ്ടമില്ല. എന്റെ അന്തരാളത്തിൽ രണ്ടു ചിത്രങ്ങളാണു തെളിയുന്നതു്; ഒരു ചോദ്യചിഹ്നവും. ശാന്തയോ, ലിസായോ? ലിസായോ, ശാന്തയോ?

മേശപ്പുറത്തിരുന്ന മരുന്നുകുപ്പി ഞാൻ കയ്യിലെടുത്തു. അവിടെക്കിടന്ന ഒരു വെള്ളക്കടലാസിൽ ഞാനിങ്ങനെ എഴുതി.

പ്രിയ ശാന്തക്ക്,

ഭവതിയുടെ സ്നേഹമസൃണമായ പരിചരണം മൂലം എനിക്കു പുനർജീവൻ ലഭിച്ചിരിക്കുന്നു. അവാച്യമായ നന്ദിയും കടപ്പാടും ഉണ്ടെനിക്ക്. ആത്മാർത്ഥമായി നമിക്കപ്പെടുന്ന ശാന്തയുടെ ശിരസ്സുയർത്തുവാൻ എന്റെ കരങ്ങൾക്കു വയ്യ എന്നു പറയേണ്ടിവന്നതിൽ കുണ്ഠിതമുണ്ട്. സ്നേഹിക്കുന്ന ഭവതിയുടെ ഹൃദയത്തിൽ നിന്നും കിളുർത്തു വന്ന താമരമൊട്ടു പോലെ ഈ എളിയവനേക്കുറിച്ചുള്ള സ്നേഹം നിലനിർത്തുവാനപേക്ഷ. അവിശുദ്ധമല്ലാത്ത ആ കുരുന്നു ഹൃദയത്തിൽ വേദനയുള്ള ഒരു കൊച്ചു മൊട്ടുസൂചി പെരുമാറി. ഞാൻ പോകട്ടെ! നമസ്കാരം!

എന്ന്, രാജു (ഒപ്പ്)


മടക്കാതെ ആ കത്തു മേശപ്പുറത്തുവെച്ചു പേപ്പർ വെയിറ്റും അതിനുമീതെ ഞാനെടുത്തുവച്ചു. മേശയിൽ നിന്നും ശാന്തയുടെ കാർഡുസൈസിലുള്ള ഒരു ഫോട്ടോയും എന്റെ പോക്കറ്റിൽ നിക്ഷേപിച്ചു.

4
[ 31 ]

പൂർണ്ണമനസ്സോടെ അല്ലെങ്കിലും ഞാൻ ആ നട ഇറങ്ങി. നടുക്കടലിൽപെട്ട വലക്കാരനെപ്പോലെ ഭയന്നു ഓരോ അടികളെടുത്തുവക്കുകയാണ്.....

ആശുപത്രിയുടെ വരാന്തയിലൂടെ പ്രവർത്തനനിരതയായി ശാന്ത നടക്കുന്നതു ഞാൻ കണ്ടു.... ഞാൻ പോയെന്നറിഞ്ഞാൽ അവളിൽ എന്തെല്ലാം പരിവർത്തനങ്ങൾ ഉണ്ടായേക്കാം.....

പക്ഷെ എന്റെ ലിസാ, അവളെന്റെ കാലുകൾക്കുറപ്പും, നയനങ്ങൾക്കു വിദൂരമായ പ്രതീക്ഷയും നൽകുകയാണു്. ഞാനവളെത്തിരയുന്നപോലെ അവളെന്നെയും കവലകളിലും കടത്തിണ്ണകളിലും തിരക്കുന്നുണ്ടാവും. സുന്ദരിയായ ലിസാ ആയിട്ടല്ലായിരിക്കാം. യാചകിയോ മറ്റോ ആയിട്ടായിരിക്കാം.

എനിക്കവളെ തിരിച്ചറിയാൻ കഴിഞ്ഞില്ലെങ്കിലും അവൾക്കെന്നെ അറിയുവാൻ സാധിക്കും.....